2020.01.29 Musica per la campagna fraternità 2020.01.29 Musica per la campagna fraternità 

ജീവിതത്തെ വിലയിരുത്താനുള്ള നാല്പതു ദിവസങ്ങള്‍

ബ്രസീലിലെ സഭയുടെ “സാഹോദര്യപ്രചാരണ പ്രസ്ഥാന”ത്തിന് (Fraternity Campaign) അയച്ച സന്ദേശത്തില്‍നിന്ന്...:

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. ത്യാഗമുള്ള പങ്കുവയ്ക്കല്‍ - ഉപവി
ജീവിതത്തിന്‍റെ ആഴമായ അര്‍ത്ഥങ്ങളെക്കുറിച്ചു ധ്യാനിക്കാനുള്ള 40 ദിവസങ്ങളാണ് തപസ്സുകാലമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.  ബ്രസീലിന്‍റെ ദേശീയ സഭ അനുവര്‍ഷം ആചരിക്കുന്ന സാഹോദര്യ പ്രചാരണ പ്രസ്ഥാനത്തിന്‍റെ 57-Ɔο വാര്‍ഷികത്തിന് അയച്ച സന്ദേശത്തിലാണ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ഫെബ്രുവരി 26-Ɔο തിയതി വിഭൂതി ബുധനാഴ്ചയാണ് ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ വാല്‍മോര്‍ ഒലിവേരാ ദി അസ്വേദോയ്ക്ക് വത്തിക്കാനില്‍നിന്നും പാപ്പാ സന്ദേശം അയച്ചത്. തപസ്സിലെ ദിനങ്ങളില്‍ ത്യാഗപൂര്‍വ്വം ശേഖരിക്കുന്ന ധനസഹായം, വസ്ത്രങ്ങള്‍, ഉപകാരപ്രദമായ സാധനസാമഗ്രികള്‍ എന്നിവ പാവങ്ങള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതിയാണിത്. ബ്രസീലില്‍ ആകമാനം തപസ്സനുഷ്ഠാനത്തിന്‍റെ ഭാഗമായി  നടക്കുന്ന സംഘടിതമായ പങ്കുവയ്ക്കലിന്‍റെയും പരോപകാരത്തിന്‍റെയും സല്‍പ്രവൃത്തിയാണിത്.

2. മാനസാന്തരം മനുഷ്യബന്ധിയാണ്!
മാനസാന്തരം സഹോദരബന്ധിയാണ്, പ്രത്യേകിച്ച് പാവങ്ങളും എളിയവരുമായവരുടെ ആവശ്യങ്ങള്‍ കണക്കിലെടുക്കുന്നതാണെന്ന് പാപ്പാ ആമുഖമായി പ്രസ്താവിച്ചു. “ജീവനും ജീവിതവും ഒരു സമ്മാനവും സമര്‍പ്പണവുമാകയാല്‍ ഏത് സാഹചര്യത്തിലും അത് പരിരക്ഷിക്കപ്പെടേണ്ടതാണ്” എന്ന ഈ വര്‍ഷത്തെ സോഹാദര്യക്കൂട്ടായ്മയുടെ ചിന്താവിഷയത്തെ പാപ്പാ ശ്ലാഘിച്ചു. പാരിസ്ഥിതിക വിനാശവും, അഴിമതിയും അക്രമങ്ങളുംമൂലം ഒരുവശത്ത് പൊതുഭവനമായ ഭൂമി കേഴുമ്പോള്‍, അതില്‍ വസിക്കുന്ന സഹോദരങ്ങളുടെ, വിശിഷ്യാ പാവങ്ങളായവരുടെ രോദനം പൂര്‍വ്വോപരി വര്‍ദ്ധിച്ചതാണെന്നും, അതിനാല്‍ ക്രൈസ്തവര്‍ നല്ലസമറിയക്കാരന്‍റെ പങ്കുവഹിക്കാന്‍ വിളിക്കപ്പെട്ടിരിക്കുകയാണെന്ന് പാപ്പാ അനുസ്മരിപ്പിച്ചു (Laudato Si’, 53).

