People enjoy a sunset at the Recreio dos Bandeirantes beach, amid the coronavirus disease (COVID-19) outbreak, in Rio de Janeiro People enjoy a sunset at the Recreio dos Bandeirantes beach, amid the coronavirus disease (COVID-19) outbreak, in Rio de Janeiro 

അചഞ്ചലമായ ദൈവസ്നേഹത്തിന്‍റെ സങ്കീര്‍ത്തനം

ശബ്ദരേഖയോടെ 89-Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനം രണ്ടാംഭാഗം.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

89-‍Ɔο സങ്കീര്‍ത്തനപഠനം - ഭാഗം രണ്ട്


1. സ്തുതിപ്പും അരുളപ്പാടും
ആകെ 51 വരികളുള്ള സങ്കീര്‍ത്തനത്തിന്‍റെ 18 വരികള്‍ കഴിഞ്ഞ പ്രക്ഷേപണത്തില്‍ നാം പരിചയപ്പെടുകയുണ്ടായി. ഈ രാജകീയ സങ്കീര്‍ത്തനത്തിന്‍റെ വരികളില്‍ ദൈവസ്തുതിയും അരുളപ്പാടുകളുമുണ്ട്. ആദ്യത്തെ 18 വരികള്‍ പൂര്‍ണ്ണമായും ദൈവസ്തുതിപ്പുകളാണെന്ന് കഴിഞ്ഞ ഭാഗം വ്യക്തമാക്കി. ദൈവത്തിന്‍റെ സ്നേഹവും കാരുണ്യവും സങ്കീര്‍ത്തകന്‍ ആദ്യത്തെ വരികളില്‍ പ്രകീര്‍ത്തിക്കുകയാണ്. രക്ഷാകര പ്രവൃത്തികള്‍വഴി ചരിത്രത്തില്‍ ദൈവം അവിടുത്തെ സ്നേഹം മനുഷ്യര്‍ക്ക് അനുഭവവേദ്യമാക്കിയിട്ടുള്ളത് വരികള്‍ അനുസ്മരിക്കുകയും ദൈവത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു.

ദൈവികവാഗ്ദാനങ്ങളാണ് ഈ സങ്കീര്‍ത്തനത്തില്‍ ആവര്‍ത്തിച്ചു കാണുന്ന അരുളപ്പാടുകള്‍. ഉദാഹരണത്തിന്.. ആകാശംപോലെ വിശാലവും അഗാധവുമാണ് ദൈവത്തിന്‍റെ സ്നേഹമെന്നത് അരുളപ്പാടാണ്. അനാദിയോളം നിലനില്ക്കുന്ന അവിടുത്തെ സ്നേഹത്തെക്കുറിച്ചുള്ള അരുളപ്പാട്. ദാവീദിനോടു ദൈവം കാണിച്ച കാരുണ്യവും, അവിടുത്തെ ഉടമ്പടിയും, എന്നും നിലനില്ക്കാന്‍ പോകുന്ന ദാവീദിന്‍റെ സിംഹാസനവും ഈ ഗീതത്തില്‍ സങ്കീര്‍ത്തകന്‍ ഉള്‍ച്ചേര്‍ത്തിട്ടുള്ള മറ്റൊരു ദൈവിക അരുളപ്പാടാണ്.

ഈ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം സെബി തുരുത്തിപ്പുറവും സംഘവും.

Musical Version of Ps 89 Unit One
കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നൂ
നിന്‍റെ അഞ്ചലസ്നേഹത്തെ
വാഴ്ത്തും ഞാന്‍, വാഴ്ത്തും ഞാന്‍
തലമുറതോറും വാഴ്ത്തും ഞാന്‍.
കര്‍ത്താവേ, ഞാന്‍ അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും
എന്‍റെ അധരങ്ങള്‍ തലമുറകളോട് അങ്ങേ വിശ്വസ്തത പ്രഘോഷിക്കും
എന്തെന്നാല്‍ അങ്ങയുടെ കൃപ എന്നേയ്ക്കും നിലനില്ക്കുന്നു
അങ്ങയുടെ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാകുന്നു.

