Vatican News
ഉണ്ണി യേശുവിനെ കൈകളിൽ വഹിക്കുന്ന പരിശുദ്ധ അമ്മ ഉണ്ണി യേശുവിനെ കൈകളിൽ വഹിക്കുന്ന പരിശുദ്ധ അമ്മ   (©CURAphotography - stock.adobe.com)

മെയ് മാസം മാതാവിനോടുള്ള വണക്കമാസം

മാതാവിനോടുള്ള ഭക്തിയിൽ വളരാൻ മെയ് മാസം നമ്മെ ക്ഷണിക്കുന്നു.

സി.റൂബിനി സി.റ്റി.സി , വത്തിക്കാന്‍ ന്യൂസ്

മാതാവിനോടുള്ള വണക്കമാസം

മെയ് മാസം മാതാവിനോടുള്ള വണക്കമാസമെന്നാണ് കത്തോലിക്കാ വിശ്വാസികൾ വിളിക്കുന്നത്. പൂക്കാലത്തിന്‍റെ മണവും, നിറവും, സൗന്ദര്യവും മെയ് മാസത്തെ പ്രകാശിപ്പികുമ്പോൾ പരിശുദ്ധ അമ്മയെ കുറിച്ചുള്ള ധ്യാനവും, വണക്കവും അമ്മയിൽ നിന്നും ലഭിക്കുന്ന അനുഗ്രഹദാനങ്ങളും നമ്മുടെ ജീവിതത്തെയും മനോഹരമാക്കുന്നു. പരിശുദ്ധ ദൈവമാതാവിനെ കുറിച്ചുള്ള ചിന്തയും,  ധ്യാനവും നമ്മുടെ അനുദിന ജീവിതാനുഭവങ്ങളെ പ്രശാന്തതയോടെ സമീപിക്കാനും പ്രതിസന്ധികളെ പ്രത്യാശയോടെ അഭിമുഖിരിക്കരിക്കാനും സഹായിക്കുന്നു.പരിശുദ്ധ അമ്മ എന്തുകൊണ്ടാണ് നമ്മുടെ ജീവിതത്തിൽ ഇത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്ന് ചിന്തിക്കുമ്പോൾ നമുക്ക് പറയാനുള്ളത് ഒന്നുമാത്രമേയുള്ളൂ. അവൾ ദൈവത്തിന്‍റെ  അമ്മ മാത്രമല്ല മറിച്ച് അവൾ നമ്മുടെയും അമ്മയാണെന്നാണ്.

കൈകൂപ്പി തൊഴേണ്ട രൂപമാണ് 'അമ്മ'

ഒരു യുഗം മുഴുവനുംകണ്ണീരിലാഴ്ത്തിയാലും,ഹൃദയം തല്ലിത്തകർത്തുടച്ചാലും ഒരു കടൽ നിറയെ സ്നേഹം കാക്കുന്നവൾ അമ്മയാണെന്ന് കവി പറയുന്നു.  എവിടെയൊക്കെ പോയി മറഞ്ഞാലും എന്തൊക്കെ ചെയ്താലും എത്ര വൈകിവന്നാലും നമുക്കായി കാത്തിരിക്കുന്നവളും, എല്ലാം മറന്നു സ്വീകരിക്കുന്നവളും അമ്മയാണ്. അമ്മയാണ് നമ്മുടെ ജീവിതത്തിന്‍റെ പ്രതിസന്ധിഘട്ടങ്ങളിൽ താങ്ങായും തണലായും കൂടെ നില്‍ക്കുന്നവള്‍‍. കുറ്റപ്പെടുത്താൻ കാരണങ്ങളുണ്ടായാലും അവയെല്ലാം മറന്നും, മറച്ചുപിടിച്ചും നമ്മെ സംരക്ഷിക്കുന്നവളാണ് അമ്മ.  അവളുടെ ചെറിയൊരു സ്പർശനത്തിനും, ചെറിയ പുഞ്ചിരിക്കും സൗഖ്യപ്പെടുത്താൻ കഴിയും. തന്‍റെ ജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളിലും നമ്മുടെ ഓർമ്മകളുമായി ജീവിക്കുന്നവളാണ് അമ്മ. അമ്മയുടെ സാന്നിധ്യത്തിലൂടെയും അവളുടെ അസാന്നിധ്യത്തില്‍ പോലും മക്കളുടെ ജീവിതത്തിന്  അവള്‍ ബലം നല്‍കുന്നു.

പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പാ അല്‍മായർക്കും, കുടുംബങ്ങൾക്കും ജീവനും വേണ്ടിയുള്ള   പൊന്തിഫിക്കൽ ഡിക്കാസ്റ്റ്രി ഒരുക്കിയ  സമ്മേളനത്തെ  അഭിസംബോധന ചെയ്തവസരത്തില്‍ ഗർഭസ്ഥ ശിശുവും അമ്മയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നും ഒരു കുഞ്ഞു തന്‍റെ ഉദരത്തിൽ രൂപം കൊള്ളുമ്പോൾ കുഞ്ഞിനെ പ്രസവുക്കുന്നതിന് മുമ്പു തന്നെ അവൾ അമ്മയായി തീരുന്നുവെന്നും ഓര്‍മ്മപ്പെടുത്തി. മാതൃത്വത്തിന്‍റെ ഏറ്റവും മഹത്വപൂർണ്ണമായ ഘടകമാണിത്. പിന്നീടുള്ള അവളുടെ യാത്രയിൽ അമ്മയ്ക്ക് കുഞ്ഞു ജീവനായിത്തീരുന്നു. അതുകൊണ്ട് തന്നെയാണ് സ്വന്തം ജീവൻ നഷ്ടപ്പെടുത്തി എത്രയോ അമ്മമാര്‍ കുഞ്ഞിന് ജീവൻ നൽകി കടന്നു പോകുന്നത്. അമ്മയുടെ സ്നേഹം മരണത്തെ പോലും തോൽപ്പിക്കുന്നു.

“ഉള്ളിൽ ഒരു പീഠം ഇട്ട് കുടിയിരുത്തി നെയ്‌വിളക്ക് കത്തിച്ചുവെച്ച് എന്നും കൈകൂപ്പി തൊഴേണ്ട രൂപമാണ് അമ്മ. ഒരു കുടുംബത്തിലെ മുഴുവൻ വ്യഥകളും ചേർത്തു വായിക്കുമ്പോഴാണ് ഒരമ്മ ഉണ്ടാകുന്നതെന്ന്” അടയാളങ്ങൾ എന്ന ഗ്രന്ഥത്തില്‍ ഗ്രന്ഥകര്‍ത്താവ് സൂചിപ്പിക്കുന്നുണ്ട്. അങ്ങനെ ജീവിതത്തിൽ തനിക്കായി ഒന്നും മാറ്റിവയ്ക്കാതെ മറ്റുളളവർക്കായി ജീവിക്കുന്നവളാണ് അമ്മ. കുഞ്ഞ് വിശപ്പറിയുന്നതിന് മുമ്പ് കുഞ്ഞിന്‍റെ വിശപ്പറിയുന്നവൾ. തനിക്ക് ഒന്നുമില്ലെങ്കിലും എല്ലാവർക്കും എല്ലാമായല്ലോയെന്നോർത്തു സന്തോഷിക്കുന്നവൾ. നമ്മെ വേദിയിൽ പ്രദർശിപ്പിച്ചതിനുശേഷം അണിയറയുടെ പിന്നാമ്പുറങ്ങളിൽ നിന്ന് നമ്മുടെ പ്രകടനങ്ങളെ ആസ്വദിച്ച് അനുഗ്രഹിക്കുന്നവൾ.