3. നിസംഗത പാപമാണ്!

ആഗോളതലത്തില്‍ നാമിന്നു കണ്ടുവരുന്ന നിസംഗതാഭാവം ഇല്ലാതാക്കണമെങ്കില്‍ സമൂഹത്തില്‍ സാഹോദര്യം വളര്‍ത്താന്‍ പോരുന്ന നല്ല സമറിയക്കാരന്‍റെ മനോഭാവം ക്രൈസ്തവര്‍ക്ക് ഉള്‍ക്കൊള്ളുകയും ജീവിക്കുകയുംവേണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു (EG, 54). സുവിശേഷത്തില്‍ നാം വായിക്കുന്ന ഈശോ പറഞ്ഞ നല്ല സമറിയക്കാന്‍റെ ഉപമ ക്രൈസ്തവ ജീവിതത്തില്‍ ഇന്ന് അനിവാര്യമായ മൂന്നു മനോഭാവങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കാണുക, കാരുണ്യംകാട്ടുക, പരിചരിക്കുക. സഹോദരന്‍റെ ആവശ്യം കണ്ടു മനസ്സിലാക്കുക, സഹോദരനോടു കരുണ തോന്നുക, അവന്‍റെ സഹായത്തിന് എത്തുക എന്നിങ്ങനെയുള്ള മാതൃകയാക്കാവുന്ന കഥയിലെ നല്ല സമറിയക്കാരന്‍റെ മൂന്നു നിലപാടുകള്‍ പാപ്പാ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി (ലൂക്കാ 10, 25-37).

4. സഹോദരങ്ങളുടെ ക്ലേശങ്ങളോടു സ്പന്ദിക്കാം!
പാവങ്ങളായ നമ്മുടെ സഹോദരങ്ങള്‍ക്കായി മനസ്സും ഹൃദയവും തുറക്കുന്നതിനും, അവരുടെ യാതനകളോടു സ്പന്ദിക്കുന്നതിനുമുള്ള വെല്ലുവിളിയാണ് സാഹോദര്യത്തിലുള്ള ഉപവിപ്രവൃത്തികള്‍ പാപ്പാ ചൂണ്ടിക്കാട്ടി (മത്തായി 25, 34-40). തപസ്സില്‍ നമ്മെ മാനസാന്തരത്തിലേയ്ക്കു ക്ഷണിക്കുന്നത് ദൈവവചനമാണ്. സുവിശേഷ കാരുണ്യം നമ്മില്‍ ശക്തിപ്പെട്ട്, നമ്മുടെ സഹോദരങ്ങളുടെ ജീവിതക്ലേശങ്ങളോടു സ്പന്ദിക്കാന്‍ കരുത്താര്‍ജ്ജിക്കാന്‍ പരിശ്രമിക്കാം. ഐക്യദാര്‍ഢ്യത്തിലും, ഉപവിപ്രവൃത്തികളിലും നമ്മിലെ കാരുണ്യം സാക്ഷാത്ക്കരിക്കപ്പെടട്ടെയെന്ന് പാപ്പാ ആശംസിച്ചു. കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ അവര്‍ക്ക് കരുണ ലഭിക്കും (മത്തായി 5,7).

5. തപസ്സും സാഹോദര്യക്കൂട്ടായ്മയും
തപസ്സും സോഹാദര്യകൂട്ടായ്മയും ഒരുമിച്ചു ജീവിക്കുവാനും പ്രായോഗികമാക്കുവാനും ബ്രസീലിലെ വിശ്വാസികള്‍ക്കു സാധിക്കട്ടെ! ബ്രസീലിലെ പാവങ്ങളുടെ അമ്മ, വിശുദ്ധ ദൂള്‍ചെ പോന്തെസ്സ് ഉപവിപ്രവൃത്തികളിലൂടെയും സാഹോദര്യത്തിലുള്ള പങ്കുവയ്ക്കലിലൂടെയും ഈ തപസ്സ് ഫലപ്രദമാക്കാന്‍ ഏവരെയും സഹായിക്കട്ടെയെന്ന ആശംസയോടെയാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 February 2020, 17:59