Outbreak of the coronavirus disease (COVID-19) in California Outbreak of the coronavirus disease (COVID-19) in California 

ദൈവം പ്രപഞ്ചദാതാവും നീതിവിധാതാവും

19-Ɔο സങ്കീര്‍ത്തനം : സൃഷ്ടിയുടെ സ്തുതിപ്പിന്‍റെ പഠനം മൂന്നാം ഭാഗം - ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വചനവീഥി 19-Ɔο സങ്കീര്‍ത്തന പഠനം - ഭാഗം - 3

1. സൃഷ്ടിയിലെ ദൈവിക വെളിപ്പെടുത്തല്‍
സങ്കീര്‍ത്തനം 19-ന്‍റെ പഠനം – വരികളുടെ വ്യാഖ്യാനം നമുക്കു തുടരാം. 7-മുതല്‍    11-വരെയുള്ള വരികളുടെ പഠനമാണിന്ന്. മേല്പറഞ്ഞ 5 വരികളെ പണ്ഡിതന്മാര്‍ കണക്കാക്കുന്നത് ഗീതത്തിന്‍റെ രണ്ടാം ഭാഗമായിട്ടാണ്. നാം പഠിച്ച ആദ്യഭാഗം ദൈവത്തിന്‍റെ പൊതുവായ വെളിപ്പെടുത്തലുകളാണ്. ദൈവം തന്നെത്തന്നെ ആദ്യമായും പൊതുവായും വെളിപ്പെടുത്തിയത് സൃഷ്ടപ്രപഞ്ചത്തിന്‍റെ അത്ഭുതാവഹമായ മനോഹാരിതയിലാണ്. ആദിയിലേ വചനമായിരുന്ന ദൈവം സൃഷ്ടിയിലൂടെ വെളിപ്പെടുത്തിയിട്ടുള്ളത് നമുക്ക് ഇന്നും അനുഭവവേദ്യമാണ്. പ്രാപഞ്ചിക മനോഹാരിതയും ഹരിതഭംഗിയും അവ നമ്മുടെ ജീവിതത്തെ ആനന്ദകരമാക്കുന്നു. അവ ഉപയോഗിച്ച് മനുഷ്യന്‍ ജീവിക്കുന്നു. മാനുഷിക ബുദ്ധിക്ക് അഗ്രാഹ്യവും ദുര്‍ഗ്രഹവുമായ ദൈവികശക്തി ഈ പ്രാപഞ്ചിക പൂര്‍ണ്ണിമയ്ക്കും ഭംഗിക്കും പിന്നിലുണ്ടെന്ന സത്യം ശാസ്ത്രലോകംപോലും അംഗീകരിക്കുന്നതാണ്.

2. കല്പനകളിലൂടെ വെളിപ്പെടുത്തുന്ന ദൈവം
ചരിത്രത്തില്‍ ഇസ്രായേല്‍ ജനത്തിന് ദൈവം തന്നെത്തന്നെ കല്പനകളിലൂടെ വെളിപ്പെടുത്തിക്കൊടുത്തതും നാം ആമുഖപഠനത്തില്‍ മനസ്സിലാക്കിയതാണ്. പുറപ്പാടു ഗ്രന്ഥം വിവരിക്കുന്ന മോശയുടെ കാലംമുതല്ക്കാണ് ദൈവം കല്പനകളിലൂടെ ജനത്തോടു സംസാരിക്കുന്നതും തന്നെത്തന്നെ വെളിപ്പെടുത്തുന്നതും. അങ്ങനെ ദൈവത്തിന്‍റെ ആദ്യത്തെ വെളിപ്പെടുത്തല്‍ സൃഷ്ടിയിലൂടെയാണെങ്കില്‍, രണ്ടാമത്തെ വെളിപ്പെടുത്തല്‍ കല്പനകളിലൂടെയാണ്. ചരിത്രത്തില്‍ തന്‍റെ ജനത്തിന് പ്രമാണങ്ങള്‍ നല്കിക്കൊണ്ട് മനുഷ്യരുടെ മദ്ധ്യേയുള്ള അവിടുത്തെ രക്ഷണീയ പദ്ധതിക്ക് തുടക്കം കുറിക്കുകയായിരുന്നു.

