Faith that awakes in China again. Faith that awakes in China again. 

പ്രാര്‍ത്ഥനയുടെ ആര്‍ദ്രഭാവം പ്രകടമാക്കുന്ന ശരണഗീതം

സങ്കീര്‍ത്തനം 25-ന്‍റെ പഠനം - ഭാഗം ഒന്ന്. ആലാപനം ഗാഗുല്‍ ജോസഫും സംഘവും.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഒരു ശരണഗീതത്തിന്‍റെ പഠനം - ഭാഗം ഒന്ന് (ശബ്ദരേഖ)

സങ്കീര്‍ത്തനം 25 ഒരു ശരണഗീതം
സങ്കീര്‍ത്തനം 25-ന്‍റെ പഠനം നാമിന്ന് ആരംഭിക്കുകയാണ്. ഇതൊരു ശരണഗീതമാണ്. ഈ ഗീതം ദാവീദു രാജാവിന്‍റേതെന്ന് പരമ്പരാഗതമായി നിരൂപകന്മാര്‍ അവകാശപ്പെടുന്നു. ശരണകീര്‍ത്തനങ്ങള്‍ വ്യക്തിയുടേതാകാം, സമൂഹത്തിന്‍റേതാകാം. എന്നാല്‍ ഇത് വ്യക്തിയുടേതാണെന്ന് ഘടനയില്‍നിന്നും പദങ്ങളില്‍നിന്നും സുവ്യക്തമാണ്. ജീവിത വ്യഥകളില്‍പ്പെടുന്ന മനുഷ്യന്‍ ദൈവത്തില്‍ ശരണപ്പെടുന്ന ഹൃദസ്പര്‍ശിയായ ഗീതമാണ് 25-Ɔο സങ്കീര്‍ത്തനമെന്ന് വായിക്കുന്ന സാധാരണക്കാരനുപോലും മനസ്സിലാക്കാം. സാഹിത്യഘടനയില്‍ ശരണം പ്രാര്‍ത്ഥനയുടെ ആര്‍ദ്രമായ ഭാവവും ഭാവപ്രകടനവുമാണ്. ഒന്നോര്‍ത്തു നോക്കൂ, മലയാറ്റൂര്‍ മലകയറുന്ന ഭക്തരുടെയും, ശബരിമലയേറുന്ന സ്വാമികളുടേയും ശരണംവിളികള്‍...!

വ്യക്തിഗതവും സാമൂഹികവുമായ ഗീതങ്ങള്‍
ശരണംവിളി വ്യക്തിയുടേതാണെങ്കില്‍ അതിനെ വ്യക്തിഗത ശരണഗീതമെന്നും, സമൂഹത്തിന്‍റേതാണെങ്കില്‍ സാമൂഹിക ശരണഗീതമെന്നും രണ്ടായി തരം തിരിക്കപ്പെട്ടിരിക്കുന്നു. ഇസ്രായേലിന്‍റെ സങ്കീര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതും, ആരാധനയ്ക്ക് ഏറെ ഉപയോഗിക്കുന്നതുമായ വിഭാഗമാണ് ശരണഗീതങ്ങള്‍. പിന്നെ 25-Ɔο സങ്കീര്‍ത്തനത്തെ ഒരു വിലാപഗീതമായി തരംതിരിക്കുന്ന നിരൂപകന്മാരുമുണ്ട്. എന്നാല്‍ പദങ്ങളുടെ അര്‍ത്ഥം പരിശോധിക്കുമ്പോള്‍ ശരണവും വിലാപവും വളരെ അടുത്ത ഭാവവും വികാരവുമാകയാല്‍, രണ്ടിനും അവയുടേതായ തനിമയുണ്ട്, പരസ്പര വ്യത്യാസങ്ങളുമുണ്ട്.

തുടര്‍ന്നുള്ള പഠനത്തില്‍ ഈ ശരണഗീതത്തെ കൂടുതല്‍ മനസ്സിലാക്കുവാന്‍ ശ്രമിക്കാം, സങ്കീര്‍ത്തകനോടൊപ്പം ദൈവത്തില്‍ ശരണപ്പെടാം.
പ്രക്ഷേപണത്തില്‍ ഉപയോഗിക്കുന്ന 25-Ɔο സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം – ഗാഗുല്‍ ജോസഫും സംഘവും.

Musical Version of Ps. 25
എന്നാത്മാവിനെ ഞാനങ്ങേ
സന്നിധി തന്നിലുയര്‍ത്തുന്നു
കര്‍ത്താവേ, സന്നിധി തന്നിലുയര്‍ത്തുന്നു.

