Demonstrators protest with regard to the misuse of gun and the bad laws existing Demonstrators protest with regard to the misuse of gun and the bad laws existing 

അമേരിക്കയില്‍ തോക്കിന്‍റെ ഉപയോഗം സംബന്ധിച്ച പ്രതിഷേധം

തോക്കിന്‍റെ ഉപയോഗം നിയന്ത്രിക്കണമെന്ന് അമേരിക്കയില്‍ ദേശീയ മെത്രാന്‍ സംഘം സര്‍ക്കാരിനോട്...

ടെക്സസ് ഒഹായിയോ ദുരന്തങ്ങള്‍
തോക്കിന്‍റെ ഉപയോഗം സംബന്ധിച്ച നിയമങ്ങള്‍ ഉത്തരവാദിത്ത്വ പൂര്‍ണ്ണമാക്കണമെന്ന് അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സംഘം ട്രംപ് ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചു. ആഗസ്റ്റ് 3, 4 - ശനി ഞായര്‍ ദിനങ്ങളില്‍, ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ടെക്സസ്, ഒഹായിയോ സംസ്ഥാനങ്ങളില്‍ 29 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവങ്ങളുടെ വെളിച്ചത്തിലാണ് അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സംഘം തോക്കിന്‍റെ ഉപയോഗത്തെ സംബന്ധിച്ച  പ്രസ്താവന ഇറക്കിയത്.

പാപ്പാ ഫ്രാന്‍സിസ് ദുഃഖം അറിയിച്ചു
ഞായറാഴ്ച, ആഗസ്റ്റ് 4-ന് വത്തിക്കാനില്‍ നടന്ന ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തിലുള്ള ആശംസകള്‍ക്ക് ആമുഖമായി ടെക്സസ്, ഒഹായിയോ കൂട്ടക്കൊലപാതക സംഭവങ്ങളെ അനുസ്മരിച്ച പാപ്പാ ഫ്രാന്‍സിസ് അമേരിക്കന്‍ ജനതയെ തന്‍റെ ദുഃഖം അറിയിക്കുകയും, പ്രാര്‍ത്ഥനനേരുകയും ചെയ്തു.

 നിര്‍ദ്ദോഷികളുടെ ആവര്‍ത്തിക്കുന്ന കൂട്ടക്കുരുതി

സാധാരണക്കാരായ ജനം സമ്മേളിക്കുന്ന ഇടങ്ങളില്‍ വെടിവയ്പു നടത്തി നിര്‍ദ്ദോഷികളുടെ കൂട്ടക്കുരുതി നടത്തുന്ന അടിസ്ഥാനപരമായ തിന്മ അമേരിക്കന്‍ സമൂഹത്തില്‍ പതിവായി മാറിയതിന്‍റെ വെളിച്ചത്തിലാണ് തങ്ങള്‍ ഈ പ്രസ്താവന ഇറക്കുന്നതെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഡാനിയേല്‍ ഡി-നാര്‍ദോ ഖേദപൂര്‍വ്വം വിശദീകരിച്ചു.

സമൂഹത്തിന്‍റെ ഭീദിതമായ ദുഃഖസത്യം
തോക്കു ഉപയോഗിച്ചുള്ള ദുരന്തങ്ങള്‍ പൊതുസ്ഥലങ്ങളിലും, ചിലപ്പോള്‍ വിദ്യാലയങ്ങളിലും നടന്നിട്ടുള്ളത് അമേരിക്കയുടെ ചരിത്രത്തില്‍ ഭീദിതമായ ദുഃഖസത്യമായി (terrible truth) വളര്‍ന്നു വരികയാണെന്നും, ഈ തിന്മ ഇല്ലാതാക്കാനും സമൂഹത്തെ കൂടുതല്‍ സമാധാനപൂര്‍ണ്ണമാക്കാനും വ്യക്തികളുടെ തോക്കിന്‍റെ ഉപയോഗം സംബന്ധിച്ച നിയമങ്ങള്‍ ക്രമീകരിക്കുകയും കൂടുതല്‍ ഉത്തരവാദിത്ത്വപൂര്‍ണ്ണമാക്കുകയും വേണമെന്ന് മെത്രാന്‍ സമിതിയുടെ (USSCB) വാഷിങ്ടണ്‍ ഓഫീസില്‍നിന്നും ഇറക്കിയ പ്രസ്താവനയിലൂടെ ഭരണകൂടത്തോടും ഉത്തരവാദിത്വപ്പെട്ട വകുപ്പുകളോടും അഭ്യര്‍ത്ഥിച്ചു.

നിര്‍ദ്ദോഷികളെ കൊന്നൊടുക്കിയ ഇരട്ട ദുരന്തം
ടെക്സസ്സില്‍ ശനിയാഴ്ച വൈകുന്നേരം വീട്ടുസാധനങ്ങള്‍ വാങ്ങുകയായിരുന്ന കുടുംബങ്ങള്‍ക്കു നേരെയാണ് തോക്കുധാരി നിരന്തരമായി നിറയൊഴിച്ച് 20 പേരെ കൊലപ്പെടുത്തുകയും കുട്ടികള്‍ അടക്കം അനേകരെ മുറിപ്പെടുത്തുകയും ചെയ്തത്. മിനിറ്റുകള്‍ക്കുള്ളില്‍ പൊലീസ് സ്ഥലത്തെത്തി ഘാതകനെയും വകവരുത്തുകയുണ്ടായി. ഒഹായിയോയിലെ നിശാവിഹാര സ്ഥലത്തായിരുന്നു രണ്ടാമത്തെ ദുരന്തം. വാരാന്ത്യ ആഘോഷങ്ങളില്‍ വ്യാപൃതരായിരുന്ന സാധാരണക്കാരും തൊഴിലാളികളുമായ 9 പേരാണ് ഞായറാഴ്ച വെളുപ്പിനുണ്ടായ ആക്രമണത്തില്‍ അവിടെ കൊല്ലപ്പെട്ടത്.

സര്‍ക്കാര്‍ നിസംഗത കാട്ടരുത്!
അമേരിക്കയില്‍ ഇതുപോലുള്ള കൂട്ടക്കൊലപാതകങ്ങളുടെ ഒരു നീണ്ടകണ്ണി നമുക്കു മുന്നില്‍ വേദനയോടെ നില്ക്കുമ്പോള്‍ ഭരണകൂടവും നിയമവകുപ്പും ജനങ്ങളുടെ സുരക്ഷയ്ക്കുള്ള കേന്ദ്രങ്ങളും നിവാരണ നടപടികളിലേയ്ക്ക് എത്രയും വേഗം നീങ്ങേണ്ടത് സാമൂഹികവും രാഷ്ട്രീയവുമായ നീതിയും ക്രമസമാധാനരീതിയുമാണെന്ന് മെത്രാന്‍ സംഘം അഭിപ്രായപ്പെട്ടു.

അനുശോചനവും പ്രാര്‍ത്ഥനയും
മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച മെത്രാന്മാര്‍, പ്രാര്‍ത്ഥനനേരുകയും, സാമൂഹിക നന്മയ്ക്കായുള്ള മാറ്റത്തിനായി ജനങ്ങള്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നും ആഹ്വാനംചെയ്തു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 August 2019, 19:08