Mosaic art of fr. marko rupnik sj, Rome Mosaic art of fr. marko rupnik sj, Rome 

പ്രത്യക്ഷീകരണം ദൈവസ്നേഹത്തിന്‍റെ സാര്‍വ്വലൗകികത

ക്രിസ്തുമസ് കഴിഞ്ഞുവരുന്ന രണ്ടാംവാരം ഞായര്‍, പ്രത്യക്ഷീകരണ മഹോത്സവത്തിലെ സുവിശേഷ വിചിന്തനം. വിശുദ്ധ മത്തായിയുടെ സുവിശേഷം 2, 1-12 വരെ വാക്യങ്ങള്‍

 - ഫാദര്‍ വില്യം നെല്ലിക്കല്‍

പ്രത്യക്ഷീകരണമഹോത്സവന്‍റെ ചിന്തകള്‍ - ശബ്ദരേഖ


പ്രത്യക്ഷീകരണവും രക്ഷയുടെ സാര്‍വ്വലൗകികതയും
ഇസ്രായേലിലെ ഇടയന്മാരാണ് ബെതലഹേമിലെ പുല്‍ത്തൊട്ടിയിലേയ്ക്ക്,  അവിടെ ജനിച്ച ദിവ്യഉണ്ണിയെ കാണാന്‍ ആദ്യം ഇറങ്ങിപ്പുറപ്പെട്ടത്. എന്നാല്‍, യഹൂദരുടെ രാജാവും ലോകരക്ഷകനുമായ ഉണ്ണിക്ക് കാഴ്ചകള്‍ സമര്‍പ്പിച്ച കിഴക്കുനിന്നും എത്തിയ പൂജരാജാക്കളെയാണ് പ്രത്യക്ഷീകരണ മഹോത്സവത്തില്‍ നാം അനുസമരിക്കുന്നത്. വിജാതീയരും വിദൂരസ്ഥരുമായ രാജാക്കളുടെ ബെതലഹേമിലേയ്ക്കുള്ള സന്ദര്‍ശനവും അവരുടെ പ്രതീകാത്മകമായ കാഴ്ചകളും സൂചിപ്പിക്കുന്നത്, ക്രിസ്തു ഈ ഭൂമിയില്‍ ജാതനായത് ഒരു ജനത്തെ രക്ഷിക്കുവാനല്ല, മറിച്ച് സകല ലോകത്തെയും രക്ഷിക്കുവാനാണ്. 

ദൈവസ്നേഹത്തിന്‍റെ സാര്‍വ്വ ലൗകികത
പ്രത്യക്ഷീകരണ മഹോത്സവം, അല്ലെങ്കില്‍ സാധാരണ പറയാറുള്ളതുപോലെ “പൂജരാജാക്കളുടെ തിരുനാള്‍,” നമ്മുടെ കാഴ്ചപ്പാടിന്‍റെ ചാക്രവാളങ്ങളെ വിപുലീകരിക്കുകയും വിശാലമാക്കുകയും ചെയ്യുന്നു. കാരണം ഇത് ദൈവസ്നേഹത്തിന്‍റെ സാര്‍വ്വലൗകികതയുടെ പ്രത്യക്ഷീകരണമാണ്. രക്ഷയുടെ സാര്‍വ്വലൗകിക സ്വഭാവത്തിന്‍റെ വെളിപ്പെടുത്തലാണിത്. തിരഞ്ഞെടുക്ക പ്പെട്ടവര്‍ക്കോ, അനുകൂല്യം അവകാശപ്പെടുന്നവര്‍ക്കോ മാത്രമായി തന്‍റെ സ്നേഹം ക്രിസ്തു തരംതിരിച്ചുവച്ചിട്ടില്ല. അത് സകലര്‍ക്കുമായി നല്കുകയാണുണ്ടായത്. സകല ലോകത്തിനുമായി തുറന്നിട്ട ഒരു സാകല്യ സംസ്കൃതി ക്രിസ്തുവിന്‍റെ പ്രത്യക്ഷീകരണ മഹോത്സവത്തില്‍ തെളിഞ്ഞു കാണാം.

ദൈവം സകലര്‍ക്കുമായി നല്കുന്ന രക്ഷയുടെ വിളി
ദൈവം ഈ ലോകത്തുള്ള സകലത്തിന്‍റെയും, സകലരുടെയും സ്രഷ്ടാവും പിതാവും ആയിരിക്കുന്നതുപോലെ, അവിടുന്ന് സകലരുടെയും രക്ഷകനുമാണ്. ആകയാല്‍ നാം ഓരോ വ്യക്തിയിലും, നമ്മുടെ ഓരോ സഹോദരങ്ങളിലും, വിശിഷ്യാ ദൈവത്തിന്‍റെ അപരിമേയവും വിശ്വാസ്യവുമായ സ്നേഹത്തില്‍നിന്നും അകന്നിരിക്കുന്നവരില്‍,  അവരുടെ രക്ഷയിലുള്ള പ്രത്യാശയും വിശ്വാസവും വളര്‍ത്തിയെടുക്കേണ്ടതാണ്. കാരണം, ഏറെ താഴ്മയില്‍ വിനീതനായി നമ്മിലേയ്ക്കു വന്നവനാണ് ദൈവം. എങ്കില്‍ ആ ദൈവത്തെ അറിഞ്ഞവരായ ജനം, നിങ്ങളും ഞാനും, മറ്റുസഹോദരങ്ങളെ അവിടുത്തെ തിരുസന്നിധിയിലേയ്ക്കു  ആനയിക്കേണ്ടതാണ്.

ക്രിസ്തുവിനെ തേടിയുള്ള ആത്മീയയാത്ര
ക്രിസ്തുവിനെ തേടി അവിടുത്തോട് ഐക്യപ്പെടുവാനുള്ള ആത്മാവിന്‍റെ യാത്രയാണ് സുവിശേഷത്തിലെ പൂജരാജാക്കളുടെ സംഭവം വെളിപ്പെടുത്തുന്നത്. രക്ഷയെക്കുറിച്ച് അവര്‍ക്കു ലഭിച്ച അടയാളങ്ങളോട് ഏറ്റവും ശ്രദ്ധാലുക്കളായിരുന്നു അവര്‍. അന്വേഷണപാതയിലെ പ്രതിസന്ധികളെ തരണംചെയ്യുവാനുള്ള സന്നദ്ധതയോടെ, പതറാതെയുള്ള മുന്നേറ്റമായിരുന്നു അവരുടേത്. ശ്രദ്ധയോടുകൂടെയും, തളരാതെയും, ധൈര്യപൂര്‍വ്വകവുമായ യാത്രയായിരുന്നു അത്.

ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയില്‍ ഒളിഞ്ഞിരിക്കുന്ന ജീവിതത്തിന്‍റെ സകല പ്രത്യാഘാതങ്ങളും സ്വീകരിക്കുവാനും ഉള്‍ക്കൊള്ളുവാനും അവര്‍ സന്നദ്ധരായിരുന്നു. അതിനാല്‍ പൂജരാജാക്കളുടെ അനുഭവം വിളിച്ചോതുന്നത് ക്രിസ്തുവിനെ അന്വേഷിച്ചിറങ്ങുന്ന ഓരോ മനുഷ്യന്‍റെയും ആത്മീയയാത്രയാണ്.