സഹായത്തിനുവേണ്ടിയുള്ള നിലവിളി 
ഒരാമുഖം, പിന്നെ പ്രധാനഭാഗം അല്ലെങ്കില്‍ the Body of the Psalm, ഉപസംഹാരം എന്നിങ്ങനെ പൊതുവെ മൂന്ന് ഭാഗങ്ങള്‍ അല്ലെങ്കില്‍ ഘടകങ്ങളാണ് ശരണഗീതങ്ങള്‍ക്കുള്ളതെന്ന് പണ്ഡിതന്മാര്‍ തിട്ടപ്പെടുത്തിയിരിക്കുന്നു.  അത് വ്യക്തിയുടെ ശരണപ്പെടല്‍ ആയാലും സമൂഹത്തിന്‍റെ ശരണം വിളിയായാലും എല്ലാം ഒരുപോലെയാണ്. ആമുഖത്തില്‍ സങ്കീര്‍ത്തകന്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു. സഹായത്തിനുവേണ്ടിയുള്ള നിലവിളി പലപ്പോഴും ആജ്ഞാരൂപത്തിലോ, യാചനാരൂപത്തിലോ, ആവലാതി അല്ലെങ്കില്‍ പരാതിയായിട്ടോ പ്രത്യക്ഷപ്പെടാം. അതിന്‍റെ ആവര്‍ത്തനങ്ങളും ശരണ സങ്കീര്‍ത്തനങ്ങളുടെ പ്രത്യേകതയായി മനസ്സിലാക്കേണ്ടതാണ്. ഇതുവഴി ദൈവത്തില്‍ ശരണപ്പെടുന്ന വ്യക്തി തന്‍റെ ജീവിതത്തില്‍ യാവേയ്ക്കുള്ള വലിയ സ്ഥാനവും, പ്രാധാന്യവും  വിശ്വാസവുമാണ് പദങ്ങളില്‍ പ്രകടമാക്കുന്നത്.  ദൈവത്തില്‍ ശരണപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍, എന്ന് ഗിരിപ്രഭാഷണത്തില്‍ ക്രിസ്തു ഉദ്ബോധിപ്പിക്കുന്നുണ്ടല്ലോ.  കര്‍ത്താവില്‍ ശരണപ്പെടുന്നവര്‍, അത് ആരുതന്നെയായാലും അത് അവരുടെ  ആഴമായ വിശ്വാസ പ്രകടനവും പ്രകരണവുമാണ്. വ്യക്തിയുടെ വേദനയും വിഷമവുമെല്ലാം ദൈവസന്നിധിയിലാണ് വാക്കുകളിലും വരികളിലും, ഈണത്തിലും താളത്തിലും സമര്‍പ്പിക്കപ്പെടുന്നത്.  അങ്ങനെയാണ് നമുക്കീ മനോഹരമായ ഗീതം, ദാവീദിന്‍റെ ശരണഗീതം, സങ്കീര്‍ത്തനം 25 ലഭ്യമായത്.

Musical Version of Ps. 25
എന്നാത്മാവിനെ ഞാനങ്ങേ
സന്നിധി തന്നിലുയര്‍ത്തുന്നു
കര്‍ത്താവേ, സന്നിധി തന്നിലുയര്‍ത്തുന്നു. 
കര്‍ത്താവേ, അങ്ങേ മാര്‍ഗ്ഗങ്ങള്‍ എനിക്ക് മനസ്സിലാക്കിത്തരണമേ
അങ്ങേ വഴികള്‍ എന്നെ പഠിപ്പിക്കേണമേ,
അങ്ങേ സന്നിധിയിലേയ്ക്കെന്നെ നയിക്കണമേ
അങ്ങേ സത്യമെനിക്ക് വെളിപ്പെടുത്തി തരണമേ.

