VIETNAM AGRICULTURE LOTUS FLOWERS VIETNAM AGRICULTURE LOTUS FLOWERS 

“നമ്മുടെ പൊതുഭവനമായ ഭൂമി” ഇനിയും വാസയോഗ്യമാക്കാം

അങ്ങേയ്ക്കു സ്തുതി! (Laudato Si’) - ചാക്രിക ലേഖനത്തിന്‍റെ 5-Ɔο വാര്‍ഷിക പരിപാടികളെ അധികരിച്ചുള്ള ചിന്താമലരുകള്‍ - ശബ്ദരേഖയോടെ...

ഒരുക്കിയത് :
മരിയ ഡാവിനയും ഫാദര്‍ വില്യം നെല്ലിക്കലും

അങ്ങേയ്ക്കു സ്തുതി! - വാര്‍ഷികാചരണം

1. ചാക്രികലേഖനത്തിന്‍റെ വാര്‍ഷികാചരണം
ലോകത്തെ വിസ്മയിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്ത ഒരു ചിന്താപ്രവാഹമാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ “അങ്ങേയ്ക്കു സ്തുതി”യെന്ന ചാക്രികലേഖനം. 2015 മെയ് 24-നു പ്രസിദ്ധീകരിച്ച ലേഖനം സ്രഷ്ടാവും പ്രകൃതിദത്ത ലോകവും ജീവജാലങ്ങളും തമ്മിലുള്ള ബന്ധത്തെ പുനര്‍നിര്‍വചിക്കുന്ന ഉള്‍ക്കാഴ്ചയുള്ള മഹത്തായ ദര്‍ശനമാണ്. തന്‍റെ മുന്‍ഗാമികളുടെ പാരിസ്ഥിതിക വീക്ഷണത്തെ വികസിപ്പിക്കുക മാത്രമല്ല, അവയ്ക്ക് പുതിയൊരു മാനംകൂടി നല്കുന്ന സമീപനം ഇതില്‍ ദൃശ്യമാണ്. കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍ സ്തബ്ധമായി നില്ക്കുന്ന ലോകത്ത്, പ്രവചനാത്മകമായ പ്രസക്തിയാണ് “അങ്ങേയ്ക്കു സ്തുതി” മുന്നോട്ടുവയ്ക്കുന്നത്.

നമ്മുടെ പൊതുഭവനമായ ഭൂമിയുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥയുടെ പ്രതിഫലനങ്ങളാണ് തുടരെത്തുടരെ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും മഹാമാരിയും കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവുമെന്ന് പാപ്പാ ഫ്രാന്‍സിസ് തെളിവുനല്കുന്നു. ഉപഭോഗ ആസക്തിയുടെ ആനന്ദമൂര്‍ച്ഛയില്‍ ദൈവത്തെയും പ്രകൃതിയെയും പരിത്യജിച്ചുകൊണ്ടുള്ള ഈ പ്രയാണം സര്‍വ്വനാശത്തിലേയ്ക്കാണെന്ന് ചാക്രിക ലേഖനത്തില്‍ പാപ്പാ ഓര്‍മ്മപ്പെടുത്തുന്നു. ഭൂമിയുടെ നിലവിളിയും പാവങ്ങളുടെ കരച്ചിലും വ്യത്യസ്തമല്ലെന്നും, ജനതകളും രാഷ്ട്രങ്ങളും സമൂഹങ്ങളും ഇതിനോട് പ്രതികരിക്കേണ്ടത് എങ്ങനെയെന്നും പാപ്പാ പ്രബോധനത്തില്‍ വരച്ചുകാട്ടുന്നു. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങള്‍ക്കിടയില്‍ മാനവരാശിയും ഉള്‍പ്പെടുമെന്ന തിരിച്ചറിവും “അങ്ങേയ്ക്കു സ്തുതി” മുന്നോട്ടു വയ്ക്കുന്നു.

