ഫയല്‍ ചിത്രം ഫയല്‍ ചിത്രം  

വിശ്വാസത്തിന്‍റെ വാതിൽ യേശുവിനായി തുറന്നിടാം

ഫിലപ്പീൻസിലെ വിശ്വാസികൾക്ക് അയച്ച വീഡിയോ സന്ദേശത്തിൽനിന്ന്...

- ഫാദർ വില്യം നെല്ലിക്കൽ 

ഫിലിപ്പീൻസിൽ ആദ്യം സുവിശേഷം പ്രഘോഷിക്കപ്പെട്ടതിന്‍റെ 500-ാം വാർഷിക ആഘോഷങ്ങൾ നടക്കുന്ന സുന്ദര മുഹൂർത്തത്തിൽ, ഏപ്രിൽ 4 ഈസ്റ്റർ ദിനത്തിൽ പാപ്പാ ഫ്രാൻസിസ് തന്‍റെ സാന്നിദ്ധ്യം അറിയിച്ചത് ഒരു വീഡിയോ സന്ദേശത്തിലൂടെയായിരുന്നു. യേശു വളർന്ന നസ്രത്ത്, കുരിശുകൾ, പെന്തക്കൂസ്ത എന്നിവയെ ഫിലിപ്പീൻസിലെ ജനതയുടെ വിശ്വാസത്തിന്‍റെ മൂന്നു ദിവ്യരഹസ്യങ്ങളായി സന്ദേശത്തിൽ പാപ്പാ തനിമയോടെ വ്യാഖ്യാനിച്ചു.

1. ഈശോ വളർന്ന നസ്രത്ത്
ഉണ്ണീശോയുടെ ഓമനത്വം തുളുമ്പുന്ന വ്യക്തിത്വത്തെ ഫിലിപ്പീൻസിലെ ജനങ്ങൾ സവിശേഷമായി വണങ്ങുന്നത് അവിടെ വിശ്വാസവെളിച്ചം നാമ്പെടുത്തതിന്‍റെ പ്രതീകം കൂടിയാണെന്ന് പാപ്പാ വിവരിച്ചു. എപ്രകാരം വിശ്വാസദീപം ഫിലിപ്പീൻസിലെ ഒരു ചെറുദ്വീപിലാണ് നാമ്പെടുത്തത്. യൗസേപ്പും മറിയവും യേശുവിനെ സ്നേഹത്തോടെ പോറ്റിവളർത്തി. അതുപോലെ നമ്മുടെ വിശ്വാസത്തിന്‍റെ വാതിൽ ദിവ്യശിശുവിനായി തുറന്നിടുമ്പോൾ, പൂർവ്വീകരിൽനിന്നു സ്വീകരിച്ച വിശ്വാസ വെളിച്ചം നാം ഉൾക്കണ്ട് പകർന്നു നല്‍കുന്നതിനു തുല്യമാണെന്നു പാപ്പാ വ്യാഖ്യാനിച്ചു. ഫിലിപ്പീൻസിൽ പ്രകടമായി കാണുന്ന വിശ്വാസത്തിന്‍റെ ഉറപ്പുള്ളതും, ക്ലേശങ്ങളിലും പ്രത്യാശയോടെ ആനന്ദിക്കുന്നതുമായ സ്നേഹത്തിന്‍റെ കരുതലുള്ള കുടുംബത്തിന്‍റേയും സമൂഹത്തിന്‍റേയും സാഹോദര്യത്തിന്‍റേയും ആഴമായ അരൂപിയെ പാപ്പാ അഭിനന്ദിച്ചു. അതിനാൽ ഫിലിപ്പീൻസിലെ തീർത്ഥാ‌ടക ജനത – അജപാലകരും വിശ്വാസികളും ഇതുവഴി കുരിശിന്‍റെവഴിയിലൂടെയുള്ള ക്രിസ്ത്വാനുകരണത്തിന്‍റെ അർത്ഥം ഗ്രഹിക്കുന്നവരാണെന്നും പാപ്പാ പ്രസ്താവിച്ചു.