അക്ഷരമാലക്രമത്തില്‍ ആദ്യാക്ഷരപ്രാസമുള്ള
 ഒരപൂര്‍വ്വ ഹെബ്രായ ഗീതം

ആമുഖമായി ഇത്രയും മനസ്സിലാക്കിയ നമുക്ക് ഇനി ഗീതത്തിന്‍റെ ഘടനയിലേയ്ക്ക് കടക്കാം. ഹീബ്രൂ ഭാഷയിലുള്ള മൂലകൃതി രചിക്കപ്പെട്ടിട്ടുള്ളത് അക്ഷരപ്രാസത്തിലാണെന്നതാണ് ഗീതത്തിന്‍റെ ആദ്യത്തെ പ്രത്യേകത. എന്നാല്‍ പരിഭാഷയില്‍ പ്രാസം, പ്രത്യേകിച്ച് മൂലത്തിലേതുപോലുള്ള ആദ്യാക്ഷരപ്രാസം പ്രയോഗിക്കുകയെന്നത്  ആയാസകരമെന്നു മാത്രമല്ല, ചിലപ്പോള്‍ അസാദ്ധ്യവുമായിരുന്നിരിക്കണം. അതിനാല്‍ ഈ സങ്കീര്‍ത്തനത്തിന്‍റെ പരിഭാഷയില്‍ ആദ്യാക്ഷരപ്രാസം പാടേ ഉപേക്ഷിച്ച് പദങ്ങളുടെ ആശയങ്ങള്‍ ചോര്‍ന്നുപോകാതെ വിശ്വസ്തമായി പരിഭാഷപ്പെടുത്താന്‍ ശ്രമിച്ചിരിക്കുകയാണിവിടെ. സങ്കീര്‍ത്തനം, മൂലകൃതിയില്‍ സുന്ദരമായ പദപ്രയോഗങ്ങളും പ്രാസപ്രയോഗങ്ങളുമുള്ള കവിതയാണ്. അക്ഷരപ്രാസം, പദങ്ങളുടെ ആദ്യാക്ഷരങ്ങള്‍ ഹീബ്രുവിലുളള അക്ഷരമാല ക്രമത്തിലാണ് പുരോഗമിക്കുന്നത് എന്നത് ഏറെ ആശ്ചര്യപ്പെടുത്തുന്ന വസ്തുതയുമാണ്.

മലയാളത്തില്‍ ആദ്യാക്ഷരപ്രാസമെന്നും, ഇംഗ്ലിഷില്‍ അതിനെ acrostic or alphabetic construction എന്നും സാഹിത്യകാരന്മാര്‍ വിളിക്കുന്ന രീതികളാണ് ക്രിസ്തുവിനു മുന്‍പേ സങ്കീര്‍ത്തകന്‍ പ്രയോഗിച്ചിട്ടുള്ളത്. അങ്ങനെ ആശയപരമായി ഘടനയില്‍ ഭംഗിയുള്ള വരികളും അവയ്ക്കൊപ്പം അക്ഷരപ്രാസവും കോര്‍ത്തിണക്കിയിരിക്കുന്നതിനാല്‍ വിശുദ്ധഗ്രന്ഥത്തിലെ ശ്രദ്ധേയമായൊരു ഗീതമായി മാറിയിട്ടുണ്ട് 25-Ɔο ശരണസങ്കീര്‍ത്തനം. അടുക്കും ചിട്ടയുമുള്ള ഈ ഗീതം ആദിമസഭയില്‍ പിതാക്കന്മാര്‍ ഉപയോഗിച്ചിരുന്നതായും വിശുദ്ധഗ്രന്ഥ നിരൂപകന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഘടനയുടെ സവിശേഷതയും ഉള്ളടക്കത്തിന്‍റെ ഹൃദ്യമായ യാചനാഭാവവുമായിരിക്കണം ഈ ഗീതം സമൂഹപ്രാര്‍ത്ഥനകളി‍ല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെടുവാനും ഉപയോഗിക്കുവാനും കാരണമാകുന്നതെന്നും നമുക്കു നിഗമിക്കാം.

Musical Version of Ps. 25

എന്നാത്മാവിനെ ഞാനങ്ങേ
സന്നിധി തന്നിലുയര്‍ത്തുന്നു
കര്‍ത്താവേ, സന്നിധി തന്നിലുയര്‍ത്തുന്നു.
കര്‍ത്താവേ, അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം
അങ്ങേയ്ക്കുവേണ്ടി ദിവസം മുഴുവന്‍ ഞാന്‍ കാത്തിരിക്കുന്നൂ
അങ്ങേ മാര്‍ഗ്ഗങ്ങള്‍ എനിക്ക് മനസ്സിലാക്കി തരണമേ
അങ്ങേ വഴികളെന്നെ പഠിപ്പിക്കേണമേ.

ഗീതത്തിലെ സാഹിത്യഗുണങ്ങളും വിജ്ഞാനചിന്തകളും
പദങ്ങളുടെ സൂക്ഷ്മമായ പരിശോധനയില്‍നിന്നും ഗീതത്തിലെ യാചനകളും ശരണപ്രഖ്യാപനങ്ങളും പ്രബോധനപരമായ സന്ദേശങ്ങളും പാപമോചനത്തിനായുള്ള അപേക്ഷയും നമുക്ക് വ്യക്തമായി കിട്ടും. സങ്കീര്‍ത്തകന്‍ അല്ലെങ്കില്‍ ഗായകന്‍ ഇവിടെ പീഡിപ്പിക്കപ്പെടുകയും, തെറ്റായി കുറ്റം ആരോപിക്കപ്പെടുകയും ചെയ്യുന്നതുപോലെയാണ്. കൂടാതെ, സാഹിത്യഗുണങ്ങളും പ്രാര്‍ത്ഥനാശൈലികളും വിജ്ഞാന ചിന്തകളും നിറഞ്ഞതാണ് ഈ സങ്കീര്‍ത്തനമെന്നും നമുക്കു പദങ്ങളുടെ പഠനത്തില്‍നിന്നും മനസ്സിലാക്കാം.

