"ജീവിതം. ചരിത്രത്തിലെ എന്റെ കഥ" ഫ്രാൻസിസ് പാപ്പായുടെ പുതിയ പുസ്തകം
വത്തിക്കാൻ ന്യൂസ്, ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
യൂറോപ്പിലെയും അമേരിക്കയിലെയും വിവിധ രാജ്യങ്ങളിൽ പുറത്തിറങ്ങുന്ന ഹാർപ്പർകോളിൻസ് പ്രസിദ്ധീകരണമായ "ജീവിതം. ചരിത്രത്തിലെ എന്റെ കഥ" എന്ന ഫ്രാൻസിസ് പാപ്പായുടെ പുതിയ പുസ്തകത്തിൽ , അദേഹത്തിന്റെ വ്യക്തിപരമായ അനുഭവങ്ങളെ ഇരുപതാം നൂറ്റാണ്ട് ഇന്നുവരെ അടയാളപ്പെടുത്തിയ മഹത്തായ സംഭവങ്ങളുമായി ഇഴചേർത്തിരിക്കുന്നു.
1939-ൽ രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ മുതൽ മനുഷ്യരാശിയെ അടയാളപ്പെടുത്തിയ സംഭവങ്ങളിലൂടെ തന്റെ ജീവിതത്തിന്റെ കഥ തുറന്നു പറയുന്ന പുസ്തകം 2024ലെ വസന്തകാലത്താണ് പ്രസിദ്ധീകരിക്കുന്നത്.ഇറ്റലി, വടക്കേഅമേരിക്ക , യു.കെ , കാനഡ, ബ്രസീൽ, ഫ്രാൻസ്, ജർമ്മനി, മെക്‌സിക്കോ, പോളണ്ട്, പോർച്ചുഗൽ, സ്‌പെയിൻ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലാണ് പുസ്തകം പ്രസിദ്ധീകരിക്കുക.
ബെർലിൻ മതിലിന്റെ പതനം, അർജന്റീനയിലെ വിഡെലയുടെ അട്ടിമറി, 1969-ലെ ചന്ദ്രാവരോഹണം , 1986-ലെ ലോകകപ്പിൽ മറഡോണ നേടിയ ഗോൾ ദൈവത്തിന്റെ കൈയായി ചരിത്രത്തിൽ ഇടംപിടിച്ച സംഭവം, നാസികളുടെ യഹൂദ ഉന്മൂലനം, ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷം, 2008-ലെ വലിയ സാമ്പത്തിക മാന്ദ്യം, ഇരട്ട ഗോപുരങ്ങളുടെ തകർച്ച, പകർച്ചവ്യാധി,ബെനഡിക്ട് പതിനാറാമന്റെ രാജിയും അദ്ദേഹത്തെ ഫ്രാൻസിസ് എന്ന പേരിൽ പാപ്പയായി തിരഞ്ഞെടുത്ത കോൺക്ലേവും തുടങ്ങി ലോകത്തെ മാറ്റിമറിച്ച നിമിഷങ്ങളെ തന്റെ ഓർമ്മകളിലൂടെ അസാധാരണമാംവിധം വീണ്ടും തുറക്കുന്ന പുസ്തകമാണ് "ജീവിതം. ചരിത്രത്തിലെ എന്റെ കഥ".
സാമൂഹിക അസമത്വങ്ങൾ, കാലാവസ്ഥാ പ്രതിസന്ധി, യുദ്ധം, ആണവായുധങ്ങൾ, വംശീയ വിവേചനം, ജീവിതത്തിന് അനുകൂലമായ പോരാട്ടങ്ങൾ എന്നീ വിഷയങ്ങളിന്മേലുള്ള ഫ്രാൻസിസ് പാപ്പായുടെ സുപ്രധാനസന്ദേശങ്ങളും പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
ഒരു നിശ്ചിത പ്രായമെത്തിയാൽ നമുക്ക് പോലും ഓർമ്മകളുടെ പുസ്തകം വീണ്ടും തുറക്കേണ്ടത് പ്രധാനമാണ്, കാലത്തിലേക്ക് തിരിഞ്ഞുനോക്കിക്കൊണ്ട് പഠിക്കുക, ചെയ്ത പാപങ്ങൾക്കൊപ്പം നാം അനുഭവിച്ച ദുഷിച്ച കാര്യങ്ങളും വിഷലിപ്തമായവയും വീണ്ടും കണ്ടെത്തുക, മാത്രമല്ല ദൈവം അയച്ച എല്ലാ നല്ല കാര്യങ്ങളും പുനരുജ്ജീവിപ്പിക്കുക. ഇത് വിവേചനത്തിന്റെ ഒരു വ്യായാമമാണ്, പുസ്തകത്തെ പറ്റി ഫ്രാൻസിസ് പാപ്പാ അഭിപ്രായപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: