ദാന്തേ അലിഗിയേരി മാർബിൾ ശില്പം - ഫ്ലോറൻസിലെ വിശുദ്ധ കുരിശിന്‍റെ ബസിലിക്കയുടെ ഉമ്മറത്ത്... 1865...ശില്പി എൻറീക്കോ പാസ്സി. ദാന്തേ അലിഗിയേരി മാർബിൾ ശില്പം - ഫ്ലോറൻസിലെ വിശുദ്ധ കുരിശിന്‍റെ ബസിലിക്കയുടെ ഉമ്മറത്ത്... 1865...ശില്പി എൻറീക്കോ പാസ്സി. 

ദാന്തേ അലിഗിയേരിയുടെ സ്മരണയിൽ ഒരു അപ്പസ്തോലിക ലിഖിതം

ദാന്തേയെ അനുസ്മരിക്കുന്ന പാപ്പാ ഫ്രാൻസിസിന്‍റെ അപ്പസ്തോലിക ലിഖിതം (Candor lucis aeternae) “നിത്യതയുടെ മനോഹാരിത” പ്രകാശിതമായി.

- ഫാദർ വില്യം  നെല്ലിക്കൽ 

1. നിത്യതയുടെ മനോഹാരിത
ഇറ്റാലിയൻ ഭാഷയുടെയും സാഹിത്യത്തിന്‍റെയും പിതാവ്, ദാന്തേ അലിഗിയേരിയുടെ 7-ാം ചരമശദാബ്ദി സ്മരണയിലാണ് പാപ്പാ ഫ്രാൻസിസ് അപ്പസ്തോലിക ലിഖിതം പ്രസിദ്ധീകരിച്ചത്. ഡിവൈൻ കോമഡി, ഇൻഫേർണോ പോലുള്ള അതുല്യകൃതികളുമായി സാഹിത്യലോകത്ത് ഇന്നും തിളങ്ങി നില്ക്കുന്ന ദാന്തേയെ അനുസ്മരിക്കുന്ന പാപ്പാ ഫ്രാൻസിസിന്‍റെ അപ്പസ്തോലിക ലിഖിതം Candor lucis aeternae (splendour of Eternal light) “നിത്യതയുടെ മനോഹാരിത” എന്നു പരിഭാഷപ്പെടുത്താവുന്നതാണ്.

2. ജീവിതനന്മതേടിയുള്ള യാത്രയുടെ
രചയിതാവും താത്വികനും സാഹിത്യകാരനും

വടക്കെ ഇറ്റലിയിലെ ഫ്ലോറൻസിൽ 1265-1321 കാലയളവിലാണ് ദാന്തേ ജീവിച്ചിരുന്നത്. മാർച്ച് 25-ന് പ്രകാശിതമായ “നിത്യതയുടെ മനോഹാരിത,” പാപ്പായുടെ പ്രേഷിത ലിഖിതം സെന്‍റ് പോൾസ് ഇന്‍റർനാഷണൽ പ്രസാധകർ ഇംഗ്ലിഷ്, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച്, ജർമ്മൻ,  പോർച്ചുഗീസ് എന്നീ ഭാഷകളിൽ ഏപ്രിൽ 1-മുതൽ രാജ്യാന്തര തലത്തിൽ ലഭ്യമാക്കും. ഇറ്റലിയുടെ ഐതിഹാസിക മഹാകവിയും ഭാഷയുടെയും സാഹിത്യത്തിന്‍റെയും പിതാവുമായ ദാന്തേയുടെ മരണത്തിന്‍റെ 700 വർഷങ്ങൾക്കുശേഷവും അദ്ദേഹത്തിന്‍റെ രചനയുടെ മൂല്യങ്ങൾ വിശ്വാസികളെയും അവിശ്വാസികളെയും ഒരുപോലെ നിത്യതയുടെ മനോഹാരിതയിലേയ്ക്ക് ആകർഷിക്കുന്ന സ്ഥായീഭാവവും കാലിക പ്രസക്തിയും മൂല്യാധിഷ്ഠിതവുമായ രചനയാണെന്ന് പാപ്പാ തന്‍റെ അപ്പസ്തോലിക ലിഖിതത്തിൽ സ്ഥാപിക്കുന്നു.

സന്തോഷം തേടിയുള്ള മനുഷ്യന്‍റെ ജീവിതയാത്ര പൂർത്തീകരിക്കപ്പെടുന്നത് മനുഷ്യത്വം പൂർണ്ണമായും അതിന്‍റെ അന്തസ്സോടും നന്മയുടെ മൂല്യങ്ങളോടും കൂടെ സഹയാത്രികർക്കൊപ്പം മുന്നോട്ടു നയിക്കുമ്പോഴാണെന്ന് ദാന്തേ തന്‍റെ രചനകളിലൂടെ ഇന്നും വെളിപ്പെടുത്തി തരുന്നുവെന്ന് പാപ്പാ “നിത്യതയുടെ മനോഹാരിത” എന്ന തന്‍റെ ചരിത്ര ലിഖിതത്തിൽ വെളിപ്പെടുത്തുന്നു. അങ്ങനെ ദാന്തേയെ സമകാലീന ലോകത്തിന് പ്രത്യാശയുടെ പ്രവാചകനും, കാരുണ്യത്തിന്‍റെ മഹാകവിയുമായി പാപ്പാ പ്രബോധനത്തിൽ  ചിത്രീകരിക്കുന്നു.

3.  പാപ്പായുടെ ലിഖിതം ഒരു ചരിത്രരേഖ
ഇറ്റലിയുടെ പരമോന്നത സാഹിത്യകാരനെയും ഐതിഹാസിക മഹാകവിയെയും ഒരു അപ്പസ്തോലിക ലിഖിതംകൊണ്ട് ആദരിക്കുന്ന ചരിത്രത്തിലെ മൂന്നാമത്തെ സഭാദ്ധ്യക്ഷനാണ് പാപ്പാ ഫ്രാൻസിസ്. 1921-ൽ ബെഡിക്ട് 15-ാമൻ പാപ്പാ In Praeclara summorum “മനോഹരം അതിമോഹനം...” എന്ന ചാക്രിക ലേഖനത്തിലൂടെ ദാന്തെയെ ആദരിച്ചപ്പോൾ, ആധുനികകാലത്ത് പോൾ 6-ാമൻ പാപ്പാ Altissimi cantus “സമുന്നത ഗീതം...” എന്ന അപ്പസ്തോലിക ലിഖിതത്തിലൂടെയും ഈ മഹാകവിയെയും സാഹിത്യകാരനെയും ബഹുമാനിച്ചിട്ടുണ്ട്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 March 2021, 14:35