അദൃശ്യമായ ദൈവികപ്രഭ തേടിയുള്ള യാത്ര
തങ്ങളുടെ ജീവിത പരിസരങ്ങളില്‍നിന്നും ഇറങ്ങിപ്പുറപ്പെട്ട പൂജരാജാക്കളെപ്പോലെ, ആകാശത്തു കണ്ട നക്ഷത്രത്തെ നോക്കി ദൈവത്തെ അന്വേഷിച്ചിറങ്ങുന്നത്, നമ്മുടെ ഹൃദയങ്ങളോടു മന്ത്രിക്കുന്ന അദൃശ്യമായ ദൈവികപ്രഭ തേടിയുള്ള യാത്രയായിരിക്കും, ആത്മീയയാത്ര! നമ്മെ ദൈവത്തിലേയ്ക്കു നയിക്കുവാനും, നമ്മുടെ ഹൃദയങ്ങളെയും സമൂഹങ്ങളെയും തെളിയിക്കുവാനും കെല്പുള്ള ദിശാതാരം ദൈവവചനമാണ്, ക്രിസ്തുവിന്‍റെ സുവിശേഷമാണ്. തിരുവചനം ജീവിതപാതയില്‍ വെളിച്ചം നല്കുകയും, വിശ്വാസജീവിതത്തെ നവീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യും. അതിനാല്‍ ദൈവവചനം അനുദിനം വായിച്ചും പഠിച്ചും ധ്യാനിച്ചും നമുക്ക് ജീവിതയാത്രയില്‍ മുന്നേറാം. കാരണം, അത് നമുക്കും, നമ്മുടെ കൂടെയുള്ളവര്‍ക്കും, പ്രത്യേകിച്ച് ക്രിസ്തുവിലേയ്ക്കുള്ള വഴി കണ്ടെത്താന്‍ വിഷമിക്കുന്നവര്‍ക്കും, ആഗ്രഹിക്കുന്നവര്‍ക്കും മാര്‍ഗ്ഗദീപമാകും. “കര്‍ത്താവേ, അങ്ങയുടെ വചനം എന്‍റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്”! (സങ്കീര്‍ത്തനം 119, 115).  

ക്രിസ്തുവിന്‍റെ സൂര്യതേജസ്സില്‍ തിളങ്ങുന്ന സഭ
ജരൂസലേം പട്ടണത്തിന്‍റെ ഭാവിമഹത്വം വിളിച്ചോതുന്ന ഏശയ പ്രവാചകന്‍റെ വാക്കുകള്‍ ശ്രദ്ധേയമാണ്. “ ജരൂസലേമേ, ഉണര്‍ന്നു പ്രശോഭിക്കുക, നിന്‍റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്‍റെ മഹത്വം നിന്‍റെമേല്‍ ഉദിച്ചിരിക്കുന്നു” (60, 1). “പ്രകാശം” എന്ന് ഇവിടെ പറയുന്നത് ദൈവമഹത്വമാണ്. അതുകൊണ്ട് സഭയോ, സഭാമക്കള്‍ ആരെങ്കിലുമോ വ്യാമോഹിക്കരുത്, സഭയുടെ പ്രകാശമാണ്, അല്ലെങ്കില്‍ സഭയുടെ മാത്രം നന്മയാണ് ഇന്ന് ലോകത്ത് തെളിയുന്നതെന്ന്. ഒരിക്കലുമല്ല, അത് ദൈവമഹത്വമാണ്, ദൈവിക തേജസ്സാണ്!

