2020.06.15 Dr. Anupama R. Pai, Virologa 2020.06.15 Dr. Anupama R. Pai, Virologa 

കൊറോണ വൈറസ് രോഗബാധയുടെ സൂക്ഷ്മതലങ്ങള്‍

ഡോ. അനുപമ ആര്‍. പൈയും റിതുല്‍ മോഹനും വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനുവേണ്ടി ഒരുക്കിയ പരിപാടി : ശബ്ദരേഖയോടെ...
കൊറോണയുടെ സൂക്ഷ്മതലങ്ങള്‍ - ഡോ. അനുപമ ആര്‍. പൈ.

1. നവസഹസ്രാബ്ദം കണ്ട മഹാമാരി
ലോകം 1918-ല്‍ സ്പെയിനില്‍ കണ്ട ഭീതിദമായ സ്പാനിഷ് ഫ്ലൂവിനുശേഷം (Spanish Flu) ഏറ്റവും വിനാശകാരിയായ ഒരു പകര്‍വ്യാധിയാണ് കൊറോണ വൈറല്‍ ഡിനാക്സ് 2019 (corona viral disease 2019) അല്ലെങ്കില്‍ കോവിഡ് 19 എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്നത്. 2019 ഡിസംബര്‍ മാസം അവസാനമാണ് നിമോണിയയുമായി (Pneumonia) സാദൃശ്യമുള്ള രോഗ ലക്ഷണങ്ങളുമായി ധാരാളം ജനങ്ങളെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. ഇതിനു കാരണം മനുഷ്യരില്‍ ഇതുവരെ കാണപ്പെട്ടിട്ടില്ലാത്ത വൈറസ് രോഗമാണിതെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു. പിന്നീട് നടന്ന പഠനങ്ങളില്‍ ഇത് കൊറോണ വൈറസ് (corona virus) കൂടുംബത്തിലെ ഒരു അംഗമാണെന്നും കണ്ടെത്തുകയുണ്ടായി.

2. പുതിയ ഇനം വൈറസ്സുകള്‍
1964-ല്‍ ജൂണ്‍ അല്‍മേഡ എന്ന സ്കോട്ട്ലന്‍റുകാരിയും (Scottish June Almeida) അതിവിദഗ്ദ്ധമായ ഒരു വൈറോളജി ഗവേഷകയാണ് (virology) കൊറോണ വൈറസുകളെ മനുഷ്യരില്‍ ആദ്യമായി കണ്ടെത്തിയത്. അങ്ങനെ മനുഷ്യരില്‍ കണ്ടെത്തിയ ഈ പ്രത്യേക ഇനം വൈറസ്സുകളുടെ സൂക്ഷ്മ ഘടനയില്‍ കീരിടത്തിന്‍റെ ആകാരം കണ്ടെത്തിയതു മൂലമാണ് അവയ്ക്ക് ശാസ്ത്രജ്ഞന്മാര്‍ “കൊറോണ” എന്ന പേരു നല്കിയത്. കാരണം “കൊറോണ” (corona) എന്ന ലത്തീന്‍ വാക്കിന് കിരീടം എന്നാണ് അര്‍ത്ഥം. നാളിതുവരെ മനുഷ്യരെ ബാധിക്കുന്ന ഏഴുതരം കൊറോണ വൈറസുകളെ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. അവയില്‍ 4 അംഗങ്ങള്‍ മനുഷ്യരെ വളരെ ലഘുവായി ബാധിക്കുമ്പോള്‍ മറ്റു മൂന്നെണ്ണം – SARS, MERS, COVID-19 എന്നിവ മനുഷ്യരില്‍ ചെറിയ പനി, ജലദോഷം തുടങ്ങിയ കൂടാതെ, അതിതീവ്രമായ ശ്വാസകോശ രോഗങ്ങളിലേയ്ക്കും പിന്നീട് മരണത്തിലേയ്ക്കും നയിച്ചേക്കാമെന്നു വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.

