Jose Sanches del Rio - young martyr and saint - Josè Sanches del Rio Jose Sanches del Rio - young martyr and saint - Josè Sanches del Rio 

പനാമയില്‍ യുവജനങ്ങള്‍ക്കു മദ്ധ്യസ്ഥരാകുന്ന പുണ്യാത്മാക്കള്‍

യുവജനങ്ങള്‍ക്ക് യാത്രയില്‍ മദ്ധ്യസ്ഥരും മാതൃകകളുമായി പുണ്യവതികളും പുണ്യവാന്മാരും.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ലോക യുവജനോത്സവത്തിന്‍റെ സ്ഥാപകന്‍ ഉള്‍പ്പെടെ 8 വിശുദ്ധാത്മാക്കള്‍
എല്‍ സാല്‍വദോറിലെ രക്തസാക്ഷി, ഓസ്‍കര്‍ റൊമേരോ ഉള്‍പ്പെടെ 8 വിശുദ്ധാത്മാക്കള്‍ ഇത്തവണ പനാമയിലെ ലോക യുവജനോത്സവത്തില്‍ പങ്കെടുക്കുന്ന യുവജനങ്ങള്‍ക്ക് മദ്ധ്യസ്ഥരാകും. സംഘാടക സമിതിയുടെ പ്രസിഡന്‍റും പനാമയുടെ മെത്രാപ്പോലീത്തയുമായ ആര്‍ച്ചുബിഷപ്പ് ഹൊസ്സെ ദൊമീങ്കോ ഉളോവാ അറിയിച്ചു.

1 സാന്‍ സാല്‍വദോറിന്‍റെ വിശുദ്ധനും രക്തസാക്ഷിയുമായ ഓസ്‍കര്‍ റൊമേരോ
2 മെക്സിക്കോയിലെ വിശുദ്ധ ജുവാന്‍ ദിയേഗോ
3 നിക്കരാഗ്വയിലെ വാഴ്ത്തപ്പെട്ട മരിയ റൊമേരോ മെനേസിസ്
4 പെറുവിലെ വിശുദ്ധ റോസ് ദെ ലീമ
5 മെക്സിക്കോയിലെ രക്തസാക്ഷിയും യുവവിശുദ്ധനും ഹൊസ്സെ സാഞ്ചസ്
6 പെറുവിലെ മാര്‍ട്ടി ഡി പോറസ്
7 യുവജനോത്സവത്തിന്‍റെ ഉപജ്ഞാതാവ്, വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ
8 യുവജനങ്ങളുടെ പിതാവായ വിശുദ്ധ ജോണ്‍ബോസ്ക്കോ

യുവജനപാലകരായ വിശുദ്ധര്‍
യുവജനങ്ങള്‍ അവരുടെ ഉടുപ്പും ഭാണ്ഡവും മാത്രമായിട്ടല്ല വരുന്നത്, അവരുടെ കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും കൂട്ടുകാര്‍ക്കുമുള്ള പ്രാര്‍ത്ഥനാനിയോഗങ്ങളും ഉദ്ദിഷ്ടകാര്യങ്ങളുമായിട്ടാണ് പനാമ യുവജനമേളയിലേയ്ക്ക് തീര്‍ത്ഥാടനം നടത്തുന്നത്. യുവജനോത്സവത്തിന്‍റെ മദ്ധ്യസ്ഥരും പാലകരുമായി സംഘാടകസമിതിയിലെ യുവജനപ്രതിനിധികള്‍ തന്നെ തിരഞ്ഞെടുത്ത പ്രത്യേക പുണ്യാത്മാക്കളുടെ മാദ്ധ്യസ്ഥവും സഹായവും തേടിക്കൊണ്ടാണ് ആയിരക്കണക്കിന് യുവജനങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും പനാമയിലേയ്ക്കു സഞ്ചരിക്കുന്നത്. യുവജനങ്ങളുടെ പിതാവായ വിശുദ്ധ ഡോണ്‍ബോസ്ക്കോയെയും, ആഗോള യുവജനോത്സവത്തിന്‍റെ ഉപജ്ഞാതാവായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെയും തങ്ങളുടെ ആത്മീയപാലകരായി യുവജനങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത് ഏറെ പ്രചോദനാത്മകമാണെന്ന് ആര്‍ച്ചുബിഷപ്പ് ഉളോവ പ്രസ്താവിച്ചു.