2. ദൈവിക അരുളപ്പാടിന്‍റെ വരികള്‍
ഇസ്രായേല്‍ ജനം ദൈവത്തെ തങ്ങളുടെ രാജാവായി കരുതിയിരുന്നു. അതിനാല്‍ രാജകീയ സങ്കീര്‍ത്തനങ്ങള്‍ ദൈവത്തെ സ്തുതിക്കുന്നവയാണ്, അല്ലെങ്കില്‍ രാജാവായ ദൈവത്തെ പ്രകീര്‍ത്തിക്കുന്നതാണ്. ചരിത്രം പരിശോധിച്ചാല്‍ നമുക്കു മനസ്സിലാക്കാം, ബാബിലോണ്‍ വിപ്രവാസത്തിനു ശേഷമാണ് ഇസ്രായേലില്‍ ഭൗമിക രാജാക്കാന്മാര്‍ തിരഞ്ഞെടുക്കപ്പെടുന്നത്. എങ്കിലും അവര്‍ ദൈവത്തിന്‍റെ പ്രതിനിധികളായിട്ടാണ് ഇസ്രായേലിനെ ഭരിച്ചത്. ഇതാണ് രാജകീയ സങ്കീര്‍ത്തനങ്ങളുടെ പശ്ചാത്തലം. ഇത്രയും ആമുഖമായി അനുസ്മരിച്ചുകൊണ്ട് നമുക്ക് ദൈവത്തിന്‍റെ അരുളപ്പാടുകള്‍ എണ്ണിപ്പറയുന്ന 19-മുതല്‍ 23-വരെയുള്ള വരികളെക്കുറിച്ചു പഠിക്കാം.

3. വരികളുടെ പരിചയപ്പെടല്‍
Recitation of Verses 19-23 of Ps 89 
പണ്ട് ഒരു ദര്‍ശനത്തില്‍ തന്‍റെ വിശ്വസ്തനോട് അവിടുന്നു അരുളിച്ചെയ്തു
ശക്തനായ ഒരുവനെ ഞാന്‍ കിരീടമണിയിച്ചു.
ഒരുവനെ ഞാന്‍ ജനത്തില്‍നിന്നു തിരഞ്ഞെടുത്തു നല്കി.
ഞാന്‍ എന്‍റെ ദാസനായ ദാവീദിനെ കണ്ടെത്തി.
വിശുദ്ധതൈലംകൊണ്ടു ഞാന്‍ അവനെ അഭിഷേചിച്ചു
എന്‍റെ കൈയ്യെന്നും അവനോടൊത്തുണ്ടായിരിക്കും
എന്‍റെ ഭുജം അവനു ശക്തിനല്കും.
ശത്രുക്കള്‍ അവനെ തോല്പിക്കയില്ല,
ദുഷ്ടര്‍ അവന്‍റെ മേല്‍ ബലപ്പെടുകയില്ല.
ശത്രുക്കളെ അവന്‍റെ മുന്‍പില്‍വച്ചുതന്നെ ഞാന്‍ തകര്‍ക്കും,
അവന്‍റെ വൈരികളെ ഞാന്‍ നിലംപതിപ്പിക്കും.