2. ഒരുവര്‍ഷം നീളുന്ന കര്‍മ്മപദ്ധതികള്‍
2020 മെയ് 24-Ɔο തിയതി ആരംഭിച്ച് 2021 മെയ് 24-ന് അവസാനിക്കുന്ന വിധത്തില്‍ ഒരുവര്‍ഷം നീളുന്ന വൈവിധ്യമാര്‍ന്ന പദ്ധതികളും പരിപാടികളുമായിട്ടാണ് സമഗ്ര മാനവപുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘം, (Dicastery for Integral Human Development) മനുഷ്യജീവനെയും പ്രകൃതിയെയും ഒരുപോലെ സ്പര്‍ശിക്കുന്ന, Laudato Si’ അങ്ങേയ്ക്കു സ്തുതി എന്ന ചാക്രിക ലേഖനത്തിന്‍റെ വാര്‍ഷികം ആചരിക്കുന്നത്. ഇന്ന് ഏറെ വിള്ളല്‍ ഏറ്റിരിക്കുന്ന പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കുവാനുള്ള കരുത്തും പോംവഴികളും പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ പ്രബോധനം നല്കുന്നുണ്ടെന്ന് ലോകജനതയ്ക്ക് മനസ്സിലായതിന്‍റെ വെളിച്ചത്തിലാണ് ദീര്‍ഘകാല ഫലപ്രാപ്തി ഉണ്ടാക്കാവുന്ന വാര്‍ഷിക പരിപാടികള്‍ സഭ ആഗോളതലത്തില്‍ സംവിധാനംചെയ്തിരിക്കുന്നത്. അതുപോലെ പരിസ്ഥിതിയോടുള്ള ഉത്തരവാദിത്വത്തില്‍നിന്നും വന്‍രാഷ്ട്രങ്ങളുടെ തലവന്മാര്‍ ഈ അടുത്ത കാലത്ത് പിന്‍വാങ്ങിയതിന്‍റെയും വെളിച്ചത്തിലാണ് സഭ ഒരു സ്നേഹമുള്ള അമ്മയെപ്പോലെ മക്കളുടെ സംരക്ഷണത്തിനായി ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധയാകുന്നത്.

3. താപവര്‍ദ്ധനവ്  കാരണമാക്കുന്ന കെടുതികള്‍
ഇന്ന് ആര്‍ക്ടിക് മേഖലയില്‍ ഹിമപാളികള്‍ ഉരുകി സമുദ്രനിരപ്പ് ഉയര്‍രുന്ന പ്രതിഭാസവും, ആമസോണ്‍ കാടുകളെയും ജീവികളെയും ചുട്ടെരിയിക്കുന്ന കാട്ടുതീയും, ലോകത്ത് എവിടെയും ജനങ്ങള്‍ പൊതുവായി നിരീക്ഷിക്കുന്ന കാലാവസ്ഥ വ്യതിയാനവും വരള്‍ച്ചയും, ജൈവവൈവിധ്യങ്ങളുടെയും ജന്തുക്കളുടെയും സസ്യലതാദികളുടെയും വൃക്ഷങ്ങളുടെയും വംശനാശവുമെല്ലാം ജീവന്‍റെ തന്തുക്കളെ തകര്‍ക്കുന്ന ഇന്നത്തെ വെല്ലുവിളികളാണെന്ന് പാപ്പാ ഫ്രാന്‍സിസ് തന്‍റെ പ്രബോധനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട് (LS 163). എങ്കിലും അഞ്ചുവര്‍ഷമെടുത്തു ശാസ്ത്ര ലോകത്തിന് പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകള്‍ക്ക് കാതോര്‍ക്കുവാന്‍.

