2019.12.24 J. M. RAJU composer 2019.12.24 J. M. RAJU composer 

സംഗീതജ്ഞന്‍ ജെ. എം. രാജുവിന്‍റെ ക്രിസ്തുമസ്സ് സന്ദേശം!

മലയാളം വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന് നല്കിയത്... കൂടാതെ ജെ. എം. രാജുവിന്‍റെ ക്രിസ്തുമസ് ഗാനങ്ങളും – ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ജെ. ​എം. രാജുവിന്‍റെ ക്രിസ്തുമസ് സന്ദേശവും ഗാനങ്ങളും

1.  “വാനമുദ”ത്തിന്‍റെ സ്വരമാധുരി
ക്രിസ്ത്യന്‍ ആര്‍ട്സ് ആന്‍റ് കമ്യൂണിക്കേഷന്‍സിന്‍റെ “വാനമുദം” എന്ന റോഡിയോ സുവിശേഷപ്രക്ഷേപണ പരിപാടികളിലൂടെ 70-80 കാലഘട്ടത്തില്‍  കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ ഉടനീളം മലയാളി മനസ്സുകളില്‍ ആത്മീയതയുടെ അലയടി ഉയര്‍ത്തിയ ശബ്ദമാണ്
ജെ.  എം. രാജു! അദ്ദേഹത്തിന്‍റെ ക്രിസ്തുമസ് സന്ദേശവും, അദ്ദേഹം ഈണംപകര്‍ന്ന ക്രിസ്തുമസ്സ് സ്തുതിപ്പുകളുമാണ് ഇന്നത്തെ പ്രത്യേകപരിപാടി.

2. ചെന്നൈയിലെ  സ്റ്റുഡിയോയില്‍നിന്നും
മറ്റു ഇലക്ട്രോണിക് മാധ്യമങ്ങള്‍ തലപൊക്കും മുന്‍പ് ശ്രീലങ്കയില്‍നിന്നുമുള്ള ഹ്രസ്വതരംഗം റേഡിയോ പ്രക്ഷേപണത്തിലൂടെ രണ്ടുപതിറ്റാണ്ടിലധികം ജാതിമത ഭേദമെന്യ സകലരുമായി സുവിശേഷചിന്തകളും, ആത്മീയത ഉണ്രര്‍ത്തുന്ന നല്ല ഗാനങ്ങളും, ലഘുനാടകങ്ങളും, ബൈബിള്‍ക്കഥകളും പങ്കുവച്ച മലയാളത്തിന്‍റെ പ്രിയ മാധ്യമമായിരുന്നു മദ്രാസ് ക്രിസ്റ്റാര്‍ട്സിന്‍റെ “വാനമുദം”. അതിന്‍റെ പിന്നണിയിലെ മാസ്മരിക ശബ്ദം എറണാകുളം സ്വദേശി, മാട്ടുപ്പുറത്ത് ജോസഫ് രാജു എന്ന ജെ. എം. രാജുവായിരുന്നു! ടെലിവിഷന്‍റെ അതിപ്രസരത്തില്‍ വാനമുദം നിലച്ചപ്പോഴും, തന്‍റെ നല്ലശബ്ദവും സംഗീതവുമായി ജെ. എം. രാജവും അദ്ദേഹത്തിന്‍റെ സംഗീത കുടുംബവും – സംഗീതജ്ഞയായ ലതാരാജുവും, മക്കള്‍ അനുപമ രാജു, ആലാപ് രാജു എന്നിവര്‍ ചെന്നൈയില്‍ ജീവിതസപര്യ സസന്തോഷം തുടരുന്നു.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് ഈ ക്രിസ്തുമസ്സ് ദിനത്തില്‍ പാപ്പായുടെ റേഡിയോയിലും വത്തിക്കാന്‍റെ മറ്റു മലയാള മാധ്യമങ്ങളിലും സന്ദേശം നല്കുന്ന ഗായകനും സംഗീതജ്ഞനുമായ ജെ. എം. രാജുവിന് ശ്രോതാക്കളുടെയും മലയാളവിഭാഗത്തിന്‍റെയും പേരില്‍ സ്നേഹപൂര്‍വ്വം സ്വാഗതവും, നന്ദിയും നേരുന്നു!
ഫാദര്‍ ജോയ് ആലപ്പാട്ടു രചിച്ച്, ജെ.എം. രാജു ഈണംപകര്‍ന്ന ഡോക്ടര്‍ കെ. ജെ. യേശുദാസ് പാടിയ ക്രിസ്തമസ്സ് സ്തുതിപ്പോടെ ഈ സന്ദേശ പരിപാടി ആരംഭിക്കാം.