4. പ്രവാചകന്‍ നാഥാന്‍റെ അരുളപ്പാട്
ദൈവത്തിന്‍റെ അരുളപ്പാടുകളെ സംബന്ധിക്കുന്നതാണ് ഈ വരികള്‍. ദൈവം ദാവീദിനെയും അവന്‍റെ പിന്‍തലമുറക്കാരെയും തിരഞ്ഞെടുത്തു എന്നതാണ് പ്രമേയം. സാമുവലിന്‍റെ രണ്ടാം പുസ്തകം രേഖപ്പെടുത്തുന്ന (2 സാമു. 7) നാഥാന്‍റെ പ്രവചനങ്ങളുടെ ഒരു കാവ്യാത്മകമായ വിവരണമായിട്ടാണ് നിരൂപകന്മാര്‍ ഈ അരുളപ്പാടുകളുടെ വരികളെ കാണുന്നത്. ഇസ്രായേലില്‍ രാജാവ് ഒരു തിരഞ്ഞെടുപ്പാണ്. കിരീടധാരണം വഴിയാണ് ദാവീദു തിരഞ്ഞെടുക്കപ്പെടുന്നത്. രാജാവിനെ ജനം അഭിഷേകംചെയ്യുന്നതിനാല്‍, അയാള്‍ അഭിഷിക്തനായി മാറുന്നു. കൈപിടിച്ചു നടത്തുന്നതു വഴിയാണ് അധികാരം ഇസ്രായേലില്‍ കൈമാറുന്നത്. രാജാവിന് സംരക്ഷണത്തിന്‍റെയും സഹായത്തിന്‍റെയും വാഗ്ദാനം ലഭിക്കുന്നു. രാജാവ് അക്രമികളുടെയും അധര്‍മ്മികളുടെയുംമേല്‍ വിജയംവരിക്കുന്നതു വരികള്‍ വരച്ചുകാട്ടുന്നു. ദൈവം രാജാവിനെ ദത്തെടുക്കുന്നു. ഇവിടെ രാജാവില്‍ സങ്കീര്‍ത്തകന്‍ ദൈവികത ചാര്‍ത്തുകയാണ്. ഈ വാഗ്ദാനം എന്നും നിലനില്ക്കുന്നു. ദാവീദിന്‍റെ പിന്‍ഗാമികള്‍ക്കും ഇതു ബാധകമാണ്.

Musical Version of Ps 89 Unit three
കര്‍ത്താവേ, ഞങ്ങള്‍ അങ്ങയുടെ നാമത്തില്‍ ആനന്ദിക്കുന്നു
അങ്ങയുടെ നീതിയെ ഞങ്ങളെന്നും പാടിപ്പുകഴ്ത്തുന്നു
അങ്ങാണു ഞങ്ങളുടെ ശക്തിയും മഹത്വവും
അങ്ങയുടെ പ്രസാദംകൊണ്ട് ഞങ്ങളുടെ ജീവിതങ്ങള്‍ ഉയര്‍ന്നുനില്ക്കുന്നു.

5. ദൈവിക അരുളപ്പാടിന്‍റെ വരികള്‍
Recitation of Verses 24-28 of Ps 89
എന്‍റെ വിശ്വസ്തതയും കാരുണ്യവും
തിരഞ്ഞെടുക്കപ്പെട്ടവനോടുകൂടെ ഉണ്ടായിരിക്കും
എന്‍റെ നാമത്തില്‍ അവന്‍ ശിരസ്സുയര്‍ത്തി നില്ക്കും.
ഞാന്‍ അവന്‍റെ അധികാരം സമുദ്രത്തിന്മേലും
അവന്‍റെ ആധിപത്യം നദികളുടെമേലും വ്യാപിപ്പിക്കും.
എന്‍റെ പിതാവും എന്‍റെ ദൈവവും എന്‍റെ രക്ഷാശിലയും
അവിടുന്നാണെന്ന് അവന്‍ എന്നോട് ഉച്ചത്തില്‍ ഉദ്ഘോഷിക്കും.
ഞാന്‍ അവനെ എന്‍റെ ആദ്യജാതനും
ഭൂമിയിലെ രാജാക്കന്മാരില്‍ അത്യുന്നതനുമായി വാഴിക്കും.
എന്‍റെ കരുണ എപ്പോഴും അവന്‍റെമേല്‍ ഉണ്ടായിരിക്കും
അവനോടുള്ള എന്‍റെ ഉടമ്പടി അചഞ്ചലമായിരിക്കും.