4. രാഷ്ട്രത്തലവന്മാര്‍ പിന്‍വാങ്ങിയപ്പോള്‍
മേല്പറഞ്ഞ പാരിസ്ഥിതിക വ്യതിയാനങ്ങളുടെ ഉത്തരവാദികള്‍ മനുഷ്യര്‍തന്നെയാണ്. ജീവനോടും പ്രകൃതിയോടും നാം കാണിക്കുന്ന ക്രൂരതയും, പ്രകൃതി സ്രോതസ്സുക്കളുടെ സ്വാര്‍ത്ഥമായ ഊറ്റിയെടുക്കലും, വാഹനങ്ങളില്‍നിന്നും, വ്യവസായ മേഖലകളില്‍നിന്നും, ഖനികളില്‍നിന്നും ബഹിര്‍ഗമിക്കുന്ന കണക്കില്ലാത്ത കാര്‍ബണ്‍ വാതകങ്ങളും, നാം മലീമസമാക്കുന്ന ജീവിതചുറ്റുപാടുകളും ഭൂമിയുടെ താപനിലയെ ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് രാഷ്ട്രത്തലവന്മാര്‍ക്കും ശാസ്ത്രജ്ഞന്മാര്‍ക്കും നല്ലതുപോലെ അറിയാവുന്നതാണ്. എങ്കിലും പറ്റുന്നത്ര ലാഭവും ലൗകികമായ നേട്ടങ്ങളും തങ്ങളുടെ ചുരുങ്ങിയ ഭരണകാലത്തു വെട്ടിപ്പിടിക്കുവാനുള്ള നേതാക്കളുടെ ആര്‍ത്തി പൊതുഭവനമായ ഭൂമിയെ വിനാശത്തിന്‍റെ വഴികളിലേയ്ക്കാണ് കാലക്രമത്തില്‍ നയിക്കുന്നത്.

ഇതുവഴി, ഭൂമിയുടെയും ജീവന്‍റെയും പ്രകൃതിയുടെയും പൊതുനന്മ സംരക്ഷിക്കേണ്ടവര്‍ അതിന്‍റെ ചൂഷകരായി മാറുകയാണ്. ഇതിനു തെളിവാണ് ഐക്യരാഷ്ട്ര സംഘടന നേതൃത്ത്വംനല്കിയ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച രാഷ്ട്രത്തലവന്മാരുടെ Cop എന്നു വിളിക്കപ്പെടുന്ന സംഗമങ്ങള്‍ (Conference of Parties with United Nation for Climate change) അടുത്തകാലത്ത് പരാജയപ്പെടുകയാണുണ്ടായത്. ഭൂമിയോടും പ്രകൃതിയോടും അതിലെ ബഹുഭൂരിപക്ഷം നിര്‍ദ്ദോഷികളായ മനുഷ്യരോടും, വിശിഷ്യാ പാവങ്ങളോടും പ്രസ്ഥാനത്തിലെ അധികവും രാഷ്ട്രനേതാക്കള്‍ കാട്ടിയ ലാഭേച്ഛയില്‍ മുങ്ങിയ നിരുത്തരവാദപരായ നിലപാടാണ് സ്പെയിനിലെ മാഡ്രിഡില്‍ അലസിപ്പിരിഞ്ഞ സംഗമം വെളിപ്പുടുത്തിയത്. ഇങ്ങനെ മാനവികതയുടെ നന്മയ്ക്കെന്നു വിശേഷിപ്പിക്കപ്പെടാറുള്ള ഉച്ചകോടികള്‍ ലക്ഷ്യപ്രാപ്തിയില്‍ എത്തിച്ചേരാതെ പോവുകയാണ്. സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി മനുഷ്യന്‍ സ്വയം വിനാശങ്ങളെ വിളിച്ചുവരുത്തുന്നതിന്‍റെ പ്രത്യക്ഷ അടയാളമാണ് ഭൂമിയെ സംരക്ഷിക്കുന്നതില്‍ രാഷ്ട്രങ്ങള്‍, രാഷ്ട്രത്തലവന്മാര്‍ ഇന്നു പ്രകടമാക്കുന്ന ഈ പൊരുത്തക്കേട്.