3. വൈറസ്സും വവ്വാലും
സാര്സ് (SARS - sever acute respiratory syndrome) സിവെറ്റ് പൂച്ചകളില്‍നിന്നും (civet cats), മേഴ്സ് അഥവാ (MERS – Middle East Respiratory Syndrome) ഒട്ടകങ്ങളില്‍നിന്നുമാണ് മനുഷ്യരിലേയ്ക്കു പടര്‍ന്നത്. SARS CoV-2, അഥവാ കോവിഡ് 19-നു കാരണമായ വൈറസ് ഈനാംപേച്ചിയില്‍നിന്നോ അതിനു സമാനമായ വന്യജീവികളില്‍നിന്നോ ആകാമെന്നാണ് ശാസ്ത്രലോകം അനുമാനിക്കുന്നത്. എന്നാല്‍ ഇവയുടെ എല്ലാം പൊതുവായ ഉറവിടം വവ്വാലുകള്‍ ആണെന്നും, ഇവയില്‍നിന്നുമാണ് മറ്റു മൃഗങ്ങളിലേയ്ക്കും മനുഷ്യരിലേയ്ക്കും വൈറസ്സുകള്‍ പടര്‍ന്നതെന്നും ചൈനയിലെ വൂഹാന്‍ വൈറോളജി ഗവേഷണകേന്ദ്രത്തിലെ (Wuhan Institute of Virology) ശാസ്ത്രജ്ഞയായ “വവ്വാല്‍ സ്ത്രീ” (Bat Woman) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷീ സെംഗ്ലി (Chinese virologist Shi Zhengli) കണ്ടെത്തിയിട്ടുണ്ട്.

4. കൊറോണയുടെ പ്രഭവസ്ഥാനം
ഡിസംബര്‍ 2019-ന്‍റെ അവസാനത്തില്‍ വൂഹാനിലെ ആശുപത്രികളില്‍ പ്രവേശിച്ച ഭൂരിഭാഗം പേരും വൂഹാനില്‍ത്തന്നെയുള്ള സമുദ്രമത്സ്യങ്ങള്‍ ലഭിക്കുന്ന ഹുവനാന്‍ മാര്‍റ്റില്‍ (Huanan Seafood market) നേരിട്ടു പോയവരോ, ആ മാര്‍ക്കറ്റ് സന്ദര്‍ശിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ ആയിരുന്നു. അതിനാല്‍ത്തന്നെ ഗവേഷകര്‍ ഹുവനാന്‍ മാര്‍ക്കറ്റിലെ ഏതെങ്കിലും ഒരു ജന്തുവില്‍നിന്നായിരിക്കാം കൊറോണ വൈറസിന്‍റെ ഉത്ഭവം എന്നും കരുതിയിരുന്നു.

5. വവ്വാലില്‍ വസിക്കുന്ന വൈറസ്
ഇതിനുശേഷം മറ്റ് സാംക്രമിക രോഗഗവേഷണങ്ങളിലൂടെ (Epidemiological researches) കണ്ടെത്തിയത് ഈനാംപേച്ചിയില്‍ കാണുന്ന വൈറസുകള്‍ക്ക് വവ്വാലില്‍ കാണുന്ന വൈറസുകളുമായി കൊറോണ വൈറസിനു വളരെ അധികം സാമ്യമുണ്ടെന്നായിരുന്നു. അതിനാല്‍ത്തന്നെ കൊറോണ വൈറസുകളുടെ ഉറവിടം (reservoirs) വവ്വാലുകള്‍ ആണെന്ന് ശാസ്ത്രസമൂഹം കരുതുന്നു. എന്നാല്‍ വവ്വാലുകള്‍ ഇത്തരം വൈറസ്സുകളുടെ വാഹകരാകുന്നത് എന്തുകൊണ്ട്, എന്ന ചോദ്യം ഇപ്പോഴും ഗവേഷകരെ അലട്ടുന്നു. കൊറോണ വൈറസുകളെപ്പോലുള്ള മറ്റനേകം വൈറസുകളുടെ ഒരു ഇഷ്ടവാസസ്ഥാനമാണ് വവ്വാലുകള്‍. പരിണാമ പ്രക്രിയയില്‍ ഒരുപാട് സവിശേഷതകളുള്ള ഒരു ജീവിയാണ് വവ്വാല്‍. നട്ടെല്ലുള്ള ജീവികളിൽ കുഞ്ഞുങ്ങളെ പ്രസവിക്കുകയും മുലയൂട്ടുകയുംചെയ്യുന്ന സസ്തനികളില്‍ പറക്കാന്‍ കഴിയുന്ന ഏക അംഗമാണ് Chiroptera എന്ന വംശത്തില്‍പ്പെടുന്ന വവ്വാലുകള്‍.