യാത്രയ്ക്കു പുറപ്പെടും മുന്‍പേതന്നെ ഇവരില്‍നിന്നും ഒരു വിശുദ്ധനെ ഇന്‍റെര്‍നെറ്റിന്‍റെ സഹായത്തോടെ തങ്ങളുടെ മദ്ധ്യസ്ഥരായി തിരഞ്ഞെടുത്തുകൊണ്ടും അവരുടെ മാദ്ധ്യസ്ഥം പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് യുവജനങ്ങള്‍ കരയും കടലും കടന്ന് യുവജനോത്സവ വേദിയിലേയ്ക്ക് ഇറങ്ങിപ്പുറപ്പെടുന്നത്.

പനാമ യുവജനോത്സവത്തിന്‍റെ മദ്ധ്യസ്ഥരായ
പുണ്യാത്മക്കളുടെ ഹ്രസ്വജീവചരിത്രം :

ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവരില്‍ രക്തസാക്ഷിയും നവവിശുദ്ധനുമായ ഓസ്‍കര്‍ റൊമേരോ ഉള്‍പ്പെടെ 6 വിശുദ്ധാത്മാക്കള്‍ ലാറ്റിനമേരിക്കന്‍ മക്കളാണ്. അവരുടെ ജീവിതത്തിലേയ്ക്കൊരു എത്തിനോട്ടം :

1. ഓസ്‍കര്‍ റൊമേരോ 1917—1980
രക്തസാക്ഷിയായ വിശുദ്ധ റൊമേരോ ഏല്‍സാല്‍വദോറിലെ മെത്രാനായിരുന്നു. ദാരിദ്ര്യത്തിനും സ്വേച്ഛാഭരണത്തിനും അനീതിക്കുമെതിരെ പോരാടിയപ്പോള്‍, രാഷ്ട്രീയ വൈരികള്‍ അദ്ദേഹത്തെ അള്‍ത്താരയില്‍ ദിവ്യബലിമദ്ധ്യേ വെടിവെച്ചുവീഴ്ത്തി.  2015-ല്‍ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തി.

2. ജുവാന്‍ ദിയോഗോ 1474-1548
കന്യകാനാഥയുടെ ദര്‍ശനഭാഗ്യമുണ്ടായ മെക്സിക്കോയിലെ പാവം കര്‍ഷകന്‍. തന്‍റെ വസ്ത്രത്തിന്‍റെ തോള്‍വിരിയില്‍ പതിഞ്ഞ അത്യപൂര്‍വ്വമായ അമലോത്ഭവനാഥയുടെ ചിത്രം മനസ്സിലേറ്റി,  ഗ്യാദലൂപെ നഗരത്തില്‍ കന്യകാനാഥയോടുള്ള ഭക്തി  പ്രചരിപ്പിക്കാന്‍ ദേവാലയം പണിയിച്ചു. ആയിരങ്ങള്‍ക്ക് ആത്മീയ അമ്മയും അഭയവുമായ ഗ്വാദലൂപെനാഥയുടെ ആത്മീയപുത്രനാണ് വിശുദ്ധ ജുവാന്‍ ദിയേഗോ.  വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ 2002-ല്‍ മെക്സിക്കൊ നഗരത്തിലെ ഗ്വാദലൂപ്പെ തീര്‍ത്ഥത്തിരുനടയില്‍ വച്ചുതന്നെ ജുവാന്‍ ദിയേഗോയെ  വിശുദ്ധപദത്തിലേയ്ക്ക്  ഉയര്‍ത്തി.

