Shot of Amazonian fire in the portion of Brazil. Shot of Amazonian fire in the portion of Brazil. 

“ഭൂമിയുടെ ശ്വാസകോശ”മായ ആമസോണിനെ രക്ഷിക്കാം!

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ മെത്രാന്‍ സമിതി (celam) ആഗസ്റ്റ് 23-നാണ് സംയുക്ത പ്രസ്താവനയും അഭ്യര്‍ത്ഥനയും അടിയന്തിരമായി പ്രസിദ്ധപ്പെടുത്തിയത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ആമസോണിനെ വിഴുങ്ങുന്ന വന്‍അഗ്നി
ഒന്‍പതു രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ആമസോണിയന്‍ മഴക്കാടുകളില്‍ പതിവിലും അധികമായി പടര്‍ന്നുപിടിച്ചിരിക്കുന്ന തീയുടെ ആകുലതയിലാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ മെത്രാന്മാരുടെ കൂട്ടായ്മ ഐക്യരാഷ്ട്ര സംഘടനയോടും, രാജ്യാന്തര സമൂഹത്തോടും ആമസോണിയായിലെ തീ അണയ്ക്കാനുള്ള സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നതെന്ന് ആഗസ്റ്റ് 22-Ɔο തിയതി വ്യാഴാഴ്ച പുറത്തുവന്ന ലാറ്റിമനേരിക്കന്‍ മെത്രാന്‍ സമിതികളുടെ സംയുക്ത പ്രസ്താവന അറിയിച്ചു. ആമസോണിന്‍റെ കെടുതികള്‍ ആഗോളതലത്തില്‍ കാലാവസ്ഥ വ്യതിയാനങ്ങള്‍ വരുത്തുവാന്‍ പോരുവോളം ഭീമമാകയാലാണ് തീ അണയ്ക്കാനുള്ള പൊതുഅഭ്യര്‍ത്ഥന മെത്രാന്മാര്‍ ലോകത്തോടു നടത്തിയതെന്നും പ്രസ്താവന വ്യക്തമാക്കി.

ഭൂമിയിലെ ഏറ്റവും വലിയ വനം 
ഭൂമിയിലെ ഏറ്റവും വലിയ ആമസോണ്‍ വനം രണ്ടാഴ്ചയായി കത്തിയെരിയുകയാണ്. ആമസോണിയയുടെ അലാസ്ക്ക, ഗ്രീന്‍ലാന്‍റ്, സൈബീരിയ, ക്യാനറി ദ്വീപുകള്‍, പ്രത്യേകിച്ച് ആമസോണ്‍ മേഖല എന്നിവയാണ്  മനുഷ്യരുടെ നശീകരണ മനസ്ഥിതികൊണ്ട് ഏതാനും ദിവസങ്ങളായി കത്തിനശിക്കുന്നതെന്ന്  മെത്രാന്മാരുടെ പ്രസ്താവന അറിയിച്ചു. 

 ഒന്‍പതു  രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന  ആമസോണിനെ  ആഗോള തലത്തിലുള്ള  പരിസ്ഥിതി  ശാസ്ത്രജ്ഞന്മാരാണ്  “ഭൂമിയുടെ ശ്വാസകോശ”മെന്ന്   വിശേഷിപ്പിച്ചിട്ടുള്ളത്. വിവിധ രാജ്യാതിര്‍ത്തികളിലൂടെ നീണ്ടു കിടക്കുന്ന ഈ വന്‍വനാന്തരങ്ങളും, മഴക്കാടുകളും തടാകങ്ങളും, നദികളും അവയിലെ ജീവജാലങ്ങളും ചേര്‍ന്നു ലോകത്തെ ആകമാനം പരിസ്ഥിതിക്കു നല്ക്കുന്ന സുസ്ഥിരത പരിഗണിച്ചാണ്  ആമസോണിന് ഈ വിശേഷണം ലഭിച്ചത്.  

