2020.02.20 Incontro Mediterraneo frontiera di pace a Bari, messa di inizio lavori a San Nicola 2020.02.20 Incontro Mediterraneo frontiera di pace a Bari, messa di inizio lavori a San Nicola 

സമാധാനവഴികള്‍ തേടുന്ന ബാരി സംഗമം

“ബാരി സമാധാന സംഗമം,” തുര്‍ക്കിയിലെ അപ്പസ്തോലിക വികാരിയുമായി ഒരഭിമുഖം

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. മെഡിറ്ററേനിയന്‍ തീരങ്ങളുടെ
സമാധാനത്തിനായി...

മദ്ധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവ പീഡനത്തിനു പിന്നില്‍ നേരും നെറിവുമില്ലാത്ത രാഷ്ട്രീയക്കളിയാണെന്ന്, തുര്‍ക്കിയിലെ അനത്തോളിയയുടെ വികാര്‍ അപ്പസ്തിലിക്, ബിഷപ്പ് പാവുളോ ബിസ്സേത്തി പ്രസ്താവിച്ചു. ഫെബ്രുവരി 18-Ɔο തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ് തൂര്‍ക്കിയിലെ കത്തോലിക്കരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ബിഷപ്പ് ബിസ്സേത്തി ഇങ്ങനെ തുറന്നു പ്രസ്താവിച്ചത്. ഫെബ്രുവരി 19-മുതല്‍ 23-വരെ തിയതികളില്‍ തെക്കെ ഇറ്റലിയിലെ ബാരിയില്‍ ചേരുന്ന “മെഡിറ്ററേനിയന്‍ സമാധാനത്തിന്‍റെ അതിര്‍ത്തി” എന്ന സംഗമത്തില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു ബിഷപ്പ് ബിസ്സേത്തി. മദ്ധ്യപൂര്‍വ്വദേശത്തെ പ്രകൃതിസ്രോതസ്സുക്കള്‍ ചൂഷണംചെയ്യുവാനും, ആയുധവിപണനം  നടത്തുവാനുമെത്തുന്ന ചില സാമ്രാജ്യശക്തികളുടെ വളരെ തരംതാണതും നേരും നെറിവുമില്ലാത്ത രാഷ്ട്രീയമാണ് സിറിയയിലെ ക്രൈസ്തവ പീഡനത്തിന്‍റെയും, അവരുടെ നാടുകടത്തലിന്‍റെയും പിന്നിലെന്ന് ബിഷപ്പ് ബിസ്സേത്തി അഭിമുഖത്തില്‍ കുറ്റപ്പെടുത്തി.

2. സഭ തേടുന്ന മാനവികതയുടെ പരിഹാരമാര്‍ഗ്ഗങ്ങള്‍
പാപ്പാ ഫ്രാന്‍സിസ് പങ്കെടുക്കുന്നതും, മെറ്റിറ്ററേനിയന്‍ പ്രവിശ്യയിലെ ക്രൈസ്തവ നേതൃത്വത്തെ കേന്ദ്രീകരിച്ചു വിളിച്ചുകൂട്ടിയിരിക്കുന്നതുമായ ബാരി സംഗമം, തീര്‍ച്ചയായും മദ്ധ്യധരണി ആഴിയുടെ ചുറ്റുംകിടക്കുന്ന രാജ്യങ്ങളുടെ കുടിയേറ്റപ്രതിഭാസത്തെയും അതിനുകാരണമാകുന്ന ജനതകളുടെ ബഹുമുഖങ്ങളായ രാഷ്ട്രീയ സാമൂഹ്യ പ്രതിസന്ധികളുടെയും വേദനാജനകമായ കഥകള്‍ വെളിച്ചത്തു കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പീഡനങ്ങളും, കലാപങ്ങളും, ഭീകരപ്രവര്‍ത്തനങ്ങളും കാരണമാക്കുന്ന ഈ കുടിയേറ്റപ്രതിഭാസത്തിനെതിരെ സമാധാനത്തിന്‍റെ വഴികള്‍ കണ്ടെത്താനും സാഹോദര്യത്തിന്‍റെയും  മാനവികതയുടെയും പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുവാനും ബാരിയിലെ സമാധാന സംഗമം സഹായിക്കുമെന്ന പ്രത്യാശയിലാണു താന്‍ ഇതില്‍ പങ്കെടുക്കുന്നതെന്നും ബിഷപ്പ് ബിസ്സേത്തി പ്രസ്താവിച്ചു.

3.  ചിതറിപ്പോകുന്ന ആടുകള്‍
സിറിയ, അഫ്ഗാനിസ്ഥാന്‍, ഇറാക്ക്, ഇറാന്‍ എന്നീ രാജ്യങ്ങളില്‍നിന്നും മെഡിറ്ററേനിയന്‍ വഴി യൂറോപ്പിലേയ്ക്കെന്നപോലെ, തുര്‍ക്കിയിലും എത്തിച്ചേരുന്ന അഭയാര്‍ത്ഥികള്‍ നിരവധിയാണെന്ന് ബിഷപ്പ് ബിസ്സേത്തി ചൂണ്ടിക്കാട്ടി. ക്രിസ്തുവിനോടു ചേര്‍ന്നു ജീവിക്കുവാനുള്ള അവരുടെ എല്ലാചുറ്റുപാടുകളും നഷ്ടമായിട്ടുണ്ട്. അവരെ സഹായിക്കുവാനും പിന്‍തുണയ്ക്കുവാനും വൈദികരോ സന്ന്യസ്തരോ ഇല്ല. അവര്‍ക്ക് പ്രാര്‍ത്ഥിക്കുവാനും സമ്മേളിക്കുവാനും, അവരുടെ പരാതികള്‍ കേള്‍ക്കുവാനും ആരുമില്ലെന്ന് ബിഷപ്പ് ബിസ്സേത്തി അറിയിച്ചു. അതിനാല്‍ മൂല്യങ്ങള്‍ നഷ്ടപ്പെട്ടുപോകുന്ന ഇക്കാലയളവില്‍ ചരിത്രവും, വിശ്വാസ മൂല്യങ്ങളും, പാരമ്പര്യങ്ങളും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും, സഭയ്ക്കും സഭാനേതൃത്വത്തിനും ഒരു പ്രവാചകദൗത്യം ഇക്കാലത്തുണ്ടെന്നും ബിഷപ്പ് ബിസ്സേത്തി അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 February 2020, 17:54