INDIA-KASHMIR-valley-tulips INDIA-KASHMIR-valley-tulips 

സങ്കീര്‍ത്തനം 89 : ദൈവസ്നേഹത്തിന്‍റെ നിര്‍ത്ധരി

89-Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനം നാലാംഭാഗം. വരികളുടെ ആത്മീയവിചിന്തനം

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

89-‍Ɔο സങ്കീര്‍ത്തനപഠനം 4 - ആത്മീയവിചിന്തനം

1. ദൈവസ്നേഹത്തിന്‍റെ പാരമ്യം
ഇന്നു നാം സങ്കീര്‍ത്തനം 89-ന്‍റെ വരികളുടെ ആത്മീയ വിചിന്തനം ആരംഭിക്കുകയാണ്. ദൈവം നൂറ്റാണ്ടുകളിലൂടെ ഒരു ജനത്തോടു കാണിച്ച സ്നേഹവും വിശ്വസ്തതയുമാണ് ഈ നീണ്ട സങ്കീര്‍ത്തനത്തിന്‍റെ 52 വരികളില്‍ പ്രതിപാദിച്ചിരിക്കുന്നത്, സങ്കീര്‍ത്തകന്‍ കുറിച്ചിട്ടിരിക്കുന്നത്. ഇതില്‍ പ്രതിഫലിക്കുന്ന ദൈവസ്നേഹത്തിന്‍റെ പാരമ്യം മനസ്സിലാക്കിയിട്ടെന്നോണം, ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യ തന്‍റെ വ്യക്തി ജീവിതത്തിന്‍റെ ആപ്തവാക്യമായി ഗീതത്തിന്‍റെ ആദ്യവരി സ്വീകരിച്ചിരിക്കുന്നത് ആര്‍ക്കും പ്രചോദനമാണ് – “ദൈവമേ, ഞാന്‍‍ എന്നും അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും…”. ഇസ്രായേലിന്‍റെ ചരിത്രത്തില്‍ ദൈവം തന്‍റെ ജനത്തോടു കാണിച്ച അപരിമേയമായ സ്നേഹത്തിന്‍റെ അത്ഭുതമാണ് സങ്കീര്‍ത്തന വരികളില്‍ ഊറിനില്ക്കുന്നത്.

2. ദൈവത്തെ സ്തുതിക്കേണ്ട  മനുഷ്യന്‍
അംഗീകൃത കത്തോലിക്ക ഇംഗ്ലിഷ് ബൈബിള്‍ Revised Standard Version-ന്‍റെ പരിഭാഷയായ പി.ഒ.സി. മലയാളഭാഷ്യം 89-Ɔο സങ്കീര്‍ത്തനം ഉപശീര്‍ഷകം ചെയ്തിരിക്കുന്നത് “എസ്രാഹ്യനായ ഏഥാന്‍റെ പ്രബോധന ഗീത”മെന്നാണ്. യൂദയ ഗോത്രത്തില്‍പ്പെട്ട ഏറെ വിജ്ഞാനിയായ ഇസ്രായേല്യനായിരുന്നു ഏഥാനെന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജാക്കാന്മാരുടെ ഗ്രന്ഥവും, ദിനവൃത്താന്തവും ഏഥാനെക്കുറിച്ച് പരാമര്‍ശിക്കുന്നുമുണ്ട്. അതിനാല്‍ ജ്ഞാനിയായ ഒരു മനുഷ്യന്‍ ദൈവത്തെ മഹത്വപ്പെടുത്തുന്നതില്‍ മടിക്കരുതെന്ന് എസ്രാഹ്യനായ ഏഥാന്‍റെ കഥ നമ്മെ പഠിപ്പിക്കുന്നു. വിജ്ഞാനിയും സമര്‍ത്ഥനുമായ മനുഷ്യന്‍ ദൈവത്തെ സ്നേഹിക്കുകയും, ആ ദിവ്യസ്നേഹം തന്‍റെ ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ മുന്നില്‍ നാം എല്ലാവരും സമന്മാരാണ്. അതിനാല്‍ സകലരും അവിടുത്തെ സ്നേഹവും കാരുണ്യവും സങ്കീര്‍ത്തകനോട് ചേര്‍ന്നു പ്രകീര്‍ത്തിക്കേണ്ടതാണ്.

ഈ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം സെബി തുരുത്തിപ്പുറവും സംഘവും.