പക്ഷികളില്‍ കാണപ്പെടുന്നതുപോലെ തൂവലുകളാല്‍ നിബിഡമായ ചിറുകുകള്‍ അല്ല വവ്വാലുകള്‍ക്കുള്ളത്. വിരലുകള്‍ക്കു മുകളിലുള്ള നേര്‍ത്ത ചര്‍മ്മമാണ് ചിറകുകളെപ്പോലെ ഇവയെ പറക്കാന്‍ സഹായിക്കുന്നത്. യഥാര്‍ത്ഥ ചിറകുകള്‍ ഇല്ലാത്തതുകൊണ്ടുതന്നെ ഇവയ്ക്ക് പറക്കാന്‍ ധാരാളം ഊര്‍ജ്ജം ആവശ്യമായിട്ടുണ്ട്. ഈ ആവശ്യം നിറവേറ്റുവാനുള്ള ഉയര്‍ന്ന ഉപാപചയ നിരക്ക് (metabolic rate) ഇവയ്ക്കുണ്ട്. വവ്വാലുകളുടെ കോശ പഠനത്തില്‍നിന്നും മനസ്സിലായത്, അവയുടെ രോഗപ്രതിരോധ വ്യവസ്ഥയുടെ സവിശേഷതകളാണ് അവയെ വൈറസുകളുടെ വാഹകരാക്കുന്നതെന്നാണ്.

6. ഷീ സെംഗ്ലി നല്കിയ മുന്നറിയിപ്പ്
വവ്വാലുകളില്‍ വലിയ രോഗലക്ഷണങ്ങള്‍  ഉണ്ടാക്കാതെ അവിടെ പെറ്റുപെരുകുന്ന വൈറസ്സുകള്‍ മറ്റു സസ്തനികളില്‍ എത്തിച്ചേര്‍ന്നാല്‍ കൂടുതല്‍ രോഗശേഷിയുള്ളവരായി മാറുന്നു. ഈ വ്യവസ്ഥയില്‍ പെരുകുന്ന വൈറസുകളാവട്ടെ അതീവ ഗുരുതരമായ തോതില്‍ രോഗം പരത്താന്‍ കഴിവുള്ളവയായിത്തീരുന്നു. അതിനാല്‍ എപ്പോഴാണോ മറ്റൊരു ജീവിയുടെ ശരീരത്തില്‍ ഇവ പ്രവേശിക്കുന്നത് അപ്പോള്‍ത്തന്നെ രോഗമുണ്ടാക്കുവാന്‍ വിധം പര്യാപ്തമായി മാറുന്നു. ഇതുതന്നെയാണ് നിപ്പയുടെയും എബോളയുടെയും കൊറോണയുടെയും, നാമിപ്പോള്‍ നേരിടുന്ന കോവിഡ് 19-പോലുള്ള വൈറസുകളുടെ പ്രത്യേകത. കൊറോണ വൈറസ് ആക്രമണത്താല്‍ ലോകത്ത് ഒരു മഹാമാരി എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്ന് 2015-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഡോ. ഷീ സെംഗ്ലി ലോകത്തിന് മുന്നറിയിപ്പു നല്കിയിരുന്നു. ഇതിനു കാരണമായി ഗവേഷകര്‍ അനുമാനിക്കുന്നത് ക്രമാനുഗതമായ ജനസംഖ്യാ വര്‍ദ്ധനവും, ജനസാന്ദ്രതയുടെ ഉയര്‍ച്ചയും, ഭൂമിയിലെ വിഭവങ്ങള്‍ മനുഷ്യന്‍ ചൂഷണംചെയ്യുന്ന പതിവും, പ്രകൃതിയില്‍ വലിയ രീതിയിലുള്ള മനുഷ്യന്‍റെ ഇടപെടലും വന്നുചേരുന്ന പാരിസ്ഥിതിക മാറ്റങ്ങളാണ്.

