2019-05.25 Image for the reflection of Pasqua VI C week. 2019-05.25 Image for the reflection of Pasqua VI C week. 

ക്രിസ്തു ലോകത്തിനു തരുന്ന പ്രിയവചനം - സമാധാനം

പെസഹാക്കാലം ആറാംവാരം ഞായറാഴ്ചത്തെ സുവിശേഷവിചിന്തനം. വിശുദ്ധ യോഹന്നാന്‍റെ സുവിശേഷം 14, 23-29.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സമാധാനദാതാവായ ക്രിസ്തു - സുവിശേഷചിന്തകള്‍

പാപ്പാ ഫ്രാന്‍സിസിന്‍റെ ഓര്‍മ്മപ്പെടുത്തല്‍
വത്തിക്കാനില്‍ എത്തുന്ന തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും, റോമാ നിവാസികളെയും പാപ്പാ ഫ്രാന്‍സിസ് അനുസ്മരിപ്പിക്കുന്ന പൊതുവായ ഒരു കാര്യമുണ്ട്. അനുദിനം വചനം വായിക്കുക, വചനം വായിച്ചും ധ്യാനിച്ചും പഠിക്കുക.  അങ്ങനെ അതു ജീവിതത്തില്‍ പകര്‍ത്തുക. വചനം മനസ്സിലാക്കുവാനും ഓര്‍ക്കുവാനും പരിശുദ്ധാത്മാവിനോട് പ്രത്യേകം സഹായം അഭ്യര്‍ത്ഥിക്കണമെന്നും, പ്രാര്‍ത്ഥിക്കണമെന്നും വത്തിക്കാനില്‍ പ്രതിവാരമുള്ള പൊതുകൂടിക്കാഴ്ച പരിപാടി, ത്രികാലപ്രാര്‍ത്ഥന തുടങ്ങിയ പരസ്യവേദികളില്‍ പാപ്പാ ഫ്രാന്‍സിസ് ജനങ്ങളെ ഓര്‍മ്മിപ്പിക്കാറുണ്ട്. അങ്ങനെ “ക്രിസ്തുവിന്‍റെ വചനം നാം മനസ്സിലാക്കുകയും ഓര്‍മ്മിക്കുകയും, അതിനായി പരിശുദ്ധാത്മാവിന്‍റെ സഹായം എന്നും തേടുകയും വേണം,” എന്ന് പാപ്പാ ഫ്രാന്‍സിസ് വിശ്വാസികളോടു നിരന്തരമായി  ആഹ്വാനം ചെയ്യുന്നത് ഇവിടെ അനുസ്മരണീയമാണ്.

പരിശുദ്ധാത്മാവ് – ക്രിസ്തുവിന്‍റെ തുടര്‍സാന്നിദ്ധ്യം
പരിശുദ്ധാത്മാവിന്‍റെ വരദാനത്താല്‍ ക്രിസ്തു നമ്മുടെ ചാരത്ത് ഇന്നുമുണ്ട്, നമ്മുടെ മദ്ധ്യേയുണ്ട്, അവിടുന്നു നമ്മുടെ ഉള്ളിലുമുണ്ട്. ദൈവാത്മാവിന്‍റെ സഹായത്താല്‍ ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തുവിനോട് സജീവമായ ബന്ധം പുലര്‍ത്താന്‍ ഇന്നും നമുക്കു സാദ്ധ്യമാണ്. ജ്ഞാനസ്നാനത്തിലൂടെയും സ്ഥൈര്യലേപനത്തിലൂടെയും നമ്മില്‍ കുടികൊള്ളുകയും, നമ്മിലൂടെ നിര്‍ഗ്ഗളിക്കുകയുംചെയ്യുന്ന ദൈവാത്മാവിന്‍റെ വരദാനങ്ങള്‍ അനുദിന ജീവിതത്തില്‍ നമ്മില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. അങ്ങനെ ക്രിസ്തു നമ്മില്‍ ജീവിക്കുന്നു. നാം ക്രിസ്തുവിലും ജീവിക്കുന്നു. നമ്മുടെ ചിന്തകളെയും, പ്രവൃത്തികളെയും, വിവേചനത്തെയും, നന്മതിന്മകള്‍ തിരിച്ചറിയാനുള്ള കഴിവിനെയും പരിശുദ്ധാത്മാവ് തെളിയിക്കുന്നുണ്ട്. അനുദിനം സ്നേഹപ്രവൃത്തികള്‍ ചെയ്യുന്നതിനും, യേശുവിനെപ്പോലെ ജീവിതം സഹോദരങ്ങള്‍ക്കായി സമര്‍പ്പിക്കുന്നതിനും, വിശിഷ്യ അഗതികളും പാവങ്ങളുമായവരെ സഹായിക്കുന്നതിനുമുള്ള തീക്ഷ്ണത ദൈവാത്മാവ് നമ്മില്‍ ഉണര്‍ത്തുന്നുണ്ട്. അതിനാല്‍ നന്മയുടെ ഈ ജീവിത സമര്‍പ്പണത്തില്‍ നാം ഒരിക്കലും അനാഥരല്ല, ഒറ്റയ്ക്കല്ല!  ദൈവാരൂപി സ്നേഹജ്വാലയായ് നമ്മില്‍ വസിക്കുന്നു!!