3. ക്രിസ്തുമസ് ഗാനം 1 : നന്ദിയോടെ ദേവഗാനം പാടി...

4. ഒരു റേഡിയോ പ്രഭാഷകന്‍റെ ഹൃദയം തുറന്ന സംഭാഷണം :
ഞാന്‍ ജോസഫ് മാട്ടുപ്പുറത്ത് രാജു എന്ന് ജെ. എം. രാജു! സ്വരമറിയാത്ത പാട്ടുകാരനും, അക്ഷരമറിയാത്ത എഴുത്തുകാരനും സ്നേഹിക്കാനറിയാത്ത മനുഷ്യനുമായ ഞാനെങ്ങിനെ ഒരു പ്രക്ഷേപകനായി? എങ്ങനെയൊരു റേഡിയോ പ്രഭാഷകനായി? എന്നോടുതന്നെ പല പ്രാവശ്യം ചോദിച്ചിട്ടുള്ള ചോദ്യമാണിത്! ഉത്തരം ഞാന്‍ തന്നെ കണ്ടുപിടിക്കുകയും ചെയ്തു.
ജീവിതത്തില്‍ ലക്ഷ്യമുണ്ടായിരിക്കണമെന്ന് മഹാത്മാര്‍ പറഞ്ഞിട്ടുണ്ട്. മാര്‍ഗ്ഗവും ലക്ഷ്യവും ഇല്ലാതെ അപക്വമായ മനസ്സുമായി മദിരാശിയില്‍ സിനിമയില്‍ പാടാനെത്തിയ ഞാന്‍ ദിശമാറി പറന്നെത്തിതാണ് ക്രിസ്റ്റ്യന്‍ ആര്‍ട്ട്സ് ആന്‍റ് കമ്യൂണിക്കേഷന്‍സ് സര്‍വ്വീസസ് (Christian Arts & Communications) എന്ന ക്രിസ്തീയ പ്രക്ഷേപണ നിലയത്തില്‍. അതും രണ്ട് തമിഴ്ഗാനങ്ങള്‍ പാടാന്‍.

5. പാടാന്‍ മാത്രമേ അറിയൂ സാര്‍...!
എന്‍റെ ശബ്ദത്തില്‍ ആകൃഷ്ടനായ ഡയറകടര്‍ റവറന്‍റ് സുവി എന്നോട് പറഞ്ഞു.
“ഞങ്ങള്‍ അടുത്തുതന്നെ മലയാളപ്രക്ഷേപണം തുടങ്ങുകയാണ്. പങ്കെടുക്കാന്‍ താല്പര്യമുണ്ടോ?”
സിനിമ ലഹരിപിടിച്ച എന്‍റെ മറുപടി,
“ക്ഷമിക്കണം സര്‍. എനിക്ക് പാടാന്‍ മാത്രമേ അറിയൂ!”
ചിരിച്ചുകൊണ്ട് ആ വന്ദ്യപരുഹിതന്‍ പറഞ്ഞു.
“അത് മാത്രം അറിഞ്ഞാല്‍ പോരല്ലോ? ശബ്ദത്തിന് ഒരുപാട് ദൗത്യങ്ങളുണ്ട്. അതിലൊന്നു മാത്രമാണ് പാട്ടുപാടല്‍.”
“അദ്ധ്യപകന്‍, പുരോഹിതന്‍, രാഷ്ട്രീയക്കാരന്‍, വക്കീല്‍... ഇതിനെല്ലാം ദൃഢവും മധുരവും ശാന്തവുമായ ശബ്ദത്തിന്‍റെ ദൗത്യങ്ങളാണ്. ഇതെല്ലാമുണ്ടെങ്കിലേ ഒരു നല്ല പ്രക്ഷേപകനാകാന്‍ കഴിയൂ. ആ സവിശേഷതകള്‍ ഞാന്‍ നിന്നില്‍ കാണുന്നു. നല്ലതുപോലെ ചിന്തിച്ചിട്ട് മറുപടി തരൂ! കാരണം രണ്ട് മാസത്തിനകം പ്രക്ഷേപണം തുടങ്ങേണ്ടതാണ്.”
രണ്ട് തമിഴ്ഗാനം പാടിയതിന് പ്രതിഫലം കവറിലിട്ട് തരികയുംചെയ്തു. ബസ്സ് സ്റ്റോപ്പില്‍ ചെന്ന് കവര്‍ തുറന്നു നോക്കിയപ്പോള്‍ എനിക്ക് ആശ്ചര്യംതോന്നി. 200 രൂപ! എഴുപതുകളില്‍ വലിയൊരു തുകയായിരുന്നു അത്. ലക്ഷ്യവും മാര്‍ഗ്ഗവുമില്ലാതെ ഉലയുന്ന, വെറും ദിവാസ്വപ്നങ്ങള്‍ കണ്ടലയുന്ന എന്‍റെ സിനിമാമോഹത്തിന് തിരശ്ശീല വീഴുകയാണോ? ഇരുന്നും, കിടന്നും, ന‍ടന്നും ചിന്തിച്ചു. വെള്ളിത്തിരയിലെ മാദകത്വം സുവിശേഷ പ്രഘോഷണത്തിലേയ്ക്ക് മാറുകയാണോ?

