sunset sunset 

ദൈവിക മഹിമാതിരേകങ്ങള്‍ പുകഴ്ത്തുന്ന സങ്കീര്‍ത്തനം

വചനവീഥിയെന്ന ബൈബിള്‍ പഠനപരമ്പരയാണ്- ഒരു രാജകീയ സങ്കീര്‍ത്തനത്തി‍ന്‍റെ പഠനം - സങ്കീര്‍ത്തനം 145 – ഭാഗം രണ്ട്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സങ്കീര്‍ത്തനം 145-ന്‍റെ പഠനം ഭാഗം രണ്ട്

ഗീതത്തിലെ രാജാവായ ദൈവം
കഴിഞ്ഞ ഭാഗത്ത് സങ്കീര്‍ത്തനം 145 -ന്‍റെ ഘടന മനസ്സിലാക്കുകയും, പദങ്ങളുമായി പരിചയപ്പെടുകയും ചെയ്തു. ഇനി പദങ്ങളുടെ വ്യാഖ്യാനത്തിലേയ്ക്കാണ് കടക്കുന്നത്. യാവേയുടെ രാജത്വത്തിന്‍റെ സങ്കീര്‍ത്തനമാണിത്. ദൈവിക രാജത്വം പ്രകീര്‍ത്തിക്കുന്ന പല സങ്കീര്‍ത്തനങ്ങളും ബൈബിളിലുണ്ട്. അതില്‍ ഏറെ ശ്രദ്ധേയമാണീ ഗീതം 145. ലക്ഷണപ്രകാരം ഈ ഗീതം ദാവീദു രാജാവു രചിച്ചതായിട്ടാണ് പണ്ഡിതന്മാര്‍ ഗണിക്കുന്നത്.സിംഹാസനാരൂഢനായി  രാജകീയാധികാരം  പ്രയോഗിക്കുന്ന ദൈവത്തെ പദങ്ങള്‍ വരച്ചുകാട്ടുന്നു, ഇവിടെ പ്രഭണിതമായി ചിട്ടപ്പെടുത്തിയിരിക്കുന്ന ആദ്യപദം ശ്രവിച്ചുകൊണ്ടു നമുക്ക് ആരംഭിക്കാം.

പദം ഒന്ന്
Recitation:
എന്‍റെ ദൈവവും രാജാവുമായ അങ്ങയെ ഞാന്‍ പുകഴ്ത്തും
ഞാന്‍ അങ്ങയുടെ നാമത്തെ എന്നേയ്ക്കും വാഴ്ത്തും
Musical Version of Ps. 145
പ്രഭണിതം
എന്‍ രാജാവും ദൈവവുമായവനേ,
വാഴ്ത്തും തവ നാമം ഞാന്‍ എന്നുമെന്നും..

ഒരു ആരാധനക്രമഗീതം
ദൈവജനത്തിന്‍റെ പൊതുപ്രാര്‍ത്ഥനയ്ക്കായ് വളരെ ശ്രദ്ധാപൂര്‍വ്വം ചിട്ടപ്പെടുത്തിയിട്ടുള്ളതും, സഹസ്രാബ്ദങ്ങളായി ആരാധനക്രമത്തില്‍ ഹെബ്രായരും ക്രൈസ്തവരും ഒരുപോലെ ഉപയോഗിച്ചുപോന്നിട്ടുള്ളതുമാണ്- സങ്കീര്‍ത്തനം 145. ഏറെ വിഖ്യാതരും സമകാലീനരുമായ പണ്ഡിതന്മാര്‍ പറയുന്നത് ഏറെ സ്ഥായീഭാവമുള്ളതും, പൊതുവായ ആരാധനക്രമ പരിപാടികളില്‍ ഏറെ ആര്‍ജ്ജവത്തോടെ ഉപയോഗിച്ചിരുന്നതുമാണീ ഗീതം, സങ്കീര്‍ത്തനം 145. ഏറെ പൂര്‍ണ്ണതയുള്ള ഈ ഗീതത്തെ ഗഹനമായതെന്നും സാഹിത്യഭംഗിയുള്ളതെന്നും ദൈവനിവേശിതമെന്നും പണ്ഡിതന്മാര്‍ വിശേഷിപ്പിക്കുന്നുണ്ട്. ഹെബ്രായ സമൂഹത്തിന്‍റെ ഔദ്യോഗിക പ്രാര്‍ത്ഥനകളില്‍ മൂന്നു പ്രാവാശ്യം, മൂന്നു യാമങ്ങളില്‍ ഇത് ഇപ്പോഴും ഉപയോഗത്തിലുണ്ട്. ജീവിതചുറ്റുപാടുകളില്‍ മനുഷ്യമനസ്സുകളെ മഥിക്കുന്ന ഭീതി, ദുഃഖം, ആശങ്ക, പിരിമുറുക്കം, നിരാശ എന്നിങ്ങനെയുള്ള അസ്വസ്ഥതയുടെ വികാരങ്ങളെ ദൈവാത്മാവിന്‍റെ പ്രേരണയില്‍ വളരെ പ്രശാന്തമാക്കുമെന്ന ആശ്വാസചിന്തയും ഈ ഗീതത്തിലൂടെ സങ്കീര്‍ത്തകന്‍ അവതരിപ്പിക്കുന്നുണ്ട്. മാത്രമല്ല ജീവിത പ്രതിസന്ധികളില്‍ ദൈവത്തിന്‍റെ കരുണയിലേയ്ക്കു തിരിയാനും അനുവാചകരോട് സങ്കീര്‍ത്തകന്‍ ആവശ്യപ്പെടുന്നുമുണ്ട്.

