ITALY-HEALTH-VIRUS ITALY-HEALTH-VIRUS 

കൊറോണ ബാധയ്ക്കെതിരെ റോമാ നഗരവാസികള്‍ ഉപവസിച്ചു

കൊറോണവൈറസ് ബാധയില്‍നിന്നും മോചനം നേടാന്‍ ദൈവസഹായം പ്രാര്‍ത്ഥിച്ചുകൊണ്ടാണ് റോമാനഗരത്തിലെ ജനങ്ങള്‍ മാര്‍ച്ച് 11-Ɔο തിയതി ബുധനാഴ്ച ഉപവസിച്ചത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. ദൈവസഹായത്തിനായി ഉപവാസവും പ്രാര്‍ത്ഥനയും
പാപ്പാ ഫ്രാന്‍സിസ് അദ്ധ്യക്ഷനായുള്ള റോമാരൂപതയുടെ വികാരി ജനറല്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ ദി ദൊനാത്തിസ് മാര്‍ച്ച് 6-Ɔο തിയതി പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരമാണ് കൊറോണാ വൈറസ് ബാധയില്‍നിന്നും ഇറ്റലിയെ മാത്രമല്ല ലോകം മുഴുവനെയും വിമുക്തമാക്കാനായി റോമാരൂപതയിലെ വിശ്വാസികളും സന്മനസ്സുള്ള മറ്റു പ്രസ്ഥാനങ്ങളും ഉപവാസം അനുഷ്ഠിച്ചുകൊണ്ട് ദൈവസാഹായത്തിനായി പ്രാര്‍ത്ഥിച്ചു. വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസും, വത്തിക്കാന്‍റെ എല്ലാ വകുപ്പുകളിലെ പ്രവര്‍ത്തകരായ വൈദികരും സന്ന്യസ്തരും വിശ്വാസികളും ഉപവാസത്തില്‍ പങ്കുചേര്‍ന്നു.

2. ദൈവമാതാവിന്‍റെ മാദ്ധ്യസ്ഥത്തില്‍ ഉപസംഹാരം
ഉപവാസദിനത്തിന് പരിസമാപ്തിയായി റോമാരൂപതയുടെ വികാരി ജനറല്‍, കര്‍ദ്ദിനാള്‍ ദൊനാത്തിന് നഗരപ്രാന്തത്തിലുള്ള വിഖ്യാതമായ “ദിവീനോ അമോരെ” ദൈവസ്നേഹത്തിന്‍റെ മേരിയന്‍ തീര്‍ത്ഥാടനത്തിന്‍റെ തിരുനടയില്‍ ചെറിയ വിശ്വാസസമൂഹത്തിന്‍റെ പ്രതീകാത്മകമായ പങ്കാളിത്തത്തോടെ ദിവ്യബലിയര്‍പ്പിച്ച് കൊറോണ വൈറസ് രോഗബാധയില്‍നിന്നു ലോകജനതയെ സംരക്ഷിക്കണമേയെന്ന് ദൈവമാതാവിന്‍റെ മാദ്ധ്യസ്ഥതയില്‍ പ്രാര്‍ത്ഥിക്കും. ബുധനാഴ്ച പ്രദേശിക സമയം വൈകുന്നേരം 7, മണിക്ക് ഇറ്റലിയുടെ ദേശീയ മെത്രാന്‍ സമിതിയുടെ ടി.വി. 2000, (TV2000) ശ്രൃംഖല ദിവ്യബലി തത്സമയം സംപ്രേഷണംചെയ്യും.

3. വ്യാപാരസ്ഥാപനങ്ങള്‍ നേരത്തെ അടയ്ക്കും
ഇറ്റലിയിലെ വ്യാപാര സ്ഥാപനങ്ങള്‍ വൈകുന്നേരം ആറുമണിക്ക് അടയ്ക്കുന്നു. കൊറോണ വൈറസ് നിയന്ത്രണത്തിന്‍റെ ഭാഗമായിട്ടാണ് ഇറ്റലിയിലെ എല്ലാ പ്രവശികളിലും ഭക്ഷണശാലകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ വൈകുന്നേരം 6 മണിക്ക് അടക്കണെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. രാത്രി 7 മണിവരെയും, ടൂറിസ്റ്റുകളെ കണക്കിലെടുത്ത് വളരെ വൈകി അര്‍ദ്ധരാത്രിവരെയും തുറന്നിട്ടിരുന്ന സ്ഥാപനങ്ങളാണ് ഇനിയൊരു ഉത്തരവുണ്ടാകുംവരെ 6 മണിക്ക് അടക്കണമെന്ന കര്‍ശനമായ നിബന്ധന വന്നിരിക്കുന്നത്.