സഭയുടെ  മൗതികരഹസ്യം
സഭാപിതാവായ വിശുദ്ധ അംബ്രോസ് ധ്യാനിക്കുന്നത്,  സഭയെ ചന്ദ്രനോട് ഉപമിച്ചുകൊണ്ടാണ്. സഭ ചന്ദ്രനെപ്പോലെയാണെന്നാണ് മിലാനിലെ മെത്രാനും മഹാപണ്ഡിതനും സിദ്ധനുമായ അംബ്രോസ് വിശേഷിപ്പിച്ചിട്ടുള്ളത്. ചന്ദ്രന്‍ സ്വയം പ്രകാശിക്കുന്നില്ല. ക്രിസ്തുവാകുന്ന സൂര്യന്‍റെ പ്രഭയേറ്റാണ് ചന്ദ്രനാകുന്ന സഭ പ്രകാശിക്കുന്നത്. നീതി സൂര്യനായ ക്രിസ്തുവിന്‍റെ പ്രകാശ കരിണങ്ങളേറ്റാണ് സഭയാകുന്ന ചന്ദ്രന്‍ പ്രഭാപൂരമാകുന്നത്. അതിനാല്‍ സഭ ഏറ്റുപറയേണ്ടതും മനസ്സിലാക്കേണ്ടതും, “ഞാനല്ല, എന്നാല്‍ ക്രിസ്തു എന്നില്‍ ജീവിക്കുന്നു”  (ഗലാത്തിയര്‍ 2, 20). ഇരുളില്‍ മനുഷ്യര്‍ക്ക് പ്രകാശമായി തെളിയുന്ന യഥാര്‍ത്ഥ വെളിച്ചം ക്രിസ്തുവാണ്. ക്രിസ്തുവിനാല്‍ പ്രകാശപൂരിതമാക്കപ്പെടാനും, അവിടുന്നില്‍ നങ്കൂരമടിച്ചു ജീവിക്കാനും സാധിക്കുന്നിടത്തോളം, സഭയ്ക്ക് ആ വെളിച്ചം ചുറ്റുമുള്ള മനുഷ്യരുടെ ജീവിതപരിസരങ്ങളിലേയ്ക്കും - വ്യക്തികളിലേയ്ക്കും ജനങ്ങളിലേയ്ക്കും പകര്‍ന്നുകൊടുക്കാനാകും. അതുകൊണ്ടാണ് പിതാക്കന്മാര്‍ ചന്ദ്രന്‍റെ മൗതികരഹസ്യം (Mysterium Lunae) സഭയില്‍ കണ്ടത്.   

പ്രകാശം പരത്തുന്നവര്‍
ക്രൈസ്തവവിളിയോടും മാനുഷിക ഉത്തരവാദിത്ത്വങ്ങളോടും സത്യസന്ധമായും ഉചിതമായും പ്രതികരിക്കണമെങ്കില്‍ ക്രിസ്തുവിന്‍റെ പ്രകാശം (Lumen Christi) ജീവിതത്തില്‍ നമുക്ക് അനിവാര്യമാണ്. സുവിശേഷപ്രഘോഷണം ഒരു തൊഴിലല്ല, അത് ഒരു പൊതുവായ ഉത്തരാവാദിത്ത്വമല്ല, അത് മതപരിവര്‍ത്തനവുമല്ല. സഭ പ്രേഷിതയാണ് അല്ലെങ്കില്‍ ഒരു മിഷണറിയാണെന്നു പറയുമ്പോള്‍ സഭയുടെ അടിസ്ഥാസ്വഭാവം വെളിപ്പെടുത്തുന്ന രീതിയാണത്. സഭയുടെ ദൗത്യപ്രകാശന രീതിയാണത്. ക്രിസ്തുവിന്‍റെ ആത്മീയ പ്രകാശം, അല്ലെങ്കില്‍ സുവിശേഷ വെളിച്ചം സ്വീകരിച്ചിട്ടുള്ളവര്‍ അത് ജീവിതത്തില്‍ പ്രതിഫലിപ്പിക്കുകയും, മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും വേണമെന്നാണ് അതിനര്‍ത്ഥം. ക്രിസ്തുവിനെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയാണിന്ന്. അവര്‍ക്ക് സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ജീവിതത്തിലൂടെ ദൈവപിതാവിന്‍റെ മുഖകാന്തി കാണിച്ചുകൊടുക്കാന്‍ ക്രൈസ്തവര്‍ക്കാകണം.

