2020.04.16 Cardinal Peter Turkson 2020.04.16 Cardinal Peter Turkson  

കൊറോണ ദുരന്തത്തെ നേരിടാന്‍ വത്തിക്കാന്‍റെ സംവിധാനങ്ങള്‍

സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘം 5 കമ്മിഷനുകളുടെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഏപ്രില്‍ 16 വ്യാഴം  :  പാപ്പാ ഫ്രാന്‍സിസിന്‍റെ ആഹ്വാനം അടിയന്തിരമായി ചെവിക്കൊണ്ട് സാമൂഹിക ആവശ്യങ്ങളുടെ 5 വ്യത്യസ്ത മേഖലകള്‍ തിരഞ്ഞെടുത്തു പ്രവര്‍ത്തിക്കാന്‍ കമ്മിഷനുകള്‍ രൂപീകരിച്ചുകൊണ്ടാണ് കര്‍മ്മപദ്ധതികള്‍ ആവിഷ്ക്കരിക്കുന്നത് :

ആദ്യകമ്മിഷന്‍
പ്രാദേശിക സഭകളുടെ ആവശ്യങ്ങള്‍ പഠിക്കുവാനും പിന്‍തുണയ്ക്കുവാനുമാണ്. സ്ഥലത്തെ സഭയുടെ ഉപവി പ്രസ്ഥാനം “കാരിത്താസു”മായി (Caritas) കൈകോര്‍ത്ത്  വൈറസ് രോഗനിവാരണത്തിന്‍റെ പ്രയോക്താക്കളായി കമ്മിഷന്‍ പ്രവര്‍ത്തിക്കും.

രണ്ടാമത്തെ കമ്മിഷന്‍
കോവിഡ് 19 രോഗത്തെക്കുറിച്ചും സമൂഹത്തില്‍ അതു കാരണമാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും സൂക്ഷ്മ ഗവേഷണപഠനം നടത്തും. പ്രത്യേകിച്ച് പരിസ്ഥിതി, സമ്പത് വ്യവസ്ഥ, തൊഴില്‍, ആരോഗ്യം, രാഷ്ട്രീയം, മാധ്യമങ്ങള്‍, സുരക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് പ്രവര്‍ത്തനോന്മുഖമായ രേഖകള്‍ തയ്യാറാക്കും.

മൂന്നാമത്തെ കമ്മിഷന്‍
സമഗ്രമാനവ പുരോഗതിക്കായുള്ള വകുപ്പിന്‍റെ പഠനങ്ങള്‍, നിരീക്ഷണങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക പിന്‍തുണ എന്നിവയെക്കുറിച്ച് വത്തിക്കാന്‍റെ മാധ്യമവിഭാഗം (Vatican Media) പ്രാദേശിക സഭകള്‍ക്ക് വ്യക്തമായ അറിവ് സമയാസമയങ്ങളില്‍ നല്കും.

നാലാമത്തെ കമ്മിഷന്‍
ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നടക്കുന്ന മഹാമാരിയുടെ പഠനങ്ങളിലും പ്രവര്‍ത്തനങ്ങളിലും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റ് (Vatican State Secretariat) സജീവമായി പങ്കുചേര്‍ന്ന് വിവരങ്ങള്‍ ശേഖരിച്ച് സമഗ്ര മാനവപുരോഗതിക്കായുള്ള വകുപ്പിന് കൈമാറും.

അഞ്ചാമത്തെ കമ്മിഷന്‍
കോവിഡ്-19 രോഗനിവാരണ മാര്‍ഗ്ഗങ്ങളില്‍ വ്യാപൃതരാകുകയും, രോഗത്തിന്‍റെ പിടിയില്‍ ക്ലേശങ്ങള്‍ അനുഭവിക്കുന്നവരെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രാദേശിക സഭകളെയും കത്തോലിക്ക സംഘടനകളെയും സാമ്പത്തികമായി പിന്‍തുണയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കും.

ഡയറക്ടറേറ്റ്
പാപ്പാ ഫ്രാന്‍സിസ്  മാര്‍ച്ച് 27-ന് അംഗീകരിച്ച മേല്‍ കമ്മിഷനുകളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും,  നടപ്പിലാക്കുകയും, അവയെക്കുറിച്ച് വ്യക്തമായ ധാരണകള്‍ പാപ്പായ്ക്കു സമര്‍പ്പിക്കുന്നതിനുമായി താഴെ പറയുന്നവര്‍ ചേര്‍ന്ന് ഒരു ഡയറക്ടറേറ്റ് (Directorate) മാനവപുരോഗതിക്കായുള്ള വകുപ്പില്‍ രൂപീകരിച്ചിട്ടുണ്ട്. കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സ്ണ്‍ വകുപ്പിന്‍റെ പ്രീഫെക്ട്, മോണ്‍സീഞ്ഞോര്‍ ബ്രൂണോ മാരി ഡൂഫെ വകുപ്പു സെക്രട്ടറി, ഫാദര്‍ അഗുസ്തോ സമ്പീനി, വകുപ്പിന്‍റെ ഉപകാര്യദര്‍ശി എന്നിവരാണ് ഡയറക്ടറേറ്റിന്‍റെ ചുമതല വഹിക്കുന്നവര്‍.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 April 2020, 08:48