സങ്കീര്‍ത്തനത്തിന്‍റെ മൂലത്തിലുള്ള അവതരണ രീതിയാണ് വ്യക്തിപരമായി ആമുഖപഠനത്തില്‍ ഏറെ ശ്രദ്ധേയമായി തോന്നിയത് - അതായത് ആദ്യാക്ഷരപ്രാസം, അത് മലയാളത്തില്‍ മാത്രമല്ല, മറ്റു ഭാരതീയ ഭാഷകളി‍ല്‍ ഉള്ളതുപോലെ തന്നെ പൗരസ്ത്യ ഹെബ്രായ ഭാഷയിലും ഉപയോഗിച്ചിരിക്കുന്നു എന്ന വസ്തുത സന്തോഷം പകരുന്നതാണ്.

സാഹിത്യത്തിന്‍റെ സാങ്കേതികഭംഗി
കവി ശ്രീമൂലനഗരം വിജയന്‍റെ നാലുവരിക്കവിത മൂളിക്കൊണ്ട് ആദ്യക്ഷരപ്രാസം ശ്രോതാക്കളുടെ മനോദര്‍പ്പണത്തില്‍ വിരിയിച്ച്  ഈ ഖണ്ഡം,  25-Ɔο സങ്കീര്‍ത്തനത്തിന്‍റെ ആമുഖപഠനം നമുക്ക് ഉപസംഹരിക്കാം.

കല്പാന്ത കാലത്തോളം കാതരേ നീയെന്നുള്ളില്‍..
കല്‍ഹാര ഹാരമായ് നിന്നിരുന്നു
കണ്ണടച്ചാലുമെന്‍ കണ്‍മുന്നില്‍ തെളിയുന്ന
കര്‍പ്പൂര വിളക്കാണു നീ, കാതരേ!
കര്‍പ്പൂര വിളക്കാണു നീ.

പഴയ ഈരടി ഓര്‍മ്മയില്‍നിന്നും ഉരുവിടാന്‍ സാധിച്ചത്, അല്ലെങ്കില്‍ അനായാസേന വരികള്‍ ഓര്‍മ്മയില്‍ ഓടിയെത്തിയതിനു കാരണം, സാഹിത്യഘടന തന്നെയാണ്. ഇതുപോലെ കുട്ടികള്‍ക്കും ബാലപാഠങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ആദ്യാക്ഷരപ്രാസത്തി‍ന്‍റെ സാഹിത്യ സാങ്കേതികത ഉപയോഗപ്പെടുത്താറുണ്ടല്ലോ. ഈ നിയോഗത്തോടെയാണ്  സങ്കീര്‍ത്തനത്തിന്‍റെ ഹെബ്രായ മൂലരൂപത്തിലും  ആദ്യാക്ഷരപ്രാസം ഉപയോഗിച്ചിരിക്കുന്നത് എന്ന് പ്രസ്താവിച്ചുകൊണ്ട്സ ങ്കീര്‍ത്തനം 25-ന്‍റെ ആമുഖപഠനം, ആദ്യഭാഗം നമുക്കിവിടെ ഉപസംഹരിക്കാം.  അടുത്ത പ്രക്ഷേപണത്തില്‍ നാം പദങ്ങളുടെ പഠനത്തിലേയ്ക്ക് പ്രവേശിക്കും.

Musical Version of Ps. 25
എന്നാത്മാവിനെ ഞാനങ്ങേ
സന്നിധി തന്നിലുയര്‍ത്തുന്നു
കര്‍ത്താവേ, സന്നിധി തന്നിലുയര്‍ത്തുന്നു.
കര്‍ത്താവേ, അങ്ങു നല്ലവനും നീതിമാനുമാകുന്നു
പാപികള്‍ക്കെന്നും അവിടുന്നു നേര്‍വഴി കാട്ടുന്നു
വിനീതരെ തന്‍റെ വഴി അവിടുന്ന് പഠിപ്പിക്കുന്നു.
കര്‍ത്താവേ, അങ്ങേ ഉടമ്പടിയും പ്രമാണങ്ങളും
പാലിക്കുന്നവരെ അങ്ങ് കാക്കേണമേ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 February 2019, 10:04