Musical Version of Ps. 145
എന്‍ രാജാവും ദൈവവുമായ അങ്ങയെ
ഞാന്‍ പുകഴ്ത്തും
1-2 എന്‍റെ ദൈവവും രാജാവുമായ അങ്ങയെ ഞാന്‍ വാഴ്ത്തും
ഞാന്‍ അങ്ങയുടെ നാമത്തെയെന്നും വാഴ്ത്തുന്നു
അനുദിനം ഞാന്‍ അങ്ങയെ പാടിസ്തുതിക്കുന്നു
അങ്ങയുടെ നാമത്തെ എന്നേയ്ക്കും ഞാന്‍
വാഴ്ത്തി സ്തുതിക്കുന്നു.
- എന്‍ രാജാവും

ദൈവം എത്ര നല്ലവന്‍ എത്ര വല്ലഭന്‍!
ഈ ഗീതം അനുദിനം ഉരുവിടുമ്പോള്‍, രചയിതാവ് അനുസ്മരിപ്പിക്കുന്ന ഒരു സത്യം മനസ്സില്‍ തെളിഞ്ഞുവരും - ദൈവം എത്രയോ മഹോന്നതനാണ്, സൃഷ്ടികളില്‍ ഏറ്റവും ദുര്‍ബലനും ബലഹീനനുമായ മനുഷ്യനോട് ദൈവം എപ്പോഴും അനുകമ്പ കാട്ടുന്നു. പുതിയനിയമത്തില്‍ സുവിശേഷം ആകമാനം പരിശോധിച്ചാല്‍ പാപിയായ മനുഷ്യനോടു ദൈവം പ്രകടമാക്കുന്ന അനുകമ്പയാണ് അതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മറിച്ച് ദൈവത്തെ ദ്രോഹിച്ച മനുഷ്യനോട് ദൈവം കാട്ടുന്ന അനുകമ്പയാണതെന്നു വിചാരിക്കുന്നത് ശരിയല്ല. അപ്പോള്‍ സങ്കീര്‍ത്തകന്‍ വരച്ചുകാട്ടുന്ന - ദൈവം എത്ര മഹോന്നതന്‍, എത്ര നല്ലവന്‍, എന്ന വല്ലഭന്‍... എന്നീ ചിന്തകള്‍ എത്രയോ ശ്രേഷ്ഠമാണ്. അവിടുത്തെ മഹത്വം ഏറ്റം നിസ്സാരനായ മനുഷ്യര്‍ തേടിയാലും കണ്ടെത്താനാവുന്നതാണ്. ദൈവം എന്നോടു ക്ഷമിക്കുന്നു. അവിടുന്നു എന്നെ സ്നേഹിക്കുന്നു. എന്നെ രക്ഷിക്കുന്നു.

Musical Version of Ps. 145
8-9 കര്‍ത്താവേ, എല്ലാ സൃഷ്ടികളും അങ്ങേയ്ക്കു സദാ നന്ദിയര്‍പ്പിക്കുന്നു
അങ്ങേ വിശുദ്ധര്‍ തവനാമം ജപിക്കുന്നു
അവര്‍ അങ്ങേ രാജ്യത്തിന്‍റെ മഹത്വം പ്രകീര്‍ത്തിക്കുന്നു.
അങ്ങയുടെ നാമത്തെ എന്നേയ്ക്കും ഞങ്ങള്‍
വാഴ്ത്തി സ്തുതിക്കുന്നു.
- എന്‍ രാജാവും

