Heart of Christ that burns in love - mosaic art by fr rupnik sj Heart of Christ that burns in love - mosaic art by fr rupnik sj 

ക്രിസ്തുസ്നേഹത്താല്‍ പിളര്‍ക്കപ്പെടേണ്ട മനുഷ്യഹൃദയങ്ങള്‍

ഈശോയുടെ തിരുഹൃദയത്തിന്‍റെ മഹോത്സവത്തിലെ സുവിശേഷവിചിന്തനം. വിശുദ്ധ ലൂക്കാ 15, 3-7.

- ഫാദര്‍ വില്യം നെല്ലിക്കല്‍

തിരുഹൃദയമഹോത്സവം - സുവിശേഷവിചിന്തനം

ക്രിസ്തുവിന്‍റെ ഇടയസ്നേഹം
ഈശോയുടെ തിരുഹൃദയത്തിന്‍റെ തിരുനാളാണിത്. ക്രിസ്തു വരച്ചുകാട്ടുന്ന ഇന്നത്തെ സുവിശേഷത്തിലെ നല്ലിടയന്‍റെ ചിത്രവും, അവിടുത്തെ സ്നേഹാര്‍ദ്രമായ ഹൃദയവും നമുക്കെന്നും പ്രചോദനമാണ്. നല്ലിടയന്‍റെ ഹൃദയം കാരുണ്യം തന്നെയാണ്. അത് ദിവ്യഹൃദയമാണ്, അത് ക്രിസ്തുവിന്‍റെ തിരുഹൃദയമാണ്. ക്രൈസ്തവ കുടുംബങ്ങളെ അതിനാല്‍ നാം ക്രിസ്തുവിന്‍റെ ദിവ്യഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ദൈവപിതാവിന്‍റെ സ്നേഹമാണ് ആ ദിവ്യഹൃദയത്തില്‍നിന്നും നിര്‍ഗ്ഗളിക്കുന്നത്. നമ്മെ മനസ്സിലാക്കുകയും സ്വീകരിക്കുകയും ചെയ്യുന്നിടമാണത്. പാപത്തോടും ബലഹീനതകളോടുംകൂടെ നമ്മെ തിരഞ്ഞെടുക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഇടം. തന്‍റെ ഹൃദയം കലവറയില്ലാത്തതും സ്നേഹത്താല്‍ ജ്വലിക്കുന്നതുമാണെന്ന് ക്രിസ്തു പ്രസ്താവിക്കുന്നു (യോഹ. 3, 16). അവിടെ സ്വയാര്‍പ്പണവും അനന്തമായ സ്നേഹവുമാണ് നാം കാണുന്നത്. അപരനെ സ്വതന്ത്രമാക്കുകയും രക്ഷിക്കുകയും ചെയ്യുന്ന വിശ്വസ്തവും വിനയാന്വിതവുമായ സ്നേഹത്തിന്‍റെ ഉറവയാണ് ക്രിസ്തുവില്‍ കാണുന്നത്. യാതൊരു കലര്‍പ്പും കലവറയുമില്ലാതെ ക്രിസ്തു നമ്മെ സ്നേഹിച്ചു, ‘അവസാനംവരെ’ സ്നേഹിച്ചു (യോഹ. 13, 1). അടുത്തിരിക്കുന്നവര്‍ക്കുവേണ്ടി മാത്രമല്ല, അകന്നിരിക്കുന്നവര്‍ക്കുവേണ്ടിയും ഇടയഹൃദയം തപിക്കുന്നു, അത് അവരിലേയ്ക്ക് എത്തിച്ചേരുന്നു. അവിടുത്തെ സ്നേഹത്തിന്‍റെ സൂചിക നമ്മെ ആശ്ചര്യപ്പെടുത്തുമാറ് ആരെയും ഒഴിവാക്കാതെ സകല മനുഷ്യരിലേയ്ക്കും തിരിഞ്ഞിരിക്കുന്നു എന്നത് ഇടയന്‍റെ നിഷ്ക്കളങ്കമായ ‘ദൗര്‍ബല്യ’മാണെന്നു പറയാം.