ഇന്ത്യ, ചൈന പോലെയുള്ള ഉയര്‍ന്നു വരുന്ന സമ്പദ് വ്യവസ്ഥയില്‍ എത്തിപ്പെടുന്ന രാജ്യങ്ങളിലെ ജനസംഖ്യ വര്‍ദ്ധനവും ജനസാന്ദ്രത വര്‍ദ്ധനവും കാരണം ഈ വിധത്തിലുള്ള ജന്തുജന്യരോഗങ്ങളുടെ ഭീഷണി ഉയര്‍ന്നുവരുന്നത് വളരെ ആശങ്കാജനകമാണ്. നിപ്പ, കൊറോണ എന്നിവ ഉള്‍പ്പെടെയുള്ള വൈറസ്സുകളുടെ ഇഷ്ട വാസസ്ഥാനമാണ് വവ്വാലുകള്‍. ഇതിനു കാരണം ഇവയുടെ ശരീരഘടനയും രോഗപ്രതിരോധശേഷിയുമാണെന്ന് ശാസ്ത്രലോകം മനസ്സിലാക്കി. വവ്വാലുകളുടെ ശരീരത്തില്‍ ഇവ പെട്ടന്നു പെറ്റുപെരുകുകയും പകര്‍ച്ചവ്യാധിയുടെ രൂപമെടുക്കുകയും മറ്റു മനുഷ്യരിലേയ്ക്ക് പെട്ടന്നു പകരാന്‍ തക്കതായ രീതിയിലേയ്ക്ക് മാറുകയും ചെയ്യുന്നു.

7. പ്രകൃതില്‍ മനുഷ്യന്‍റെ അശാസ്ത്രീയമായ ഇടപെടല്‍
സാര്‍സിനും (Sars-2), കോവിഡ് 2-നും (covid-2)  സമാനമായ വൈറസുകള്‍ വവ്വാലുകളിലും ഈനാംപേച്ചി പോലുള്ള വന്യമൃഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ഈ വന്യജന്തുക്കളെല്ലാം തന്നെ ഹുവാനന്‍ കമ്പോളങ്ങളില്‍ (Huanan Seafood wholesale market in Wuhan) വില്ക്കപ്പെടുന്നു. വൂഹാനിലെ വൈറസ് ബാധയേറ്റ രോഗികളില്‍നിന്നു മനസ്സിലായ ഒരു കാര്യമാണിത്, ഹൂവാനന്‍ സമുദ്ര- ഭക്ഷ്യ മാര്‍ക്കറ്റു സന്ദര്‍ശിച്ചവരോ, അല്ലെങ്കില്‍ മാര്‍ക്കറ്റു സന്ദര്‍ച്ചവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരോ ആണ് വൂഹാനിലെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. ഈ കമ്പോളത്തില്‍ വളരെ അധികം വന്യജീവികളെ ഭക്ഷണത്തിനായും മറ്റു കച്ചവടകാര്യങ്ങള്‍ക്കായും മരുന്നുകള്‍ക്കായും വില്ക്കപ്പെടുന്നത് കാണാം. കാട്ടിലെ ആവാസവ്യവസ്ഥയില്‍നിന്ന് മനുഷ്യര്‍ ഈ വന്യജീവികളെ അശാസ്ത്രീയമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതോടെയാണ് മനുഷ്യരിലേയ്ക്ക് ഇവയിലെ വൈറസുകള്‍ പ്രവേശിക്കുന്നത്. ഇവിടെയാണ് പ്രകൃതിയില്‍ മനുഷ്യന്‍റെ അശാസ്ത്രീയമായ ഇടപെടല്‍ കാരണം നരവംശത്തിനു തന്നെ അത്യന്തം അപകടകരമായ സംഭവവികാസങ്ങള്‍ ഉണ്ടാകുന്നത്.

