sequela christi - mosaic of Marko Rupnik sj. sequela christi - mosaic of Marko Rupnik sj. 

ക്രിസ്തുശിഷ്യത്വം ഗുരുവിനോടുള്ള സാധര്‍മ്മ്യം

ആണ്ടുവട്ടം 13-Ɔο വാരം ഞായറാഴ്ചത്തെ സുവിശേഷവിചിന്തനം. വിശുദ്ധ മത്തായിയുടെ സുവിശേഷം 10, 37-42 - ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍

ആണ്ടുവട്ടം 13-‍Ɔο വാരം ഞായര്‍ - വചനചിന്തകള്‍

1. ക്രിസ്ത്വാനുകരണത്തിന്‍റെ വെല്ലുവിളി
ഇന്നത്തെ സുവിശേഷം വിവരിക്കുന്നത്, താന്‍ വിളിച്ച ശിഷ്യന്മാരെ ക്രിസ്തു ദൗത്യങ്ങള്‍ നല്കി ഉത്തരവാദിത്വപ്പെടുത്തുന്ന ഭാഗമാണ്. അവിടുന്ന് അവരെ ജീവിത ദൗത്യ നിര്‍വ്വഹണത്തില്‍ പ്രതിസന്ധികള്‍ നേരിടാന്‍ സന്നദ്ധരാക്കുന്നു. അതുകൊണ്ടാണ് അവിടുന്ന് അവരോട് ഇങ്ങനെ പറഞ്ഞത്. “എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവന്‍ സ്വന്തം കുരിശുമെടുത്ത് എന്‍റെ പിന്നാലെ വരട്ടെ. സ്വന്തം ജീവന്‍ കണ്ടെത്തുന്നവന്‍ അത് നഷ്ടപ്പെടുത്തും. എന്നെപ്രതി സ്വന്തംജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതു കണ്ടെത്തും” (38). ക്രിസ്തു ഏല്പിച്ച ദൗത്യം നിര്‍വ്വഹിക്കുന്നതിലും അവിടുത്തെ അനുഗമിക്കുന്നതിലും വിജയമോ, നേട്ടമോ, വലിയ പ്രതിസമ്മാനമോ അവിടുന്നു വാഗ്ദാനംചെയ്യുന്നില്ല. പരാജയങ്ങളില്‍നിന്നും പീഡനങ്ങളില്‍നിന്നുമുള്ള സംരക്ഷണമോ സുരക്ഷിതത്ത്വമോ ഒന്നും ഉറപ്പുതരുന്നുമില്ല. ക്രിസ്ത്വാനുകരണത്തില്‍ മൂന്നു കാര്യങ്ങള്‍ ശ്രദ്ധേയമാണ്. പ്രതിഫലേച്ഛ കൂടാതെയുള്ള ജീവിതം, സമ്പൂര്‍ണ്ണസമര്‍പ്പണം, പീഡനങ്ങള്‍ ക്ഷമയോടെ സഹിക്കുവാനുള്ള സന്നദ്ധത എന്നിവയാണവ.

2. “ക്വൊ വാദിസ്, ദോമിനേ...?”
റോമാ നഗരപ്രാന്തത്തില്‍ വിയാ’പ്പിയ അന്തീക്കയ്ക്ക് അടുത്ത് (Via Appia Antica) റോമന്‍ സാമ്രാജ്യ കാലത്തു പണിതീര്‍ത്ത കല്ലുവിരിച്ച റോഡിനോടു ചേര്‍ന്നുള്ള പള്ളിയാണ്, ക്വൊ വാദിസ് ദോമിനേ. “The church of Quo vadis, Domine”. അതിന്‍റെ പിന്നില്‍ റോമാക്കാര്‍ പറയുന്നൊരു കഥയുണ്ട്. കഥയിങ്ങനെയാണ്: നീറോ ചക്രവര്‍ത്തിയുടെ കാലത്ത് മതപീഡനം പെരുകിയപ്പോള്‍, റോമിലെ സമൂഹത്തിലുണ്ടായിരുന്ന പത്രോശ്ലീഹാ ഭയന്ന് നഗരം വിട്ട് ഒളിച്ചോടി പോവുകയായിരുന്നു. നഗര കവാടത്തില്‍ എത്തിയപ്പോള്‍ ക്രിസ്തു എതിരെ വരുന്നതു കണ്ടു. പത്രോസ് പരിഭ്രാന്തനായി. കാരണം, ക്രിസ്തു കുരിശും വഹിച്ചുകൊണ്ടാണ് എതിരെ വരുന്നത്!