ദൈവത്തിന്‍റെയും നമ്മുടെയും അമ്മ

ജീവിതത്തിൽ അമ്മയെ കുറിച്ചുള്ള നല്ല ഓർമ്മകളെ നാം തിരിച്ചറിയുന്നതും, പൂജ്യമായി കാണുന്നതും ഒരുപക്ഷേ അവൾ ഇല്ലാതെ പോകുന്ന ഇരുണ്ട ദിനങ്ങളിലായിരിക്കും. നമ്മുടെ ജീവിതത്തിന്‍റെ തിരിയായി, ത്യാഗമായി. സ്നേഹമായിരുന്ന അമ്മ നമ്മുടെ ജീവിതത്തിലില്ലായെന്ന യാഥാർത്ഥ്യം നമ്മെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടാകും. ഈ വേദനയാണ് അമ്മയ്ക്കും മക്കൾക്കും തമ്മിലുള്ള സ്നേഹത്തിന്‍റെ ഏറ്റവും ഊഷ്മളത നിറഞ്ഞ ബന്ധമെന്ന് പറയുന്നത്. ഇങ്ങനെ ജീവിച്ചിരുന്നപ്പോഴും, ജീവിക്കുമ്പോഴും പിന്തുടരുന്ന അമ്മ നമ്മെ മുന്നിലേക്ക് നയിച്ച് സ്വയം പിന്നിലായിരിക്കാൻ ഇഷ്ടപ്പെടുന്നു. നമ്മുടെ ജീവിതത്തിന്‍റെ എല്ലാ അർത്ഥത്തിലും അമ്മ എന്ന നന്മയും, വികാരവും, സുകൃതവും അലിഞ്ഞിരിക്കുന്നു. നമുക്ക് ജന്മം നൽകിയ അമ്മയുടെ സ്നേഹത്തിനും ത്യാഗത്തിനും വിശുദ്ധിയുടെ മുഖങ്ങളുള്ളത് പോലെ നമ്മോടൊപ്പം, സഞ്ചരിക്കുന്ന ദൈവത്തിന്‍റെയും നമ്മുടെയും അമ്മയായ പരിശുദ്ധകന്യകാമറിയതിനു നമ്മോടു അതിരില്ലാത്ത കരുണയും, വാത്സല്യവുമുണ്ടെന്നു നമ്മുടെ ജീവിതാനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു. അമ്മയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് സ്വർഗ്ഗം നമുക്ക് തന്ന ഒരു അമ്മയെ കുറിച്ച് നമുക്ക് ധ്യാനിക്കാം.

അസ്വസ്ഥകളെ അനുഗ്രഹമാക്കിയ അമ്മ

നമുക്ക് തന്ന ഏറ്റവും വലിയ സമ്മാനമായ ജപമാല എന്ന സംരക്ഷണവലയത്തിൽ നമ്മെ സൂക്ഷിക്കുന്ന കന്യകാമറിയം. ജീവിതം തന്നതെല്ലാം ദൈവത്തില്‍ നിന്നു മാത്രമാണെന്ന് കരുതി ജീവിച്ച കന്യകാമറിയം,  നമ്മോടും  അങ്ങനെ ജീവിക്കാനാണ് ആവശ്യപ്പെടുന്നത്. സ്വപ്നങ്ങളും, പ്രതീക്ഷകളും നിറഞ്ഞ ഒരു സാധാരണ പെൺകുട്ടി വിവാഹത്തിന്‍റെ സുന്ദര നിമിഷങ്ങളിലേക്ക് പ്രവേശിക്കുവാൻ കാത്തിരുന്നു. ദൈവത്തിന്‍റെ അമ്മയുടെ ദാസിയാകാനുള്ള ആഗ്രഹത്തെ ദൈവത്തിന്‍റെ അമ്മയാകാനുള്ള യാഥാര്‍ത്ഥ്യമായി  ദൈവം മാറ്റിയപ്പോൾ ദൈവത്തിന്‍റെ ആഗ്രഹത്തിനു വേണ്ടിമാത്രം ജീവിക്കുന്നവാന്‍ അവള്‍ തന്നില്‍ത്തന്നെ സമര്‍പ്പിതയായി.