5. അമിതമായ ലാഭേച്ഛയും സ്വാര്‍ത്ഥതയും
ഭൂമിയുടെ സുസ്ഥിതിയെ നശിപ്പിക്കുകയും, മാനവരാശിയെ രോഗഗ്രസ്തമാക്കുകയും ചെയ്യുന്ന രീതിയില്‍ കാര്‍ബണ്‍ഡയോക്സൈഡ് വാതക ബഹിര്‍ഗമനവും  വന്‍വ്യവസായങ്ങളുമുള്ള അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, പോളണ്ട്, ചില ഗള്‍ഫ് രാജ്യങ്ങള്‍, ഇന്ത്യ... എന്നിങ്ങനെയുള്ള വന്‍രാഷ്ട്രങ്ങളാണ് കലാവസ്ഥ ഉച്ചകോടികളില്‍ പലപ്പോഴും വിയോജിപ്പു പ്രകടിപ്പിക്കുന്നത്. അവരവരുടെ വ്യവസായിക വികസനത്തിനും ലാഭത്തിനുമായി ഭിന്നിച്ചുനില്ക്കുന്നവരാണ് സമ്മേളനത്തെ പരാജയപ്പെടുത്തുന്നത്. ഭൂമിയുടെ സന്തുലിതാവസ്ഥ ഇല്ലാതാക്കുന്ന വിധത്തില്‍ വന്‍തോതില്‍ കാര്‍ബണ്‍ഡയോക്സൈഡ് ബഹിര്‍ഗമിക്കുന്ന വ്യവസായ ശാലകളുമായി ഭൗമാന്തരീക്ഷ മലിനീകരണത്തില്‍ ഗണ്യമായ പങ്കുവഹിക്കുന്ന ഭീമന്മാര്‍ ഇവര്‍തന്നെയാണ്. അങ്ങനെ മാഡ്രിഡില്‍ ചേര്‍ന്ന യുഎന്നിന്‍റെ കോപ് 25 എന്ന ഒരാഴ്ച നീണ്ട രാജ്യാന്തര പാരിസ്ഥിതിക സമ്മേളനം ഭൂമിയെയും അതിന്‍റെ സുസ്ഥിതിയെയും കൈയ്യൊഴിയുന്ന ഖേദകരമായൊരു നിലപാടാണ് പ്രകടമാക്കിയത്.

6. കെടുതികള്‍ക്ക് ഇരയാകുന്നവരില്‍
അധികവും പാവങ്ങള്‍

അനുവര്‍ഷം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും രാജ്യങ്ങളിലുമായി വറുതിയും കാലാവസ്ഥക്കെടുതിയും വെള്ളപ്പൊക്കവും പേമാരിയും ഉരുള്‍പൊട്ടലും ധാരാളം സംഭവിക്കുന്നുണ്ട്. മരുവത്ക്കരണവും, ലോകത്തെ ധാരാളം ചെറുദ്വീപുകളെ വിഴുങ്ങിക്കളയുമാറ് സമുദ്രനിരപ്പിന്‍റെ ഉയര്‍ച്ചയും, ചുഴലിക്കാറ്റും ഭൂമികുലുക്കവും സുനാമിയും, ഒടുങ്ങാത്ത കാട്ടുതീയും, എബോള, സാര്‍സ്, കൊറോണപോലുള്ള വൈറസ് ബാധയുമെല്ലാം ആയിരങ്ങളുടെ ജീവന്‍ അപഹരിക്കുകയും മനുഷ്യന്‍റെ ഭൂമുഖത്തെ വാസം ക്ലേശകരമാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ പ്രകൃതിയുമായി ബന്ധപ്പെട്ട് ഉയരുമ്പോള്‍ നേതാക്കള്‍ ലാഭംകൊയ്യുവാനും വ്യവസായികളായ കുറച്ചുപേരുടെ സുസ്ഥിതിക്കായുള്ള നിലപാടുകള്‍ എടുക്കുകയും ചെയ്യുന്നത് ഖേദകരമാണ്. എന്നാല്‍ അനുവര്‍ഷം ഉയര്‍ന്നുവരുന്ന പാരിസ്ഥിതിക കെടുതികളില്‍, ജീവന്‍ നഷ്ടമാകുന്നവരിലും ക്ലേശങ്ങള്‍ അനുഭവിക്കുന്നവരിലും അധികവും പാവങ്ങളാണ്. അവരില്‍ ആമസോണ്‍ പോലുള്ള വന്‍വനാന്തരങ്ങളില്‍ കൃഷിചെയ്തും, പ്രകൃതിയോട് ഇണങ്ങിയും പിണങ്ങിയും, മല്ലടിച്ചും ജീവിക്കുന്ന തദ്ദേശജനതകളും ഉള്‍പ്പെടുന്നണ്ട്.