6. റേഡിയോയിലൂടെ സദ്വാര്‍ത്ത പറയുക
ഭാഗ്യമല്ലേ മോനേ...!

വീട്ടിലെ സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ഉറക്കം തൂങ്ങുന്നവന്‍, ഞായറാഴ്ചകളിലെ വേദപാഠക്ലാസ്സില്‍ പങ്കെടുക്കാതെ എറണാകുളം ഷണ്‍മുഖം റോഡിലെ പാരപ്പറ്റില്‍ ചെന്നിരിക്കുന്നവന്‍, ബൈബിള്‍ കൈകൊണ്ടു തൊട്ടിട്ടില്ലാത്തവന്‍! ആ ഞാന്‍ സുവിശേഷ പ്രക്ഷേപകനാകുകയോ? ഏയ് മോശം! കൂട്ടുകാരന്തു പറയും. സിനിമയില്‍ പാടാന്‍ മദിരാശിക്ക് വണ്ടി കയറിയവന്‍ സുവിശേഷം പറയുന്നു!!

ഈയൊരു മാനസീകാവസ്ഥയില്‍ ഇരിക്കുമ്പോള്‍, ഒരു ദിവസം അമ്മച്ചി എന്നോട് ചോദിച്ചു.
മോനേ, സുവിശേഷം എന്നുവെച്ചാ, എന്താണര്‍ത്ഥം?
ഞാനൊന്നു പരുങ്ങി.
“സു-വി-ശേ-ഷം അതിന് നല്ല വര്‍ത്തമാനം അല്ലെങ്കില്‍ നല്ലവാര്‍ത്ത എന്നേ അര്‍ത്ഥമുള്ളൂ.”
“അത് റേഡിയോയിലൂടെ പറയാന്‍ സാധിക്കുക, പാടാന്‍ കഴിയുക അതൊരു ഭാഗ്യമല്ലേ, മോനേ?”

7.  മനസ്സിനെ പ്രകാശിപ്പിച്ച  അമ്മ
മാറാല പിടിച്ച എന്‍റെ മനസ്സിന് വെളിച്ചം പകര്‍ന്നത് അമ്മച്ചിയായിരുന്നു. സുവി അച്ചനെ വൈകാതെ എന്‍റെ സമ്മതം അറിയിച്ചു. എന്‍റെ അജ്ഞതയെക്കുറിച്ചും പരിമിതികളെക്കുറിച്ചുമെല്ലാം അദ്ദേഹത്തോട് തുറന്നു പറഞ്ഞു.
“അജ്ഞതയില്‍നിന്നാണ് ജ്ഞാനം ഉദിക്കുന്നത്. പാട്ടുകാരനിലും ഉപരി നിന്നില്‍ ഞാനൊരു പ്രക്ഷേപകനെ കാണുന്നു.”
ശബ്ദത്തിന്‍റെ സാങ്കേതികതയെക്കുറിച്ചും രക്ഷകനായ ക്രിസ്തുവിനെക്കുറിച്ചുമൊക്കെ ലളിതമായ ഭാഷയില്‍ സുവിയെന്ന് പഠിപ്പിച്ചു.
അങ്ങനെ ഞാന്‍ 1971 ഡിസംബര്‍ നാലിന് പ്രക്ഷേപകനായി മാറി.
ഒരു ക്രിസ്തുമസ് പരിപാടിയായിരുന്നു അത്. സ്നേഹം മണ്ണില്‍ അവതരിച്ചതിനെക്കുറിച്ചുള്ള റേഡിയോ പരിപാടി! ശ്രീലങ്ക പ്രക്ഷേപണ നിലയത്തിലൂടെ ദിഗന്തമെങ്ങും എന്‍റെ ശബ്ദം മുഴങ്ങി!
പുല്‍ക്കട്ടില്‍ അവതരിച്ച ഉണ്ണിയേശു എന്‍റെ ഹൃദയത്തിലും പിറക്കുന്നു. ആരോടൊക്കെയാണ് ഞാന്‍ നന്ദിപറയേണ്ടത്? ദൈവത്തോടോ? സുവിയോടോ? അമ്മച്ചിയോടോ...?

