POPE-JAPAN/BISHOPS POPE-JAPAN/BISHOPS 

പാപ്പാ ഫ്രാന്‍സിസ് “ഉദയസൂര്യന്‍റെ നാട്ടില്‍”

തായിലാന്‍റ്-ജപ്പാന്‍ അപ്പസ്തോലികയാത്രയുടെ റിപ്പോര്‍ട്ട് - ജപ്പാനിലെ ആദ്യദിനം.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ജപ്പാനിലെ ആദ്യദിനം റിപ്പോര്‍ട്ട്

1. തായിലാന്‍റില്‍നിന്നും പാപ്പാ ജപ്പാനിലേയ്ക്ക്
നവംബര്‍ 19-ന് തുടക്കമായ പാപ്പാ ഫ്രാന്‍സിസിന്‍റെ 32-Ɔമത് അപ്പസ്തോലികയാത്രയുടെ ആദ്യപാദം നവംബര്‍ 22, വെള്ളിയാഴ്ച തായിലാന്‍റിന്‍റെ തലസ്ഥാനനഗരമായ ബാങ്കോക്കില്‍ സമാപിച്ചു. 23, ശനിയാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസ് ജപ്പാനിലേയ്ക്ക് പുറപ്പെട്ടു. ജപ്പാനിലെ ആദ്യദിനമായ ശനിയാഴ്ചത്തെ പരിപാടികളുടെയും, വെള്ളിയാഴ്ച നവംബര്‍ 22-ന് ബാങ്കോക്കില്‍ നടന്ന ഉച്ചതിരിഞ്ഞുള്ള പരിപാടികളുടെയും റിപ്പോര്‍ട്ടാണിത്.

2. ശനിയാഴ്ച ബാങ്കോക്കില്‍നിന്നും യാത്രപറഞ്ഞപ്പോള്‍
നവംബര്‍ 23 ശനിയാഴ്ച തായിലാന്‍റിലെ സമയം, രാവിലെ 7 മണിക്ക്, പാപ്പായുടെ താമസ സ്ഥാനമായ ബാങ്കോക്കിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തിലെ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്ന് മന്ദിരത്തിലെ ജോലിക്കാരും തായിലന്‍റിലെ വത്തിക്കാന്‍റെ അഭ്യൂദയകാംക്ഷികളുമായി ഏതാനും നിമിഷങ്ങള്‍ പാപ്പാ കൂടിക്കാഴ്ച നടത്തി. കൃത്യം 8.40-ന് കാറില്‍ 35 കി.മി. അകലെയുള്ള ബാങ്കോക്കിലെ മിലിട്ടറി വിമാനത്താവളത്തിലേയ്ക്ക് പാപ്പാ പുറപ്പെട്ടു. കാറില്‍ വന്നിറങ്ങിയ പാപ്പായെ തായിലാന്‍റിന്‍റെ ഉപപ്രധാമന്ത്രി, പ്രാവിത് വോങ്സുവാന്‍ പുഷ്പഹാരം അണിയിച്ചു സ്വീകരിച്ചു. കുട്ടികള്‍ പൂച്ചെണ്ടു സമ്മാനിച്ചു. തുടര്‍ന്ന് സൈനിക ബഹുമതിയോടെയുള്ള (Guard of Honour) ഔപചാരിക യാത്രയയ്പ്പായിരുന്നു 9.15-ന് പാപ്പാ ഫ്രാന്‍സിസ് വിമാനപ്പടവുകള്‍ കയറി. കവാടത്തില്‍ നിന്നുകൊണ്ട് യാത്രയയ്ക്കാന്‍ എത്തിയിരുന്ന വന്‍ജനാവലിയെയും രാഷ്ട്രപ്രതിനിധികളെയും മെത്രാന്‍ സംഘത്തെയും കരങ്ങള്‍ ഉയര്‍ത്തി മന്ദസ്മിതത്തോടെ ആശീര്‍വ്വദിച്ചു. ജനം കരഘോഷത്തോടെ ആര്‍ത്തിരമ്പി പാപ്പായ്ക്ക് നന്ദിയര്‍പ്പിച്ചു. പ്രഭാതസൂര്യന്‍ ബാങ്കോക്കിലെ അംബരചുംബികളായ കെട്ടിടങ്ങള്‍ക്കു മുകളില്‍ തെളിഞ്ഞുനിന്ന ശുഭമുഹൂര്‍ത്തത്തില്‍ പ്രാദേശിക സമയം 9.30-ന് തായ് എയര്‍വെയ്സിന്‍റെ എ330 വിമാനം കിഴക്കന്‍ ചക്രവാളങ്ങളിലേയ്ക്ക്..., ശാന്തസമുദ്രത്തിലെ ദ്വീപുരാജ്യമായ ജപ്പാന്‍റെ തലസ്ഥാന നഗരമായി ടോക്കിയോ ലക്ഷ്യമാക്കി പറന്നുയര്‍ന്നു.