Musical Version of Ps 19 Unit One
കര്‍ത്താവിന്‍ കല്പനകള്‍ നീതിപൂര്‍ണ്ണം
ഹൃദയത്തിനവയെന്നും സമ്മാനം.
കര്‍ത്താവിന്‍ നിയമങ്ങള്‍ അവികലമാണ്
ആത്മാവിനവയെന്നും നവജീവനേകുന്നു
അവിടുത്തെ സാക്ഷ്യം വിശ്വാസ്യമാണ്
താഴ്മയുള്ളോരെ അത് വിജ്ഞരാക്കുന്നു.

3. കല്പനകളിലെ വെളിപാടുകള്‍
വരികള്‍ ശ്രവിച്ചുകൊണ്ട്, 7-മുതല്‍ 11-വരെയുള്ള നമുക്ക് ഈ ഗീതത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ആത്മീയ വ്യാഖ്യാനത്തിലേയ്ക്കു കടക്കാം,  കല്പനകളിലെ ദൈവിക വെളിപാടുകള്‍ മനസ്സിലാക്കാം.

Recitation of Ps. 19, 7-11
കര്‍ത്താവിന്‍റെ നിയമം അവികലമാണ്
അത് ആത്മാവിന് പുതുജീവന്‍ പകരുന്നു.
കര്‍ത്താവിന്‍റെ സാക്ഷ്യം വിശ്വാസ്യമാണ്
അതു വിനീതരെ വിജ്ഞാനികളാക്കുന്നു.
കര്‍ത്താവിന്‍റെ കല്പനകള്‍ നീതിയുക്തമാണ്
അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു
കര്‍ത്താവിന്‍റെ പ്രമാണം വിശുദ്ധമാണ്
അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.

ദൈവഭക്തി നിര്‍മ്മലമാണ്
അത് എന്നേയ്ക്കും നിലനില്ക്കുന്നു
കര്‍ത്താവിന്‍റെ വിധികള്‍ സത്യമാണ്
അവ തികച്ചും നീതിപൂര്‍ണ്ണമാണ്
അവ പൊന്നിനെയും തങ്കത്തെയുംകാള്‍ അഭികാമ്യമാണ്.
അവ തേനിനെയും തേന്‍കട്ടയെയുംകാള്‍ മധുരമാണ്.
അവതന്നെയാണ് ഈ ദാസനെ പ്രബോധിപ്പിക്കുന്നത്
അവ പാലിക്കുന്നവനു വലിയ സമ്മാനം ലഭിക്കും.
നിത്യസമ്മാനം ലഭിക്കും.

4. പ്രപഞ്ചദാതാവും നിയമദാതാവും
കവിതയുടെ രണ്ടാം ഭാഗത്തെ വരികളില്‍ വിഷയപരമായി ഒരു കൃത്യമായ വ്യതിയാനം, ഒരു Quick Shift നമുക്കു ശ്രദ്ധിക്കാവുന്നതാണ്. സൃഷ്ടപ്രപഞ്ചത്തെ സ്തുതിച്ചുകൊണ്ട് ആരംഭിച്ച ഗീതം, ദൈവം നല്കിയ കല്പനകള്‍ ജീവിതനിയമമായി പാലിക്കുകയും, നിയമദാതാവായ ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു. സൃഷ്ടിയില്‍ ദൈവത്തിന് എല്ലാറ്റിനും ഒരു പാതയുണ്ട്. സൂര്യനുപോലും. സൂര്യന്‍ അനുദിനം അതിന്‍റെ കൃത്യമായ പാതയിലൂടെ സഞ്ചരിച്ച് അതിന്‍റെ ഭ്രമണപദത്തില്‍ നില്ക്കുന്നു. അതുപോലെ ദൈവകല്പനകള്‍ മനുഷ്യര്‍ക്ക് ജീവിതപാതയില്‍ പ്രകാശമാണ്, മാര്‍ഗ്ഗദീപമാണ്. കര്‍ത്താവിന്‍റെ കല്പനങ്ങള്‍ ധാര്‍മ്മിക നിയമങ്ങളായി മനുഷ്യരുടെ മനഃസാക്ഷിയിലും കുടികൊള്ളുന്നുണ്ട്. താത്വികനായ ഇമ്മാനുവല്‍ കാന്തു പറഞ്ഞിട്ടുള്ളത്, മുകളിലെ ആകാശവും ഹൃദയത്തിലെ ധാര്‍മ്മിക നിയമങ്ങളും ഒരേ ദൈവത്തിന് സാക്ഷ്യമായി നമ്മുടെ ജീവിതത്തില്‍ നിലകൊള്ളുകയാണ്.
പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ പ്രഘോഷണത്തെയും വിശ്വാസത്തെയുംപറ്റി പറയുന്നത് ഇവിടെ അന്വര്‍ത്ഥമാണ്. ദൈവിക ശബ്ദം ഭൂമി മുഴുവനിലും വ്യാപിച്ചിരിക്കുന്നു. അവരുടെ വചനം ലോകത്തിന്‍റെ സകല സീമകള്‍വരെയും എത്തിയിരിക്കുന്നു! (റോമ. 10, 17-18).