സദ്വാർത്ത വിളമ്പിയ അമ്മ

മാലാഖയുടെ മംഗളവാർത്ത മറിയത്തെ അസ്വസ്ഥപ്പെടുത്തിയെങ്കിലും മനുഷ്യപുത്രന് മനുഷ്യാവതാരം ചെയ്യാൻ തന്‍റെ ഉദരത്തെ സമര്‍പ്പിച്ചത് ദൈവത്തിന്‍റെ ഇഷ്ടം നിറവേറ്റാൻ തീരുമാനിച്ചത് കൊണ്ടാണ്.  ജീവിതത്തിന്‍റെ ശുഭവാർത്തകൾ കേൾക്കുവാനും, പറയുവാനും ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. നമുക്ക് ലഭിക്കുന്നതെല്ലാം  മംഗള വാർത്തകളായിരിക്കണമെന്ന് നിർബന്ധമില്ല. പരിശുദ്ധാത്മാവിലൂടെ ഗർഭധാരണം എന്ന മനുഷ്യബുദ്ധിക്കു നിരക്കാത്ത സത്യം മറിയത്തെ അസ്വസ്ഥപ്പെടുത്തിയെങ്കിലും പുരുഷനെ അറിയാത്ത ഞാൻ എങ്ങനെയാണ് ഗർഭവതി ആകുകയെന്ന് മാലാഖയോടു ചോദ്യം  ചോദിക്കുമ്പോൾ അമ്മ തന്‍റെ ജീവിതത്തെക്കുറിച്ചും, സമർപ്പണത്തെ കുറിച്ചും ഉണര്‍വ്വുള്ളവളായിത്തീരുന്നു. നമ്മുടെ ജീവിതത്തിലും ദൈവത്തോടു ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. ദൈവത്തോടു ചോദിക്കാതെ മനുഷ്യരെ ആശ്രയിച്ചു പോകുമ്പോൾ നമ്മുടെ ജീവിതം കൂടുതൽ അപകടത്തിലാകും എന്നുള്ള സൂചനയാണ് പരിശുദ്ധമറിയം നമുക്ക് നൽകുന്നത്. ഒരു ക്രൈസ്തവന്‍ എങ്ങനെ ജീവിക്കണം എന്നതിന്‍റെ വലിയ ഒരു ഉദാഹരണമാണ് പരിശുദ്ധഅമ്മ. സ്ത്രീകൾക്ക് യാതൊരു പ്രാധാന്യവും നൽകപ്പെടാതിരുന്ന ഒരു കാലഘട്ടത്തിൽ പരിശുദ്ധാത്മാവിലൂടെ ഗർഭിണിയാകുമെന്ന മാലാഖയുടെ സന്ദേശത്തിനു അമ്മ വിധേയപ്പെടുന്നു. അസ്വസ്ഥപ്പെടുത്തിയ സന്ദേശത്തെ ദൈവത്തെ കൂടുതൽ ആശ്രയിക്കാനുള്ള തന്‍റെ സമ്മതമായി ഇതാ കർത്താവിന്‍റെ ദാസി എന്ന വാക്കിലൂടെ വെളിപ്പെടുത്തുകയാണ്.

വചനത്തെ മാംസം ധരിപ്പിച്ച് സുവിശേഷത്തിന്‍റെ ആഘോഷമാക്കി മാറ്റുകയാണ് പരിശുദ്ധ അമ്മ.  ശുശ്രൂഷയുടെ സുവിശേഷം നൽകുവാനായി പരിശുദ്ധ അമ്മ എലിസബെത്തിനെ സന്ദർശിക്കുവാൻ പോകുന്നു. അസ്വസ്ഥതകൾ ഉണ്ടായിരുന്നിട്ടും അത്യാവശ്യകാരിയായ എലിസബെത്തിനെ സന്ദർശിക്കുവാന്‍ തിടുക്കത്തില്‍ യാത്രചെയ്യുന്ന അമ്മ. അങ്ങനെ  ദൈവ കൃപ ലഭിച്ചവർ തമ്മില്‍ പരസ്പരം കണ്ടുമുട്ടുമ്പോൾ സ്തോത്രഗീതം ഉയർത്തപ്പെടുന്നു. നമ്മുടെ സന്ദർശനവും മറ്റുള്ളവർക്ക് ദൈവത്തിന്‍റെ കൃപയെ പ്രകീർത്തിക്കുന്ന സ്തോത്രഗീതമായിത്തീർക്കണമെന്നു പരിശുദ്ധ അമ്മയുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു.