2. കുരിശ് - രണ്ടാമത്തെ ദിവ്യരഹസ്യം

ഫിലിപ്പീൻസിലെ വിശ്വാസ ജൂബിലിയുടെ ഒരുക്കത്തിന്‍റെ ആരംഭം മുതൽ അനുഭവിച്ച കൊടുങ്കാറ്റും പേമാരിയും അഗ്നിപർവ്വതത്തിന്‍റെ സ്ഫോടനവും മഹാവ്യാഥിയുമെല്ലാം ജനങ്ങൾ ഏറ്റെടുത്ത വിശ്വാസ ജീവിതത്തിലെ കുരിശുകളായിരുന്നെന്ന് പാപ്പാ വ്യാഖ്യാനിച്ചു. അവയുടെ വേദനയും യാതനയും വഹിച്ചു മുന്നോട്ടുതന്നെ നീങ്ങിയ സഹനയാത്രയെ പാപ്പാ ശ്ലാഘിച്ചു. നിങ്ങളുടെ വിശ്വാസ യാത്രയിലും ജീവിതക്ലേശങ്ങളാൽ പലവട്ടം വീഴുകയും തളരുകയും ചെയ്തെങ്കിലും, നിങ്ങൾ ഉടനെ എഴുന്നേറ്റു,  പിന്നെയും യാത്ര തുടർന്നു. സൈറീൻകാരൻ ശിമയോനെപ്പോലെ യേശുവിനെ തുണച്ചും, അദ്ധ്വാനിച്ചും, പുനർനിർമ്മിച്ചും പരസ്പരം പിൻതുണച്ചും ജനങ്ങൾ ഇനിയും മുന്നേറണമെന്ന് പാപ്പാ ആഹ്വാനംചെയ്തു. ഒരിക്കലും കൈവെടിയാത്ത ദൈവത്തിലുള്ള അവരുടെ വിശ്വാസവും ശരണവും ജീവിതസാക്ഷ്യമാണെന്ന് പാപ്പാ പ്രസ്താവിച്ചു. ഫിലിപ്പീൻസിലെ ജനതയുടെ ക്ഷമയും, പ്രതിസന്ധികളിലും പതറാതെ മുന്നേറുവാനുള്ള അവരുടെ പ്രത്യാശയെയും പാപ്പാ അഭിനന്ദിക്കുകയും അവർക്കു നന്ദിപറയുകയും ചെയ്തു.

3. പെന്തക്കൂസ്ത - മൂന്നാമത്തെ ദിവ്യരഹസ്യം
വിശ്വാസ ജീവിതത്തിൽ എത്തിപ്പെടേണ്ട ലക്ഷ്യമാണ് പെന്തക്കൂസ്തയും പരിശുദ്ധാത്മ സാന്നിദ്ധ്യവുമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. എന്നാൽ അത് നവമായ പുറപ്പാടും തുടക്കവുമാണ്. എന്നും എല്ലാഘട്ടങ്ങളിലും യേശുവിന്‍റെ ചാരത്തുണ്ടായിരുന്ന പരിശുദ്ധ മറിയം പെന്തക്കൂസ്ത നാളിലും പ്രാർത്ഥനാപൂർവ്വം പരിശുദ്ധാത്മാവിന്‍റെ വരവിനായി കാത്തിരുന്ന വേദിയിലും അപ്പസ്തോലന്മാർക്കൊപ്പം സന്നിഹിതയായിരുന്നു. അങ്ങനെ മറിയത്തോടൊപ്പം പരിശുദ്ധാത്മാവിനെ സ്വീകരിച്ച അപ്പസ്തോലന്മാരാണ് ധൈര്യപൂർവ്വം സുവിശേഷ പ്രഘോഷകരായി ലോകത്തിന്‍റെ നാല് അതിരുകളിലേയ്ക്കും ഇറങ്ങിപ്പുറപ്പെട്ടത്.

4. ഉപസംഹാരം
ഫിലിപ്പീൻസിലെ ജനതയുടെ അനുദിന വിശ്വാസ ജീവിതത്തിൽ പെന്തക്കൂസ്തായിൽ അപ്പസ്തോല കൂട്ടായ്മയ്ക്ക് തുണയായ അമ്മ, പരിശുദ്ധ കന്യകാമറിയം എപ്പോഴും തുണയാവട്ടെയെന്ന് പാപ്പാ ആശംസിച്ചു. നവമായൊരു പെന്തക്കൂസ്താ അനുഭവത്തിനായി പരിശുദ്ധ അമ്മയോട് ഇനിയും പ്രാർത്ഥിക്കണമെന്ന് ജനങ്ങളെ ഓർപ്പിച്ചു. “ദാനമായി കിട്ടിയത് ദാനമായി കൊടുക്കുക…,” എന്ന ഈശോയുടെ വാക്കുകൾ (മത്തായി 10, 8) ജൂബിലി വർഷത്തിൽ വിശ്വാസം പങ്കുവയ്ക്കുന്ന ജീവിതങ്ങൾക്കു ശക്തിയാകട്ടെയെന്നും ആശംസിച്ചു. പകർന്നു കിട്ടിയ വിശ്വാസത്തിനും നന്ദിപറഞ്ഞുകൊണ്ട്, സുവിശേഷവത്ക്കരണ പാതയിൽ ഉണർവ്വോടെ ചരിക്കാം, മുന്നേറാം എന്ന് ആഹ്വാനംചെയ്തുകൊണ്ടാണ് പാപ്പാ വാക്കുകൾ ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 April 2021, 13:52