Musical Version : Psalm 19 Unit two
കര്‍ത്താവിന്‍റെ കല്പനകള്‍ നീതിയുക്തമാണ്
അവ ഹൃദയത്തിനെന്നും ആനന്ദമേകുന്നു
കര്‍ത്താവിന്‍റെ പ്രമാണങ്ങള്‍ പാവനമാണ്
അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.

5. രണ്ടാംഭാഗം വരികളുടെ വ്യാഖ്യാനം
നിയമം സമ്പൂര്‍ണ്ണമാണ് (7). കാരണം അത് ദൈവവചനം തന്നെയാണെന്ന് സങ്കീര്‍ത്തകന്‍ സ്ഥാപിക്കുന്നു. അത് ആത്മാവിന് ഉന്മേഷമേകുന്നു. അത് വ്യക്തിക്ക് ജീവന്‍ പകരുന്നു. ഇതേ ആശയം പുതിയനിമത്തില്‍ ക്രിസ്തുവിന്‍റെ വാക്കുകളിലും ശ്രവിക്കാം, “ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവന്‍ നല്കുവാനും അത് സമൃദ്ധമായി നല്കുവാനുമാണ്” (യോഹ. 10, 10).   സാക്ഷ്യം ഒരു സംഗമസ്ഥാനമാണ്. അതായത് സാധാരണ വ്യക്തികളുടെ ജീവിതത്തിലൂടെ എല്ലാം വിജ്ഞാനമായും നന്മയായും വെളിപ്പെടാന്‍ ദൈവം അവരില്‍ തന്‍റെ കൃപ വര്‍ഷിക്കുന്നു. അപ്പോള്‍ അത് ജീവിതസാക്ഷ്യമായി പരിണമിക്കുന്നു. ചരിത്രത്തില്‍ നമുക്ക് അത് അനുഭവവേദ്യവുമാണ് ദൈവം വളരെ സാധാരണ വ്യക്തികളിലും സാഹചര്യങ്ങളിലും ഇടപഴകുകയും, അവരിലൂടെ നന്മകള്‍ പകര്‍ന്നുനല്കുകയും വെളിപ്പെടുത്തുകയും ചെയ്യുന്നു.

6. ദൈവസ്നേഹത്തിന്‍റെ അടയാളങ്ങള്‍
- ദൈവത്തിന്‍റെ പ്രമാണങ്ങള്‍ നാം, അവ ജീവിക്കേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതുമാണ്. അവ സന്തോഷത്തോടെ നാം ജീവിതത്തില്‍ ഉള്‍ക്കൊള്ളേണ്ടവയുമാണ്. അവ അനുസരിക്കുവാനും, അനുസരിച്ചു ജീവിക്കുവാനും നാം വിളിക്കപ്പെട്ടിരിക്കുന്നു, കടപ്പെട്ടിരിക്കുന്നു. ദൈവകല്പനകള്‍ ജീവിതത്തില്‍ നമുക്കായി ചില വിലക്കുകള്‍ കല്പിക്കുമ്പോള്‍, അല്ലെങ്കില്‍ “അരുതുകള്‍” നല്കുമ്പോള്‍, നാം വാസ്തവികമായി മനസ്സിലാക്കേണ്ടത് ജീവിതത്തില്‍ ചില നിയന്ത്രണങ്ങള്‍, കടിഞ്ഞാണുകള്‍ നമുക്ക് ആവശ്യമാണ്. കര്‍ത്താവിന്‍റെ മുന്നില്‍, അതായത് ദൈവികസ്പര്‍ശത്താല്‍ മനുഷ്യന്‍ വിശുദ്ധി പാലിക്കണമെന്ന് സംഖ്യാപുസ്തകം അനുസ്മരിപ്പിക്കുന്നു (സംഖ്യ 6, 5). നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ സ്നേഹിക്കണം, എന്ന ക്രിസ്തുവിന്‍റെ കല്പന ഈ സങ്കീര്‍ത്തന ഭാഗത്തിന്‍റെ പുതിയ നിയമത്തിലെ സ്ഥിരീകരണമാണ്. “ഇതാണ് ഒന്നാമത്തെ കല്പന, നമ്മുടെ ദൈവമായ കര്‍ത്താവ് ഏകദൈവമാണ്. അവിടുത്തെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും, പൂര്‍ണ്ണശക്തിയോടുംകൂടെ സ്നേഹിക്കുക” (മര്‍ക്കോസ് 12, 29-30).