അർപ്പണത്തിന്‍റെ അമ്മ

ജീവിതം എല്ലാവരോടും എല്ലാറ്റിലും സമർപ്പണം ആവശ്യപ്പെടുന്നുണ്ട്. മറ്റുള്ളവരുടെ സമർപ്പണത്തിന്‍റെന്‍റെ ഫലം അനുഭവിക്കുന്നവരാണ് നാമോരോരുത്തരും. ജനനം മുതൽ മരണംവരെയും അതിനു ശേഷം നമുക്കായി നാമറിയാതെ, നമ്മെ അറിയിക്കാതെ പലരും നമുക്ക് വേണ്ടി ജീവിതത്തെയും, പ്രാർത്ഥനയെയും. സമയത്തെയും സമർപ്പിച്ചു കൊണ്ടിരിക്കുന്നു. മറ്റുള്ളവരുടെ അദ്ധ്വാനത്തിന്‍റെയും, സ്വപ്നങ്ങളുടെയും, സഹനങ്ങളുടെയും, ത്യാഗത്തിന്‍റെയും ഫലമാണ് നമ്മുടെ ജീവിതം. ജനനം മുതൽ മരണം വരെയും കാൽവരി യാത്രയിലൂടെ ക്രിസ്തുവിന് ധൈര്യത്തിന്‍റെയും, വിശ്വാസത്തിന്‍റെയും, പ്രത്യാശയുടെയും പൊതിച്ചോറു നൽകിയ പരിശുദ്ധഅമ്മ നമ്മെ നോക്കി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നുണ്ട്. ജീവിതത്തിന്‍റെ അനർത്ഥങ്ങളിൽ ഒരിക്കലും പ്രത്യാശ നഷ്ടപ്പെടാതെ ആശ്വാസവും അനുഗ്രഹവും സമ്മാനിക്കാനായി പരിശുദ്ധ അമ്മ നമ്മോടൊപ്പം യാത്രചെയ്യുന്നു.

ജപമാലയുടെ സുകൃതം നൽകിയ അമ്മ

പരിശുദ്ധ അമ്മയുടെ വണക്കമാസമായി മെയ് മാസത്തിൽ നാം അനുസ്മരിക്കുന്നു.പരിശുദ്ധ അമ്മയെ വണങ്ങുവാനും, ആദരിക്കുവാനും അമ്മയുടെ സംരക്ഷണം സഭാമക്കൾക്ക് ലഭിക്കുവാനും തിരുസഭയിൽ നൂറ്റാണ്ടുകളായി ആചരിക്കപ്പെടുന്നതാണ് ജപമാലപ്രാർത്ഥനയും പരിശുദ്ധ വ്യാകുലമാതാവിനോടുള്ള ഭക്തിയും.വിശുദ്ധ ഡൊമിനിക്കിന് പരിശുദ്ധ അമ്മ നൽകിയ സംരക്ഷണത്തിന്‍റെ സമ്മാനമാണ് ജപമാല. സന്തോഷത്തെിന്‍റെയും ദുഃഖത്തിന്‍റെയും മഹിമയുടെയും മൂന്നു രഹസ്യങ്ങളോട് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പാ പ്രകാശത്തിന്‍റെ രഹസ്യങ്ങളും ജപമാലയിൽ കൂട്ടിച്ചേർത്തു. ജപമാല മണികളിലൂടെ നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾ നിരവധിയാണ്. പരിശുദ്ധ അമ്മ ജപമാല പ്രാര്‍ത്ഥനയിലൂടെ നമുക്ക് സ്വർഗ്ഗത്തിൽ നിന്നും കൃപകൾ ധാരാളം വാങ്ങി തരുന്നുണ്ട്. അതുപോലെതന്നെ വ്യാകുല മാതാവിനോടുള്ള പ്രാർത്ഥനയിലൂടെയും, ഭക്തിയിലൂടെയും നമുക്ക് പല അനുഗ്രഹങ്ങളും നൽകുന്നതായി തിരുസഭ നമ്മെ പഠിപ്പിക്കുന്നു.

