2020.06.04 Santissima Trinità 2020.06.04 Santissima Trinità 

സ്നേഹക്കൂട്ടായ്മ ഉണര്‍ത്തുന്ന ത്രിത്വമഹോത്സവം

വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 3, 16-18. സുവിശേഷവിചിന്തനം - ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ത്രിത്വമഹോത്സവം - വചനചിന്തകള്‍

1. വാചാലമായ നിശ്ശബ്ദതയുടെ ഉത്സവം
പരിശുദ്ധത്രിത്വത്തിന്‍റെ തിരുനാള്‍, മഹോത്സവമാണ്. ഇംഗ്ലിഷില്‍ Solemnity എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ കൊട്ടും കുരവയുമില്ലാത്ത, കൊടിതോരണങ്ങളോ രുപമെഴുന്നള്ളിക്കലോ ഒന്നുമില്ലാത്ത വാചാലമായ നിശ്ശബ്ദതയുടെയും ആത്മീയതയുടെയും മഹോത്സവമാണിത്!  ആരാധനക്രമ വത്സരത്തില്‍ പെന്തക്കൂസ്താ മഹോത്സവത്തെ തുടര്‍ന്നാണ് പരിശുദ്ധ ത്രിത്വത്തിന്‍റെ തിരുനാള്‍ സഭ ആഘോഷിക്കുന്നത്. പരിശുദ്ധ ത്രിത്വം വിശ്വാസത്തിന്‍റെ സത്തയും കേന്ദ്രവുമാണ്. പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ് - ഏകദൈവത്തിലുള്ള വിശ്വാസം ഈ ദിനത്തില്‍ നാം ഏറ്റുപറയുകയാണ്. നിത്യപിതാവിന്‍റെ സ്നേഹാധിക്യത്തിനും, കുരിശുമരണവും ഉത്ഥാനവുംവഴി പുത്രനായ ക്രിസ്തു നേടിയ ലോകരക്ഷയ്ക്കും, പുത്രന്‍റെ വാഗ്ദാനമായ ആശ്വാസപ്രദന്‍റെ വരവിനും സാക്ഷൃംവഹിച്ച ശേഷമാണ് എല്ലാറ്റിന്‍റെയും കേന്ദ്രവും ഉറവിടവുമായ പരിശുദ്ധ ത്രിത്വത്തിന്‍റെ മഹോത്സവം സഭ കൊണ്ടാടുന്നത്.

2. ക്രിസ്തു ചുരുളഴിയിച്ച ദിവ്യരഹസ്യം
ത്രിയേക ദൈവം, ത്രിത്വം, ഭാരതചിന്തയില്‍ ത്രിമൂര്‍ത്തികള്‍ എന്നെല്ലാം പറയുന്നത് മാനുഷിക ബുദ്ധിക്ക് തികച്ചും അഗ്രാഹ്യമായ ധ്യാനമാണ്. എന്നാല്‍ ഈ ദിവ്യരഹസ്യം വെളിപ്പെടുത്തി തന്നത് ക്രിസ്തുവാണ്! ജോര്‍ദ്ദാന്‍ നദീക്കരയിലെ ജ്ഞാനസ്നാനവേളയിലാണ് ത്രിത്വരഹസ്യത്തിന്‍റെ വെളിപ്പെടുത്തല്‍ ആദ്യമായി നടന്നത്. പിന്നീട് ജരൂസലേമില്‍വച്ചുള്ള അവസാനത്തെ തന്‍റെ വിടവാങ്ങല്‍ പ്രഭാഷണംവരെ ക്രിസ്തു അതു തുടര്‍ന്നു. അന്ത്യത്താഴവേളയില്‍ അവിടുന്ന് വാചലനായത് ത്രിത്വരഹസ്യത്തിന്‍റെ പൊരുളിനെക്കുറിച്ചാണ്. “നിങ്ങള്‍ എന്നെ സ്നേഹിക്കുന്നുവെങ്കില്‍ എന്‍റെ കല്പനകള്‍ പാലിക്കും. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാക്കേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍, എന്നിലും വിശ്വസിക്കുവിന്‍. ഒരു വാസസ്ഥാനം പിതൃഗേഹത്തില്‍ ഒരുക്കുവാന്‍ നിങ്ങള്‍ക്കുമുന്നേ ഞാന്‍ പോവുകയാണ്.” (യോഹന്നാന്‍ 14, 1). “മറ്റൊരു സഹായകനെ ഞാന്‍ നിങ്ങള്‍ക്കു നല്കും. സത്യാത്മാവ്  വന്നു നിങ്ങളില്‍ വസിക്കും. നിങ്ങളെ അനാഥരായി വിടുകയില്ല” (യോഹന്നാന്‍ 14, 16).  ഈ തിരുവചനങ്ങള്‍ തീര്‍ച്ചയായും ത്രിത്വരഹസ്യത്തിലേയ്ക്കും ഏകദൈവത്തിന്‍റെ മൂന്നു ഭാവങ്ങളിലേയ്ക്കും തന്‍റെ ശിഷ്യന്മാരെ വ്യക്തമായി നയിക്കുന്നു.