നിത്യസൗഭാഗ്യമേ, ഞാന്‍ അങ്ങയെ തേടി!
മനുഷ്യന്‍ അനുദിനം ദൈവത്തെ അന്വേഷിക്കുന്നു. അവിടുത്തെ മഹത്വം നേരിട്ട് അദൃശ്യമാണെങ്കിലും, അത് അന്വേഷിക്കേണ്ട ആവശ്യമില്ലെങ്കിലും നമുക്കു ചുറ്റും അവിടുത്തെ സാന്നിദ്ധ്യാനുഭവം വലിയ യാഥാര്‍ത്ഥ്യമാണ്. ചിന്തിക്കുന്ന മനുഷ്യനെ ആശ്ചര്യപ്പെടുന്ന പ്രാപഞ്ചിക യാഥാര്‍ത്ഥ്യത്തില്‍ അത് സുവ്യക്തമാണ്. സങ്കീര്‍ത്തകന്‍ തന്നെ 8- Ɔο ഗീതത്തില്‍ ആലപിക്കുന്നു,.. “ഓ! ദൈവമേ... അങ്ങ് എത്ര മഹോന്നതനാണ്!!” സകല സൃഷ്ടികളിലും - ജീവജാലങ്ങളിലും സസ്യജാലങ്ങളിലും ഋതുഭേദങ്ങളിലും അത് ദൃശ്യമാണ്, അനുഭവവേദ്യമാണ്. അത് സകല ദൈവശാസ്ത്ര വിജ്ഞാനത്തിനും, തത്വസംഹിതകള്‍ക്കും, പ്രമാണങ്ങള്‍ക്കും, ശാസ്ത്രീയ പരിജ്ഞാനത്തിനും പ്രത്യാശിക്കാവുന്നതിലും അപ്പുറമാണ്. കാരണം യുഗങ്ങളായി, എന്തിന് ഇന്നും മനുഷ്യന്‍ ദൈവത്തെ തേടുകയും, അവിടുത്തെ അന്വേഷിക്കുകയും, നിര്‍വ്വചിക്കുകയും പഠിക്കുകയും, പഠിപ്പിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഒന്നും അതില്‍ത്തന്നെ പൂര്‍ണ്ണമല്ലെന്നും, മനുഷ്യമനസ്സുകള്‍ സംതൃപ്തമല്ലെന്നും മനസ്സിലാകുന്നുണ്ട്. അതുകൊണ്ടാണ് ദൈവശാസ്ത്രജ്ഞനും താത്വികനും ചിന്തകനുമായ വിശുദ്ധ അഗസ്തീനോസ് പറഞ്ഞത്, “ദൈവമേ, അങ്ങയെ പ്രാപിക്കുംവരെ ഞങ്ങളുടെ മനസ്സുകള്‍ അസ്വസ്ഥമാണ്.” അതിനാല്‍ നമുക്കു പറയാം ദൈവികാനുഭവം ഏറെ വ്യക്തിഗതമാണ്, It is a personal experience, it is a personal religious experience!!   അതിനാല്‍ സഹസ്രാബ്ദങ്ങളായി തലമുറകള്‍ പ്രകീര്‍ത്തിക്കുന്ന അതേ ദൈവികനന്മകളും, ദൈവത്തിന്‍റെ മഹത്തായ ചെയ്തികളും The mighty acts of God, ഇന്നവ പുതിയ തലമുറകള്‍ പ്രഘോഷിക്കണമെന്നാണ് സങ്കീര്‍ത്തനപദങ്ങള്‍ പഠിപ്പിക്കുന്നത്. മൂന്നും നാലും പദങ്ങള്‍ ശ്രവിച്ചുകൊണ്ട് ഇനിയും പദങ്ങളുടെ വ്യാഖ്യാനം തുടരാം.

പദങ്ങള്‍ മൂന്ന്, നാല്
Recitation:
3 കര്‍ത്താവു വലിയവനും അത്യന്തം സ്തുത്യര്‍ഹനുമാണ്
അവിടുത്തെ മഹത്വം അഗ്രാഹ്യമാണ്.
4 തലമുറ തലമുറയോട് അങ്ങയുടെ പ്രവൃത്തികള്‍ ഞാന്‍ പ്രകര്‍ത്തിക്കും
അങ്ങയുടെ ശക്തമായ പ്രവൃത്തികളെപ്പറ്റി ഞാനെന്നും പ്രഘോഷിക്കും.