ക്രിസ്തു എന്തെങ്കിലും തന്നോടു ചോദിക്കുന്നതിനു മുന്‍പേ, ശ്ലീഹാ പരിഭ്രാന്തിയില്‍ അവിടുത്തോടു ചോദിച്ചു. “Quo vadis, Domine?” കര്‍ത്താവേ, അങ്ങ് എങ്ങോട്ടാണ് പോകുന്നത്?” ക്രിസ്തു പറഞ്ഞു, “പത്രോസേ, ഞാന്‍ റോമിലേയ്ക്കാണ്. ഒരിക്കല്‍ക്കൂടി ക്രൂശിക്കപ്പെടാന്‍..!” നിമിഷനേരംകൊണ്ട് പത്രോസിനു കാര്യം പിടികിട്ടി. റോമിലേയ്ക്ക് താന്‍ തിരിച്ചുപോകണമെന്നും, മരണംവരെ ധൈര്യപൂര്‍വ്വം ക്രിസ്തുവിനെയും അവിടുത്തെ സുവിശേഷത്തെയും പിന്‍തുടരണമെന്നും അപ്പസ്തോല പ്രമുഖനു ബോധ്യമായി. മാത്രമല്ല ഈ യാത്രയില്‍ താന്‍ ഒറ്റക്കല്ലെന്നും, എപ്പോഴും ഗുരുനാഥനായ ക്രിസ്തു തന്‍റെ ചാരത്തുണ്ടെന്നും അന്ന് പത്രോസിനു ബോധ്യമായി. പിന്നീട് ഇക്കഥ നോബല്‍ സമ്മാന ജേതാവോയ ഹെന്‍റി സിയെന്‍കിയേവിച്ച് (Henryk Sienkiewicz) എന്ന പോളിഷ് കഥാകൃത്ത് 1902-ല്‍ നോവലാക്കി പ്രസിദ്ധീകരിച്ചു. 1951-ല്‍ മെര്‍വിന്‍ ലിറോയ് (Mervin LeRoy) എന്ന അമേരിക്കന്‍ സംവിധായകന്‍ ടെക്നോക്കളറില്‍ ‘ക്വോ വാഡിസ്...’ (Quo vadis?) സിനിമയും നിര്‍മ്മിച്ചു...!

3. നമ്മിലേയ്ക്കു വരുന്ന ക്രിസ്തു!
കുരിശു മരണത്തോളം ലോകത്തെ സ്നേഹിച്ച ക്രിസ്തു പീഡനങ്ങളിലും തന്‍റെ ശിഷ്യരുടെ കൂടെയുണ്ടെന്ന് പറയുന്നതാണീക്കഥ. പ്രത്യേകിച്ച് ഇന്നിന്‍റെ മഹാമാരിയുടെ ജീവിതക്ലേശങ്ങളിലും ഭീതിയിലും ഈ ധ്യാനത്തിന് ഏറെ പ്രസക്തിയുണ്ട്. നമ്മുടെ ഭീതിയും ജീവിതപ്രശ്നങ്ങളും, ഏറെ ആഴമാര്‍ന്ന പ്രയാസങ്ങളും സ്വയം ഏറ്റെടുക്കാന്‍ ക്രിസ്തു നമ്മുടെ ചാരത്തുണ്ടെന്ന ധ്യാനം ഏറെ ആശ്വാസദായകമാണ്. അധിക്രമങ്ങള്‍ക്ക് ഇരയായവരുടെ ജീവിത നിശ്ശബ്ദതയിലേയ്ക്ക് ക്രിസ്തു കുരിശുമായി കടന്നു ചെല്ലുന്നുണ്ട്. ഇനിയും കരയാനാവാതെ മനംനൊന്തു ജീവിക്കുന്ന ചൂഷിതരായ നിര്‍ദ്ദോഷികളിലേയ്ക്കും, പ്രതിരോധശേഷിയില്ലാത്ത പാവങ്ങളിലേയ്ക്കും, പ്രതിസന്ധികളില്‍പ്പെട്ട് തകര്‍ന്ന കുടുംബങ്ങളിലേയ്ക്കും, തൊഴില്‍ നഷ്ടമായവരുടെയും, അല്ലെങ്കില്‍ മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും മിഥ്യയായ സുഖജീവിതത്തിന് കീഴ്പ്പെട്ടുപോയവരിലേയ്ക്കും ക്രിസ്തു കുരിശുമായി കടന്നുവരുമെന്ന പ്രത്യാശയാണ് ക്രിസ്ത്വാനുകരണത്തെക്കുറിച്ചുള്ള ഇന്നത്തെ സുവിശേഷം നല്കുന്നത്.