8. അപകടകരമായ നരവംശാധിപത്യം
ലോകത്തിലെ പല ശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നത് നാമിപ്പോള്‍ നരവംശാധിപത്യമുള്ള കാലത്തിലേയ്ക്കു (Anthropocene) പ്രവേശിച്ചുവെന്നാണ്. വ്യവസായവിപ്ലവത്തിനുശേഷം മനുഷ്യനാണ് എല്ലാത്തിനും അധിപനെന്ന ചിന്തയില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് പ്രകൃതിയെ ചൂഷണംചെയ്യുവാന്‍ തുടങ്ങിയിരുന്നു. മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ ഭൂമിയിലെ കാലാവസ്ഥയെ സാരമായി ബാധിച്ചിരിക്കുന്നു. കലാവസ്ഥാവ്യതിയാനം ഉണ്ടാക്കിയിരുന്നു. എന്നാല്‍ കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പലരാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങളും ലോക്ക്-ഡൗണും (lock down) മറ്റും പാലിക്കുമ്പോള്‍ പ്രകൃതയിൽ പെട്ടന്നു വരുന്ന മാറ്റങ്ങള്‍ ലോകമെമ്പാടുമുള്ള കാലാവസ്ഥ നിരീക്ഷകര്‍ ശ്രദ്ധിക്കുന്നുണ്ട്. ലോകത്ത് വിമാനങ്ങളുടെയും വാഹനങ്ങളുടെയും തീവണ്ടികളുടെയും നീക്കം വളരെ അധികം കുറഞ്ഞിരിക്കുന്നു. ഈ ചുറ്റുപാടില്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ അളവ് (carbondioxide Co2 emission) ഗണ്യമായി കുറഞ്ഞിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പുകയും പൊടിപലങ്ങളും നിറഞ്ഞ് അന്തരീക്ഷം അത്യന്തം മലിനമായി, ശുദ്ധവായു ലഭ്യമല്ലാതായിക്കൊണ്ടിരിക്കുന്ന ലോകത്തിലെ പല നഗരങ്ങളിലും, പ്രത്യേകിച്ച് ഡല്‍ഹി, ബീജിങ് പോലുള്ള വന്‍ നഗരങ്ങളില്‍ ഈ കൊറോണക്കാലത്ത് തെളിഞ്ഞ നീലാകാശവും ശുദ്ധവായുവും ലഭിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്.

9. പ്രകൃതിയെ ചൂഷണംചെയ്യുന്ന മനുഷ്യന്‍
മനുഷ്യന്‍റെ ശക്തമായ ആയുധം ഏതെന്നു ചോദിച്ചാല്‍, അത് തലച്ചോറാണ്. മനുഷ്യന്‍റെ തലച്ചോറുപോലെ പരിണാമത്തില്‍ ഇത്രയേറെ ബുദ്ധിശാലിയായൊരു ജീവിയില്ലെന്നു വേണമെങ്കില്‍ പറയാം. മനുഷ്യനു ലഭ്യമായ ഈ കഴിവ് നാം പലപ്പോഴും പ്രകൃതിയെ ചൂഷണംചെയ്യുവാനും മറ്റു ജീവജാലങ്ങള്‍ക്ക് അപകടമുണ്ടാക്കുവാനും പോരുന്ന വിധിത്തില്‍ ഉപയോഗിക്കുന്നു എന്നത് വളരെ ഖേദകരമായൊരു കാര്യമാണ്. ഈ അസാധാരണ സാഹചര്യത്തില്‍ മനുഷ്യന്‍റെ പ്രകൃതിയിലെ ഇടപെടലുകള്‍ നാം വിശകലനം ചെയ്യേണ്ടതായിട്ടുണ്ട്. നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്, ഭൂമിയിലെ ജനസംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. എന്നാല്‍ ഇവിടെയുള്ള പ്രകൃതി വിഭവങ്ങള്‍ സ്വന്തം നിലനില്പിനായി, ബുദ്ധി ഉപയോഗിച്ച് യന്ത്രങ്ങളും ആയുധങ്ങളും നിര്‍മ്മിക്കുകയും, അവ ഉപയോഗിച്ച് പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും മനുഷ്യര്‍ ചൂഷണംചെയ്യുകയുമാണ്.