ക്രിസ്തുവില്‍ തെളിയുന്ന മാനവികൈക്യം
ഈ ഭൂമിയിലെ ഓരോ സൃഷ്ടവസ്തുക്കളും ജീവജാലങ്ങളും ദൈവികസത്യത്തിന്‍റെ ചെറുകണങ്ങളാണെന്ന സത്യം വിളിച്ചോതുകയാണ് വിശുദ്ധ മത്തായിയുടെ സുവിശേഷം പ്രതിപാദിക്കുന്ന പൂജരാജാക്കള്‍! കാരണം, സൃഷ്ടവസ്തുക്കള്‍ എല്ലാം - ചെറുതും വലുതുമായത് എല്ലാം... സ്രഷ്ടാവിന്‍റെ ദാനമാണ്. അതിനാല്‍ സകല ജനതകളും നല്ലവനും വിശ്വസ്തനുമായ പിതാവിനെ ആദരിക്കേണ്ടത് അനിവാര്യമാണ്. പിതാവായ ദൈവം തന്‍റെ ഭവനത്തിലേയ്ക്കു ക്ഷണിക്കുന്ന, ലോകമെമ്പാടുമുള്ള വിവിധ സംസ്കാരങ്ങളുടെയും ജനതകളുടെയും പ്രതീകമാണ് പൂജരാജാക്കള്‍. യേശുവിനു മുന്നില്‍ വംശങ്ങളുടെയും ഭാഷകളുടെയും സംസ്ക്കാരങ്ങളുടെയും ഭിന്നിപ്പുകള്‍ ഇല്ലെന്നാണ് പ്രത്യക്ഷീകരണോത്സവം പഠിപ്പിക്കുന്നത്.  അങ്ങനെ ബെതലഹേമിലെ ദിവ്യശിശുവില്‍ മാനവകുലം മുഴുവനും കൂട്ടായ്മ കണ്ടെത്തുന്നു.

 ജീവിതവഴികളിലെ വെളിച്ചമാകാം!
മനുഷ്യഹൃദയങ്ങളില്‍ - ലോകത്തെ സ്ത്രീപുരുഷന്മാരുടെ ഹൃദയാന്തരാളത്തില്‍ ദൈവത്തിനായുള്ള  അഭിവാഞ്ഛ പൂര്‍വ്വോപരി കാണാനും മനസ്സിലാക്കാനുമുള്ള ഉത്തരവാദിത്ത്വം സഭയ്ക്കുണ്ട്. ലക്ഷോപലക്ഷം ജനങ്ങളാണ് ഇന്ന് ലോകത്ത് ജീവിതത്തില്‍ അര്‍ത്ഥം കണ്ടെത്താനാവാതെ ഉഴലുന്നത്. അവര്‍ക്കു ബെതലഹേമിലേയ്ക്കും ക്രിസ്തുവിലേയ്ക്കും വഴിതെളിക്കുന്ന താരങ്ങളുടെ പ്രകാശധോരണി വേണം. പുല്‍ത്തൊഴുത്തില്‍ ഉണ്ണിയായി പിറന്ന, ദൈവത്തിന്‍റെ പക്കലേയ്ക്ക് അനുയാത്രചെയ്യുന്നവരുടെ ജീവിതവഴികളിലെ വെളിച്ചമാകാം നമുക്ക്, എളിയ വഴികാട്ടികളാകാം . ക്രിസ്തുസ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ചെറുതാരങ്ങളായി നമുക്കു പ്രകാശിക്കാം!

ഉപസംഹാരം
വിശ്വപ്രകാശമായ ക്രിസ്തുവിന്‍റെ സുവിശേഷമൂല്യങ്ങള്‍ ഇനിയും ലോകത്ത് പ്രകാശിപ്പിക്കുവാന്‍ തക്കവിധം നമ്മുടെ ജീവിതങ്ങളെ നയിക്കാന്‍ കരുത്തുനല്കണേയെന്ന് രക്ഷയുടെ നഭസ്സിലെ ഉഷഃകാലതാരമായ പരിശുദ്ധ കന്യകാനാഥയോടു പ്രാര്‍ത്ഥിക്കാം. ക്രിസ്തുവില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ട് – അവിടുത്തെ വചനത്തിന്‍റെ വെളിച്ചത്തില്‍ ശ്രദ്ധയോടും, തളരാതെയും, ധൈര്യപൂര്‍വ്വവും ജീവിതയാത്രയില്‍ മുന്നേറാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 January 2019, 17:49