3. ത്രിത്വത്തിന്‍റെ ആലയങ്ങള്‍
ക്രിസ്തുവിന്‍റെ മരണം ഒരു വേര്‍പാടായിരുന്നില്ല. ഐക്യത്തിന്‍റെ തുടക്കമാണെന്ന് മേല്പറഞ്ഞ വചനം വെളിപ്പെടുത്തുന്നു. ക്രിസ്തു ഈ ലോകത്ത് ഇന്നും പരിശുദ്ധാരൂപിവഴി സനാതന സാന്നിദ്ധ്യമായി വസിച്ചുകൊണ്ട്, നമ്മെ നയിക്കുകയും, നമുക്ക് നിത്യജീവിന്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നു. പിതാവിന്‍റെ സാന്നിദ്ധ്യവും സ്നേഹവുമാണ് ഉത്ഥിതന്‍റെ സഹവാസം. പിതാവും പുത്രനുമായുള്ള ഗാഢമായ ഐക്യമാണ് മനുഷ്യര്‍ക്ക് നിത്യജീവന്‍റെ വഴി തെളിയിക്കുന്നത്. പിതാവിനെയും പുത്രനെയും അറിയുന്നവര്‍ക്ക് പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യവും സഹവാസവും അനുഭവവേദ്യമാകുന്നു. അങ്ങനെ പിതാവിനോടും പുത്രനോടുംകൂടെ ആരാധിക്കപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യുന്ന ആശ്വാസ ദായകനായ പരിശുദ്ധാത്മാവ് ക്രിസ്തു ശിഷ്യരില്‍ ഇന്ന് സന്നിഹിതനാണ്.

നമ്മെ വിശുദ്ധീകരിക്കുന്നതും സത്യത്തിനു സാക്ഷൃംവഹിക്കുവാന്‍ പ്രാപ്തരാക്കുന്നതും ക്രിസ്തുകേന്ദ്രീകൃതമായ വിശ്വാസത്തില്‍ വളരുവാന്‍ സഹായിക്കുന്നതും ദൈവാത്മാവാണ്. എന്നാല്‍ പരിശുദ്ധാത്മ സാന്നിദ്ധ്യത്തിനുള്ള വ്യവസ്ഥയാണ് ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ ജീവിക്കുക, നിലനില്ക്കുക എന്നത്. ക്രിസ്തു-സ്നേഹം ജീവിതത്തെ സജീവവും ചലനാത്മകവുമാക്കുന്നു. അവിടുത്തെ സ്നേഹത്തില്‍ ജീവിക്കുന്നവര്‍ ദൈവസ്നേഹത്തിനു പാത്രീഭൂതരാകുന്നു. അങ്ങനെ മനുഷ്യര്‍ ത്രിത്വത്തിന്‍റെ ആലയങ്ങളായി മാറുന്നു.

4. ത്രിത്വത്തില്‍ പ്രതിഫലിക്കുന്ന അഗാധമായ സ്നേഹം
“നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും സ്നേഹിക്കുവിന്‍. നിങ്ങളന്വോന്യം സ്നേഹിക്കുന്നെങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും” (യോഹ. 13, 35). ക്രിസ്തു ആഹ്വാനംചെയ്തതു പ്രകാരം നമുക്കു മനസ്സിലാക്കാം, ക്രൈസ്തവരുടെ മാത്രമല്ല, സകല മനുഷ്യരുടെയും മുഖമുദ്ര സ്നേഹമാവണം. സ്നേഹമായ ദൈവം മാനുഷികകാര്യങ്ങളില്‍ നിസംഗനോ അലക്ഷൃഭാവനോ അല്ലെന്ന സത്യം പ്രഘോഷിക്കാനും സാക്ഷൃപ്പെടുത്താനും വിളിക്കപ്പെട്ടവരാണ് എല്ലാമനുഷ്യരും. മനുഷ്യരുടെ സുഖദുഃഖങ്ങളും, ആശകളും പ്രത്യാശകളും പങ്കുവച്ചുകൊണ്ട് ദൈവം നമ്മുടെ ചാരത്തുണ്ട്, കൂടെയുണ്ട്, അവിടുന്നു മനുഷ്യരുടെ കൂടെനടക്കുന്നു, ചരിക്കുന്നു!

