ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

പാപ്പായുടെ പുതിയ സ്വയാധികാര പ്രബോധനം“ത്രദീസിയോനിസ് കുസ്തോദെസ്” !

പഴയ റോമൻ ആരാധനക്രമമനുസരിച്ചുള്ള ദിവ്യ പൂജാർപ്പണത്തിന് പുതിയ നിബന്ധനകളടങ്ങിയ "മോത്തു പ്രോപ്രിയൊ"

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

1962-ലെ റോമൻ ആരാധാനാക്രമം ദിവ്യബിലിയിൽ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ പാപ്പാ ഭേദഗതി വരുത്തി.

ഈ പഴയ ആരാധനാക്രമമനുസരിച്ച് വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ ഉത്തരവാദിത്വം രൂപതാദ്ധ്യക്ഷനിൽ നിക്ഷിപ്തമാക്കുന്നതാണ്   ഫ്രാൻസീസ് പാപ്പാ “ത്രദീസിയോനിസ് കുസ്തോദെസ്” (“ Traditionis custodes”) എന്ന ലത്തീൻ നാമത്തിൽ പുറപ്പെടുവിച്ച സ്വയാധികാര പ്രബോധനം, അഥവാ, മോത്തു പ്രോപ്രിയൊ വഴി വരുത്തിയിരിക്കുന്ന പരിഷ്ക്കാരങ്ങൾ.

രണ്ടാം വത്തിക്കാൻ സൂനഹദോസും മാർപ്പാപ്പാമാരുടെ പ്രബോധനങ്ങളും വരുത്തിയ ആരാധനാക്രമ പരിഷ്ക്കാരങ്ങളെ മാനിച്ചുകൊണ്ടു വേണം പഴയ റോമൻ ആരാധാനാക്രമം ഉപയോഗപ്പെടുത്തേണ്ടതെന്ന് പാപ്പാ ഈ മോത്തു പ്രോപ്രിയൊയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സ്വന്തം രൂപതയിൽ 1962-ലെ റോമൻ മിസ്സൾ ഉപയോഗിക്കുന്നതിന് അനുമതി നല്കാനുള്ള അധികാരം രൂപതാദ്ധ്യക്ഷനു മാത്രമായി സംവരണം ചെയ്തിരിക്കുന്നു.

എല്ലാ ഇടവക ദേവാലയങ്ങളിലും പഴയ ആരാധനാക്രമമനുസരിച്ച് ദിവ്യബലി അർപ്പിക്കാൻ പുതിയ ഭേദഗതി അനുവദിക്കുന്നില്ല. പ്രത്യുത, മെത്രാൻ നിശ്ചയിക്കുന്ന ദേവാലയങ്ങളിൽ നിശ്ചിത ദിനങ്ങളിൽ, മെത്രാൻറെ പ്രതിനിധിയായ വൈദികൻ മാത്രമായിരിക്കും പഴയ ആരാധനാക്രമമനുസരിച്ചുള്ള കുർബ്ബാന അർപ്പിക്കുക.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 July 2021, 12:49