Bundesliga - FC Cologne v 1. FSV Mainz 05 Bundesliga - FC Cologne v 1. FSV Mainz 05 

ആരോഗ്യം പരമപ്രാധാന്യമുള്ള പൊതുനന്മ

ജനീവയിലെ യുഎന്‍ കേന്ദ്രത്തില്‍ വത്തിക്കാന്‍റെ പ്രതിനിധി ആര്‍ച്ചുബിഷപ്പ് ഐവന്‍ യാര്‍ക്കോവിച്ച് നടത്തിയ പ്രസ്താവന :

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. രാഷ്ട്രങ്ങള്‍ തമ്മില്‍ വളരേണ്ട പരസ്പരാശ്രിതത്ത്വം
മെയ് 19-Ɔο തിയതി ചൊവ്വാഴ്ച   ജനീവയിലെ യുഎന്‍ ആസ്ഥാനത്തു നടന്ന 73-Ɔമത് ലോക ആരോഗ്യ സമ്മേളനത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി ഇങ്ങനെ അഭിപ്രായപ്രകടനം നടത്തിയത്.  ഇന്നു ലോകം നേരിടുന്ന മഹാമാരിയുടെ അടിയന്തിര അവസ്ഥയോട് രാജ്യാന്തര സമൂഹം വളരെ ഉത്തരവാദിത്വത്തോടും ക്രിയാത്മകവുമായാണ് പ്രതികരിക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്തവിധം ലോകത്തെ ആകമാനം ക്ലേശത്തില്‍ ആഴ്ത്തിയ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ പൂര്‍വ്വോപരി പരസ്പരാശ്രിതത്ത്വത്തോടെ ഇടപഴകേണ്ടതാണ്. പൗരന്മാരുടെ ആരോഗ്യം ഏറെ പ്രാധാന്യമുള്ള പൊതുനന്മയായി മാനിക്കേണ്ടതുമാണ്. അതിനാല്‍ ഐക്യദാര്‍ഢ്യത്തോടും ശ്രദ്ധയോടുംകൂടെ ആഗോളതലത്തില്‍ കൈകാര്യംചെയ്യേണ്ട മേഖലയാണ് ആരോഗ്യമെന്ന് ആര്‍ച്ചുബിഷപ്പ് യാര്‍ക്കോവിച്ച് ചൂണ്ടിക്കാട്ടി.

2. പാവങ്ങളെ അവഗണിക്കരുത്
നഗരങ്ങളിലും നഗരപ്രാന്തങ്ങളിലും ലോകത്തിന്‍റെ ഓരോ ഭാഗങ്ങളിലും വ്രണിതാക്കളായി ജീവിക്കുന്ന സഹോദരങ്ങളെ ഈ അടിയന്തിര ഘട്ടത്തില്‍ പരിത്യജിക്കരുതെന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ അഭ്യര്‍ത്ഥന ആര്‍ച്ചുബിഷപ്പ് യാര്‍ക്കോവിച്ച് പ്രസ്താവനയില്‍ ആവര്‍ത്തിച്ചു (Urbi et Orbi, Easter 2020). ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും അനുഭവിക്കുന്ന മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ സമൂഹത്തില്‍ വിശപ്പും ദാരിദ്ര്യവും അനുഭവിച്ച് നഗരങ്ങളിലും നഗരപ്രാന്തങ്ങളിലും കഴിയുന്നവരുടെ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരതരമാക്കുവാന്‍ സാദ്ധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

3. രോഗീപരിചരണ  മേഖലയിലെ സഭാസാന്നിദ്ധ്യം
ആഗോളതലത്തില്‍ 5000 കത്തോലിക്ക ആശുപത്രികളും, 16,000 ഡിസ്പെന്‍സറികളും അതാതു രാജ്യങ്ങളിലെ സര്‍ക്കാരുകളോടു ചേര്‍ന്നു രോഗീപരിചരണ മേഖലയില്‍ സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല വൈറസ് ബാധയുടെ ഈ പ്രത്യേക ആവശ്യങ്ങളെ നേരിടുവാനും രോഗികളെയും രോഗലക്ഷണങ്ങള്‍ ഉള്ളവരെയും മാറ്റിപ്പാര്‍പ്പിക്കുവാനുമുള്ള സൗകര്യങ്ങള്‍ക്കായ് സ്ഥാപനങ്ങള്‍ ത്യാഗപൂര്‍വ്വം തുറന്നുകൊടുക്കുവാനും സന്നദ്ധമാകുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് യാര്‍ക്കോവിച്ച് പ്രസ്താവനയിലൂടെ അറിയിച്ചു. ഈ ആഗോളപ്രതിസന്ധിയെ നേരിടുന്നതില്‍ രാഷ്ട്രനേതൃത്വത്തോടൊപ്പം സഭയും ഐക്യദാര്‍ഢ്യത്തോടെ ജനതകളുടെ ശാരീരികവും മാനസികവുമായ സുസ്ഥിതിക്കായി പരിശ്രമിക്കുമെന്നു പ്രസ്താവിച്ചുകൊണ്ടാണ് അദ്ദേഹം  ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 May 2020, 07:27