Musical Version of Ps 89 Unit One
കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നൂ
നിന്‍റെ അചഞ്ചലസ്നേഹത്തെ
വാഴ്ത്തും ഞാന്‍, വാഴ്ത്തും ഞാന്‍
തലമുറതോറും വാഴ്ത്തും ഞാന്‍.
കര്‍ത്താവേ, ഞാന്‍ അങ്ങയുടെ കാരുണ്യം പ്രകീര്‍ത്തിക്കും
എന്‍റെ അധരങ്ങള്‍ തലമുറകളോട് അങ്ങേ വിശ്വസ്തത പ്രഘോഷിക്കും
എന്തെന്നാല്‍ അങ്ങയുടെ കൃപ എന്നേയ്ക്കും നിലനില്ക്കുന്നു
അങ്ങയുടെ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാകുന്നു.
- കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നു.

3. ദൈവത്തിന്‍റെ അചഞ്ചലമായ സ്നേഹം
ഒന്നു മുതല്‍ നാലുവരെയുള്ള വരികളുടെ ആത്മീയ വിചിന്തനം നമുക്കു പഠിക്കാം. ആദ്യവരിയില്‍ത്തന്നെ ദൈവത്തിന്‍റെ അചഞ്ചലമായ സ്നേഹമാണ് സങ്കീര്‍ത്തകന്‍ വെളിവാക്കുന്നത്. അവിടുത്തെ പ്രവൃത്തികളില്‍ വെളിപ്പെട്ടു കിട്ടിയ ഉടമ്പടിയിലൂടെ ദൈവം വാഗ്ദാനംചെയ്തിട്ടുള്ള പതറാത്ത സ്നേഹം തന്‍റെ ജനത്തോടു പ്രകടമാക്കുന്നതായി വരികള്‍ വിവരിക്കുന്നു. അതിനാല്‍, തന്‍റെ അധരങ്ങള്‍ തലമുറകളോട് ദൈവത്തിന്‍റെ സ്നേഹവും വിശ്വസ്തതയും പ്രകീര്‍ത്തിക്കുമെന്ന് ഗായകന്‍ ആമുഖമായി ഏറ്റുപറയുന്നു. താന്‍ അനുദിന ജീവിതത്തില്‍ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ദൈവസ്നേഹം യുവജനങ്ങളുമായി പങ്കുവയ്ക്കണമെന്നും, അങ്ങനെ അത് തലമുറകള്‍ക്കായി പകര്‍ന്നുനല്കണമെന്നും സങ്കീര്‍ത്തകന്‍ ആദ്യവരിയില്‍ത്തന്നെ പ്രസ്താവിക്കുന്നു. എന്നാല്‍ ഏറെ ശ്രദ്ധേയമായൊരു കാര്യം, ഗായകന്‍ ഇതെല്ലാം പറയുന്നത് ദൈവത്തോടാണ്, തന്‍റെ മക്കളോടോ, കുടുംബത്തോടോ ജനത്തോടോ അല്ലെന്ന കാര്യം ശ്രദ്ധേയമാണ്. രചയിതാവ് ദൈവത്തോടു സംസാരിക്കുന്നതായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

4. ദൈവത്തോടുള്ള വിശ്വാസപ്രകരണം
“ദൈവമേ, ഞാന്‍ എന്നും അങ്ങേ കാരുണ്യം പ്രകീര്‍ത്തിക്കും,
തലമുറകളോട് അങ്ങേ വിശ്വസ്തത പ്രഘോഷിക്കും!” (സങ്കീ. 89, 2).

അതായത് സങ്കീര്‍ത്തകന്‍ ഇവിടെ ഒരു വിശ്വാസപ്രകരണം വ്യക്തിഗതമായി നടത്തുകയാണ്. (An act of faith or a confession of faith). മൂലരചനയില്‍ ഉപയോഗിച്ചിരിക്കുന്ന “ഹെസെദ്” Hesed, steadfast love, ഉടമ്പടിയുടെ കാതലായ ദൈവത്തിന്‍റെ അചഞ്ചലമായ സ്നേഹത്തോടാണ് സങ്കീര്‍ത്തകന്‍ പ്രതികരിക്കുന്നതും തന്‍റെ വിശ്വസ്തത ഏറ്റുപറയുന്നതും എന്നുവേണം മനസ്സിലാക്കുവാന്‍. ഇത്രയും ഭാഗം സങ്കീര്‍ത്തകന്‍ ദൈവത്തിനു നല്കുന്ന സ്തുതിപ്പായും പഠനത്തില്‍ നാം മനസ്സിലേക്കേണ്ടതാണ്. ദൈവത്തിന്‍റെ അനന്തമായ സ്നേഹത്തെയും വിശ്വസ്തതയെയും സങ്കീര്‍ത്തകന്‍ ആമുഖമായി സ്തുതിക്കുകയാണ്.