3. ടോക്കിയോ നഗരം
കിഴക്കിന്‍റെ തലസ്ഥാനമെന്ന അപരനാമമുള്ള ടോക്കിയോ ജപ്പാന്‍റെ ഏറ്റവും വലിയ നഗരമാണ്. ഹോന്‍ഷൂ ദ്വീപിലാണ് അത് സ്ഥിതിചെയ്യുന്നത്. രണ്ടാം ലോകമഹായുദ്ധത്തിലെ ബോംബാക്രമണത്തില്‍ ഈ നഗരം താറുമാറായെങ്കിലും കഠിനാദ്ധ്വാനികളായ ജപ്പാന്‍കാര്‍ നഗരം പുനര്‍നിര്‍മ്മിച്ചത് ദീര്‍ഘവീക്ഷണത്തോടെ അതിമനോഹരമായിട്ടാണ്. 2020-ലെ ഒളിംപിക്സ് കളികള്‍ക്ക് ഒരുങ്ങിയിരിക്കുകയാണ് ടോക്കിയോ നഗരം!

4. ടോക്കിയോ അതിരൂപത
ടോക്കിയോ അതിരൂപത കേന്ദ്രീകരിച്ചാണ് പാപ്പായുടെ ജപ്പാനിലെ പരിപാടികള്‍. ദൈവവചന സഭാംഗമായ (svd) ആര്‍ച്ചുബിഷപ്പ് താര്‍സിയൂസ് ഈശാവോ കക്കൂച്ചിയാണ് ടോക്കിയോ അതിരൂപയുടെ മെത്രാപ്പോലീത്ത. 13 കോടിയോളമാണ് ജപ്പാന്‍റെ ജനസംഖ്യ. ബഹുഭൂരിപക്ഷം ബുദ്ധമതക്കാരാണ്. കത്തോലിക്കര്‍ 5 ലക്ഷത്തില്‍ താഴെയാണ്. 13 രൂപതകളും..., ടോക്കിയോ, നാഗസാക്കി, ഒസാക്കാ എന്നീ മൂന്നു അതിരൂപതകളുമായി സഭ പ്രവര്‍ത്തിക്കുന്നു.

5. ടോക്കിയോയിലെ ഹനേഡ രാജ്യാന്തര
വിമാനത്താവളത്തില്‍ സ്വീകരണം

ആറുമണിക്കൂറില്‍ അധികം നീണ്ടതായിരുന്നു പാപ്പാ ഫ്രാന്‍സിസിന്‍റെ ബാങ്കോക്കില്‍നിന്നും ടോക്കിയോയിലേയ്ക്കുള്ള വിമാനയാത്ര. ജപ്പാനിലെ സമയം വൈകുന്നേരം 5.40-ന് പാപ്പാ സഞ്ചരിച്ച “തായ് വിമാനം” ടോക്കിയോ നഗരത്തിലെ ഹനേഡാ വിമാനത്താവളത്തില്‍ ഇറങ്ങി.
ജപ്പാന്‍റെ ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ താരോ ആസോ പാപ്പായെ സ്വീകരിക്കാന്‍ മറ്റു രാഷ്ട്രപ്രതിനിധികള്‍ക്കും സഭാപ്രതിനിധികള്‍ക്കും വന്‍ജനാവലിക്കുമൊപ്പം നഗരത്തിലെ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയിരുന്നു.സ്ഥലത്തെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ജോസഫ് ചേന്നോത്തും, ജപ്പാനിലെ പരിപാടികളുടെ ആസൂത്രകനും ഉപചാരപ്രകാരം വിമാനപ്പടവുകള്‍ കയറിച്ചെന്ന് പാപ്പായ്ക്ക് ആദ്യം അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