Musical Version : Psalm 19 Unit 3.
ദൈവഭക്തി നിര്‍മ്മലമാണ്
അതെന്നേയ്ക്കും നിലനില്ക്കുന്നു
കര്‍ത്താവിന്‍റെ വിധികള്‍ സത്യമാണ്
അവ തികച്ചും നീതിപൂര്‍വ്വകം.
- കര്‍ത്താവിന്‍ കല്പനകള്‍

7. പാദങ്ങള്‍ക്കു പ്രകാശമായി ദൈവകല്പനകള്‍
-കര്‍ത്താവിന്‍റെ നിയമങ്ങള്‍ കണ്ണുകളെ പ്രകാശിപ്പിക്കുന്നു, എന്ന്
8-Ɔമത്തെ വരി പറയുമ്പോള്‍... അവിടുത്തെ കല്പനകള്‍ ആത്മാവിന് നവജീവന്‍ പകരുന്നു, ഉന്മേഷമേകുന്നു അല്ലെങ്കില്‍ ദിശാബോധം നല്കുന്നുവെന്ന് നമുക്കു മനസ്സിലാക്കാവുന്നതാണ്. ഉദാഹരിക്കുകയാണെങ്കില്‍... വഴിതെറ്റി അലഞ്ഞുതിരിഞ്ഞ അവശനും വിവശനുമായ ഒരു മനുഷ്യന് നാം അല്പം വെള്ളവും ഭക്ഷണവും നല്കിയാലോ? അയാള്‍ക്ക് ദിശാബോധം തിരിച്ചുകിട്ടുകയും, ഉണര്‍ന്നു പ്രകാശിച്ച് യാത്രതുടരുകയും ചെയ്യും. തീര്‍ച്ചയായും ദൈവികകല്പനകളുടെ വെളിച്ചം ലഭിച്ചാല്‍ ജീവിതത്തില്‍ ശരീയായ ദിശയില്‍ മുന്നേറാന്‍ മനുഷ്യനു സാധിക്കും. അതിനാല്‍ ദൈവികസൃഷ്ടി പോലെതന്നെ, ദൈവകല്പനകളും മനുഷ്യര്‍ക്ക് ജീവല്‍ പ്രകാശമാണെന്ന് സങ്കീര്‍ത്തനം 19-ന്‍റെ രണ്ടാംഭാഗം നമ്മെ പഠിപ്പിക്കുന്നു.

Musical Version of Ps 19 Unit One
കര്‍ത്താവിന്‍ കല്പനകള്‍ നീതിപൂര്‍ണ്ണം
ഹൃദയത്തിനവയെന്നും സമ്മാനം.
കര്‍ത്താവിന്‍ നിയമങ്ങള്‍ അവികലമാണ്
ആത്മാവിനവയെന്നും നവജീവനേകുന്നു
അവിടുത്തെ സാക്ഷ്യം വിശ്വാസ്യമാണ്
താഴ്മയുള്ളോരെ അത് വിജ്ഞരാക്കുന്നു.

ഗാനവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും...
ആലാപനം മരിയ ഡാവിനയും സംഘവും.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര - തുടരും
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 June 2020, 12:17