അഭയാര്‍ത്ഥിക്കുട്ടികളുടെ ഗായകസംഘം -സാവോ പാവുളോ ബ്രസീല്‍ അഭയാര്‍ത്ഥിക്കുട്ടികളുടെ ഗായകസംഘം -സാവോ പാവുളോ ബ്രസീല്‍ 

സങ്കീര്‍ത്തനങ്ങള്‍ – “ദൈവം കോറിയിട്ട കവിതകള്‍!”

ബൈബിളിലെ ഏറ്റവും ഹ്രസ്വമായ ഗീതം, സങ്കീര്‍ത്തനം 117-ന്‍റെ പഠനം - നാലാം ഭാഗം.

- ഫാദര്‍ വില്യം നെല്ലിക്കല്‍
സങ്കീര്‍ത്തനപഠനം - ഗീതം 117 ഭാഗം 4.

സങ്കീര്‍ത്തനപഠനം - 221

സങ്കീര്‍ത്തനം 117 മലയാളത്തില്‍ ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം ചിത്ര അരുണും സംഘവും. 

Musical Version : Pslam 117
ജനതകളേ, സ്തുതി പാടുവിന്‍
നാഥനു നല്‍സ്തുതി പാടുവിന്‍.
ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍
ജനപദങ്ങളേ, നിങ്ങള്‍ അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍
ജനപദങ്ങളേ, അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
പാടിപ്പുകഴ്ത്തുവിന്‍.

ഗുരുനാഥനും, അടുത്ത സുഹൃത്തുമാണ് സംഗീതജ്ഞന്‍, അരുളാന്തര്‍. സംഗീതാവിഷ്ക്കാരംചെയ്ത സങ്കീര്‍ത്തന ശേഖരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയപ്പോള്‍, ആല്‍ബം തമിഴില്‍ ശീര്‍ഷകംചെയ്തത് – ‘കടവുളിന്‍ കവിതൈയ്കള്‍’ എന്നാണ്. ഹ്രസ്വമായ സങ്കീര്‍ത്തനപഠനത്തിന്‍റെ രണ്ടാം പദത്തിന്‍റെ വ്യഖ്യാനത്തിലേയ്ക്ക് കടക്കുമ്പോള്‍ മനസ്സിലേയ്ക്കു വരുന്ന ചിന്ത ഇതുതന്നെയാണ് –സങ്കീര്‍ത്തനങ്ങള്‍ ‘ദൈവം കുറിച്ച കവിതകളാണ്. അവ ദൈവനിവേശിതമാണ്. അതുകൊണ്ട് അവ ആശയപരമായി ഇത്രയേറെ മനോഹാരിതയുള്ളതും അര്‍ത്ഥഗര്‍ഭവുമായിരിക്കുന്നുവെന്ന ബോധ്യം ലഭിക്കുന്നു. സങ്കീര്‍ത്തനം 117-ന്‍റെ രണ്ടാമത്തെ പദം ശ്രവിച്ചുകൊണ്ട് പഠനം പുരോഗമിക്കാം.

Recitation :
നമ്മളോടുള്ള അവിടുത്തെ കാരുണ്യം ശക്തമാണ്.
കര്‍ത്താവിന്‍റെ വിശ്വസ്തത എന്നേയ്ക്കും നിലനില്‍ക്കുന്നു.
കര്‍ത്താവിനെ സ്തുതിക്കുവിന്‍.

സകലരുടെയും മുമ്പില്‍ കര്‍ത്താവ് കാരുണ്യവാനും ശക്തനുമാണെന്ന് പ്രകീര്‍ത്തിക്കുക, വാക്കുകളില്‍ ഇതൊരു വമ്പുപറച്ചിലും ആത്മസ്തുതിയുമാണെന്നു തോന്നിയേക്കാം. അവിടുത്തെ വിശ്വസ്തത ശാശ്വതമാണെന്ന് വാക്കുകളില്‍ ഗായകന്‍ സമര്‍ത്ഥിക്കുന്ന ഒരു ആത്മപ്രശംസയാണ്, തീര്‍ച്ചയായും  ഈ ഗീതം! മനുഷ്യന്‍ ദൈവത്തെ സ്നേഹിക്കണം ആരാധിക്കണം ശുശ്രൂഷിക്കണം എന്ന ധ്വനി പദങ്ങളില്‍ ഒളിഞ്ഞിരിക്കുന്നു. ആത്മപ്രശംസയും സ്തുതിപ്പും മനുഷ്യന് സ്വാഭാവികമാണ്. അടുപ്പമുള്ളവരെയും അവരുടെ ജീവിതനന്മകളെയും ആസ്വദിക്കുകയും അറിയുകയും, അവരെ സ്നേഹിക്കുകയും ചെയ്യുമ്പോഴാണ്, അവരെ നാം പ്രശംസിക്കാനും സ്തുതിക്കാനും ഇടവരുന്നത്. ജീവിത ചുറ്റുപാടുകളില്‍ യഥാര്‍ത്ഥമായ കഴിവും നന്മയുമുള്ളവരെ അനുമോദിക്കുകയും, അവരെക്കുറിച്ച് ആത്മപ്രശംസ നടത്തുകയും ചെയ്യുമ്പോള്‍, നാം അവരെ അംഗീകരിക്കുകയും, അവരുടെ നന്മകളില്‍ ഭാഗഭാക്കുകളാകയും ചെയ്യുകയാണ്.

യാഥാര്‍ത്ഥ നന്മയ്ക്ക് പ്രശംസയോ അംഗീകാരമോ ഒന്നും ആവശ്യമില്ല. നന്മ അതില്‍ത്തന്നെ നിലനില്ക്കുന്നു. എന്നാല്‍ അതിന്‍റെ മാറ്റും മേന്മയും അംഗീകരിക്കപ്പെടുമ്പോള്‍ നന്മ വളരുന്നു. മാനുഷിക നന്മ, അല്ലെങ്കില്‍ പ്രാപഞ്ചിക നന്മ ദൈവികനന്മയുടെ പ്രതിഫലനമാണ്. സ്രഷ്ടാവായ ദൈവം സൃഷ്ടവസ്തുക്കളുടെ സ്തുതിക്കും പുകഴ്ചയ്ക്കും യോഗ്യനാണെങ്കിലും, അവിടുത്തേയ്ക്ക് മനുഷ്യന്‍റെ സ്തുതിയോ പുകഴ്ചയോ ആവശ്യമില്ല. മനുഷ്യന്‍റെ ആത്മസ്തുതികൊണ്ട് ദൈവികനന്മയുടെ സത്തയിലോ ഭാവത്തിലോ മാറ്റമൊന്നും ഉണ്ടാകുന്നില്ല. അവിടുത്തെ സ്തിക്കുന്ന മനുഷ്യര്‍ക്കാണ് അതിന്‍റെ നന്മയും മേന്മയും അനുഭവവേദ്യമാകുന്നത്. ജീവിതത്തില്‍ നന്മയും കഴിവും മേന്മയുമുള്ള വ്യക്തികളെയും സംഭവങ്ങളെയും അംഗീകരിക്കുകയും, അതില്‍ സന്തോഷിക്കുകുയം അഭിമാനംകൊള്ളുകയും ചെയ്യുമ്പോള്‍, അല്ലെങ്കില്‍ അവരില്‍ അഭിമാനംകൊള്ളുന്നത് ആ നന്മയില്‍ പങ്കുചേരുന്നതിനു തുല്യമാണ്.       

Musical Version : Psalm 117
ജനതകളേ, സ്തുതി പാടുവിന്‍
നാഥനു നല്‍സ്തുതി പാടുവിന്‍.