8. സ്നേഹത്തില്‍ ജീവിക്കാം! 
സ്നേഹിതരേ, ജീവിതം ഒന്നേയുള്ളൂ. അത് നന്മനിറഞ്ഞ മനുഷ്യനായിത്തന്നെ ജീവിച്ചു തീര്‍ക്കണം. അതിന് ആത്യന്തികമായി വേണ്ടത് സ്നേഹമാണ്. ലോകത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്.
അതിനാല്‍ സ്നേഹിക്കുക, സ്നേഹത്തില്‍ ജീവിക്കുക!
സ്നേഹമായി പിറന്ന്, സ്നേഹം പഠിപ്പിച്ച സ്നേഹത്തിന്‍റെ നാഥന്‍ നമ്മുടെ ഹൃദയത്തില്‍ വന്നു പിറക്കട്ടെ...!  വത്തിക്കാന്‍ റേഡിയോയുടെ എല്ലാ ശ്രോതാക്കള്‍ക്കും സംഗീതത്തില്‍‍ ചാലിച്ച ക്രിസ്തുമസ്സ് മംഗളാശംസകള്‍!

ഏറെ മനോഹരവും ഹൃദയസ്പര്‍ശിയുമായ സ്നേഹത്തിന്‍റെ സന്ദേശത്തിന് ശ്രീ രാജുവിന് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ പേരില്‍ നന്ദിപറയുന്നു. സംഗീതത്തില്‍ ചാലിച്ച ഈ ആശംസ നമ്മില്‍ ലാളിത്യമാര്‍ന്ന സ്നേഹചിന്തകള്‍ ഉണര്‍ത്തട്ടെ!

9. കൊച്ചിയിലെ സര്‍ഗ്ഗധനന്മാരുടെ മുന്‍നിര
മനസ്സുനിറയെ സംഗീതവുമായി വളര്‍ന്നുവന്ന ഒരു ചെറുപ്പക്കാരന്‍ കൊച്ചിയില്‍നിന്നും മദ്രാസിലെ സിനിമാ ലോകത്തേയ്ക്ക് 70-കളില്‍ ചേക്കേറിയത് ഭരത് പി. ജെ. ആന്‍റെണി, ശങ്കരാടി, സി.ഓ. ആന്‍റോ, ജോബ് മാസ്റ്റര്‍, കെ.ജെ. യേശുദാസ്, എം.കെ. അര്‍ജ്ജുനന്‍, ജെസി, ജെറി അമല്‍ദേവ് തുടങ്ങിയ സര്‍ഗ്ഗധനന്മാരുടെ ചുവടുപിടിച്ചായതില്‍ അത്ഭുതപ്പെടാനില്ല. അതു സമ്മാനിച്ച നേട്ടങ്ങളും കോട്ടങ്ങളും നന്മയായും സ്നേഹമായും ഇന്നും ജീവിതത്തില്‍ സൂക്ഷിച്ച് തിളക്കത്തോടെ ജീവിതം മുന്നേറുന്നു. ആ തിളക്കവും അലയടിയും ജെ. എം. രാജുവിന്‍റ അടുത്ത ഗാനത്തില്‍ ശ്രവിക്കാം!

വരികള്‍ ഫാദര്‍ ജോയ് ആലപ്പാട്ടിന്‍റേതാണ്. സംഗീതം ജെ.എം. രാജു.
ആലാപനം കെ.ജെ. യേശുദാസും, വിജയ് യേശുദാസും സംഘവുമാണ്.

ക്രിസ്തുമസ് ഗാനം 2 : “മെറി മെറി ക്രിസ്മസ്…”

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ക്രിസ്തുമസ്സ് സന്ദേശം. 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 December 2019, 18:02