6. ചെറിയ അജഗണത്തിന്‍റെ വരവേല്പ്
വിമാനപ്പടവുകള്‍ ഇറങ്ങിവന്ന പാപ്പായെ ജനവാലി ആര്‍ത്തുവിളിച്ചും ഹസ്താരവം മുഴക്കിയും വരവേറ്റു. ഉപപ്രധാനമന്ത്രി താരോ ആസോ വിമാനത്തിന് അടുത്തുചെന്ന് ഹസ്തദാനം നല്കി പാപ്പായെ സ്വീകരിച്ചു. തുടര്‍ന്ന് പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ രണ്ടുകുട്ടികള്‍ പാപ്പായ്ക്ക് പൂച്ചെണ്ടുകള്‍ നല്കി, പാപ്പാ കുട്ടികളെ ആശ്ലേഷിക്കുകയും ശരസ്സില്‍കൈവച്ച് ആശീര്‍വ്വദിക്കുകയും ചെയ്തു. അണിഞ്ഞൊരുങ്ങിനിന്ന 100-ല്‍ അധികം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പേപ്പല്‍ പതാകവീശിയും ഗാനങ്ങള്‍ ആലപിച്ചും പാപ്പായെ വരവേറ്റു. ചുറ്റുംനിന്നിരുന്ന ജനാവലിയെ കരങ്ങള്‍ ഉയര്‍ത്തി അഭിവാദ്യംചെയ്തുകൊണ്ട് പാപ്പാ വിശിഷ്ടാതിഥികള്‍ക്കുള്ള പ്രത്യേക ലോഞ്ചിലേയ്ക്കു നീങ്ങി. തുടര്‍ന്ന് കാറില്‍ പാപ്പാ യാത്രയായത് 20 കി.മീ. അകലെ ടോക്കിയോ നഗരത്തിലുള്ള അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരത്തിലേയ്ക്കായിരുന്നു.

7. ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരം
തലസ്ഥാന നഗരമായ ടോക്കിയോയുടെ ചിയോദ ജില്ലയിലാണ് ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരം. ചുറ്റും ഉദ്യാനവും മരങ്ങളുമുള്ള പ്രകൃതിരമണീയമായ വളപ്പില്‍ സമകാലീന വാസ്തുഭംഗിയുള്ള കെട്ടിടമാണിത്. ഏകദേശം 6.30-ന് മന്ദിരത്തിലെത്തിയ പാപ്പായെ 200-ല്‍ അധികം വിശ്വാസികളും, മന്ദിരത്തിലെ പ്രവര്‍ത്തകരും, ആര്‍ച്ചുബിഷപ്പ് ജോസഫ് ചേന്നോത്തും ചേര്‍ന്നു സ്വീകരിച്ചു.

8. ദേശീയ മെത്രാന്‍ സമിതിയുമായുള്ള കൂടിക്കാഴ്ച
എല്ലാവരെയും പൊതുവായി അഭിവാദ്യംചെയ്ത പാപ്പാ ഏതാനും മിനിറ്റുകള്‍ വിശ്രമിച്ചശേഷം, പ്രാദേശിക സമയം വൈകുന്നേരം 7 മണിയോടെ മന്ദിരത്തിലെ ഹാളില്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുമായുള്ള (cbcj – (Catholic Bishops’ Conference of Japan) കൂടിക്കാഴ്ചയ്ക്കായി എത്തിച്ചേര്‍ന്നു. മെത്രാന്‍ സമിതി 1945-ല്‍ സ്ഥാപിതമാണ്. ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതികളുടെ ഫെഡറേഷനില്‍ (FABC-യില്‍) അംഗവുമാണ്. പാപ്പാ എല്ലാ മെത്രാന്മാരെയും വ്യക്തിപരമായി അഭിവാദ്യംചെയ്തു. നാഗസാക്കി അതിരൂപതാദ്ധ്യക്ഷനും ദേശീയ മെത്രാന്‍ സമതിയുടെ ഇപ്പോഴത്തെ പ്രസിഡന്‍റുമായ ആര്‍ച്ചുബിഷപ്പ് ജോസഫ് മിത്സ്വാക്കി തക്കാമി പാപ്പായ്ക്ക് സ്വാഗതം നേര്‍ന്നു. തുടര്‍ന്ന് പാപ്പാ മെത്രാന്മാരെ അഭിസംബോധനചെയ്തു.
Discourse 1 in Japan (പ്രഭാഷണം ഇവിടെ ചേര്‍ത്തിട്ടില്ല)
പ്രഭാഷണാനന്തരം മെത്രാന്മാരോടു യാത്രപറഞ്ഞ പാപ്പാ അത്താഴം കഴിച്ച് വിശ്രമിച്ചു.