ക്രിസ്തുവില്‍ ദൃശ്യമാകുന്ന പതറാത്ത ദൈവസ്നേഹം
ദൈവത്തിന്‍റെ പതറാത്ത സ്നേഹം പ്രതിഫലിക്കുന്നതും പൂര്‍ത്തീകരിക്കപ്പെടുന്നതും ക്രിസ്തുവിലാണ്. ദൈവത്തിന് മനുഷ്യകുലത്തോടുള്ള ഉടമ്പടി മാനിക്കാന്‍ അവിടുന്നു സ്വയം ദാസന്‍റെയും അടിമയുടെയും രൂപമെടുത്തു. അവിടുന്നു ദൈവമഹത്വം വെടിഞ്ഞ് സ്വയം ശൂന്യനായി ദാസന്‍റെ രൂപം കൈക്കൊണ്ടു. പരിത്യക്തനായിട്ടും പീഡകള്‍ സഹിച്ചപ്പോള്‍ അവിടുന്നു നിന്ദയോടെ പെരുമാറിയില്ല, പ്രത്യുത സ്വയം സമര്‍പ്പിക്കുകയും മുറിക്കപ്പെടുകയുമാണ് ചെയ്തത്. പൗലോസ് അപ്പസ്തോലന്‍  നമ്മെ അനുസ്മരിപ്പിക്കുന്നത്, നാം അവിശ്വസ്തരായാലും ക്രിസ്തു അവിശ്വസ്തനല്ല. കാരണം അവിടുത്തേയ്ക്ക് ഒന്നിനെയും ആരെയും പരിത്യജിക്കാനാവില്ല (2 തിമോത്തി 2, 13). അവിടുന്നു സദാ വിശ്വസ്തനായിരുന്നു. അവിടുന്നു നമ്മെ വഞ്ചിക്കുന്നില്ല. മനുഷ്യര്‍ തിന്മയായിരുന്നപ്പോഴും അനുരഞ്ജനത്തിനായി അവിടുന്നു കാത്തിരിക്കുന്നു. കരുണാര്‍ദ്രനായ പിതാവിന്‍റെ വദനമാണ് ക്രിസ്തുവിന്‍റെ മുഖകാന്തിയില്‍ നാം ദര്‍ശിക്കുന്നത്. ദൈവപിതാവിന്‍റെ പതറാത്ത സ്നേഹം ക്രിസ്തുവിന്‍റെ വിനീത ഹൃദയത്തില്‍ നാം കാണുന്നു. കാരണം അവിടുന്നു വന്നത് ഭൗമിക രാജാക്കന്മാരെപ്പോലെ ഒന്നും പിടിച്ചെടുക്കാനല്ല, മറിച്ച് എളിമയോടെ ദൈവത്തിന്‍റെ കരുണയും സ്നേഹവും പങ്കുവയ്ക്കാനാണ്. അതുകൊണ്ടാണ് അവിടുന്നു നിര്‍വ്വചിച്ചത്, “നിങ്ങള്‍ എന്നില്‍നിന്നും പഠിക്കുവിന്‍, എന്തെന്നാല്‍ ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമത്രേ!” (മത്തായി 11, 29).