6. ദൈവസ്നേഹവും ഉടമ്പടിയും ശാശ്വതം
സാമുവേലിന്‍റെ ഗ്രന്ഥം രേഖപ്പെടുത്തിയിട്ടുള്ള നാഥാന്‍റെ പ്രവചനത്തിലെ വരികള്‍ക്കു സമാന്തരമാണിവ. ദൈവം ദാവീദിനെ തിരഞ്ഞെടുത്ത് അഭിഷേകംചെയ്ത് ഉയര്‍ത്തും. അവനെ പരിപാലിക്കുകയും ശത്രുക്കളില്‍നിന്ന് സംരക്ഷിക്കുകയും, സ്നേഹവും നന്മയും ബഹുമാനവും ആധിപത്യവുംകൊണ്ട് അവനെ നിറയ്ക്കുകയും ചെയ്യും. അത് ഇസ്രായേലിന്‍റെ സമ്പന്നമായ കാലഘട്ടമായിരുന്നു. രാജാവിനെന്നപോലെ ഇസ്രായേല്‍ മക്കള്‍ക്കും ഈ ആനുകൂല്യങ്ങളും സംരക്ഷണവും ദൈവം നല്കിയിരുന്നുവെന്നു നമുക്കു കാണാം.

7. അനുഗ്രഹലബ്ധി നഷ്ടമാക്കരുത്!
അനുസരണക്കേടു കാണിച്ചാല്‍, ദൈവത്തിന്‍റെ കല്പനകള്‍ ലംഘിച്ചു ജീവിച്ചാല്‍ ഇസ്രായേലിനെ ദൈവം ശിക്ഷിക്കുന്നതായും നമുക്കു കാണാം. ജനത്തോടു ചെയ്തിട്ടുള്ള ഉടമ്പടിയുടെ ബന്ധം ശാശ്വതമായി നിലനില്ക്കും. പഴയനിയമത്തില്‍ ആദം, അബ്രഹാം, മോശ ഇവരുമായി ദൈവം ഉടമ്പടിയുണ്ടാക്കി. ആദ്യത്തേതു - ആദവുമായുള്ളത് വ്യവ്സ്ഥയുള്ളതാണ്. രണ്ടാമത്തേതു അബ്രാഹവുമായിട്ടുള്ള ഉടമ്പടി വ്യവസ്ഥയില്ലാത്തതായിരുന്നു. മൂന്നാമത്തേത് മോശയുമായി ചെയ്ത ഉടമ്പടി വ്യവസ്ഥയുള്ളതും. ഇവ പഴയ നിയമത്തിലെ അരുളപ്പാടുകളാണ്. എന്നാല്‍ ഇന്ന് നമ്മെ സംബന്ധിച്ച്, പുതിയ ഇസ്രായേലില്‍ സഭയില്‍, ക്രിസ്തുവിലും പരിശുദ്ധാത്മാവിലും പിതാവായ ദൈവം നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. എന്നാല്‍ പരിശുദ്ധാത്മാവു വഴിയുള്ള ഈ അനുഗ്രഹലബ്ധി നാം നഷ്ടമാക്കരുത്.

Musical Version of Ps 89 Unit three
കര്‍ത്താവേ, അങ്ങാണു ഞങ്ങളുടെ പരിചയും കോട്ടയും
ഇസ്രായേലിന്‍റെ പരിശുദ്ധനും അതിന്‍റെ രാജാവും അങ്ങാകുന്നു
പണ്ടൊരു ദര്‍ശനത്തില്‍ അവിടുന്നു തന്‍റെ ജനത്തോട് അരുള്‍ചെയ്തു
ശക്തനായ ഒരവനെ ഞാന്‍ കിരീടമണിയിച്ചൂ.
- കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നു