സമാധാന ദാതാവായ പരിശുദ്ധാത്മാവ്
“അന്ത്യദാനമായി സമാധാനം നിങ്ങള്‍ക്കു തരുന്നു. എന്‍റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ തരുന്നു” (യോഹ. 14, 27). ഇങ്ങനെയാണ് ക്രിസ്തു തന്‍റെ ശിഷ്യന്മാരോടു അന്ത്യത്താഴവിരുന്നില്‍ വാഗ്ദാനംചെയ്തത്. സമാധാനം നമ്മുടെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാകേണ്ടത് പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യത്താലാണ്. ഈ ലോകത്ത് മനുഷ്യര്‍ നേടുവാന്‍ ആഗ്രഹിക്കുന്നതും പരിശ്രമിക്കുന്നതുമായ സമാധാനംപോലെയല്ല ക്രിസ്തു ദാനമായി നല്കുന്നത്.  ക്രിസ്തു തരുന്ന സമാധാനം പാപത്തിന്മേലുള്ള വിജയത്തില്‍നിന്നും നാം ആര്‍ജ്ജിച്ചെടുക്കേണ്ടതാണ്. പാപത്തില്‍നിന്നും, സ്വാര്‍ത്ഥതയില്‍നിന്നും; സഹോദര സ്നേഹത്തില്‍നിന്നും നമ്മെ അകറ്റിനിര്‍ത്തുന്ന ജീവിത രീതിയില്‍നിന്നുമുള്ള മോചനംവഴിയാണ് ക്രിസ്തു തരുന്ന യഥാര്‍ത്ഥമായ സമാധാനം നാം സ്വായത്തമാക്കേണ്ടത്. ഈ സമാധാനം ദൈവികദാനവും, നമ്മിലെ ദൈവികസാന്നിദ്ധ്യത്തിന്‍റെ അടയാളവുമാണ്.

കുരിശുചുമക്കുന്ന ക്രിസ്തുവിനെ അനുധാവനംചെയ്യാനാണ് ഓരോ ക്രിസ്തുശിഷ്യനും വിളിക്കപ്പെട്ടിരിക്കുന്നത്. അങ്ങനെയാണ് അവിടുത്തെ പരമമായ വിജയത്തിനും, രണ്ടാമത്തെ വരവിനെക്കുറിച്ചുള്ള പ്രത്യാശയ്ക്കും, അവിടുന്നു ദാനമായി നല്കുന്ന സമാധാനത്തിനും ഇന്ന് ഓരോ ക്രൈസ്തവനും അര്‍ഹനാകുന്നത്, അര്‍ഹയാകുന്നത്.