7. പ്രകൃതിയുടെ തിരിച്ചടി
ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്ന ഏപ്രില്‍ 22-ന്‍റെ ഭൂമിദിനാചരണത്തിന്‍റെ 2020-ലെ 50-Ɔο വാര്‍ഷികം മുങ്ങിപ്പോയതിനു കാരണം മുന്‍പൊരിക്കലും മനുഷ്യകുലം കണ്ടിട്ടില്ലാത്തതും, പൊടുന്നനെ ആയിരങ്ങളുടെ ജീവന്‍ അപഹരിച്ചുകൊണ്ട് ചൈനയിലെ വൂഹാനില്‍ തുടങ്ങിയതും, തുടര്‍ന്ന് യൂറോപ്പിനെയും അമേരിക്കയെയും, ലാറ്റിനമേരിക്കയെയും, ബ്രിട്ടണെയും ഏഷ്യയെയും ഓസ്ട്രേലിയയെയും, എന്തിന് ലോകം മുഴുവനെയും അമ്പരിപ്പിക്കുക മാത്രമല്ല, കണ്ണീരിലാഴ്ത്തുകയും ചെയ്ത ഒരു മഹാമാരിയാണ്! പതിറ്റാണ്ടുകളായി മനുഷ്യര്‍ ഭൂമിയോടു കാട്ടിയ അവജ്ഞയ്ക്കും, അതിന്‍റെ ചൂഷണത്തിനും പ്രകൃതി നല്കുന്ന തിരിച്ചടിയാണ് മാനവരാശിയെ ഇന്ന് എവിടെയും ഭയവിഹ്വലരാക്കുന്ന വൈറസ് ബാധ!

8. ഭൂമി നമ്മുടെ പൊതുഭവനം
ഏതു ലോകയുദ്ധത്തിലും മരിച്ചുവീണതിലും അധികം ജനങ്ങളാണ്, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രതിരോധ മരുന്നില്ലാതെ അനുദിനം വൈറസ് ബാധയില്‍ ഇന്ന് മരണമടയുന്നത്. യഥാര്‍ത്ഥമായ സ്നേഹത്തിലും സാഹോദര്യത്തിലും ഒരുമിച്ചു ജീവിക്കേണ്ട നവമായൊരു ലോകസൃഷ്ടിയുടെ നൊമ്പരവും ഞരങ്ങലുമാണ് നാമിന്ന് എവിടെയും പാരിസ്ഥിതിക കെടുതികളും, വരള്‍ച്ചയും, നവമായ ദുരന്തങ്ങളും രോഗങ്ങളുമായി കേള്‍ക്കുന്നതെന്ന് തന്‍റെ സഭാ ഭരണത്തിന്‍റെ തുടക്കത്തില്‍ത്തന്നെ അങ്ങേയ്ക്കു സ്തുതി! Laudato Si’ എന്ന തന്‍റെ ചാക്രികലേഖനത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് ആത്മപ്രചോദിതനായി മാനവരാശിയുടെ ഈ നൊമ്പരം മനസ്സിലാക്കി പ്രതിവിധിക്കായി പ്രബോധിപ്പിച്ചു നല്കിയതാണ്.

സ്നേഹത്തിലും കാരുണ്യത്തിലും ഐക്യദാര്‍ഢ്യത്തിലും സകലരെയും ആശ്ലേഷിക്കുന്ന ഒരു മാനവികതയ്ക്കു മാത്രമേ “നമ്മുടെ പൊതുഭവനമായ ഭൂമി” (our common home) സംരക്ഷിക്കുവാനും സുസ്ഥിതിയുള്ളതാക്കുവാനും സാധിക്കൂ എന്നത് പാപ്പായുടെ പ്രബോധനത്തിന്‍റെ സത്തയാണ്. ചൂഷണത്തിന്‍റെയും സ്വാര്‍ത്ഥ ലാഭത്തിന്‍റെയും കിടമത്സരത്തിലല്ല, മറിച്ച് പരസ്പരാദരവിന്‍റെയും പരിരക്ഷണത്തിന്‍റെയും പൊരുത്തമുള്ള സ്നേഹക്കൂട്ടായ്മയില്‍ പ്രകൃതിയുമായി മനുഷ്യന്‍ ഇണങ്ങി ജീവിക്കുന്ന സംയോജിതമായ മാനവികത വളര്‍ത്തിയെടുത്തെങ്കില്‍ മാത്രമേ ഈശ്വരന്‍ ദാനമായി തന്ന ഈ ഭൂമുഖത്ത് മനുഷ്യര്‍ക്കു തുടര്‍ന്നു വസിക്കാന്‍ സാധിക്കൂ എന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിക്കുന്നു.