10. നാം വിളിച്ചുവരുത്തുന്ന ദുരന്തങ്ങള്‍
കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വവ്വാലുകളും മറ്റു വന്യജീവികളും അസുഖങ്ങള്‍ പരത്തുന്നവയാണെന്നു തെറ്റിദ്ധരിക്കപ്പെടുമ്പോള്‍, അവ ഭൂമിയുടെ നിലനില്പിന് അത്യന്താപേക്ഷിതമാണെന്ന വസ്തുത നാം ശ്രദ്ധിക്കാതെ പോകുന്നു. വവ്വാലുകളുടെ കാര്യംതന്നെ എടുക്കാം. പൂക്കളുടെ പരാഗണത്തിനും, കീടങ്ങളെയും കൊതുകുപോലുള്ള ജീവികളെയും തുരത്തുന്നതില്‍ വവ്വാലുകളുടെ പങ്ക് ഏറെ പ്രധാനപ്പെട്ടതാണ്. അതുപോലെതന്നെ നമുക്കു ചുറ്റുമുള്ള പ്രകൃതിയിലെ ഓരോ ജീവിജാലവും സൂക്ഷ്മാണുവുമെല്ലാം ഭൂമിയുടെ അവിഭാജ്യ ഘടകമാണ്. സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി മനുഷ്യന്‍ മൃഗങ്ങളോട് കൂടുതല്‍ ഇടപഴകുകയും, എന്നാല്‍ അവയുമായി വളരെ അശാസ്ത്രീയമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുമ്പോഴാണ് മനുഷ്യന്‍ പലവിധമുള്ള ദുരന്തങ്ങളെയും മഹാമാരിയെയും നേരിടേണ്ടി വരുന്നത്. സ്വന്തം ആവശ്യങ്ങള്ക്കുവേണ്ടി മനുഷ്യന്‍ വന്യമൃഗങ്ങളെപ്പോലും കച്ചവട താല്പര്യങ്ങള്‍ക്കും ഭക്ഷണത്തിനും മറ്റുമായി ഉപയോഗിക്കുമ്പോള്‍ പല അപകടങ്ങളിലേയ്ക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് നാം മനസ്സിലാക്കുന്നില്ല.

11. പ്രകൃതിയുമായി പാലിക്കേണ്ട സന്തുലനം
നാം ഇതുവരെ കണ്ടുപിടിക്കാത്തതും അതിനിഗൂഢവുമായ ഒരുപാടു വസ്തുതകളും ഈ പ്രകൃതിയിലുണ്ട്. പലതരത്തിലുള്ള സൂക്ഷ്മാണുക്കള്‍ നിലനില്ക്കുന്ന സങ്കീര്‍ണ്ണമായ ഒരു പ്രകൃതിയാണ് നമുക്കു ചുറ്റുമുള്ളത്. എന്നാല്‍ ഇവയെയെല്ലാം കണ്ടുപിടിക്കുവാന്‍ മനുഷ്യനു സാധിച്ചിട്ടില്ല. കാലം കടന്നുപോകന്തോറും മനുഷ്യരില്‍നിന്ന് മൃഗങ്ങളിലേയ്ക്കും, മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേയ്ക്കും പകരുന്ന ജന്തുജന്യരോഗങ്ങള്‍ അഥവാ Zoonotic Diseases വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 2020-ലെ ലോക വളര്‍ത്തുമൃഗ ദിനത്തിലെ സന്ദേശം (World Veterinary Day) ഇങ്ങനെയായിരുന്നു – പ്രകൃതിയുടെ സംരക്ഷണം മനുഷ്യരുടെയും മൃഗങ്ങളുടെയും നിലനില്പിന് അനിവാര്യം... One health, സംയോജിതവും സമഗ്രവുമായ ആരോഗ്യം എന്ന സന്ദേശമാണിത്. വളരെ അടുത്ത കാലത്തു നാം നേരിട്ട നിപ്പ, കൊറോണ, പന്നിപ്പനി, പക്ഷിപ്പനി എന്നിങ്ങനെയുള്ള പലവിധ ജന്തുജന്യരോഗങ്ങളുടെ മുഖ്യകാരണങ്ങളിലൂടെ ഒരു എത്തിനോട്ടം നടത്തുമ്പോള്‍ ഈ ആശയത്തിന്‍റെ പ്രസക്തിയും അതിന്‍റെ ഗൗരവവും നമുക്കു മനസ്സിലാക്കുവാന്‍ സാധിക്കും.