പത്രോശ്ലീഹായെപ്പോലെ ഉത്ഥിതനായ ക്രിസ്തുവിനാല്‍ പ്രചോദിതരായി നന്മയുടെ ജീവിതവഴികളിലേയ്ക്ക് മടങ്ങുവാനും, ജീവിതത്തിന്‍റെ ഉത്തരവാദിത്തങ്ങളിലേയ്ക്ക് തിരികെപ്പോകുവാനും നമുക്കും സാധിക്കട്ടെ. ശ്ലീഹായെപ്പോലെ ജീവിതത്തിന്‍റെ കടമകളിലേയ്ക്ക് വിശ്വസ്തതയോടെ മടങ്ങിച്ചെല്ലാം. ജീവിതങ്ങള്‍ നവീകരിക്കാം. വിശ്വസ്തതയോടെ എല്ലാം പുതുതായി തുടങ്ങാം, സമര്‍പ്പിക്കാം. ക്രിസ്തു നമ്മുടെ കൂടെയുണ്ട്. ഇതാണ് ശിഷ്യത്വത്തിന്‍റെ ഉറപ്പ്.

4. ഗുരുവിനോടുള്ള സാരൂപ്യപ്പെടല്‍
ക്രിസ്തുവിനോടുള്ള സാരൂപ്യപ്പെടലാണ് ക്രിസ്തു-ശിഷ്യത്വം. പീഡിപ്പിക്കപ്പെടുകയും പരിത്യക്തനാവുകയും അവസാനം ക്രൂശിക്കപ്പെടുകയും ചെയ്ത ക്രിസ്തുവിനോടുള്ള സാരൂപ്യപ്പെടലാണത്. പ്രതിഫലമോ, പ്രതിസമ്മാനമോ, ജീവിത സ്വാസ്ഥ്യമോ ഒന്നും അവിടുന്നു വാഗ്ദാനംചെയ്യുന്നില്ല. സുവിശേഷ ജീവിതത്തിന്‍റെ ഭാഗധേയം പ്രയാസങ്ങളും പ്രതിസന്ധികളുമാണ്. അത് സ്വയാര്‍പ്പണമാണ്. സുവിശേഷജീവിതം മൗലികമായ സമര്‍പ്പണമാണ്. അതിന്‍റെ പങ്ക്, അതിനാല്‍ പീഡനങ്ങളും പ്രയാസങ്ങളുമാണെന്നും നാം മനസ്സിലാക്കണം. ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസവും അവിടുത്തെ ശിഷ്യത്വവും അനുദിന ജീവിത മേഖലകളില്‍, എപ്പോഴും അതിന്‍റെ മാറ്റുരയ്ക്കപ്പെടുന്നുണ്ടെന്നതാണ് സത്യം. സുവിശേഷ മൂല്യങ്ങള്‍ക്ക് അനുസൃതമായി ജീവിക്കുക വലിയ വെല്ലുവിളിയാണ്. എന്നാല്‍ തന്നില്‍ പ്രത്യാശവയ്ക്കുന്നവരെ ദൈവം കൈവെടിയുകയില്ല. അവിടുത്തെ അനുഗമിക്കുന്ന മക്കളെ പിതാവു സംരക്ഷിക്കുന്നു. അതുകൊണ്ടാണ് ക്രിസ്തു തന്‍റെ ശിഷ്യരോട് ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളത്, ഭയപ്പെടേണ്ട! ഞാന്‍ കൂടെയുണ്ട്! (10, 26).