“ദൈവം പുത്രനെ അയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവിടുന്നുവഴി ലോകം രക്ഷപ്രാപിക്കുന്നതിനുവേണ്ടിയാണ്.” ദൈവത്തില്‍ വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്‍റെ ഏകജാതനെ നല്കുവാന്‍ തക്കവിധം അവിടുന്നു ലോകത്തെ അത്രമാത്രം സ്നേഹിച്ചു (യോഹ. 3, 16-17).. അഗാധമായ ഈ ദൈവസ്നേഹം പൂര്‍ണ്ണമായും മനസ്സിലാക്കുക അത്ര എളുപ്പമല്ല, മറ്റു വാക്കില്‍ അത് അസാദ്ധ്യവുമാണ്.

5. പരിശുദ്ധ ത്രിത്വത്തിലെ സാമൂഹികമാനം
ഉത്ഥിതനായ ക്രിസ്തുവിന്‍റെ ദാനമാണ് പരിശുദ്ധാത്മാവ്. ത്രിത്വത്തിന്‍റെ ഊര്‍ജ്ജ്വസ്വലതയായ സ്നേഹത്തിന്‍റെയും കൂട്ടായ്മയുടെയും പാരസ്പരികതയുടെയും സേവനത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും ആന്തരികതയില്‍ പ്രവേശിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്നത് പരിശുദ്ധാത്മാവാണ്. ദൈവിക ജീവനില്‍ നമ്മെ പങ്കുകാരാക്കുന്നതും പരിശുദ്ധാത്മാവാണ്. അതിനാല്‍ അപരനെ സന്തോഷത്തോടെ സ്നേഹിക്കുകയോ സഹായിക്കുകയോ പരിചരിക്കുകയോ ചെയ്യുന്ന വ്യക്തി ത്രിത്വത്തിന്‍റെ പ്രതിഫലനമാണ്. പരസ്പരം സ്നേഹിച്ചും ആദരിച്ചും സഹായിച്ചും ജീവിക്കുന്ന കുടുംബങ്ങളും സമൂഹങ്ങളും പരിശുദ്ധത്രിത്വത്തെ പ്രതിഫലിപ്പിക്കുന്നു. അങ്ങനെയെങ്കില്‍ ആത്മീയ നന്മകള്‍ എന്നപോലെ ഭൗതിക നന്മകളും ജനങ്ങള്‍ക്കായി പങ്കുവയ്ക്കുന്ന സമൂഹങ്ങളും – അവ സന്ന്യസ്തരുടെയോ, സന്നദ്ധസേവകരുടെയോ, ഇടവകയുടെയോ... ഏതു തരത്തിലുള്ളവയുമാകട്ടെ, പരിശുദ്ധത്രിത്വത്തിന്‍റെ സ്നേഹക്കൂട്ടായ്മയെ അവരും പ്രതീകവത്ക്കരിക്കുന്നുവെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനം ‘സ്നേഹത്തിന്‍റെ ആനന്ദം’ (Joy of Love) പഠിപ്പിക്കുന്നു. അതിനാല്‍ യഥാര്‍ത്ഥമായ സ്നേഹം അതിരുകളില്ലാത്തതാണ്. അത് പരസ്പരം ആദരിക്കുകയും അപരന്‍റെ സ്വാതന്ത്ര്യത്തെ മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ്.