12. പാരസ്പരികതയുള്ള പൊതുഭവനം അനിവാര്യം
കൊറോണയുടെ ഉത്ഭവവും ഏതു ജീവിയില്‍നിന്നാണെന്നും, അതെങ്ങനെ മനുഷ്യരിലേയ്ക്കു പടര്‍ന്നുവെന്നും ഇപ്പോഴും ശാസ്ത്രലോകം കണ്ടുപിടിക്കുവാന്‍ തത്രപ്പെടുന്ന കാര്യമാണ്. പരിസ്ഥിതിയും ശുചിത്വവും ശാസ്ത്രീയമായ ഇടപെടലുകളും ഭൂമിയിലെ പ്രകൃതി വിഭവങ്ങളും വളരെ ശ്രദ്ധയോടെ ഉപയോഗിക്കേണ്ട ആവശ്യകതയും എത്രയേറെയെന്ന് നാമിപ്പോള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യരുടെ ആരോഗ്യവും മൃഗങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് ഇപ്പോള്‍ വ്യക്തമാവുകയാണ്. പുതുതായി ഉയര്‍ന്നുവരുന്ന പകര്‍ച്ചവ്യാധികളില്‍ (Emerging Infectious Diseases) 75% ജന്തുജന്യരോഗങ്ങളാണുള്ളതെന്നത് (zoonotic diseases) ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്നൊരു കാര്യമാണ്. ആഗോളതലത്തില്‍ നോക്കിയാല്‍ 15% മരണങ്ങളും ഇന്ന് ജന്തുജന്യരോഗങ്ങള്‍ കൊണ്ടാണ്. വികസിത രാജ്യങ്ങളില്‍ ഇതിന്‍റെ നിരക്ക് വളരെ അധികം വര്‍ദ്ധിച്ചതായും കാണപ്പെടുന്നു. പുതുതായി തലപൊക്കുന്ന ഈ ജന്തുജന്യരോഗങ്ങള്‍ അടുത്തകാലത്തായി വിനാശകരമായ രോഗങ്ങളായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യരുടെ ആരോഗ്യം മനുഷ്യരില്‍ മാത്രമല്ല ഒതുങ്ങി നില്ക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍കൊണ്ടോ മരുന്നുകള്‍കൊണ്ടോ മാത്രം ഈ ജന്തുജന്യരോഗങ്ങളുടെ നിയന്ത്രണം അസാദ്ധ്യവുമാണ്.

13. തെളിയുന്ന ശുഭദായകമായ മാറ്റങ്ങള്‍
മനുഷ്യരില്‍ കോവിഡ് അതിവേഗം വ്യാപിക്കുന്നതു തടയുവാനായി ലോകരാഷ്ട്രങ്ങള്‍ വളരെയധികം മുന്‍കരുതലുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുവാന്‍ തുടങ്ങിയിട്ടുണ്ട്. കര്‍ശനമായ യാത്രാ നിയന്ത്രണങ്ങളും സാമൂഹിക അകലം പാലിക്കലും, “ക്വാറന്‍റൈന്‍” ദിവസങ്ങളും ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുകയും, മനുഷ്യര്‍ കടുത്ത മാനസികവും സമ്പത്തികവുമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരികയും ചെയ്യുന്ന സാഹചര്യമാണ് ഉടലെടുത്തിട്ടുള്ളത്. എന്നാല്‍ ഇതേസമയം നാം നമ്മുടെ ഭൂമിയില്‍, നമുക്കു ചുറ്റുമുള്ള പ്രകൃതിയില്‍ അനേകമനേകം ശുഭദായകമായ മാറ്റങ്ങള്‍ ഇന്ന് കാണുവാന്‍ തുടങ്ങിയിരിക്കുന്നു. Evident positive changes… വാഹനങ്ങളുടെയും വിമാനങ്ങളുടെയും തീവണ്ടികളുടെയും വന്‍ വ്യവസായങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ താല്ക്കാലികമായിട്ടെങ്കിലും നിയന്ത്രണ വിധേയമായതിനാല്‍ അന്തരീക്ഷത്തില്‍ പ്രകടമായ മാറ്റങ്ങളാണ് നമുക്കു കാണുവാന്‍ സാധിക്കുന്നത്. കാര്‍ബണ്‍ ഡയോക്സൈഡ് Co2, ഹരിത ഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തിലേയ്ക്കു വമിക്കുന്നതു കുറഞ്ഞതാണ് ഇതിനൊരു കാരണം.