സ്നേഹത്താല്‍ പിളര്‍ക്കപ്പെടേണ്ട ഹൃദയങ്ങള്‍
ക്രിസ്തുവിന്‍റെ ദിവ്യഹൃദയത്തെ ധ്യാനിക്കുമ്പോള്‍ ക്രൈസ്തവ ജീവിതത്തെക്കുറിച്ചുള്ള ചില അടിസ്ഥാന ചോദ്യങ്ങള്‍ മനസ്സില്‍ പൊന്തിവരുന്നത് സ്വാഭാവികമാണ്. എന്‍റെ ഹൃദയം എവിടേയ്ക്കാണ് തിരിഞ്ഞിരിക്കുന്നത്? തീര്‍ച്ചയായും, നമ്മുടെ അനുദിന ജീവിത വ്യഗ്രതകളിലേയ്ക്കാണ്. അതിന്‍റെ പ്ലാനുകളുടെയും പദ്ധതികളുടെയും, പ്രവര്‍ത്തനങ്ങളുടെയും ബഹളത്തിലാണ് : എവിടെയാണ് എന്‍റെ ഹൃദയം പതിഞ്ഞിരിക്കുന്നതെന്നുള്ള ആത്മപരിശോധന നല്ലതാണ്. എന്‍റെ ഹൃദയം അന്വേഷിക്കുന്ന നിധി എന്താണ്? ക്രിസ്തു പറയുന്നുണ്ട്. എവിടെ നിന്‍റെ നിക്ഷേപം, അവിടെയായിരിക്കും നിന്‍റെ ഹൃദയമെന്ന് (മത്തായി 6, 21). ജീവിത ബദ്ധപ്പാടുകളില്‍ മുഴുകുന്ന നമ്മുടെ ഹൃദയം സഹോദരങ്ങളിലേയ്ക്ക് – കുടുബത്തിലേയ്ക്കും കൂടെയുള്ളവരിലേയ്ക്കും, സമൂഹത്തിലേയ്ക്കും സാമൂഹിക ചുറ്റുപാടുകളിലേയ്ക്കും തിരിഞ്ഞിരിക്കേണ്ടതുണ്ട്. ക്രിസ്തു സ്നേഹത്താല്‍ പിളര്‍ക്കപ്പെടേണ്ട ഹൃദയമായിരിക്കണം ക്രൈസ്തവന്‍റേതെന്ന് പറഞ്ഞത് പാപ്പാ ഫ്രാന്‍സിസാണ്. ഇക്കാരണത്താല്‍ ദൈവോത്മുഖനായിരിക്കുന്ന മനുഷ്യന്‍ സഹോദരങ്ങളിലേയ്ക്ക് തിരിഞ്ഞിരിക്കും, തന്നിലേയ്ക്കു മാത്രമല്ല. ക്രിസ്തു സ്നേഹത്തില്‍ വേരൂന്നിയതും, പരിശുദ്ധാത്മാവിനാല്‍ ഊഷ്മളമാകുന്നതുമായ സ്വഭാവവും, ശൈലിയുമാണത്. സഹോദരങ്ങള്‍ക്ക് സദാ ലഭ്യമാകുന്നതും, അവരോടു ചേര്‍ന്നിരിക്കുന്നതുമായ ഹൃദയമായിരിക്കണം, ജീവിതമായിരിക്കണം ക്രൈസ്തവന്‍റേതെന്നാണ് സുവിശേഷത്തിലെ ഇടയരൂപം നമ്മെ പ്രചോദിപ്പിക്കുന്നത്.

ഇടയനായ ദൈവത്തിന്‍റെ പ്രതിബിംബം
ഇടയനായ ദൈവം തന്‍റെ അജഗണത്തെ തേടിപ്പുറപ്പെടുന്നുവെന്നാണ് ആദ്യ വായനയില്‍ എസേക്കിയേല്‍ പ്രവാചകന്‍ ഓര്‍പ്പിക്കുന്നത് (എസെക്കി. 34, 11, 16). ഇടര്‍ച്ചകളെക്കുറിച്ചൊന്നും ഭയലേശമില്ലാതെ, നഷ്ടപ്പെട്ട ഒന്നിനെ തേടി നല്ലിടയന്‍ പുറപ്പെട്ടുപോയെന്ന് സുവിശേഷവും പറയുന്നു (ലൂക്കാ 15, 4). തന്‍റെ പതിവുകളും, പിന്നെ പുല്‍പ്പുറവും ആലയും ആടുകളെയും വിട്ടിട്ടാണ് ഇടയന്‍ നഷ്ടപ്പെട്ട ഒന്നിനെ തേടി പോകുന്നത്. അന്വേഷണം ഇടയ്ക്കുവച്ച് നിര്‍ത്തുന്നില്ല. ആവശ്യത്തിന് അന്വേഷിച്ചു കഴിഞ്ഞു, മതി. ഇനി നാളെയാകാം എന്ന് അയാള്‍ ചിന്തിക്കുന്നില്ല. അയാളുടെ ഹൃദയത്തില്‍ നിശ്ചയദാര്‍ഢ്യമാണ്. നഷ്ടപ്പെട്ടതിനെ കണ്ടെത്തുംവരെ അയാള്‍ തേടുകയാണ്, തേടി അലയുകയാണ്. അതിനെ അവസാനം കണ്ടുകിട്ടിയപ്പോഴും അയാളുടെ പരിക്ഷീണത്തെക്കുറിച്ചോ , കഷ്ടപ്പാടിനെക്കുറിച്ചോ ചിന്തിക്കാതെ ഇതാ, നഷ്ടമായതിനെ കിട്ടിയതിലുള്ള സന്തോഷത്തിലും പൂര്‍ണ്ണസംതൃപ്തിയിലും അതിനെ തോളിലേറ്റി അയാള്‍ മടങ്ങുന്നു. മറ്റുള്ളവര്‍ക്കൊപ്പം സന്തോഷിക്കുന്നു! ഇതാണ് അന്വേഷിച്ചിറങ്ങുന്ന ഹൃദയം, ഇടയസ്നേഹം!

