SKOREA-US-NKOREA-DIPLOMACY - pilgrimage of peace 2019 SKOREA-US-NKOREA-DIPLOMACY - pilgrimage of peace 2019 

കൊറിയന്‍ ഉപദ്വീപില്‍ വളരേണ്ട സമാധാനത്തിന്‍റെ പൊന്‍വെളിച്ചം

സ്വാതന്ത്ര്യത്തിന്‍റെ സ്വപ്നവുമായി “2019 സമാധാനതീര്‍ത്ഥാടനം”. തെക്കു വടക്കു കൊറിയന്‍ ജനതകളുടെ സ്പന്ദനം പങ്കുവയ്ക്കുന്ന സലീഷ്യന്‍ സിസ്റ്റര്‍, ജൂലിയ എഫ്.എം.എ.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വേര്‍തിരിക്കപ്പെട്ട ജനതയും സംസ്കാരവും
രക്തബന്ധവും ഭാഷയും തെക്കും വടക്കും കൊറിയകളുടെ ഐക്യത്തിലേയ്ക്കുള്ള നാന്ദിയാകുമെന്ന പ്രത്യാശയിലാണ് ഉപദ്വീപിലെ ജനങ്ങളെന്ന് സലേഷ്യന്‍ മിഷണറി, സിസ്റ്റര്‍ ജൂലിയാന fma പ്രസ്താവിച്ചു. ആഗസ്റ്റ് 22-Ɔο തിയതി വ്യാഴാഴ്ച വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ് തെക്കു-വടക്കന്‍ കൊറിയകളുടെ ഏകീകരണത്തെക്കുറിച്ചും പുനരൈക്യത്തെക്കുറിച്ചും തെക്കന്‍ കൊറിയയിലെ സിസ്റ്റര്‍ ജൂലിയാന ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഇനിയും വിരിയേണ്ട സ്വാതന്ത്ര്യം
ഇരുരാജ്യങ്ങളുടെയും അതിര്‍ത്തികളില്‍ നടന്ന സൈന്യങ്ങളുടെ പിന്‍വലിക്കലും, അങ്ങുമിങ്ങും യാത്രചെയ്യുന്നതിനായി തുറന്ന ചെക്ക്-പോയിന്‍റുകളും (check’points) പ്രത്യാശ പകരുന്നതാണെങ്കിലും, രാഷ്ട്രീയമായി നില്ക്കുന്ന ചേരിതിരിവാണ് ഒരേ രക്തവും മാതൃഭാഷയുമുള്ള ജനതയെയും സംസ്കാരത്തെയും വേര്‍തിരിച്ചു നിര്‍ത്തിയിരിക്കുന്നതെന്ന് സിസ്റ്റര്‍ ജൂലിയ അഭിപ്രായപ്പെട്ടു. വടക്കന്‍ കൊറിയയുടെ പ്യോങ്-ഗ്യാംങ് ചൈന സ്വാധീനമുള്ള ഭരണകൂടവും അമേരിക്കന്‍ പക്ഷംചേര്‍ന്നു നില്ക്കുന്ന തെക്കന്‍ കൊറിയയുമായി ഇടഞ്ഞുനിന്ന 70 വര്‍ഷക്കാലത്തെ ഭിന്നിപ്പിന്‍റെ അവസ്ഥയാണ് ഒരു ജനതയുടെ വേദനയായി ഇന്നും നിലനില്ക്കുന്നത്. അതിര്‍ത്ഥി ലംഘനത്തിന്‍റെ കഠിന നിയമങ്ങളും മിലിട്ടറി ചട്ടങ്ങളും നിയന്ത്രണവും ഇരുരാജ്യങ്ങളും പിന്‍വലിച്ചതോടെ ജനങ്ങളില്‍ സമാധാനത്തിന്‍റെ പ്രത്യാശ വളര്‍ന്നിട്ടുണ്ട്.  ആ സമാധാനം ഇനി സാമൂഹിക പരിസരങ്ങളുടെ അയല്‍പക്കങ്ങളില്‍ ജനങ്ങള്‍ ബോധപൂര്‍വ്വം ജീവിച്ചു തുടങ്ങുകയായിരിക്കും പ്രായോഗികമായ നല്ല തീരുമാനമെന്ന്, യുവജന പ്രേഷിതജോലിയില്‍ വ്യാപൃതയായിരിക്കുന്ന സിസ്റ്റര്‍ ജൂലിയ അഭിപ്രായപ്പെട്ടു.

രാജ്യാന്തര പിന്‍തുണയോടെ
യുവജനങ്ങള്‍ ഐക്യത്തിന്‍റെ പ്രത്യാശയില്‍

ഇരുകൊറിയന്‍ രാജ്യങ്ങളിലെയും യുവതലമുറയുടെ ഐക്യത്തിനായുള്ള സ്വപ്നങ്ങള്‍ക്ക് രാജ്യാന്തര പിന്‍തുണയുണ്ടെന്ന് സിസ്റ്റര്‍ ജൂലിയാന വ്യക്തമാക്കി. “2019 സമാധാനതീര്‍ത്ഥാടനം” എന്ന പേരില്‍ ആഗസ്റ്റ് 18, ഞായറാഴ്ച തെക്കന്‍ കൊറിയയുടെ തലസ്ഥാന നഗരമായ സിയോളില്‍നിന്നും സൈന്യങ്ങളെ പിന്‍വലിച്ച രാജ്യാതിര്‍ത്തിയിലേയ്ക്കു നടത്തിയ തീര്‍ത്ഥാടനത്തില്‍ 15 വിവിധ രാജ്യങ്ങളില്‍നിന്നായി 90 യുവജനങ്ങളും, സലേഷ്യന്‍, ബെനഡിക്ടൈന്‍ മിഷണറിമാരായ 11 സന്ന്യാസിനിമാരും വൈദികരും പങ്കെടുത്തതായി സിസ്റ്റര്‍ ജൂലിയ അഭിമുഖത്തില്‍ സാക്ഷ്യപ്പെടുത്തി. കൊറിയന്‍ ഉപദ്വീപില്‍ വളരേണ്ട സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും പൊന്‍നാമ്പാണ് യുവജനങ്ങളുടെ ഈ തീര്‍ത്ഥാടനങ്ങളില്‍ തെളിയുന്നതെന്നും, ഭരണകര്‍ത്താക്കള്‍ കണ്ണുതുറന്ന് വരുംതലമുറയുടെ യഥാര്‍ത്ഥമായ സ്വാതന്ത്ര്യത്തിന്‍റെയും സമാധാനത്തിന്‍റെയും തൃഷ്ണയെ തെളിയിക്കുമെന്നാണ് കൊറിയന്‍ ജനത ഇനിയും പ്രത്യാശിക്കുന്നതെന്ന് സിസ്റ്റര്‍ ജൂലിയ സാക്ഷ്യപ്പെടുത്തി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 August 2019, 13:09