ഫയല്‍ ചിത്രം - പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍നിന്നും... ഫയല്‍ ചിത്രം - പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍നിന്നും... 

ക്രിസ്തുരാജമഹോത്സവം : പാപ്പായുടെ ദിവ്യബലി തത്സമയ സംപ്രേഷണം

നവംബര്‍ 22 ഞായര്‍ പ്രാദേശിക സമയം രാവിലെ 10-ന്, ഇന്ത്യയില്‍ ഉച്ചതിരിഞ്ഞ് 2.30-ന്

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ദിവ്യബലിയും ലോകയുവജനോത്സവത്തിന്‍റെ 
ആത്മീയ ചിഹ്നങ്ങളുടെ കൈമാറ്റവും

ഞായറാഴ്ച ക്രിസ്തുരാജന്‍റെ മഹോത്സവത്തില്‍ പ്രാദേശിക സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 2.30-നാണ് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പിക്കുന്നത്. സമാപനമായി 2023 ആഗസ്റ്റില്‍ പോര്‍ച്ചുഗലിലെ ലിസ്ബണ്‍ നഗരത്തില്‍ സംഗമിക്കാന്‍പോകുന്ന ലോക യുവജനോത്സവ വേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള മരക്കുരിശും കന്യകാനാഥയുടെ ചിത്രവും പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങള്‍ക്ക് കൈമാറും. മഹാമാരിയുടെ പശ്ചാത്തലത്തില്‍ പോര്‍ച്ചുഗലില്‍നിന്നും ഈ ചടങ്ങിലേയ്ക്ക് എത്തുന്നത് 10 പേരുടെ ചെറിയൊരു പ്രതിനിധിസംഘം മാത്രമാണ്. പോര്‍ച്ചുഗലിലെ വിവിധ രൂപതാപ്രതിനിധികളും, ലിസ്ബണ്‍ ലോക യുവജന  സംഗമത്തിലെ സംഘാടക സമിതി അംഗങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട ഏതാനും പ്രമുഖരും ചേര്‍ന്നതാണ് ഈ സംഘം. പാപ്പാ കൈമാറുന്ന ആത്മീയ ചിഹ്നങ്ങളുമായി വിവിധ രാജ്യങ്ങളിലൂടെയുള്ള യുവജനോത്സവ പ്രചാരണ പ്രയാണം  ഇറ്റലിയില്‍ ആരംഭിക്കുകയും ചെയ്യും.

2. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ
യുവജനങ്ങളെ ഏല്പിച്ച മരക്കുരിശ്

1984 വിശുദ്ധ വര്‍ഷമായിരുന്നു (Holy Year of Redemption). ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ആഗ്രഹമായിരുന്നു വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ പ്രധാന അള്‍ത്താരയോടു ചേര്‍ന്ന് ഒരു വലിയ കുരിശുവേണമെന്നത്. 12 അടി ഉയരമുള്ള ഒരു മരക്കുരിശ് സ്ഥാപിക്കപ്പെട്ടു. വിശുദ്ധ വര്‍ഷം സമാപിച്ചപ്പോള്‍, 1984 ഏപ്രില്‍ 22-Ɔο തിയതി വിശുദ്ധ ലോറന്‍സിന്‍റെ നാമത്തില്‍ റോമിലുള്ള യുവജനകേന്ദ്രത്തിലെ അംഗങ്ങളെ ആ കുരിശ് ഏല്പിച്ചുകൊണ്ടു ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പറഞ്ഞു.  “പ്രിയ യുവജനങ്ങളേ, ഈ ജൂബിലി വര്‍ഷാന്ത്യത്തില്‍ രക്ഷയുടെ അടയാളമായ കുരിശ് ഞാന്‍ നിങ്ങളെ ഏല്പിക്കുകയാണ്. ഇത് ക്രിസ്തുവിന്‍റെ കുരിശാണ്. ക്രിസ്തുവിന് മനുഷ്യകുലത്തോടുള്ള സ്നേഹത്തിന്‍റെ പ്രതീകമായി നിങ്ങള്‍ ഇത് ലോകമെമ്പാടും കൊണ്ടുപോവുക! ലോകത്തോടു പറയുക, ക്രിസ്തുവിന്‍റെ  കുരിശുമരണത്തിലും ഉത്ഥാനത്തിലും രക്ഷയും മോചനവും കണ്ടെത്താമെന്ന്.”

3. മേരിയന്‍ വര്‍ണ്ണനാചിത്രം
2000-Ɔമാണ്ട് ജൂബിലി വര്‍ഷത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ തന്നെ യുവജനങ്ങളെ ഏല്പിച്ചതാണ് ഉണ്ണിയെ കൈയ്യിലേന്തിയ കന്യകാനാഥയുടെ വര്‍ണ്ണനാചിത്രം (Icon). റോമിലെ മേരി മേജര്‍ ബസിലിക്കയിലെ ചെറിയ അള്‍ത്താരയിലുള്ള റോമിന്‍റെ രക്ഷകിയായ കന്യകാനാഥയുടെ (Salus Populi Romani) ഏറെ പുരാതനമായ ഗ്രീക്ക് വര്‍ണ്ണനാചിത്രത്തിന്‍റെ പകര്‍പ്പാണ് ലോക യുവജനസംഗമങ്ങള്‍ക്ക് മദ്ധ്യസ്ഥയും അമ്മയുമായി മരിയഭക്തനും വിശുദ്ധനുമായ പാപ്പാ വോയ്ത്തീവ നല്കിയത്.

യുവാക്കള്‍ പാപ്പായുടെ അഭ്യര്‍ത്ഥന ഇന്നും നിറവേറ്റുന്നു. ആഗോള തലത്തിലുള്ള യുവജന സമ്മേളനങ്ങളിലെല്ലാം ഈ മരക്കുരിശ്ശും മേരിയന്‍ വര്‍ണ്ണനാചിത്രവും എത്തിച്ചേരുകയും പ്രധാന വേദിയില്‍ സ്ഥാനംപിടിക്കുകയും ചെയ്യുന്നുണ്ട്.

4. പാപ്പായുടെ ദിവ്യബലി തത്സമയം കാണാന്‍
vatican youtube link : https://www.youtube.com/watch?v=Qf5CPz2UCOg
ഇന്ത്യയില്‍ ഞായര്‍ ഉച്ചതിരിഞ്ഞ് 2.25-മുതല്‍ 4.15-വരെ തത്സമയം സംപ്രേഷണം.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 November 2020, 08:08