അതിരുകള്‍ വിട്ടിറങ്ങുന്ന ഇടയസ്നേഹം
സ്ഥലകാല സീമകളെ അതിലംഘിക്കുന്നതാണ് ഇടയസ്നേഹം. നാം കണ്ടതാണ്... 2016-ല്‍, അത് ഏപ്രില്‍ 16- Ɔο തിയതിയായിരുന്നു - പാപ്പാ ഫ്രാന്‍സിസ് നടത്തിയ ഗ്രീസിലെ ലെസ്ബോസ് ദ്വീപിലേയ്ക്കുള്ള യാത്ര. വേദനിക്കുന്ന മനുഷ്യരുടെ മദ്ധ്യത്തിലേയ്ക്കായിരുന്നു...!! അഭയാര്‍ത്ഥി കേന്ദ്രത്തിലേയ്ക്ക്... ആയിരങ്ങള്‍, പതിനായിരങ്ങള്‍...!! യുദ്ധവും ഭീകരപ്രവര്‍ത്തനങ്ങളുംമൂലം സിറിയയില്‍നിന്നും, മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ ഇതര ഭാഗങ്ങളില്‍നിന്നും നാടും വീടും വിട്ട്... ഇറങ്ങിപ്പുറപ്പെട്ട ആയിരിക്കണക്കിന് അഭയാര്‍ത്ഥികളായ ഹതഭാഗ്യരുടെ മദ്ധ്യത്തിലേയ്ക്ക് ഇറങ്ങിച്ചെന്ന് സാന്ത്വനം പകര്‍ന്ന പാപ്പാ ഫ്രാന്‍സിസ് നല്ലിടയന്‍റെ മാതൃകയാണ്. ലോക മനഃസാക്ഷിയെ തട്ടിയുണര്‍ത്തിയ മാതൃകയാണത്. മാത്രമല്ല, തന്‍റെ മടക്കയാത്രയില്‍ നാലു കുടുംബങ്ങളെയും കൂട്ടിക്കൊണ്ടാണ്... 12–പേരെയും കൂട്ടിക്കൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ മടങ്ങിയെത്തിയത്. അഭയം തേടുന്നവരെ തുണയ്ക്കണമെന്ന സന്ദേശം, അഭയം തേടിവരുന്നവരെ കൈവെടിയരുതെന്ന സന്ദേശം യഥാര്‍ത്ഥമായും ലോകത്തിനു പാപ്പാ നല്കുകയായിരുന്നു, കാണിച്ചുകൊടുക്കുകയായിരുന്നു.

എന്തു നല്കാനാകുമെന്നു ചിന്തിക്കുന്നവര്‍!
ദൈവിക സങ്കല്പത്തിലെ ഇടയന് തന്‍റേതായ താല്പര്യങ്ങള്‍ മെനഞ്ഞെടുക്കാനുള്ള കരുത്തും സ്വാതന്ത്ര്യവുമുണ്ട്. നേട്ടങ്ങള്‍ എണ്ണിക്കൊണ്ടല്ല അയാള്‍ നടക്കുന്നത്. എന്തു കിട്ടും, എന്തു കിട്ടും എന്നു ചിന്തിക്കുന്നില്ല. എന്തു നല്കാനാകുമെന്നാണ് ചിന്തിക്കേണ്ടത്, കാരണം നല്കുമ്പോഴാണ് ലഭിക്കുന്നത്. ദൈവാരൂപിയോട് കണക്കു പറയുന്നവനല്ല അയാള്‍. മറിച്ച് ജീവിതത്തിന്‍റെ ഉത്തരവാദിത്വങ്ങളെ നിറവേറ്റാന്‍, ദൈവം ഭരമേല്പിച്ച കുടുംബത്തെയും, ഒപ്പം താന്‍ ഭാഗമായിരിക്കുന്ന സമൂഹത്തെയും സഹോദരങ്ങളെയും, പിന്നെ ആവശ്യത്തില്‍ ആയിരിക്കുന്നവരെയും, പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും ഗൗനിക്കുന്ന, പരിചരിക്കുന്ന നല്ല സമറിയക്കാരനാണ് അയാള്‍. അതിരുകളിലേയ്ക്കും, അതിരുകള്‍ക്കപ്പുറത്തേയ്ക്കും അയാള്‍ തേടിപ്പുറപ്പെടുന്നു. നഷ്ടപ്പെട്ടതിനെയും മുറിപ്പെട്ടതിനെയും കണ്ടെത്തി. അതിനെ തോളിലേറ്റി അയാള്‍ മടങ്ങുന്നു!

