അർമേനിയയിലെ വത്തിക്കാൻ നയതന്ത്രകാര്യാലയം അർമേനിയയിലെ വത്തിക്കാൻ നയതന്ത്രകാര്യാലയം 

അർമേനിയയിൽ പുതിയ അപ്പോസ്‌തോലിക് ന്യൂൺഷിയേച്ചർ

അർമേനിയയിലെ പുതിയ വത്തിക്കാൻ നയതന്ത്രകാര്യാലയം, അപ്പസ്തോലിക് ന്യൂൺഷിയേച്ചർ ആസ്ഥാനം ഉദഘാടനം ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വത്തിക്കാൻ ആഭ്യന്തരകാര്യങ്ങൾക്കായുള്ള തലവൻ ആർച്ച്ബിഷപ് എഡ്ഗാർ പേഞ്ഞ പാറ അർമേനിയയിലെ യെർവാനിൽ ഒക്ടോബർ 27-ന് പുതിയ നയതന്ത്രകാര്യാലയം ഉദ്‌ഘാടനം ചെയ്തു. ഫ്രാൻസിസ് പാപ്പായ്ക്ക് നിങ്ങളുടെ ഈ ശ്രേഷ്ഠമായ രാജ്യത്തെ ജനങ്ങളോടുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും വ്യക്തമായ അടയാളമാണ് ഈ പുതിയ അപ്പോസ്തോലിക് ന്യൂൺഷിയേച്ചർ എന്നും, ഇവിടുത്തെ ക്രൈസ്തവസമൂഹത്തിനു വേണ്ടിയുള്ള സേവനങ്ങളിൽ ഇത് ഉപയോഗപ്രദമാകും എന്ന് പാപ്പാ ആഗ്രഹിക്കുന്നു എന്നും, പുതിയ ന്യൂൺഷിയേച്ചർ തുറക്കുന്ന അവസരത്തിൽ അദ്ദേഹം പറഞ്ഞു.

ജോർജിയയിലേക്കും അർമേനിയയിലേക്കുമുള്ള വത്തിക്കാൻ നയതന്ത്രപ്രതിനിധികളുടെ വസതിയായ, ജോർജിയയിലെ ടിബിലിസിയിലുള്ള നയതന്ത്രകാര്യാലയം പഴയതുപോലെ തുടരും. പരിശുദ്ധ സിംഹാസനത്തിന്റെയും അർമേനിയയിലെ കത്തോലിക്കാസഭയുടെയും പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് വേണ്ടിയാണ് പുതിയ ഈ ഓഫീസ് നിർമ്മിച്ചിരിക്കുന്നത്.

അർമേനിയയിലെ എല്ലാ ആളുകൾക്കും ഉപകാരപ്പെടുന്ന ഒരു നല്ല ബന്ധം സ്ഥാപിക്കുകയാണ് പരിശുദ്ധ സിംഹാസനം പുതിയ ന്യൂൺഷിയേച്ചർ സ്ഥാപിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. അർമേനിയയുമായുള്ള നയതന്ത്രബന്ധത്തിൽ ഒരു പുതിയ ചവിട്ടുപടിയാണ്‌ ഇപ്പോഴത്തെ പുതിയ ഈ സംരംഭം.

അർമേനിയയുട സ്വാതന്ത്ര്യത്തോടെ, 1992 മെയ് 23 മുതലാണ് അർമേനിയയുമായി വത്തിക്കാൻ ഔദ്യോഗിക നയതന്ത്രബന്ധം ആരംഭിച്ചത്. 1992 മെയ് 24-ന് "അർമേനിയാം നാസിയോനെം" (Armeniam Nationem) എന്ന തിരുവെഴുത്തുവഴി വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പാ അർമേനിയയിൽ ന്യൂൺഷിയേച്ചർ സ്ഥാപിച്ചിരുന്നു. 2001 സെപ്റ്റംബറിൽ വിശുദ്ധൻ അർമേനിയ സന്ദർശിച്ചു. 1993 മുതൽ 1997 വരെ നൂൺഷ്യോ ആയി രാജ്യത്തുണ്ടായിരുന്ന ആർച്ച്ബിഷപ് ഷാൻ പോൾ എമേ ഗൊബേൽ ആയിരുന്നു അർമേനിയയിലേക്കുള്ള ആദ്യ വത്തിക്കാൻ പ്രതിനിധി. 2018 മുതൽ ജോർജിയയിലേക്കും അർമേനിയയിലേക്കുമായി നിയമിക്കപ്പെട്ട ആർച്ച്ബിഷപ് ഹൊസെ ബെറ്റെൻകുർട്ട് ആണ് നിലവിൽ അർമേനിയയിലെ അപ്പസ്തോലിക് നൂൺഷ്യോ.

2016 ജൂൺ മാസം 24-ന് ഫ്രാൻസിസ് പാപ്പാ അർമേനിയ സന്ദർശിക്കുകയും അവിടുത്തെ അധികാരികളുമായും, നയതന്ത്രപ്രതിനിധികളുമായി കണ്ടുമുട്ടുകയും ചെതിരുന്നു. ജൂൺ 26-നാണ് ഫ്രാൻസിസ് പാപ്പാ അർമേനിയയിൽനിന്ന് തിരികെപ്പോന്നത്.

റോമിലെ സഭയും അർമേനിയയും തമ്മിലുള്ള ബന്ധം വളരെക്കാലം മുൻപേ ഉള്ളതാണ്. ക്രിസ്തുമതത്തിന്റെ ആരംഭകാലത്ത്, യേശുവിലുള്ള വിശ്വാസം ജറുസലേമിൽ നിന്ന് അന്ന് "അറിയപ്പെടുന്ന ലോകത്തിലേക്ക്" വ്യാപിച്ചപ്പോൾത്തന്നെ അർമേനിയയിൽ ഈ വിശ്വാസം എത്തിയിരുന്നു. അന്നത്തെ വാണിജ്യ സാംസ്കാരിക വിനിമയങ്ങളും, ആളുകൾ തമ്മിലുള്ള കൂടിക്കാഴ്ചകളും ഈ വിശ്വാസപ്രചരണത്തിന് ഒരു സഹായമായി മാറി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 October 2021, 17:09