2. നമ്മോടുള്ള കര്‍ത്താവിന്‍റെ കാരുണ്യം അചഞ്ചലമാണ്
വാഴ്ത്തുക, വാഴ്ത്തുക നാഥനെ നാം.
കര്‍ത്താവിന്‍റെ വിശ്വസ്തത എന്നേയ്ക്കും നിലനില്ക്കുന്നു.
എന്നേയ്ക്കും നിലനില്‍ക്കുന്നു. വാഴ്ത്തുക, വാഴ്ത്തുക
നാഥനെ എന്നും നാം. നാഥനെ വാഴ്ത്തുക നാം.

സ്തുക്കാനുള്ള ആഹ്വാനത്തിനു പിന്നിലെ പൊരുള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. അലക്ഷ്യമായ ഒരു ക്ഷണമല്ല. അത് നിരങ്കുശമല്ല, തോന്നിയതുപോലെ, ഇഷ്ടാനുഷ്ടത്തില്‍ ചെയ്യുന്ന പ്രവൃത്തിയല്ല. “ദൈവിക സ്വഭാവത്തില്‍ അധിഷ്ഠിതമായ ക്ഷണമെന്നാണ്,” സ്തുതിപ്പിനെ നിരൂപകന്മാര്‍ വിശേഷിപ്പിക്കുന്നത്. കാരണം ദൈവം സ്തുതിക്കും മഹത്വത്തിനും യോഗ്യനാണ്. സ്വഭാവത്തില്‍ അല്ലെങ്കില്‍ സത്തയില്‍ ദൈവം സര്‍വ്വനന്മയാകയാല്‍, പുര്‍ണ്ണനാകയാല്‍, അനശ്വരനാകയാല്‍ സൃഷ്ടികളായ മനുഷ്യര്‍ അവിടുത്തെ സ്തുതിക്കുകയും വാഴ്ത്തുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ സ്നേഹത്തിലും പൂര്‍ണ്ണതയിലും അവിടുന്ന് മഹത്തമനാകയാലും, അവിടുന്ന് സ്നേഹത്തില്‍ വിശ്വസ്തനാകയാലും, ദൈവത്തിന്‍റെ പ്രതിച്ഛായയായ മനുഷ്യര്‍ക്ക് ഒരിക്കലും അവിടുത്തെ സ്തുതിക്കാതിരിക്കാനാവില്ലെന്നാണ് നിരുപകന്മാര്‍ സ്ഥാപിക്കുന്നത്. ദൈവം തന്‍റെ സാര്‍വ്വലൗകികതയിലും മഹത്വത്തിലും സമാരാധ്യനും, സകല സ്തുതികള്‍ക്കും പുകഴ്ച്യ്ക്കും യോഗ്യനുമാണെന്ന് നമുക്ക് പ്രസ്താവിക്കാം.

മനുഷ്യകുലത്തോടുള്ള കര്‍ത്താവിന്‍റെ കാരുണ്യം അചഞ്ചലമാണ്, എന്ന രണ്ടാമത്തെ പദത്തിന്‍റെ പ്രയോഗം കണ്ടിട്ട്, ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്, അത് പുറപ്പാടു ഗ്രന്ഥത്തില്‍ 34-Ɔ൦ അദ്ധ്യായത്തിലെ 6-Ɔമത്തെ പദത്തില്‍ അധിഷ്ഠിതമാണെന്നാണ് (പുറപ്പ്ട് 34, 6). 
ദൈവം മേഘങ്ങളില്‍ ഇറങ്ങിവന്ന് മോശയുടെ മുന്നില്‍ നില്ക്കുകയും യാഹ്വെ എന്ന നാമം അവിടുന്നു പ്രഖ്യാപിക്കയുംചെയ്തു. എന്നിട്ട് ഇപ്രകാരം ഉദ്ഘോഷിച്ചുകൊണ്ട് അയാളുടെ മുന്‍പിലൂടെ കടന്നുപോകയും ചെയ്തു.

