2019.10.30 Udienza Generale 2019.10.30 Udienza Generale 

രോഗികളുടെ സാന്നിദ്ധ്യം സഭയോടുള്ള സ്നേഹത്തിന്‍റെ പ്രതീകം

രോഗികള്‍ വത്തിക്കാനില്‍ വരുന്നത് സഭയോടുള്ള സ്നേഹത്തിന്‍റെ പ്രതീകണമാണെന്ന് പാപ്പാ ഫ്രാന്‍സിസ്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

രോഗികളുമായുള്ള കൂടിക്കാഴ്ച
നവംബര്‍ 13-Ɔο തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയ രോഗികളോടാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്. തുറസ്സായ പൊതുവേദിയില്‍ മഴയും തണുത്ത കാലാവസ്ഥയുംമൂലം രോഗികളെ സമീപത്തുള്ള പോള്‍ ആറാമന്‍ ഹാളില്‍വെച്ചാണ് പ്രത്യേകം അഭിസംബോധചെയ്തത്.

സഭയെ സ്നേഹിക്കുന്നവര്‍
രോഗികളായവരുടെ സാന്നിദ്ധ്യത്തിന് പാപ്പാ ആദ്യം നന്ദിപറഞ്ഞു. ഏറെ ക്ലേശങ്ങള്‍ അനുഭവിച്ച് പരസഹായത്തോടെ അവര്‍ തന്നെ കാണുവാനും കേള്‍ക്കുവാനും വരുന്നതിലുള്ള സന്തോഷം വാക്കുകളില്‍ രേഖപ്പെടുത്തി. അവര്‍ വന്നത് സഭയോടുള്ള സ്നേഹംകൊണ്ടാണെന്നും, തങ്ങള്‍ സഭയെ സ്നേഹിക്കുന്നുവെന്നു എല്ലാവരോടും പറയുന്നതും സാക്ഷ്യപ്പെടുത്തുന്നതുമാണ് അവരുടെ സാന്നിധ്യമെന്നു പാപ്പാ എടുത്തുപറഞ്ഞു. രോഗികളെ കാണുന്നതും അവരോടു ഇടപഴകുന്നതും എല്ലാവര്‍ക്കുമെന്നപോലെ, തനിക്കും നല്ലതാണെന്നും പാപ്പാ ഫ്രാന്‍സിസ് പറഞ്ഞു.

നന്ദിയും പ്രാര്‍ത്ഥനയും
അവരുടെ സാന്നിദ്ധ്യത്തിനും, അവരുടെ പരിചാരകര്‍ക്കും വീണ്ടും നന്ദിപറഞ്ഞു. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും, അവര്‍ക്കൊപ്പം ഏതാനും നിമിഷങ്ങള്‍ പ്രാര്‍ത്ഥിക്കുകയും, അപ്പസ്തോലിക ആശീര്‍വ്വാദം നല്കുകയും ചെയ്തു. തുടര്‍ന്ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ഉമ്മറത്തുള്ള തുറസ്സായ വേദിയിലേയ്ക്ക് പേപ്പല്‍ വാഹനത്തില്‍ പൊതുകൂടിക്കാഴ്ച പരിപാടിക്കായി പാപ്പാ ഫ്രാന്‍സിസ് പുറപ്പെട്ടു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 November 2019, 08:39