5. എന്നില്‍ ജീവിക്കുന്ന ക്രിസ്തു
ക്രൈസ്തവമക്കള്‍ ജ്ഞാനസ്നാനംവഴി ക്രിസ്തുവിനോട് ഐക്യപ്പെടുകയും സാരൂപ്യപ്പെടുകയും ചെയ്യുമ്പോള്‍ അവിടുത്തെ മരണത്തിലും ഉത്ഥാനത്തിലും പങ്കുകാരാകേണ്ടവരാണ് ക്രിസ്തു-ശിഷ്യന്മാര്‍. ജ്ഞാനസ്നാനംവഴി പാപത്തിനു മരിച്ചവര്‍ ദൈവത്തിലും ക്രിസ്തുവിലും ജീവിക്കുന്നു. അവര്‍ നിയമത്തിനു കീഴിലല്ല, കൃപാവരത്തിന്‍റെ നിറവിലാണ് ജീവിക്കുന്നെന്നാണ് പൗലോസ് അപ്പസ്തോലന്‍ ഇന്നത്തെ രണ്ടാം വായനയില്‍..., റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നത് (റോമ. 6, 3-4). ഭയന്നു റോമാ നഗരം വിട്ട് ഓടിപ്പോയ പത്രോശ്ലീഹായെ ക്രിസ്തു അഭിമുഖീകരിച്ചു. അതുപോലെ സഹോദരങ്ങളെ പീഡിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച സാവൂളിനെയും അവിടുന്നു നേരിട്ടു, കുതിരപ്പുറത്തുനിന്നും തട്ടി താഴെയിട്ടു. ആ സാവൂളാണ് പിന്നീട് സഹോദരങ്ങളെ സഹായിക്കുകയും നയിക്കുകയുംചെയ്ത പൗലോസായി മാറിയത്. സഭയുടെ നെടുംതൂണുകളായ ഈ അപ്പസ്തോലന്മാരുടെ – പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാള്‍ നാം ജൂണ്‍ 29-ന് മഹോത്സവമായി ആചരിക്കുന്നത് അവരുടെ ധീരമായ വിശ്വാസസാക്ഷ്യത്തിന്‍റെ പ്രതീകമാണ്. അതിനാല്‍, മാറ്റം, മാനസാന്തരം, അനുരഞ്ജനം സാദ്ധ്യമാണെന്നാണ് അപ്പസ്തോലന്മാര്‍ നമ്മെ പഠിപ്പിക്കുന്നത്. മാനസാന്തരപ്പെട്ട പൗലോശ്ലീഹ പിന്നീട് പറയുന്നത്, “ഇനി ഞാനല്ല, എന്നില്‍ ക്രിസ്തു ജീവിക്കുന്നു…”. അത്രത്തോളം അദ്ദേഹം ക്രിസ്തുവിനോട് സാരൂപ്യപ്പെട്ടുവെന്നു നമുക്കു മനസ്സിലാക്കാം (ഗലാത്തി. 2, 20).

6. ക്രിസ്ത്വാനുകരണം  ഒരു സ്വയാര്‍പ്പണം
ഒരു മഹാമാരിയാല്‍ ജീവിതം ലോകം മുഴുവനിലും ക്ലേശകരമാകുന്ന ഇക്കാലഘട്ടത്തില്‍, പീഡനങ്ങള്‍ പൂര്‍വ്വാധികം വര്‍ദ്ധിച്ചുവരുന്ന ഈ കാലയളവില്‍ ക്രിസ്തു നമ്മെ വിളിക്കുന്നു. അവിടുത്തോടു സാരൂപ്യപ്പെട്ട് നമ്മുടെ ജീവിതങ്ങള്‍ വിശ്വസ്തതയോടെ സ്നേഹത്തില്‍ സമര്‍പ്പിക്കാന്‍ ക്ഷണിക്കുന്നു. പ്രതിസന്ധികളിലും ശത്രുതയില്ലാത്ത, സ്നേഹത്തിന്‍റെയും ശുശ്രൂഷയുടെയും സമര്‍പ്പണത്തിലേയ്ക്കാണ്, വിശ്വസ്തതയുള്ള വിശ്വാസ ജീവിതത്തിലേയ്ക്കാണ് അവിടുന്നു നമ്മെ ക്ഷണിക്കുന്നത്. ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തു നമ്മോടു കൂടെയുണ്ട്. അതിനാല്‍ ഭയപ്പെടാതെ മുന്നേറാം. നമ്മുടെ അനുദിന ജീവിതക്കുരിശുകള്‍ വഹിച്ചുകൊണ്ട് മുന്നോട്ടുള്ള യാത്രയാണിത്. അത് സമൂഹത്തിലേയ്ക്കും, കുടുംബത്തിലേയ്ക്കും, ജീവിതപരിസരങ്ങളിലുള്ള എളിയവരും പാവങ്ങളുമായി സഹോദരങ്ങളുടെ പക്കലേയ്ക്കുമുള്ള തിരിച്ചുപോകലാണ്.  വിളിച്ച ക്രിസ്തു നമ്മുടെ കൂടെയുണ്ട്, നമ്മെ നയിക്കുന്നുണ്ട്.

തന്‍റെ സ്നേഹവും സംരക്ഷണവും നമ്മില്‍ സമൃദ്ധമായി ചൊരിയുന്ന സാര്‍വ്വ ലോകപാലകനായ യേശുവിനോടുള്ള സ്നേഹത്തിലും പ്രത്യാശയിലും പ്രാര്‍ത്ഥിക്കാം അവിടുത്തെ സാക്ഷികളും ശിഷ്യരുമായ മക്കളെ കാത്തുകൊള്ളണമേ,  മുന്നോട്ടു നയിക്കണമേ!

ഗാനം ആലപിച്ചത് ജെന്‍സി, പീറ്റര്‍ സംഘവുമാണ്, രചന ജോസഫ് മനക്കില്‍, സംഗീതം ജെറി അമല്‍ദേവ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 June 2020, 12:24