അത്യന്തം മലീമസമായ അന്തരീക്ഷം ഉണ്ടായിരുന്ന പല മഹനഗരങ്ങളിലും ശുദ്ധവായു ലഭിച്ചു തുടങ്ങി. ആകാശം തെളിഞ്ഞുകാണാം. നിരത്തുകളിലും പരിസരങ്ങളിലും മാലിന്യം കുറഞ്ഞിരിക്കുന്നു, ജലസ്രോതസുകള്‍ തെളിനീരായിരിക്കുന്നു. മനുഷ്യന്‍ കൈയ്യേറിയ വീഥികളില്‍ പല ജീവജാലങ്ങളും സ്വൗര്യവിഹാരം നടത്തുന്നതായി കണ്ടു. മനുഷ്യന്‍ ഏല്പിച്ച മുറിപ്പാടുകള്‍ സൗഖ്യപ്പെട്ട് പ്രകൃതിയും രമണീയമാകുന്നു.

14. ആവശ്യത്തിന് ആയിക്കൊള്ളട്ടെ, അത്യാഗ്രഹത്തിനല്ല!
എല്ലാജീവജാലങ്ങള്‍ക്കുമായി വളരെ പരിമിതമായ വിഭവങ്ങളാണ് നമ്മുടെ പ്രകൃതിയില്‍ ഉള്ളത്. അവ ദുരുപയോഗം ചെയ്യാതെ വളരെ സൂക്ഷിച്ചും, മറ്റു ജീവജാലങ്ങളുടെ നിലനില്പിനെ കഴിവതും ദോഷകരമായി ബാധിക്കാതെ ശാസ്ത്രീയമായ രീതിയിലാവണം ബുദ്ധിശാലിയും വിവേകമതിയുമായ മനുഷ്യന്‍ പ്രകൃതിയെ ഉപയോഗിക്കേണ്ടത്. മനുഷ്യന് അത്യാവശ്യം ഉപയോഗിത്തിനുള്ള എല്ലാവിഭവങ്ങളും ഭൂമിയിലുണ്ട്. എന്നാല്‍ അത്യാഗ്രഹത്തിനുള്ളത് ഇല്ലയെന്നത് ഒരു വസ്തുതയാണ്. മഹാത്മാഗാന്ധിയുടെ വളരെ പ്രശസ്തമായൊരു വാക്യമുണ്ട്, “World has enough for man’s need, but not for his greed… മനുഷ്യന് അത്യാവശ്യം കാര്യങ്ങള്‍ നിറവേറ്റുവാനുള്ള വിഭവങ്ങള്‍ ഭൂമിയിലുണ്ട്. എന്നാല്‍ അത്യാഗ്രഹത്തിനുള്ളത് ഇല്ല!”

ഇതൊരു മാറ്റത്തിന്‍റെ സമയമാണ്. ബുദ്ധിമാനായ മനുഷ്യന് വിവേകത്തോടുകൂടി സര്‍വ്വചരാചരങ്ങളോടുമൊപ്പം  ഈശ്വരചൈതന്യം നിറഞ്ഞ നമ്മുടെ പൊതുഭവനമായ ഭൂമിയില്‍ സന്തോഷത്തോടെയും സ്നേഹത്തോടെയും വസിക്കുമെന്ന് നമുക്കു പ്രത്യാശിക്കാം!

ഗാനമാലപിച്ചത് പ്രസീതയും സംഘവുമാണ്. രചന ഇഞ്ചക്കാട് ബാലചന്ദ്രന്‍,
സംഗീതം ബിനോജ് ബിനോയ്
.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 June 2020, 09:40