4. വിജനമായ വീഥികളും പൊതുസ്ഥലങ്ങളും
പൊതുവെ ജനനിബിഡവും ശബ്ദമുഖരിതവുമായിരുന്ന വിസ്തൃതമായ ചത്വരങ്ങളും, ജലധാരകളുടെ പ്രശാന്തതയും, വലിയ ഉദ്യാനങ്ങളും, രാജവീഥികളും, സന്ദര്‍ശകരുടെ സങ്കേതങ്ങളും വിജനവും ഏകാന്തവുമായി റോമില്‍ മാത്രമല്ല, ഇറ്റലിയുടെ എല്ലാ വന്‍നഗരങ്ങളിലും കാണപ്പെടുന്നുണ്ട്. വൈറസ് ബാധയോടു പ്രതിരോധിച്ച് ജനസമ്പര്‍ക്കം കുറക്കാനുള്ള പൊതുവായ നിര്‍ദ്ദേശങ്ങള്‍ മാനിച്ചുകൊണ്ടാണ് ജനങ്ങള്‍ വീടുകളില്‍ ഒതുങ്ങിയിരിക്കുന്നത്. സമ്പര്‍ക്കുമൂലം അതിവേഗം പടര്‍ന്നുപിടിക്കുന്ന കോവിഡ്-19 രോഗബാധ തടയാനുള്ള സര്‍ക്കാരിന്‍റെ നിര്‍ദ്ദേശത്തിന്‍റെ ഭാഗമായിട്ടാണ് സ്ഥാപനങ്ങളും വിദ്യാലയങ്ങളും അടച്ചിട്ടിരിക്കുന്നത്.

5. സര്‍ക്കാരും സഭയും കൈകോര്‍ത്ത്
ഇറ്റലിയുടെ സര്‍ക്കാരിന്‍റെ നയങ്ങളെ പിന്‍തുണച്ചുകൊണ്ട് വത്തിക്കാന്‍ മ്യൂസിയം, സന്ദര്‍ശകര്‍ക്ക് പ്രിയങ്കരമായ മറ്റു ബസിലിക്കകളിലെ ചെറിയ മ്യൂസിയങ്ങളും സന്ദര്‍ശന സ്ഥാനങ്ങളും അടച്ചുകഴിഞ്ഞു. പാപ്പാ ഫ്രാന്‍സിസിന്‍റെ ജനസമ്പര്‍ക്കമുള്ള ത്രികാലപ്രാര്‍ത്ഥന, പൊതുകൂടിക്കാഴ്ച പരിപാടി, ദിവ്യബലി അര്‍പ്പണം എന്നീ പരിപാടികള്‍ റദ്ദാക്കുകയും, സമ്പര്‍ക്കമാധ്യമ സൗകര്യങ്ങളിലൂടെയാണ് അവ തത്സമയം (live streaming) ലോകമെമ്പാടും എത്തിക്കുന്നത്.

6. ദേവാലയങ്ങള്‍ അടച്ചുപൂട്ടില്ല
ദേവാലയങ്ങളിലെ ജനസമ്പര്‍ക്കമുള്ള ദിവ്യബലി, പൊതുവായ പ്രാര്‍ത്ഥന സംഗമങ്ങള്‍, ധ്യാനങ്ങള്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, വ്യക്തിഗത പ്രാര്‍ത്ഥനയ്ക്കായി അനുവദിച്ചിട്ടുള്ള സമയങ്ങളില്‍ ദേവാലയങ്ങള്‍ തുറന്നു കിടക്കും. സൗകര്യമുള്ള ഇടവകകളില്‍ ജനസമ്പര്‍ക്കം ഒഴിവാക്കുന്ന വിധത്തില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജനങ്ങള്‍ അകന്നുനിന്നുകൊണ്ട് ഞായാറാഴ്ചകളില്‍ ദിവ്യബലി അര്‍പ്പണം ചില ഇടവകകളില്‍ അജപാലകര്‍ സംവിധാനംചെയ്യുകയുണ്ടായി. ഏപ്രില്‍ മൂന്നുവരെ നീളുന്നതാണ് ദേവാലയങ്ങളിലെ പൊതുവായ ആരാധനക്രമ ആഘോഷങ്ങളും മറ്റു കര്‍മ്മങ്ങളും ഒഴിവാക്കുന്ന പരിപാടിയെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ പ്രസ്താവന വ്യക്തമാക്കി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 March 2020, 19:16