“കര്‍ത്താവ് കാരുണ്യവാനും കൃപാനിധിയുമായ ദൈവമാണ്.
കോപിക്കുന്നതില്‍ അവിടുന്ന് വിമുഖനാണ്.
സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരനാണ്!”

ദൈവത്തെക്കുറിച്ചു നാം നേരത്തെ കണ്ടിട്ടുള്ള വിശേഷണം ‘ഹെസെദ്’ Hesed , the loving kindness of God.  ‌ഈ ഹെബ്രായപദം ഇവിടെ ആവര്‍ത്തിക്കപ്പെടുന്നുണ്ട് – ദൈവത്തിന്‍റെ ആര്‍ദ്രമായ കാരുണ്യം. വിവിധ പരിഭാഷകളില്‍ അത് അല്പസ്വല്പ വ്യത്യാസങ്ങളോടെയാണ് പ്രത്യക്ഷപ്പെടുന്നത്. Merciful kindness  ആര്‍ദ്രമായ കാരുണ്യം,   loving kindness കരുണാര്‍ദ്രമായ സ്നേഹം, faithful love വിശ്വസ്തമായ സ്നേഹം, steadfast love പതറാത്ത സ്നേഹം, or  unfailing love  അചഞ്ചലസ്നേഹം എന്നിങ്ങനെ വ്യത്യസ്തവും എന്നാല്‍ വളരെ സമാന്തരവുമായ വിശേഷണപ്രയോഗങ്ങള്‍ ദൈവത്തിന്‍റെ സ്വഭാവത്തെയും വ്യക്തിത്വത്തെയും വരച്ചുകാട്ടാന്‍ സങ്കീര്‍ത്തങ്ങളില്‍ മാത്രമല്ല, വേദഗ്രന്ഥത്തില്‍ ഉടനീളം ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. കര്‍ത്താവിന്‍റെ കാരുണ്യം അചഞ്ചലമാണെന്നാണ് ഗീതത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. വളരെ ശക്തവും ശ്രേഷ്ഠവുമായ പ്രയോഗമാണ് പരിഭാഷയിലെന്നപോലെ, ഹെബ്രായ മൂലരചനയിലും കാണുന്നത്. “തന്‍റെ കാരുണ്യാതിരേകംകൊണ്ട് ദൈവം മഹത്തമനാണ്”, സര്‍വ്വസ്തുതിക്കും മഹത്വത്തിനും യോഹ്യനാണെന്ന ധ്വനിയാണ് ഒറ്റ വാക്കിന്‍റെ പ്രയോഗംകൊണ്ട് ലഭിക്കുന്നത്. അനുദിനജീവിത സാഹചര്യങ്ങളില്‍ നാം പതറിപ്പോകുമ്പോഴും വിഷമിക്കുമ്പോഴും, ജീവിതദുഃഖങ്ങളില്‍ താണുപോകുമ്പോഴും ഓര്‍ക്കാവുന്നതാണ് ഉരുവിടാവുന്നതാണ്, “ദൈവം തന്‍റെ കാരുണ്യാതിരേകംകൊണ്ട് മഹത്തമനാണ്, കരുണാര്‍ദ്രനാണ്, സ്നേഹസമ്പന്നനാണ്, വിശ്വസ്തനാണ്!”  അതിനാല്‍ സങ്കീര്‍ത്തകനോടൊപ്പം നമുക്ക് അവിടുത്തെ വാഴ്ത്താം, സ്തുതിക്കാം, ആരാധിക്കാം!

Musical Version : Pslam 117
ജനതകളേ, സ്തുതി പാടുവിന്‍
നാഥനു നല്‍സ്തുതി പാടുവിന്‍.
ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍
ജനപദങ്ങളേ, നിങ്ങള്‍ അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍
ജനപദങ്ങളേ, അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
പാടിപ്പുകഴ്ത്തുവിന്‍.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 August 2018, 14:52