8. സങ്കീര്‍ത്തനവരികള്‍ നല്കുന്ന പ്രത്യാശ
നന്മ വാഗ്ദാനംചെയ്ത ദൈവം തിന്മ വര്‍ഷിക്കുമോ? ദൈവാശീര്‍വ്വാദത്താല്‍ അനുഗൃഹീതനായ മനുഷ്യന്‍ ശപിക്കപ്പെടുമോ? ദൈവം സ്നേഹിച്ചു സൃഷ്ടിച്ച മനുഷ്യന്‍ സഹനത്തിന്‍റെ തീച്ചൂളയില്‍ വെന്തു നീറുവാനാണോ? മഹാമാരിയുടെ പിടിയില്‍ മാനവകുടുംബം ഒതുങ്ങിപ്പോകുമോ? ദൈവം ചെയ്ത ഉടമ്പടി അവിടുന്നു ഇല്ലാതാക്കുമോ? ദൈവത്തിന്‍റെ കല്പനകള്‍ പാലിച്ചു മനുഷ്യര്‍ ഈ ഭൂമിയില്‍ ജീവിക്കേണ്ടിയിരിക്കുന്നു. അവിടുന്നു ദാനമായി തന്നവ നാം അവകാശമായി കരുതരുത്. കാരുണ്യത്തിനായി കണ്ണുകളുയര്‍ത്തി നമ്മെ നോക്കുന്നവരിലേയ്ക്ക് കണ്ണു തിരിക്കുവാനും, നവജീവന്‍ ഒരിക്കല്‍ക്കൂടി കണ്ടെത്തുവാനും, അതു ആര്‍ജ്ജിക്കുവാനും കുരിശില്‍ കിടന്നുകൊണ്ട് ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്നുണ്ട്.

9. "വളഞ്ഞ ഞാങ്ങണ ഒടിക്കുകയില്ല...!"
നമ്മുടെ ഉള്ളില്‍തന്നെ ജീവിക്കുന്ന കാരുണ്യത്തെ ശക്തിപ്പെടുത്തുവാനും അംഗീകരിക്കുവാനും പരിപോഷിപ്പിക്കുവാനും അവിടുന്ന് ആവശ്യപ്പെടുന്നു. "വളഞ്ഞ ഞാങ്ങണ അവിടുന്ന് ഒടിക്കുകയില്ല. പ്രഭ മങ്ങിയ തിരിനാളം കെട്ടുപോകാന്‍ ദൈവം അനുവദിക്കുകയുമില്ല..." (ഏശയ്യ 42, 3). പ്രഭ മങ്ങുന്ന നമ്മുടെ ജീവനാളങ്ങളെ  ആളിക്കത്തിക്കുവാന്‍ പ്രത്യാശയോടെ നമുക്കു പ്രാര്‍ത്ഥിക്കാം, മുന്നേറാം. കാരണം, ദൈവത്തിന്‍റെ മഹത്ത്വവും ഔന്നത്യവും അതുല്യമാണ്... സങ്കീര്‍ത്തകന്‍ ഉറപ്പുതരുന്നു!!

Musical Version of Ps 89 Unit four/one
കര്‍ത്താവേ, ഞാന്‍ അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും
എന്‍റെ അധരങ്ങള്‍ തലമുറകളോട് അങ്ങേ വിശ്വസ്തത പ്രഘോഷിക്കും
എന്തെന്നാല്‍ അങ്ങയുടെ കൃപ എന്നേയ്ക്കും നിലനില്ക്കുന്നു
അങ്ങയുടെ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാകുന്നു.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര.  

അടുത്തയാഴ്ചയിലും സങ്കീര്‍ത്തനം 89, രാജകീയ സങ്കീര്‍ത്തനത്തിന്‍റെ ആമുഖപഠനം തുടരും. (ഭാഗംമൂന്ന്).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 April 2020, 09:26