3. വാഴ്ത്തപ്പെട്ട മരിയ റൊമേരോ മെനേസിസ് 1902-1977
ദൈവത്തില്‍നിന്നും തനിക്കു ലഭിച്ച നിരവധി കഴിവുകളുടെയും;  കൂടാതെ സ്വന്തം രോഗത്തിന്‍റെയും,  പെട്ടന്നു തനിക്കു ലഭിച്ച അത്ഭുത  രോഗശാന്തിയുടെയും ദൈവിക വെളിച്ചം യുവജനങ്ങളുമായി പങ്കുവയ്ക്കാന്‍ സലീഷ്യന്‍ സന്ന്യാസിനീ സമൂഹത്തില്‍ (Daughters of Mary Help of Christians) ചേര്‍ന്നു.  ലാളിത്യവും വിശുദ്ധിയുമുള്ള ജീവിതത്തിലൂടെ എന്നും നിക്കരാഗ്വേയിലെ യുവജനങ്ങളുടെ പ്രേഷിതയും ആത്മയ അമ്മയുമായി  ജീവന്‍ സമര്‍പ്പിച്ചു.
വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ 2002-ല്‍ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തി.

4.  റോസ് ദെ ലീമ  1586-1617
പെറുവിലെ ലീമാ നഗരത്തില്‍ അത്യപൂര്‍വ്വമായ യോഗാത്മക ജീവിതത്തിലൂടെ വിശുദ്ധിയിലേയ്ക്കു വളര്‍ന്ന കന്യകയാണ് റോസ് ദെ ലീമ.  ക്ഷമയും സഹനവും ഉപവിയും ത്യാഗപ്രവൃത്തികളും ജീവിതരീതിയാക്കിയവള്‍, യുവത്വത്തില്‍ ഡൊമിനിക്കന്‍ സന്ന്യാസിനീസമൂഹത്തില്‍ ചേര്‍ന്നു.  ഏകാന്തജീവിതത്തിലൂടെ ക്രിസ്തീയ സമര്‍പ്പണത്തിലൂടെയാണ് പുണ്യപൂര്‍ണ്ണത നേടിയത്.  1671-ല്‍ ക്ലെമെന്‍റ്  10-Ɔമന്‍ പാപ്പാ റോസ് ദെ ലീമായെ വിശുദ്ധയായി പ്രഖ്യാപിച്ചു.

5. ഹൊസ്സെ സാഞ്ചസ് 1913-1928
ക്രിസ്തുരാജനോടുള്ള സ്നേഹത്തിന്‍റെ രക്തസാക്ഷിയാണിത്. വിശ്വാസത്തെപ്രതി രക്ഷസാക്ഷിത്വം വരിച്ചത് 14 വയസ്സുള്ളപ്പോഴായിരുന്നു ! മെക്സിക്കോയിലെ ക്രൈസ്തവ പീഡനകാലത്ത് വിശ്വാസം സംരക്ഷിക്കാന്‍ മൂത്തസഹോദരനോടൊപ്പം ക്രൈസ്തവ സൈന്യത്തില്‍ ചേര്‍ന്നു. പിടക്കപ്പെട്ടപ്പോഴും വിശ്വാസം ത്യജിക്കായ്കയാല്‍,  സാഞ്ചസ് പീഡിപ്പിക്കപ്പെട്ടു.  അഗ്നിപരീക്ഷണങ്ങളിലൂടെ രക്തസാക്ഷിത്വം വരിച്ചു. ക്രിസ്തുസ്നേഹത്തിന്‍റെ ധീരസാക്ഷിയായ ഈ  യുവാവിനെ പാപ്പാ ഫ്രാന്‍സിസ് 2016-ല്‍ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തി.

6. മാര്‍ട്ടിന്‍  ഡി പോറസ് 1579-1639
പെറുവിലെ ഡൊമിനിക്കന്‍ സമൂഹത്തിലെ സന്ന്യാസ സഹോദരനായി ജീവിതം ആരംഭിച്ചു. കറുത്തവര്‍ഗ്ഗക്കാരനായതിനാല്‍ അക്കാലഘട്ടത്തില്‍ ഏറെ സാമൂഹിക പരാധീനതകള്‍ സഹിക്കേണ്ടിവന്നു. എന്നാല്‍ ദൈവം അദ്ദേഹത്തിന് അത്ഭുതസിദ്ധികള്‍ നല്കി അനുഗ്രഹിച്ചു. പാവങ്ങളോടുള്ള സ്നേഹം, രോഗീപരിചരണം, ഒരേസമയം രണ്ടിടത്തു പ്രത്യക്ഷപ്പെടാനുള്ള സിദ്ധി, ആസന്നമരണരുടെ പരിചരണം എന്നിവയിലൂടെ മാര്‍ട്ടിന്‍ വിശുദ്ധിയുടെ പടവുകയറുകയും,  ക്രൈസ്തവ സമര്‍പ്പണത്തിന്‍റെ സമുന്നത മാതൃകയുമായി.
1962-ല്‍ വിശുദ്ധനായ ജോണ്‍ 23-Ɔമന്‍ പാപ്പാ മാര്‍ട്ടില്‍ ഡി പോറസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

7. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ 1920 - 2005
പോളണ്ടിലെ സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന്, ലോകമഹായുദ്ധങ്ങളുടെ ഞെരുക്കത്തിലും ഞടുങ്ങലിലും വളര്‍ന്നു. ചെറുപ്പത്തിലെ അമ്മയെയും, യുവാവായിരിക്കെ സഹോദരനെയും അച്ഛനെയും നഷ്ടപ്പെട്ട കരോള്‍ വോയ്ത്തീല സെമിനാരിയില്‍ ചെര്‍ന്നു പഠിച്ചു. അജപാലന സമര്‍പ്പണത്തിന്‍റെ തീവ്രതയാണ് വോയ്ത്തീലയുടെ വിശുദ്ധീകരണ പാത. 1978-ല്‍ ആഗോളസഭയുടെ  ഭരണസാരഥ്യം ഏറ്റനാള്‍മുതല്‍ ക്രിസ്തുവിന്‍റെ സുവിശേഷം ലോകത്തിന്‍റെ അതിര്‍ത്തികളില്‍ എത്തിക്കാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഇറങ്ങിപ്പുറപ്പെട്ടു. നീണ്ട 28 വര്‍ഷക്കാലം
ആ സ്നേഹദൂതന്‍ വിവിധ ഭൂഖണ്ഡങ്ങള്‍ സഞ്ചരിച്ചു,  സുവിശേഷത്തിന്‍റെ സ്നേഹദീപിക ആധുനിക ലോകത്ത് ഉയര്‍ത്തിക്കാട്ടി.  2014-ല്‍ പാപ്പാ ഫ്രാന്‍സിസ് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തി.

 * ലോകത്തെ ഏറ്റവും വലുപ്പമുള്ളതും മനോഹരവുമായ യുവജനസംഗമമെന്ന് ശ്രദ്ധിക്കപ്പെട്ടിട്ടുള്ള സഭയുടെ ആഗോള യുവജനോത്സവത്തിന്‍റെ ഉപജ്ഞാതാവാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ.

8. ഡോണ്‍ബോസ്ക്കോ 1815-1888

ഇറ്റലിയില്‍ പീയഡ്മോണ്ടിലെ ബെക്കി ഗ്രാമത്തിലെ ഇടയച്ചെറുക്കന്‍ ജോണി ബോസ്കോ, ഡോണ്‍ബോസ്കോയായ ചരിത്രം വിശ്വവിഖ്യാതമാണ്.  കളിയും ചിരിയും പഠനവും ജോലിയും ഉല്ലാസവുമെല്ലാം വിശുദ്ധിക്കുള്ള വഴികളാണെന്ന്,  "യുവജനങ്ങളുടെ പിതാവെ"ന്ന് സഭ വിളിക്കുന്ന ഡോണ്‍ബോസ്ക്കോ  യുവജനങ്ങളെ പഠിപ്പിച്ചു. അദ്ദേഹം അവര്‍ക്കൊപ്പം മരണംവരെ അതു ജീവിച്ചു കാണിക്കുകയും ചെയ്തു .  “നിങ്ങള്‍ ദരിദ്രനോ, രോഗിയോ, പാപിയോ ആരുമാവട്ടെ,  യുവാക്കളായിരുന്നാല്‍ മതി  ഞാന്‍ നിങ്ങളെ സ്നേഹിക്കുവാന്‍...!”  എന്ന പ്രയോഗം ഡോണ്‍ബോസ്കോയുടെ ജീവിതസൂക്തമായിരുന്നു. 
1931-ല്‍ 11-Ɔο പിയൂസ് പാപ്പായാണ് ഡോണ്‍ബോസ്ക്കോയെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

Visit Wyd official site : http://worldyouthday.com
tags : intercessors, panama2019, patrons, spiritual preparation

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 January 2019, 15:12