ജീവിതചക്രവാളങ്ങളെ വിസ്തൃതമാക്കുന്ന ദൈവസ്നേഹം
സ്നേഹമുള്ളതും, സ്നേഹം പങ്കുവയ്ക്കുന്നതും, സ്നേഹത്തില്‍ സ്വയാര്‍പ്പണംചെയ്യുന്നതുമായ ഹൃദയത്തിന്‍റെ മാതൃകയാണ് ഈശോയുടെ തിരുഹൃദയം. നാം ഈശോയുടെ ദിവ്യഹൃദയത്തിനായി പ്രതിഷ്ഠിച്ചിരിക്കുന്ന ദിനങ്ങളാണിത്. യഥാര്‍ത്ഥമായ സ്നേഹത്തിന് - നിസ്വാര്‍ത്ഥ സ്നേഹത്തിനും, ത്യാഗമുള്ള സ്നേഹത്തിനും നമ്മുടെ ലോകത്തെ, അത് കുടുംബത്തിലോ സമൂഹത്തിലോ, പഠനസ്ഥലത്തോ ജോലിസ്ഥലത്തോ എവിടെയുമാവട്ടെ ജീവിത ചക്രവാളങ്ങളെ മനോഹരമാക്കാനും, വിസ്തൃതമാക്കാനും, അനന്തമാക്കാനും സാധിക്കുമെന്നാണ് ഈശോയുടെ തിരുഹൃദയം പഠിപ്പിക്കുന്നത്.

നീതിയുടെ പാതയിലൂടെ നയിക്കുന്ന ഇടയന്‍
അനുദിന ജീവിതത്തില്‍ കരുണയുള്ള സംവേദനം വളര്‍ത്തേണ്ടത് ആവശ്യമാണ്. ഹൃദയത്തില്‍ കരുണയുള്ള ഇടപെടലുകള്‍, പെരുമാറ്റരീതികള്‍ നമ്മുടെ ജീവിതത്തെ ശ്രേഷ്ഠതരമാക്കുന്നു, സന്തോഷകരമാക്കുന്നു. വ്രണിതമായ ലോകത്ത്, വിഭജിക്കപ്പെട്ടിരിക്കുന്ന ലോകത്ത് കരുണയോടെ, എല്ലാവരും ദൈവമക്കളാണെന്ന ബോധ്യത്തോടെ, സ്വതന്ത്രവും കരുണാര്‍ദ്രവുമായ സമീപനത്തിലൂടെ ജീവിതപരിസരങ്ങളില്‍ സാഹോദര്യവും സമാധാനവും വളര്‍ത്തിയെടുക്കാന്‍ ഈശോയുടെ ദിവ്യഹൃദയം നമ്മെ തുണയ്ക്കട്ടെ! ക്രിസ്തുവിന്‍റെ കുരുണയുള്ള ഇടയസ്നേഹം ജീവിതത്തിന്‍റെ പച്ചപ്പുല്‍പ്പുറങ്ങളിലേയ്ക്കും, പ്രശാന്തമായ ജലാശയത്തിലേയ്ക്കും നമ്മെ നയിക്കട്ടെ, അവിടുത്തെ നീതിയുടെ പാതയില്‍, ഒരനര്‍ത്ഥവുംകൂടാതെ നമുക്കു ചരിക്കാം. അവിടുത്തെ നന്മയും കാരുണ്യവും ജീവിതകാലം മുഴുവന്‍ ആസ്വദിക്കാം. അവസാനം അവിടുത്തെ ആലയത്തില്‍ എത്തിച്ചേരുംവരെ ആ ഇടയസ്നേഹം നമ്മെ നയിക്കട്ടെ! ആനയിക്കട്ടെ!! (സങ്കീ. 23).

 “ക്രിസ്തു സ്നേഹത്താല്‍ പിളര്‍ക്കപ്പെട്ടതാകട്ടെ മനുഷ്യഹൃദയങ്ങള്‍!”  – പാപ്പാ ഫ്രാന്‍സിസ്

ഗാനമാലപിച്ചത് മധുബാലകൃഷ്ണനും സംഘവും, രചനയും സംഗീതവും സണ്ണിസ്റ്റീഫന്‍.

നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് ഈശോയുടെ തിരുഹൃദയ മഹോത്സവത്തിലെ സുവിശേഷവിചിന്തനമാണ്. പങ്കുവച്ചത് ഫാദര്‍ വില്യം നെല്ലിക്കല്‍ .
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 June 2019, 11:36