9. നന്മയുടെ ചെറുദീപങ്ങളാകാം
മനുഷ്യനും പ്രകൃതിയും അതിലെ ജീവജാലങ്ങളും തമ്മില്‍ പരസ്പര ബന്ധിതവും പരസ്പരാശ്രിതവുമായി ജീവിക്കണമെന്ന സത്യമാണ് ലോകം ഇന്ന് അനുഭവിക്കുന്ന ഇനിയും അജ്ഞാതമായൊരു മഹാമാരി നമ്മെ പഠിപ്പിക്കുന്നത്. ഈ ഭൂമുഖത്ത് പ്രകൃതിയും മനുഷ്യരും തമ്മില്‍ പരസ്പരം ആശ്രിതമാകയാല്‍ നാം അനുഭവിക്കുന്ന ഇന്നിന്‍റെ ദുരിതങ്ങളുടെയും ദുഃഖങ്ങളുടെയും പ്രതിസന്ധിക്കും അപ്പുറം വിശ്വസാഹോദര്യത്തിന്‍റെ സമഗ്രമായൊരു സമീപനരീതിക്കായി പാപ്പാ ഫ്രാന്‍സിസിന്‍റെ അങ്ങേയ്ക്കു സ്തുതി! Laudato si’ എന്ന പ്രബോധനം അതിന്‍റെ അഞ്ചാം വാര്‍ഷിക ആചരണത്തില്‍ സകലരെയും ക്ഷണിക്കുന്നു (LS 137). മാനവരാശി മഹാമാരിയുടെ പ്രതിസന്ധിയില്‍ ക്ലേശിച്ചുനില്ക്കുമ്പോള്‍, മറ്റു പ്രതിവിധികള്‍ക്കൊപ്പം ഒരു സംയോജിത പരിസ്ഥിതി ദര്‍ശനമാണ്, an integrated ecology-യാണ് ദീര്‍ഘദൃഷ്ടിയുള്ള ഒരു പരിഹാരമാര്‍ഗ്ഗമായി തന്‍റെ പ്രബോധനത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് മുന്നോട്ടു വയ്ക്കുന്നത്. ദൈവം നമുക്കായി സൃഷ്ടിച്ചു നല്കിയതാണീ ഭൂമി.

ദൈവം എല്ലാം നന്മയായി മനുഷ്യര്‍ക്കു നല്കിയ പ്രപഞ്ചദാതാവാണ് എന്ന വിശ്വാസത്തില്‍ മനുഷ്യകുലം സാഹോദര്യത്തില്‍ ഒരുമിച്ചാല്‍ നമുക്ക് ഈ ഭൂമിയെ ഇനിയും രക്ഷപ്പെടുത്തി അതില്‍ രമ്യതയില്‍ വസിക്കാം, ഈ ലോകം സമാധാനപൂര്‍ണ്ണമാക്കാം. നമ്മുടെ പൊതുഭവനമായ ഈ ഭൂമിയെ സകലര്‍ക്കും സന്തോഷമായി ജീവിക്കാവുന്ന പ്രകൃതി രമണീയമായ ഗേഹമാക്കാം!

ഗാനം ആലപിച്ചത് ജി. വേണുഗോപാല്‍, രചന വയലാര്‍ രാമവര്‍മ്മ, സംഗീതം ജെയ്സണ്‍ ജെ. നായര്‍.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 May 2020, 13:35