ചാരം പൂശൽ കർമ്മം നിർവ്വഹിക്കുന്ന ഫ്രാൻസീസ് പാപ്പാ 2017 ലെ വിഭൂതിത്തിരുന്നാൾ വേളയിൽ ചാരം പൂശൽ കർമ്മം നിർവ്വഹിക്കുന്ന ഫ്രാൻസീസ് പാപ്പാ 2017 ലെ വിഭൂതിത്തിരുന്നാൾ വേളയിൽ 

പാപ്പായുടെ വിഭൂതി തിരുന്നാൾക്കുർബ്ബാന വത്തിക്കാനിൽ!

കോവിദ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ,ഫ്രാൻസീസ് പാപ്പാ ഇക്കൊല്ലത്തെ തൻറെ വിഭൂതിത്തിരുന്നാൾ തിരുക്കർമ്മങ്ങളുടെ വേദി വിശുദ്ധ പത്രോസിൻറെ ബസിലിക്കയാക്കിയിരിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാശ്ചാത്യ സഭയിൽ വലിയ നോമ്പിന് ആരംഭം കുറിക്കുന്ന വിഭൂതിത്തിരുന്നാൾ തിരുക്കർമ്മങ്ങൾ ഇക്കൊല്ലം പാപ്പാ വത്തിക്കാനിൽ നയിക്കും.

അനുവർഷം റോമിലെ അവന്തിനൊ കുന്നിൽ വിശുദ്ധ ആൻസെലമിൻറെ നാമത്തിലുള്ള ആശ്രമ ദേവലയത്തിലും വിശുദ്ധ സബീനയുടെ നാമത്തിലുള്ള ബസിലിക്കയിലുമായിട്ടാണ് ഫ്രാൻസീസ് പാപ്പാ ഈ തിരുക്കർമ്മം നയിക്കാറുള്ളത്.

എന്നാൽ ഇത്തവണ കോവിദ് 19 മഹാമാരി ഉളവാക്കിയ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ്, പാപ്പാ, ചാരംപൂശൽ കർമ്മമടങ്ങിയ  വിഭൂതിത്തിരുന്നാൾക്കുർബ്ബാന വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ, അർപ്പിക്കാൻ തീരുമാനിച്ചത്.

ഇതിൽ പങ്കെടുക്കുന്നതിനുള്ള വിശ്വാസികളുടെ എണ്ണം, കോവിദ് 19 രോഗപ്രതിരോധ നടപടികളുടെ ഭാഗമായി, പരിമിതപ്പെടുത്തിയിരിക്കുന്നു.

പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, പ്രസ്സ് ഓഫീസ് വെള്ളിയാഴ്ച (05/02/21) ഇറക്കിയ പത്രക്കുറിപ്പിലൂടെയാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.

പേപ്പൽ ഭവനത്തിൽ നോമ്പുകാലത്തിലെ വെള്ളിയാഴ്‌ചകളിൽ പതിവുള്ള നോമ്പുകാല പ്രഭാഷണം പതിവുപോലെ ഇക്കൊല്ലവും കപ്പൂച്ചിൻ സഭാംഗമായ കർദ്ദിനാൾ റനിയേരൊ കന്തലമേസ്സ നടത്തും.

ഇതിൽ പങ്കെടുക്കുന്നവക്കിടയിൽ വേണ്ടത്ര അകലപാലനം ഉറപ്പുവരുത്തുന്നതിന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയ്ക്കു സമീപത്തുള്ള അതിവിശാലമായ പോൾ ആറാമൻ ശാലയാണ് പ്രഭാഷണ വേദിയായി നിശ്ചയിച്ചിരിക്കുന്നത്.

ഈ മാസം 26, മാർച്ച് 5,12,26 എന്നീ തീയതികളിലായിരിക്കും ധ്യാനം പ്രസംഗം.

പ്രാദേശിക സമയം രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഈ പ്രഭാഷണം ശ്രവിക്കാൻ കർദ്ദിനാളന്മാർ, മെത്രാന്മാർ തുടങ്ങിയവർക്കൊപ്പം ഫ്രാൻസീസ് പാപ്പായും ഉണ്ടായിരിക്കും. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 February 2021, 11:51