Musical Version of Ps 89 Unit two
കര്‍ത്താവേ, ഞങ്ങള്‍ അങ്ങയുടെ നാമത്തില്‍ ആനന്ദിക്കുന്നു
അങ്ങയുടെ നീതിയെ ഞങ്ങളെന്നും പാടിപ്പുകഴ്ത്തുന്നു
അങ്ങാണു ഞങ്ങളുടെ ശക്തിയും മഹത്വവും
അങ്ങയുടെ പ്രസാദംകൊണ്ട് ഞങ്ങളുടെ ജീവിതങ്ങള്‍ ഉയര്‍ന്നുനില്ക്കുന്നു.
- കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നു.

5. ദൈവത്തിന്‍റെ അരുളപ്പാടുകള്‍
ദൈവത്തിന്‍റെ വിശ്വസ്തതയും സ്നേഹവും ആകാശംപോലെ വിശാലമാണെന്ന് തുടര്‍ന്നുള്ള വരിയില്‍ ഗായകന്‍ പറയുമ്പോള്‍, അവിടുത്തെ സ്നേഹം എത്ര അഗാധമാണെന്നും അനുസ്യൂതമാണെന്നുമാണ് നാം മനസ്സിലാക്കേണ്ടത്. തുടര്‍ന്ന് സങ്കീര്‍ത്തകന്‍ നീങ്ങുന്നത്, തനിക്ക് ചരിത്രത്തില്‍നിന്നും അറിയാവുന്ന ദൈവിക വിശ്വസ്തതയുടെ അടയാളങ്ങളിലേയ്ക്കാണ്. ദൈവം തന്‍റെ ദാസനായ ദാവീദിനോടു കാണിച്ച വിശ്വസ്തതയെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും കുറിക്കുന്നു. അത് ദൈവത്തിന്‍റെ അരുളപ്പാടായി സങ്കീര്‍ത്തകന്‍ രേഖപ്പെടുത്തുന്നു. അരുളപ്പാട് ഇങ്ങനെയാണ് :

Recitation of Ps. 89, Verse 2
തിരഞ്ഞെടുക്കപ്പെട്ടവനുമായി ഞാന്‍ ഒരു ഉടമ്പടിയുണ്ടാക്കി
ദാസനായ ദാവീദിനോടു ഞാന്‍ ശപഥംചെയ്തു.
നിന്‍റെ സന്തതിയെ എന്നേയ്ക്കുമായി ഞാന്‍ ഉറപ്പിക്കും,
നിന്‍റെ സിംഹാസനം തലമുറകളോളം ഞാന്‍ നിലനിര്‍ത്തും.

6. ദൈവം നയിച്ച ജനത
ദാവീദു രാജാവാനിനോട് നാഥാന്‍ പ്രവാചകന്‍വഴി ദൈവം തന്‍റെ ഉടമ്പടിയെക്കുറിച്ചു സംസാരിക്കുന്നത് സാമുവലിന്‍റ രണ്ടാം പുസ്തകത്തില്‍ നാം വായിക്കുന്നുണ്ട്. കൊട്ടാരത്തില്‍ വസിക്കുന്ന രാജാവിനെയും നാട്ടിലെ പ്രജകളെയും ദൈവം ശത്രുക്കളില്‍നിന്നും രക്ഷിക്കുകയും സ്വസ്ഥത നല്കി അനുഗ്രഹിക്കുകയും ചെയ്യുന്നു. എന്നും താല്ക്കാലികമായ കൂടാരത്തില്‍ വസിച്ച ദൈവിക സാന്നിദ്ധ്യം ദൃഢമായൊരു ആലയമാക്കി സ്ഥാപിക്കണമെന്ന് പ്രവാചകന്‍വഴി ദൈവം രാജാവിനോടു സംസാരിക്കുന്നു. അങ്ങനെ ജനത്തോടൊപ്പം ഈജിപ്തില്‍നിന്നുള്ള വിമോചനത്തിന്‍റെ നാള്‍മുതുല്‍ സ്നേഹസാന്നിദ്ധ്യമായി സഞ്ചരിച്ച ദൈവം, ജനത്തെ ഒരു നാട്ടില്‍, ഒരു പ്രദേശത്ത് സ്ഥിരമായി പാര്‍പ്പിക്കുമെന്നും. അവിടെ ദേവദാരുകൊണ്ട് അവിടുത്തേയ്ക്ക് ആലയം പണിയണമെന്നും നാഥാന്‍ പ്രവാചകന്‍ വഴിയുള്ള ദൈവികപദ്ധതി ദാവീദിന് ലഭിക്കുന്നത് സാമൂവലിന്‍റെ ഗ്രന്ഥം വിശദമായി രേഖപ്പെടുത്തുന്നു (2 സാമുവല്‍ 7, 1-15).