നവംബര്‍ 22, വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ബാങ്കോക്കില്‍ നടന്ന പരിപാടികളുടെ റിപ്പോര്‍ട്ട്

9. ചുലലുങ്കോണ്‍ യുണിവേഴ്സിറ്റിയില്‍ ചേര്‍ന്ന
മതങ്ങളുടെ സമാധാന സമ്മേളനം

വെള്ളിയാഴ്ച രാവിലത്തെ പരിപാടികള്‍ക്കുശേഷം ബാങ്കോക്കിലെ അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരത്തില്‍ ഉച്ചഭക്ഷണം കഴിച്ച് വിശ്രമിച്ച പാപ്പാ ഫ്രാന്‍സിസ്, ഉച്ചതിരിഞ്ഞ് പ്രാദേശിക സമയം 3.10-ന് കാറില്‍ പുറപ്പെട്ടത് ഏകദേശം 4 കി. മി. അകലെയുള്ള ചുലലുങ്കോണ്‍ യൂണിവേഴ്സിറ്റിയിലേയ്ക്കാണ്. തായിലാന്‍റിലെ ഏറ്റവും പുരാതനമായ വിദ്യാപീഠമാണിത്. തായിലാന്‍റിന്‍റെ രാജാവ് രാമന്‍ 6-Ɔമന്‍റെ കാലത്ത് 1895-ല്‍ നാടിന്‍റെ സാംസ്കാരിക പുരോഗതിക്കായി ലളിതമായി തുടങ്ങിയ സ്ഥാപനം 1917-ല്‍ ഒരു യൂണിവേഴ്സിറ്റിയായി ഉയര്‍ത്തപ്പെട്ടു.

ബാങ്കോക്കിന്‍റെ കര്‍ദ്ദിനാള്‍ മെത്രാപ്പോലീത്തയും, യൂണിവേഴ്സിറ്റി കൗണ്‍സിലിന്‍റെ പ്രസിഡന്‍റുമായ ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് സേവ്യര്‍ ക്രിയെങ്സാക് കൊവിത്വാനിതും രണ്ടു വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പൂച്ചെണ്ടു നല്കി  പാപ്പായെ വേദിയിലേയ്ക്ക് ആനയിച്ചു. വേദിയില്‍ സന്നിഹിതരായിരുന്ന 18 വിവിധ മതനേതാക്കളെ പാപ്പാ ആദ്യം അഭിവാദ്യംചെയ്തു. കര്‍ദ്ദിനാള്‍ ക്രിയെന്‍സാക് കൊവിത്വാനിതു “സമാധാനത്തിനായുള്ള മതങ്ങളുടെ സംഗമം” എന്നു പേരിട്ട വേദിയിലേയ്ക്ക് പാപ്പായ്ക്കു സ്വാഗതമോതി. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ വിഖ്യാതമായ പ്രാര്‍ത്ഥന, ദൈവമേ എന്നെ അങ്ങേ സമാധാനദൂതനാക്കണമേ... പ്രാര്‍ത്ഥനാഗീതമായി ആലപിച്ചു. പാപ്പാ മതനേതാക്കളുടെ കൂട്ടായ്മയെ അഭിസംബോധചെയ്തു.

Discourse 7 in Thailand
(പ്രഭാഷണം ഇവിടെ ചേര്‍ത്തിട്ടില്ല)

പാപ്പാ വേദി വിട്ടിറങ്ങുമ്പോള്‍ യുണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ മതസൗഹാര്‍ദ്ദഗാനം ആലപിച്ചു.

10. ബാങ്കോക്കില്‍ യുവജനങ്ങള്‍ക്കൊപ്പമുള്ള സമൂഹബലിയര്‍പ്പണം
പ്രാദേശിക സമയം വൈകുന്നേരം 4.20-ന് ചുലലുങ്കോണ്‍ യൂണിവേഴ്സിറ്റിയില്‍നിന്നും പാപ്പാ യാത്രയായി. കാറില്‍ 4 കി.മീ. അകലെയുള്ള സ്വര്‍ഗ്ഗാരോപിതയായ കന്യകാനാഥയുടെ നാമത്തിലുള്ള ബാങ്കോക്ക് അതിരൂപതയുടെ ഭദ്രാസന ദേവാലയത്തിലേയ്ക്കാണ് (Cathedral of Assumption) യുവജനങ്ങള്‍ക്കൊപ്പമുള്ള സമൂഹബലി അര്‍പ്പണത്തിനായി പാപ്പാ  പുറപ്പെട്ടത്.
1809-ല്‍ സ്ഥാപിതമാണ് ഈ ദേവാലയം. വിസ്തൃതമായ ദേവാലയാങ്കണത്തിന്‍റെ ഇരുപാര്‍ശ്വങ്ങളിലുമായി തിങ്ങിനിന്ന യുവജനങ്ങളെ അഭിവാദ്യംചെയ്തുകൊണ്ട് മെല്ലെ ദേവാലയത്തിലേയ്ക്ക് നീങ്ങി.