6. ത്രിത്വപ്രഘോഷണവും സാക്ഷ്യപ്പെടുത്തലും
ആരാധനക്രമപരമായി ഈ ദിവസം, പരിശുദ്ധ ത്രിത്വ മഹോത്സവം കൂട്ടമായി ആചരിക്കാന്‍ സാധിക്കാത്ത ഒരു സാമൂഹിക പശ്ചാത്തലത്തിലാണ് നാമിപ്പോള്‍. എന്നാല്‍ ത്രിത്വ രഹസ്യത്തെ  ധ്യാനിക്കുവാനും പ്രാര്‍ത്ഥിക്കുവാനും നമുക്കു ഈ ദിനത്തില്‍ സാധിക്കട്ടെ. പരിശുദ്ധത്രിത്വത്തിന്‍റെ മാതൃകയിലും ദൈവികൈക്യത്തിലും പങ്കുചേരുവാനും, സഹോദരങ്ങളുമായി ഐക്യത്തില്‍ ജീവിക്കുവാനുമുള്ള ദൗത്യം നവീകരിക്കുവാനുള്ള അവസരമാവട്ടെ ഇത്. ഒറ്റയ്ക്കു ജീവിക്കുവാനോ, കലഹിച്ചിരിക്കുവാനോ വിളിക്കപ്പെട്ടവരല്ല നാം, മറിച്ച് മറ്റുള്ളവരുടെ കൂടെയും, അവരുടെ കൂട്ടായ്മയിലും സമൂഹത്തിലും ജീവിക്കുവാന്‍ വിളിക്കപ്പെട്ടവരാണ്. അങ്ങനെ ജീവിത പരിസരങ്ങളി‍ല്‍ പങ്കുവച്ചും, പരസ്പരം ക്ഷമിച്ചും സഹിച്ചും ആദരിച്ചും സ്നേഹത്തില്‍ ജീവിച്ചുകൊണ്ട്, സുവിശേഷത്തിന്‍റെ മനോഹാരിതയ്ക്കും മൂല്യങ്ങള്‍ക്കും സാക്ഷികളാകുവാന്‍ വിളിക്കപ്പെട്ടവരാണ് നാം.

7. മനുഷ്യന്‍റെ ആത്മീയയാത്രയുടെ തുടക്കം
നമ്മുടെ ജീവിതങ്ങള്‍ പരിശുദ്ധത്രിത്വത്തിലുള്ള പങ്കുചേരലും ആത്മീയയാത്രയുമാണ്. ക്രിസ്തു നമ്മുടെമദ്ധ്യേ വസിച്ചത് ഈ ദൈവികരഹസ്യത്തേലേയ്ക്ക് നമ്മെ അടുപ്പിക്കുവാനും, കൈപിടിച്ച് ഉയര്‍ത്തുവാനുമായിരുന്നു. അതിനാല്‍ ക്രിസ്തീയജീവിതങ്ങള്‍ ത്രിത്വരഹസ്യത്തില്‍ കേന്ദ്രീകൃതമായാണ് മുന്നോട്ടു പോകേണ്ടത്. അനന്തമായ ഈ ദിവ്യരഹസ്യത്തില്‍ സ്ഫുരിക്കുന്ന കൂട്ടായ്മയുടെ ക്രമത്തിലാണ് ക്രൈസ്തവ ജീവിതങ്ങള്‍ വളരേണ്ടത്.

8. പ്രാര്‍ത്ഥന
പ്രപഞ്ചദാതാവായ ത്രിയേക ദൈവമേ, സകലത്തിന്‍റെയും സ്രഷ്ടാവേ, ജീവദാതാവേ...! ലോകം ദുര്‍ഘടമായൊരു ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ഞങ്ങള്‍ അങ്ങേ സാന്ത്വനം തേടുന്നു. അങ്ങേ കാരുണ്യകടാക്ഷത്താല്‍ ഞങ്ങളുടെ രോഗികളായ സഹോദരങ്ങളെ സൗഖ്യപ്പെടുത്തണമേ. ജീവിത വ്യഥകളെ ശമിപ്പിക്കണമേ, ക്ലേശിക്കുന്നവരെ സമാശ്വസിപ്പിക്കണമേ. ഞങ്ങളുടെ ലോകത്തെ സമാധാനപൂര്‍ണ്ണമാക്കണമേ. ഞങ്ങളുടെ ജീവിതങ്ങളെ പൂര്‍ണ്ണമായും ആശ്ലേഷിക്കുന്ന പരിശുദ്ധ ത്രിത്വമേ, എല്ലാം ആരംഭിക്കുന്നതും അവസാനിക്കുന്നതും അങ്ങിലാണെന്ന് ഞങ്ങള്‍ അറിയുന്നു. അതുകൊണ്ട് ഇന്നലെയെന്നപോലെ ഇന്നും പ്രത്യാശയോടെ ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതിയായിരിക്കട്ടെ. ആമ്മേന്‍!

ഗാനമാലപിച്ചത് ബിജു നാരായണനും സംഘവുമാണ്. രചന പ്രഫസര്‍ മാത്യു  ഉലകംതറ, സംഗീതം ജെറി അമല്‍ദേവ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 June 2020, 12:02