7. കൂടെ നടക്കുന്ന ദൈവം
ദൈവം എപ്രകാരം ഇസ്രായേല്‍ ഗോത്രത്തില്‍ ജെസ്സെയുടെ പുത്രനായിരുന്ന ഇടയച്ചെറുക്കനെ വിളിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്തുവെന്നും, ശത്രുകരങ്ങളില്‍നിന്ന് അത്ഭുതകരമായി മോചിപ്പിക്കുകയും, ദൈവം തന്‍റെ ജനത്തെ പരിപാലിച്ചു നയിക്കുകയും ചെയ്തുവെന്ന് ന്യായാധിപനായിരുന്ന സാമൂവേലിന്‍റെ പുസ്തകം രേഖപ്പെടുത്തുന്നു. തന്‍റെ സ്നേഹഭാജനമായ ജനത്തെ ഒരു ഭൂമിയില്‍ നട്ടുപിടിപ്പിക്കുമെന്നാണ് പ്രവാചകന്‍വഴി ദൈവം രാജാവിനെ അറിയിച്ചത്.

ദൈവത്തിന്‍റെ അചഞ്ചലമായ സ്നേഹം അവിടുന്നൊരിക്കലും പിന്‍വലിക്കുകയില്ലെന്നു രാജാവിനെ പ്രവാചകന്‍ അറിയിക്കുന്നത് സങ്കീര്‍ത്തനം 89-ന്‍റെ വരികളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ ഈ സങ്കീര്‍ത്തനം പ്രകീര്‍ത്തിക്കുന്നതും പകര്‍ന്നു തരുന്നതും ചരിത്രത്തിലൂടെ ഒഴികിയെത്തുന്ന വറ്റാത്ത ദൈവത്തിന്‍റെ സ്നേഹത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും നിര്‍ത്ധരിയാണെന്ന് സങ്കീര്‍ത്തകനോടൊപ്പം നാം ധ്യാനിക്കേണ്ടതാണ്. ജീവിത പ്രതിസന്ധികളിലും പ്രക്ഷുബ്ധമായ കോളിളക്കിത്തിലും ദൈവം തന്‍റെ സ്നേഹത്തില്‍ മനുഷ്യരൊടുത്തു വസിക്കുന്നു എന്ന പ്രത്യാശയില്‍ മുന്നേറുവാന്‍ ഈ സങ്കീര്‍ത്തന വരികളുടെ ആത്മീയ വിചിന്തനം പ്രചോദനമാവട്ടെ!

Musical Version of Ps 89 Unit two & three
കര്‍ത്താവേ, ഞങ്ങള്‍ അങ്ങയുടെ നാമത്തില്‍ ആനന്ദിക്കുന്നു
അങ്ങയുടെ നീതിയെ ഞങ്ങളെന്നും പാടിപ്പുകഴ്ത്തുന്നു
അങ്ങാണു ഞങ്ങളുടെ ശക്തിയും മഹത്വവും
അങ്ങയുടെ പ്രസാദംകൊണ്ട് ഞങ്ങളുടെ ജീവിതങ്ങള്‍ ഉയര്‍ന്നുനില്ക്കുന്നു.
- കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നു

കര്‍ത്താവേ, അങ്ങാണു ഞങ്ങളുടെ പരിചയും കോട്ടയും
ഇസ്രായേലിന്‍റെ പരിശുദ്ധനും അതിന്‍റെ രാജാവും അങ്ങാകുന്നു
പണ്ടൊരു ദര്‍ശനത്തില്‍ അവിടുന്നു തന്‍റെ ജനത്തോട് അരുള്‍ചെയ്തു
ശക്തനായ ഒരവനെ ഞാന്‍ കിരീടമണിയിച്ചൂ.
- കര്‍ത്താവേ, ഞാന്‍ വാഴ്ത്തുന്നു

അടുത്തയാഴ്ചയിലും സങ്കീര്‍ത്തനം 89, രാജകീയ സങ്കീര്‍ത്തന വരികളുടെ ആത്മീയവിചിന്തനം തുടരാം. (ഭാഗംഅഞ്ച്). 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 April 2020, 09:00