fr. Thadeusa, compositore e poeta indiano fr. Thadeusa, compositore e poeta indiano 

തദേവൂസച്ചന്‍ രചിച്ച കുരിശിന്‍റെ ആര്‍ദ്രമായൊരു ധ്യാനഗീതം

“കുരിശിലെ ഏകാന്ത നിമിഷങ്ങളില്‍…” ഫാദര്‍ തദേവൂസ് അരവിന്ദത്തും ജോബുമാസ്റ്ററും ജെറി അമല്‍ദേവും ചേര്‍ന്നൊരുക്കിയ ഒരപൂര്‍വ്വഗാനം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഗാനം - കുരിശിലെ ഏകാന്ത നിമിഷങ്ങളില്‍

രചന ഫാദര്‍ തദേവൂസ് അരവിന്ദത്ത്
സംഗീതം ജോബു മാസ്റ്റര്‍
പശ്ചാത്തലസംഗീതം ജെറി അമല്‍ദേവ്

1. ഗാനസൃഷ്ടിയെക്കുറിച്ച്
പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിയുടെ കീഴില്‍ മിഷന്‍ രാജ്യങ്ങളിലെ കുട്ടികള്‍ക്കായുള്ള രാജ്യാന്തര സംഘടനയായ തിരുബാലസഖ്യമാണ് (Holy Childhood Association) ഗാനത്തിന്‍റെ നിര്‍മ്മാതാക്കള്‍. സംഘടനയുടെ 150-Ɔο വാര്‍ഷികം 1993-ല്‍ ആചരിക്കവെ സ്മരണികയായി നിര്‍മ്മിച്ച 10 ഗാനങ്ങളുള്ള “പൊന്നൊളി” എന്ന കസെറ്റിനുവേണ്ടി ഫാദര്‍ തദേവൂസ് അരവിന്ദത്ത് രചിച്ച ഗാനമാണിത്.

ആ വര്‍ഷത്തെ തപസ്സുകാലത്തിന്‍റെ ധ്യാനാരൂപിയിലും അജപാലന ജീവിതത്തില്‍ ആ നാളുകളില്‍ താന്‍ അനുഭവിച്ച സമ്മര്‍ദ്ദത്തിന്‍റെ നൊമ്പരത്തിലും കുറിച്ചതാണ് ഈ ഗാനം.  വരികള്‍ എഴുതി മുഴുമിച്ച സായാഹ്നത്തില്‍ ജോബുമാസ്റ്റര്‍ നേരില്‍ച്ചെന്നു ഗാനം  ചോദിച്ചു വാങ്ങിയത്  തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് തദേവൂസച്ചന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.  

2. “പൊന്നൊളി”യിലെ ശ്രദ്ധേയമായ ഗാനം
പൊന്നൊളിയിലെ എല്ലാഗാനങ്ങളും ജോബുമാസ്റ്റര്‍ ഈണംപകര്‍ന്നപ്പോള്‍, പശ്ചാത്തല സംഗീതം ഒരുക്കിയത് ജെറി അമല്‍ദേവായിരുന്നു.  മലയാളത്തില്‍ ഒരുക്കിയ ഗാനങ്ങളുടെ ട്രാക്ക് ഹിന്ദി, തമിഴ് എന്നീ ഭാഷകളിലും അമല്‍ദേവിന്‍റെ നിയന്ത്രണത്തില്‍ നിര്‍മ്മിച്ചത് ഗാനങ്ങള്‍ക്ക് മേന്മയും പൂര്‍ണ്ണതയും നല്കി. വരാപ്പുഴ അതിരൂപതയുടെ സി.എ.സി. സ്റ്റുഡിയോയായിരുന്നു മലയാള ഗാനങ്ങളുടെ പണിപ്പുര.  "കുരിശിലെ ഏകാന്തനിമിഷങ്ങളില്‍..."  എന്ന ഗാനം ആലപിക്കാന്‍ ബിജുനാരായണന്‍ വേണമെന്ന് അന്ന്  അഭിപ്രായപ്പെട്ടത് അമല്‍ദേവായിരുന്നു.