ഒരു പ്രവാചക ശബ്ദം
പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടിയിരിക്കുന്നതും ഒക്ടോബര്‍ 6-മുതല്‍ 27-വരെ തിയതികളില്‍ വത്തിക്കാനില്‍ സംഗമിക്കുന്നതുമായ ആമസോണിയന്‍ സിനഡിന് ഒരുക്കമായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രവര്‍ത്തനരേഖ (Instrumentum Laboris) അവിടെ പതിവായി പൊട്ടിപ്പുറപ്പെടാറുള്ള കാട്ടുതീയെ കുറിച്ചും, മനുഷ്യമനസ്സിന്‍റെ സ്വാര്‍ത്ഥതയില്‍ ഉയരുന്ന കച്ചവടനേട്ടത്തിന്‍റെയും ലാഭേച്ഛയുടെയും കാഴ്ചപ്പാടാണെന്ന വാക്കുകള്‍ ഒരു പ്രവാചക ശബ്ദമാണെന്ന് മെത്രാന്മാര്‍ തങ്ങളുടെ തുറന്ന കത്തില്‍ രേഖപ്പെടുത്തി.

ആഗോളവ്യാപ്തിയുള്ള പ്രത്യാഘാതങ്ങള്‍
ആമസോണിയന്‍ മഴക്കാടുകളിലെ വന്‍തീയുടെ പ്രത്യാഘാതങ്ങള്‍ ഉടനെതന്നെ ആ പ്രവിശ്യയ്ക്കാണെന്നു പറയാമെങ്കിലും, അതിന്‍റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്ക് ആഗോള വ്യാപ്തിയുണ്ടെന്നുള്ള സത്യത്തെക്കുറിച്ച് പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ താക്കീതു നല്കിയിട്ടുള്ളത് മെത്രാന്മാര്‍ പ്രസ്താവനയില്‍ ഉദ്ധരിക്കുന്നുണ്ട് (statement of Brazilian National Space Research Institute, Brazilian Institute of Envronment Protection).

മനുഷ്യര്‍ കരുനീക്കിയ “കാട്ടുതീ”
ആമസോണിയന്‍ വനാന്തരത്തിലുണ്ടായിരിക്കുന്ന വന്‍തീപിടുത്തം
ആ പ്രവിശ്യയില്‍ നിലനില്ക്കുന്ന രാഷ്ട്രീയ പ്രതികാരത്തിന്‍റെയും, പ്രത്യേക സംഘങ്ങളുടെ സ്വാര്‍ത്ഥമായ കച്ചവടമനസ്ഥിതിയുടെയും മനുഷ്യര്‍ കാരണമാക്കിയിട്ടുള്ള വന്‍തീയാണിതെന്ന് ലാറ്റിനമേരിക്കന്‍ മെത്രാന്മാരുടെ പ്രസ്താവന കുറ്റപ്പെടുത്തി. വനനശീകരണം, ഭൂമി കൈയ്യേറ്റം, വനോല്പന്നങ്ങളുടെ കടത്ത്, മൃഗവേട്ട എന്നിവ ഈ വന്‍ചതിയുടെ പിന്നിലെ നിഗൂഢലക്ഷ്യങ്ങളാണെന്നും മെത്രാന്മാര്‍ കുറ്റപ്പെടുത്തുന്നുണ്ട്.

സഹായാഭ്യര്‍ത്ഥനകള്‍
അമേരിക്കയോടും സമീപസ്ഥമായ ആമസോണിയന്‍ രാജ്യങ്ങളോടും ഐക്യരാഷ്ട്ര സംഘടനയോടും മെത്രാന്‍ സംഘം തീ അണയ്ക്കുന്നതിനുള്ള സഹായസഹകരണങ്ങളും സാങ്കേതികതയും ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രസീല്‍ തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ ആഗസ്റ്റ് 24-മുതല്‍ അഗ്നിശമന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 August 2019, 10:56