രക്ഷയുടെ വഴിയൊരുക്കുന്ന പരിശുദ്ധാത്മാവ്
ഈ ചിന്തകള്‍ ഉപസംഹരിക്കുമ്പോള്‍,  പരിശുദ്ധാത്മാവ് രക്ഷാകരപദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി നമുക്കു നല്കുന്നത് ത്രിവിധ ദൗത്യങ്ങളാണെന്നു മനസ്സിലാക്കാം - ഒരുക്കുക, അഭിഷേചിക്കുക, അയക്കുക.

a. നമ്മെ ഒരുക്കുന്ന സഹായകന്‍
മനുഷ്യരക്ഷയുടെ ജീവിതദൗത്യത്തിനായി യോര്‍ദ്ദാന്‍ തീരത്തേയ്ക്ക്  ഇറങ്ങിവന്ന പരിശുദ്ധാത്മാവാണ് ക്രിസ്തുവിനെ ഒരുക്കിയത്.  ലോകരക്ഷയ്ക്കായി ഒരു വിനീത ദാസന്‍റെ രൂപത്തില്‍ എല്ലാം പങ്കുവയ്ക്കുവാനും,  തന്നെത്തന്നെ പൂര്‍ണ്ണമായി  സമര്‍പ്പിക്കുവാനുമുള്ള ഒരുക്കമാണ് അവിടെ നടന്നത്. വൈവിധ്യങ്ങളുടെയും വ്യതിരിക്തതയുടെയും ചുറ്റുപാടുകളിലും ഐക്യത്തിനും സമാധാനത്തിനുമായി ഹൃദയങ്ങളെ ഒരുക്കണമേയെന്ന് നമുക്ക് പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാം.

b. അഭിഷേചിക്കുന്ന പരിശുദ്ധാത്മാവ്
ക്രിസ്തുവിനെ ആന്തരികമായി അഭിഷേകംചെയ്ത പരിശുദ്ധാത്മാവ് അവിടുത്തെ ശിഷ്യന്മാരെയും അഭിഷേചിച്ചിരിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ അഭിഷേകത്താല്‍ നമ്മുടെ മാനുഷിക സ്വഭാവങ്ങള്‍ ക്രിസ്തുവിന്‍റെ ജീവിതവിശുദ്ധിയാല്‍ മുദ്രിതമാകും. അങ്ങനെ ദൈവം നമ്മോടു കാണിക്കുന്ന സ്നേഹത്തിന്‍റെ തീക്ഷ്ണതയില്‍ സഹോദരങ്ങളെ സ്നേഹിക്കുവാനും ആദരിക്കുവാനും നാം പ്രാപ്തരാകും.

c. നമ്മെ അയയ്ക്കുന്ന ദൈവാരൂപി
അവസാനമായി,  പരിശുദ്ധാത്മാവാണ് നമ്മെ ജീവിത ദൗത്യങ്ങള്‍ക്കായി അയയ്ക്കുന്നത്. പിതാവിന്‍റെ അരൂപിയാല്‍ നിറഞ്ഞ്, അയയ്ക്കപ്പെട്ടവന്‍ ക്രിസ്തുവാണ്. പരിശുദ്ധാത്മാവിനാല്‍ നിറയുമ്പോഴാണ് നമ്മള്‍ - നിങ്ങളും ഞാനും  ക്രിസ്തുവിനെപ്പോലെ സുവിശേഷവാഹകരും സാക്ഷികളുമായി മാറുന്നതും,  അയയ്ക്കപ്പെടുന്നതും. മനുഷ്യജീവിതങ്ങളുടെ ആത്മീയ ഗുരുനാഥനും, ക്രിസ്തുവിന്‍റെ സജീവസ്മരണയുമായ പരിശുദ്ധാത്മാവിനെ വിധേയത്വത്തോടും  വിനയത്തോടുംകൂടെ നമുക്കെന്നും വരവേല്ക്കാം! അനുദിനം ദൈവാത്മാവിനെ ഹൃദയെ സ്വീകരിക്കാം!!

ഗാനമാലപിച്ചത് ബാബു പുളിക്കലാണ്, രചന ഫാദര്‍ മൈക്കിള്‍ പനച്ചിക്കല്‍, സംഗീതം റാഫി കാരക്കാട്ട്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 May 2019, 13:45