വ്യാകുലങ്ങളെ വഹിച്ച അമ്മ

11ആം നൂറ്റാണ്ടിൽ ആരംഭിച്ച ഒരു ഭക്തകൃത്യമാണിത്. 1233, ആഗസ്റ്റ് 15 ആം തിയിതി  ഫ്ലോറെൻസിലെ ലൗഡേസി എന്ന സംഘടനയിൽപ്പെട്ട ചെറുപ്പക്കാർ മറിയത്തിന്‍റെ ചിത്രത്തിനു മുന്നിൽ തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ച് പാടിക്കൊണ്ടിരുന്നപ്പോൾ ആ ചിത്രം ചലിക്കുന്നതായി അവര്‍ കണ്ടു. ആ രൂപത്തിൽ പരിശുദ്ധ കന്യകാമറിയം ശവസംകാരത്തിനു ധരിക്കുന്ന രീതിയിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നതായാണ് അവർ കണ്ടത്. അന്ന് മുതലാണ് വ്യാകുലങ്ങളെ കുറിച്ചുള്ള ഭക്തി ആരംഭിക്കുന്നത്. അവരും കറുത്ത വസ്ത്രം ധരിച്ചാണ് ഈ ഭക്തി തുടർന്ന് കൊണ്ടിരുന്നത്. പിന്നീടിത് ഇറ്റലിയിലും ലോകം മുഴുവനിലും വ്യാപിക്കുകയും ചെയ്തു. ആദ്യം ഈ ഭക്തി വിശുദ്ധവാരത്തിൽ മാത്രമായിരുന്നു.അതിനു ശേഷം വ്യാകുലമാതാവിന്‍റെ തിരുന്നാളായി വിശുദ്ധ വാരത്തിനു മുൻപുള്ള വെള്ളിയാഴ്ച അനുസ്മരിക്കപ്പെടുന്നു.

അമ്മയുടെ വ്യാകുലങ്ങൾ

ദേവാലയത്തിൽ വച്ചുള്ള ശിമയോന്‍റെ പ്രവചനം, ഈജിപ്തിലേക്കുള്ള പാലായനം ദേവാലയത്തിൽവച്ച് യേശുവിനെ നഷ്ടപ്പെടല്‍, കുരിശിന്‍റെ വഴിയില്‍ വച്ച് യേശുവും മാതാവും തമ്മിലുള്ള കൂടിക്കാഴ്ച്ച, കുരിശുമരണം, ഈശോയുടെ തിരുശരീരത്തെ കുരിശിൽ നിന്നും ഇറക്കി മാതാവിന്‍റെ മടിയിൽ കിടത്തിയത്, ഈശോയെ കല്ലറയില്‍ അടക്കം ചെയ്യപ്പെട്ടത് എന്നിവയാണ് പരിശുദ്ധ അമ്മയുടെ ഏഴു വ്യാകുലങ്ങൾ.

 ഈ ഏഴ് വ്യാകുലങ്ങളിലൂടെ പരിശുദ്ധ അമ്മ നമ്മെ ഓർമ്മപ്പെടുത്തുന്നത് ക്രൈസ്തവ ജീവിതത്തിൽ വരുന്ന പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടതെങ്ങനെയെന്നാണ്. പ്രത്യാശ നിറഞ്ഞ ചുവടുവെപ്പുകളോടെ ദൈവത്തിന്‍റെ മുമ്പില്‍ സമർപ്പണത്തെ സമ്പൂർണ്ണമാക്കിയതു കൊണ്ടാണ് നമ്മെ ഓരോരുത്തരെയും സംരക്ഷിക്കുവാൻ കുരിശിൻ ചുവട്ടിൽ വച്ച് യേശു മാതാവിനെ നമുക്ക് നൽകിയത്. പരിശുദ്ധ അമ്മയുടെ ഓർമ്മകളുണർത്തുന്ന ഈ മെയ് മാസത്തിൽ പരിശുദ്ധ അമ്മയെക്കുറിച്ച് ധ്യാനിക്കുന്നതോടൊപ്പം  അമ്മ നമുക്ക് പകർന്നു തരുന്ന വിശ്വസ്ഥതയിലും, വിശ്വാസത്തിലും, ദൈവത്തോടുള്ള വിധേയത്വത്തിലും ജീവിക്കാനുള്ള അനുഗ്രഹം നമുക്ക് സർവ്വശക്തനായ ദൈവത്തോടു പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിൽ അപേക്ഷിക്കാം.

26 May 2019, 10:04