11. ദിവ്യപൂജയുടെ ആമുഖഭാഗം
പ്രാദേശിക സമയം 5 മണിയോടെ സുവര്‍ണ്ണചുവപ്പ് പൂജാവസ്ത്രങ്ങള്‍ അണിഞ്ഞ് പാപ്പാ ഫ്രാന്‍സിസ് സഹകാര്‍മ്മികര്‍ക്കൊപ്പം അള്‍ത്താരയില്‍ പ്രവേശിച്ചു. നവംബര്‍ 22-ന് സഭ ആചരിക്കുന്ന രക്തസാക്ഷിയായ വിശുദ്ധ സിസിലിയുടെ ഓര്‍മ്മത്തിരുനാളായിരുന്നു.
ഇംഗ്ലിഷില്‍ പാപ്പാ ദിവ്യബലി ആരംഭിച്ചു.  
അനുതാപശുശ്രൂഷയെ തുടര്‍ന്ന് വചനപാരായണമായിരുന്നു.

ഒന്നാം വായന, ഹോസിയ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്നും
(2, 16b-17b, 21-22. അന്നു നീ എന്നെ പ്രിയതമന്‍ എന്നുവിളിക്കും.)
പ്രതിവചനസങ്കീര്‍ത്തനം, ഹല്ലേലൂയ എന്നിവയും ആലപിച്ചു.
സുവിശേഷം, വിശുദ്ധ മത്തായി (25, 1-13) രേഖപ്പെടുത്തിയിട്ടുള്ള പത്തുകന്യകളുടെ ഉപമയുമായിരുന്നു.

Discourse 8 a
പാപ്പാ വചനപ്രഭാഷണം നടത്തി. (പ്രഭാഷണം ചേര്‍ത്തിട്ടില്ല).

വിശ്വാസികളുടെ പ്രാര്‍ത്ഥന തായ് ഭാഷയിലായിരുന്നു. കാഴ്ചവയ്പ്, സ്തോത്രയാഗ പ്രാര്‍ത്ഥന, സ്തോത്രയാഗകര്‍മ്മം എന്നിവയിലൂടെ ദിവ്യബലി സജീവപങ്കാളിത്തത്തോടും ഭക്തിനിര്‍ഭരമായും മുന്നോട്ടുനീങ്ങി.

12. സമാപനശുശ്രൂഷ
ദിവ്യകാരുണ്യസ്വീകരണകര്‍മ്മത്തിനുശേഷം ബാങ്കോക്ക് അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ക്രിയെങ്സാക് കൊവിത്വാനിത് പാപ്പായുടെ സ്നേഹസാന്നിദ്ധ്യത്തിന് തായിലാന്‍റിലെ വിശ്വാസികളുടെ പേരില്‍ നന്ദിപറഞ്ഞു.
നന്ദിപ്രകടനത്തോടു പാപ്പായും പ്രതികരിച്ചു.
Discourse 8b (ഹ്രസ്വപ്രഭാഷണം ഇവിടെ ചേര്‍ത്തിട്ടില്ല)
സമാപന പ്രാര്‍ത്ഥന ചൊല്ലിയശേഷം പാപ്പാ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

അള്‍ത്താര വേദിയില്‍നിന്നും ഇറങ്ങിയ പാപ്പാ മുന്‍നിരയില്‍ ഉണ്ടായിരുന്ന രോഗികളും വൈകല്യമുള്ളവരുമായ യുവജനങ്ങളെ ആശ്ലേഷിക്കുകയും ആശീര്‍വ്വദിക്കുകയും ചെയ്തത് ഹൃദയസ്പര്‍ശിയായിരുന്നു. പാപ്പാ അവര്‍ക്ക് ജപമാലകള്‍ സമ്മാനിക്കുകയും ചെയ്തു.
യുവജനങ്ങള്‍ക്കൊപ്പമുള്ള ദിവ്യബലിയെ തുടര്‍ന്ന് കാറില്‍ 3 കി.മീ. അകലെയുള്ള വാസസ്ഥാനത്തേയ്ക്കു മടങ്ങുമ്പോഴും, യുവജനങ്ങളുടെ ആവേശപൂര്‍ണ്ണമായ പ്രാര്‍ത്ഥനാഗീതികള്‍ അലതല്ലി നില്ക്കുന്നുണ്ടായിരുന്നു. അപ്പോള്‍ സമയം വൈകുന്നേരം 7 മണിയായിരുന്നു. ബാങ്കോക്ക് നഗരപ്രാന്തത്തിലെ വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍ അത്താഴംകഴിച്ച് പാപ്പാ വിശ്രമിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 November 2019, 15:40