Musical Version of Ps. 145
പ്രഭണിതം
10-11 കര്‍ത്താവു കൃപാലുവും കരുണാമയനും
ക്ഷമാശീലനും സ്നേഹസമ്പന്നനുമാകുന്നു
കര്‍ത്താവെല്ലാവര്‍ക്കും നല്ലവനാണ്
തന്‍റെ സര്‍വ്വസൃഷ്ടികളുടേയും മേല്‍ അവിടുന്നു കരുണചൊരിയുന്നു
അവിടുന്നു കരുണചൊരിയുന്നു.
- എന്‍ രാജാവും

ദൈവിക മഹിമാതിരേകങ്ങള്‍
ദൈവത്തിന്‍റെ ഒരു വ്യക്തിഗത അനുഭവമായിട്ടാണ് സങ്കീര്‍ത്തകന്‍ തന്‍റെ വികാരം വാക്കുകളില്‍ പ്രകടമാക്കുന്നത്. എന്നാല്‍ വ്യക്തി ഒരു സമൂഹത്തിന്‍റെ, പ്രാര്‍ത്ഥന സമൂഹത്തിന്‍റെയും ദൈവജനത്തിന്‍റെയും ഭാഗമാണെന്ന നമുക്കു പദങ്ങളുടെ പ്രയോഗത്തില്‍നിന്നും മനസ്സിലാക്കാവുന്നതാണ്. ദൈവത്തിന്‍റെ പ്രവൃത്തികള്‍ മഹത്തരം, അവിടുത്തെ മഹത്വം അഗ്രാഹ്യം... അത്ഭുതാവഹം...! എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ ഇവിടെ ശ്രദ്ധേയമാണ്. ഉദാഹരണത്തിന് ചെങ്കടല്‍ കടന്ന ഇസ്രായേല്‍ ജനത്തിന് അനുഭവവേദ്യമായത് ദൈവത്തിന്‍റെ അത്ഭുതചെയ്തിയും അതിനു മുന്നോടിയായി മുഴങ്ങിയ അവിടുത്തെ അനശ്വരമായ വാഗ്ദാനവും വചനവുമാണ്. അവിടുത്തെ വചനത്താല്‍ ചെങ്കടല്‍ രണ്ടായി പിളര്‍ക്കപ്പെടുകയും, ഇസ്രായേല്‍ ജനം സുരക്ഷയിലേയ്ക്ക് നടന്ന് അടുക്കുകയും ചെയ്തു. തീര്‍ന്നില്ല, പിറകെ വന്ന ഫറവോയുടെ സൈന്ന്യം കടലില്‍ താഴ്ന്നുപോയ സംഭവത്തിലും ഇസ്രായേല്‍ ജനം ദൈവത്തിന്‍റെ രക്ഷണീയ കരങ്ങളാണു കണ്ടത്. ഇതു കണ്ടുനിന്ന ജനം വിസ്മയസ്തംബ്ധരായി മോശയോടു ചേര്‍ന്ന് ദൈവത്തെ സ്തുതിച്ചതായി പുറപ്പാടുഗ്രന്ഥം രേഖപ്പെടുത്തുന്നു. ദൈവത്തിന്‍റെ മഹത്തരവും അത്ഭുതാവഹവുമായ പ്രവൃത്തികള്‍ക്കു മുന്നില്‍ മനുഷ്യര്‍ സംഭ്രമത്തോടെ നോക്കി നില്ക്കുന്നു, അമ്പരപ്പോടെ താന്‍ ദൈവത്തിന്‍റെ മുന്നില്‍ ആരുല്ലെന്ന് ഏറ്റുപറയുകയും ചെയ്യുന്നു.

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം രമേഷ് മുരളിയും സംഘവും

Musical Version of Ps. 145
പ്രഭണിതം
എന്‍ രാജാവും ദൈവവുമായവനേ,
വാഴ്ത്തും തവ നാമം ഞാന്‍ എന്നുമെന്നും
13-14 കര്‍ത്താവിന്‍റെ ആധിപത്യം തലമുറകളോളം നിലനില്ക്കുന്നു
അവ നിലനില്ക്കുന്നു
കര്‍ത്താവു തന്‍റെ വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണ്
തന്‍റെ പ്രവൃത്തികളില്‍ അവിടന്നു കരുണയുള്ളവനാകുന്നു,
അവിടുന്നു കരുണയുള്ളവനാകുന്നു.
- എന്‍ രാജാവും

നിങ്ങള്‍‍ ഇതുവരെ ശ്രവിച്ചത് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പരയാണ്. അവതരിപ്പിച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 July 2019, 15:34