ശിക്ഷയും മോചനവും - ഫയൽ ചിത്രം (Dante giudizio) ശിക്ഷയും മോചനവും - ഫയൽ ചിത്രം (Dante giudizio) 

വയോധികരും ദണ്ഡവിമോചനവും

മുത്തശ്ശീമുത്തശ്ശന്മാരുടെയും വയോവൃദ്ധരുടെയും ലോകദിനത്തിൽ പൂർണ്ണദണ്ഡവിമോചനം പ്രഖ്യാപിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മുത്തശ്ശീമുത്തശ്ശന്മാരുടെയും വയോവൃദ്ധരുടെയും ലോകദിനമായ ജൂലൈ ഇരുപത്തിഅഞ്ചിന് പൂർണ്ണദണ്ഡവിമോചനം പ്രഖ്യാപിച്ച് അപ്പസ്റ്റോലിക പെനിറ്റൻഷ്യറി. ഫ്രാൻസിസ് പാപ്പാ മുതിർന്ന ആളുകൾക്കായി സ്ഥാപിച്ച ആദ്യലോക ദിനത്തോടനുബന്ധിച്ചാണ്, അല്മായർ, കുടുംബങ്ങൾ, ജീവിതം എന്നിവയ്ക്കുവേണ്ടിയുള്ള കൂരിയ ഓഫീസിന്റെ പ്രീഫെക്റ്റായ കർദിനാൾ കെവിൻ ജോസഫ് ഫാറലിന്റെ (Cardinal Kevin Joseph Farrell) അഭ്യർത്ഥന സ്വീകരിച്ച് പെനിറ്റെൻഷ്യറിയുടെ തലവനായ കർദിനാൾ മൗറോ പിയച്ചൻസ (Cardinal Mauro Piacenza), പൂർണ്ണദണ്ഡവിമോചനം പ്രഖ്യാപിച്ചത്.

ജൂലൈ ഇരുപത്തിയഞ്ചാം തീയതി, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ ഫ്രാൻസിസ് പാപ്പാ അർപ്പിക്കുന്ന പ്രത്യേക വിശുദ്ധബലിയിലോ, ഈ ദിനവുമായി ബന്ധപ്പെട്ട് ലോകത്തിൽ എവിടെയും കത്തോലിക്കാസഭ നടത്തുന്ന മതചടങ്ങുകളിലോ, നേരിട്ടോ മറ്റ് മാധ്യമങ്ങൾ വഴിയോ സംബന്ധിക്കുകയും, പൂർണ്ണദണ്ഡവിമോചനത്തിനുള്ള മറ്റു നിബന്ധനകൾ പാലിക്കുകയുമാണ്, തങ്ങൾക്കുതന്നെയോ ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കളുടെ മോചനത്തിനായോ വേണ്ടി ദണ്ഡവിമോചനാം നേടുവാൻ ചെയ്യേണ്ടതെന്ന് മെയ് പതിമൂന്നാം തീയതി പുറത്തിറക്കിയ രേഖയിൽ പറയുന്നു. ഇതേ ദിവസം, പ്രായമായതോ രോഗികളോ, ഉപേക്ഷിക്കപ്പെട്ടവരോ, ഭിന്നശേഷിക്കാരോ മറ്റു ബുദ്ധിമുട്ടുള്ളവരോ ആയ ആളുകളെ സന്ദർശിക്കുകയും അവർക്കായി കുറച്ചു സമയമെങ്കിലും നീക്കി വയ്ക്കുകയും ചെയ്യുന്ന വിശ്വാസികൾക്കും, മറ്റ് ഉപാധികളോടെ പൂർണ്ണദണ്ഡവിമോചനം നേടാവുന്നതാണ്.

വിശ്വാസികളുടെ ഭക്തിയിൽ വളരാൻ സഹായിക്കുന്നതിനും, ആത്മാക്കളുടെ രക്ഷയ്ക്കുമായയാണ് സഭ ചില പ്രത്യേക അവസരങ്ങളിൽ ദണ്ഡവിമോചനം പ്രഖ്യാപിക്കാറുള്ളത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 June 2021, 11:15