3. ഗാനത്തിന്‍റെ പുനര്‍നിര്‍മ്മിതി
2006-ലെ തപസ്സുകാലത്ത് പ്രകാശനംചെയ്യത്തക്ക  വിധത്തില്‍  ലത്തീന്‍ റീത്തിലെ വിശുദ്ധവാര ഗാനങ്ങള്‍ വീണ്ടും സി.എ.സി.-യില്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.  1972-ല്‍ ജെ. എം. രാജു പാടി ആദ്യമായി പുറത്തു വന്ന ലത്തീന്‍ റീത്തിലെ വിശുദ്ധവാര ഗാനങ്ങള്‍ ലഭ്യമല്ലാതായി.   ജോബ് മാസ്റ്ററിന്‍റെയും ജെറി അമല്‍ദേവിന്‍റെയും  ഗുരുസ്പര്‍ശമുള്ള തദേവൂസ് അച്ചന്‍റെ  ഗാനം ആ ഗാനശേഖരത്തിലേക്ക് ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചത് വിശുദ്ധവാരത്തിലെ കുരിശാരാധനയ്ക്ക് ഉതകുന്ന ഗാനമായതിനാലും,  ഈ അപൂര്‍വ്വഗാനം നഷ്ടപ്പെടരുത് എന്ന ചിന്തയാലുമായിരുന്നു. 

പതിമൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ഈ ഗാനം ജോബുമാസ്റ്ററുടെ ഈണത്തിന് ഭംഗംവരാതെ കൂടുതല്‍ പക്വമാര്‍ന്ന ശബ്ദത്തില്‍ ബിജു നാരായണന്‍ തന്നെ  ആലപിച്ചു. ജോബു മാസ്റ്ററുടെ അഭാവത്തില്‍ ഗാനം കൃത്യമായി പാടാന്‍ ബിജു ആവശ്യപ്പെട്ടത്,  ഒറിജിനല്‍ ട്രാക്ക് കേള്‍ക്കണമെന്നായിരുന്നു.  ട്രാക്ക് കസെറ്റ് രൂപത്തില്‍  ലഭ്യമായിരുന്നതിനാല്‍  തദേവൂസച്ചന്‍റെ വരികളും മാസ്റ്ററുടെ ഈണവും അസ്സല്‍രൂപത്തില്‍ ഏറെ ഭാവാത്മകമായി ബിജു ആലപിക്കുകയും ചെയ്തു.

4. നന്ദിയോടെ...!
ഈ നല്ലഗാനം മലയാളത്തിനു നല്കിയ തദേവൂസ് അരവിന്ദത്ത് അച്ചനെയും, സംഗീത സംവിധായകരായ  ജോബുമാസ്റ്ററെയും ജെറി അമല്‍ദേവിനെയും, ഗായകന്‍ ബിജു നാരായണനെയും, മറ്റു കലാകാരന്മാരെയും നന്ദിയോടെ ഓര്‍ക്കുന്നു!

5. ഗാനം – കുരിശിലെ ഏകാന്ത നിമിഷങ്ങളില്‍

പല്ലവി
കുരിശിലെ ഏകാന്ത നിമിഷങ്ങളില്‍
സ്നേഹിതര്‍ കൈവെടിഞ്ഞകന്നിടുമ്പോള്‍
താതനില്‍ സര്‍വ്വവും ഏകിയപ്പോള്‍
ആന്തരശാന്തിയാല്‍ നിറഞ്ഞവനേ.

അനുപല്ലവി
യേശുവേ, ക്രൂശിതാ,
നിന്‍പാത പിന്‍ചെല്ലാന്‍ വരമരുളൂ
കുരിശിലെ ഏകാന്ത നിമിഷങ്ങളില്‍...

ചരണം ഒന്ന്
കുരിശിന്‍റെ ഭാരത്തെക്കാള്‍ വലുതായ്
മനസ്സിന്‍റെ ഭാരത്താല്‍ നീ കുഴഞ്ഞൂ
ഒറ്റപ്പെടുന്നതിന്‍ വേദനയെങ്ങനെ
നീ സഹിച്ചെന്നെന്നെ പഠിപ്പിക്കണേ!
നാഥാ, ഈ നുകം വഹിക്കാന്‍
എനിക്കു ശക്തിയേകൂ!!
കുരിശിലെ ഏകാന്ത നിമിഷങ്ങളില്‍...

ചരണം രണ്ട്
ശിരസ്സതില്‍ മുള്‍മുടി തറച്ചിടുമ്പോള്‍
കൈകളില്‍ ആണികള്‍ അടിച്ചിടുമ്പോള്‍
കുറ്റപ്പെടുത്താതെ ശാന്തമായെങ്ങനെ
നീ സഹിച്ചെന്നെന്നെ പഠിപ്പിക്കണേ!
നാഥാ, ഈ നുകം വഹിക്കാന്‍
എനിക്കു ശക്തിയേകൂ!!
കുരിശിലെ ഏകാന്ത നിമിഷങ്ങളില്‍...

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 March 2020, 18:57