“അടച്ചുപൂട്ടലി”ന്‍റെ സ്മരണയിൽ പാപ്പാ ദിവ്യബലിയർപ്പിച്ചു

മഹാമാരി കാരണമാക്കിയ അടച്ചുപൂട്ടലോടെ ആരംഭിച്ച ഓൺ ലൈൻ ദിവ്യബലിയുടെ പ്രഥമ വാർഷിക നാളിൽ വത്തിക്കാനിൽ പാപ്പാ ഫ്രാൻസിസ് പ്രത്യേകം ദിവ്യബലി അർപ്പിച്ചു.

- ഫാദർ വില്യം  നെല്ലിക്കൽ 

1. മഹാമാരിമൂലം ആരാധനാലയങ്ങൾ
അടച്ചുപൂട്ടിയപ്പോൾ

ഒരു വർഷംമുൻപ് ലോകത്തെ അതിശയപ്പെടുത്തിക്കൊണ്ട് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം തടയുന്നതിന് ദേശീയ പ്രാദേശീയ തലങ്ങളിൽ പെട്ടന്നു കണ്ടുപിടിച്ച പ്രതിവിധിയാണ് അടച്ചുപൂട്ടൽ (Lock down). യൂറോപ്പിൽ ഇറ്റലിയിലാണ് കൊറോണബാധ ഏറ്റവും ശക്തമായി ആദ്യം പൊട്ടിപ്പുറപ്പെട്ടത്, പിറകെ മറ്റു രാജ്യങ്ങളിലും. റോമാനഗരത്തിലും വത്തിക്കാനിലും ജീവിതം അയാഥാർത്ഥ്യമായൊരു നിശ്ചലാവസ്ഥ കൈക്കൊണ്ടു.

2. വിശ്വാസത്തിൽ വേരൂന്നിയ ദിവ്യബലി സംപ്രേഷണം
ആയിരങ്ങൾ അനുഭവിച്ച മരണത്തിന്‍റെ ഭീതിയും അമ്പരപ്പും കണ്ട് പാപ്പാ ഫ്രാൻസിസ് പ്രാർത്ഥനയിലും വിശ്വാസത്തിലും വേരൂന്നി ആരംഭിച്ചതാണ് പേപ്പൽ വസതിയിലെ സാന്താ മാർത്ത കപ്പേളയിൽ താൻ അർപ്പിക്കുന്ന ദിവ്യബലിയുടെ തത്സമയ സംപ്രേഷണം.

3. ഒരു സാന്ത്വന സാമീപ്യം
പാപ്പായുടെ ദിവ്യബലിയുടെ തത്സമയ പ്രക്ഷേപണം ഇറ്റലിയിൽ മാത്രമല്ല, ലോകമെമ്പാടും വിശ്വാസികൾക്ക് ആത്മീയ സാന്ത്വനമായി. കത്തോലിക്കർ ന്യൂനപക്ഷമായ ചൈനയിൽപ്പോലും ജനങ്ങൾ പാപ്പാ ഫ്രാൻസിസിന്‍റെ ദിവ്യബലിക്കായി കാത്തിരുന്നു. ക്ലേശങ്ങളിൽ സാന്ത്വനമായിരിക്കുക എന്ന സഭയുടെ അടിസ്ഥാന സ്വഭാവവും, ജനങ്ങളുടെ കൂടെയായിരിക്കുക എന്ന അജപാലന ദൗത്യവും പാപ്പാ ഫ്രാൻസിസ് കോവിഡ് 19-അടച്ചുപൂട്ടൽ കാലത്തെ ദിവ്യബലിയിലൂടെ ലോകത്തിനു കാണിച്ചുകൊടുക്കുകയായിരുന്നു. മഹാമാരിയുടെ പിടിയിൽ അമർന്നു ക്ലേശിക്കുന്നവർക്ക് പ്രത്യേക നിയോഗത്തോടെയുള്ള പാപ്പായുടെ ദിവ്യബലിയും അതിനെത്തുടർന്നു നടത്തപ്പെട്ട ഹ്രസ്വമായ ആരാധനയും പാപ്പായുടെ സ്വയംപ്രേരിത പ്രാർത്ഥനയും ലോകമെമ്പാടുമുള്ള ക്രൈസ്തവർക്കു സാന്ത്വനവും സമാശ്വാസവുമായി. 2020 മാർച്ച് 9-നാണ് അനുദിനം പ്രാദേശിക സമയം രാവിലെ 7 മണിക്ക് പാപ്പായുടെ കുർബ്ബാന തത്സമയം സംപ്രേഷണം നടത്തിയത്.

4. വാർഷികനാളിൽ പ്രാർത്ഥനാപൂർവ്വം
വാർഷികനാളിൽ മാർച്ച് 9-ന് ചൊവ്വാഴ്ച തന്‍റെ ദിവ്യബലി തത്സമയം കണ്ണിചേർത്തുകൊണ്ടു പറഞ്ഞത്, തന്‍റെ ബലിയർപ്പണത്തിൽ പ്രത്യേകം കൊറോണ വൈറസ് രോഗികൾക്കും ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റു രോഗീപരിചാരകർക്കും സന്നദ്ധസേവകർക്കുംവേണ്ടി പ്രാർത്ഥിക്കുന്നു എന്നായിരുന്നു.

“എന്നെ രക്ഷിക്കണേ ദൈവമേ, എന്നിൽ കരുണയുണ്ടാകണമേ
നേരായ വഴിയിൽ ചരിക്കാൻ അങ്ങു ഞങ്ങളെ സഹായിക്കണമേ,
സകല ജനതകളുടെ ഇടയിലും ഞാൻ അങ്ങയെ പ്രഘോഷിക്കുന്നു...”

‘ഓൺ ലൈൻ’ - കുർബ്ബാനയുടെ നാളുകളിൽ പാപ്പാ ആവർത്തിച്ച് ഉരുവിട്ടതും മേൽ ഉദ്ധരിച്ചതുമായ സ്വയം പ്രേരിതപ്രാർത്ഥന വാർഷിക ദിവ്യബലിയർപ്പണത്തിലും പാപ്പാ ആവർത്തിച്ചു.

5. മൂന്നു മാസത്തോളം മുടങ്ങാതെ
അടച്ചുപൂട്ടിലിന്‍റെ ഓരോനാളിലും പാപ്പാ ഫ്രാൻസിസ് പ്രത്യേക നിയോഗങ്ങളോടെ ദിവ്യബലിയർപ്പിച്ചു – കുട്ടികൾ, മുതിർന്നവർ, ഡോക്ടർമാർ, നഴ്സുമാർ, സന്നദ്ധസേവകർ, ഭീതിയിലും നിസംഗതയിലും കഴിയുന്നവർ, ജോലിനഷ്ടമായവർ, കുടുംബങ്ങൾ, യുവജനങ്ങൾ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിങ്ങനെ വിവിധ തരക്കാർക്കുവേണ്ടി പാപ്പാ നിരന്തരമായി പ്രാർത്ഥിച്ചു. ഇറ്റലിയിൽ രോഗബാധ നിയന്ത്രണത്തിൽ എത്തുംവരെ – 2020-ലെ മെയ്മാസം അവസാനംവരെ പാപ്പാ പ്രാർത്ഥനയും ദിവ്യബലിയും തുടർന്നു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 March 2021, 15:18