When Pope gave the gift he got, a fiat car to elimosinerieri, Cardinal Andrea Krajewski who did not have one. When Pope gave the gift he got, a fiat car to elimosinerieri, Cardinal Andrea Krajewski who did not have one.  

പാപ്പാ ഫ്രാന്‍സിസിന്‍റെ ദാനധര്‍മ്മ സംവിധാനം

ദാനധര്‍മ്മം ചെയ്യുന്നതിനുള്ള വത്തിക്കാന്‍റെ സംവിധാനത്തെക്കുറിച്ച് അതിന്‍റെ ഉത്തരവാദിത്ത്വം വഹിക്കുന്ന കര്‍ദ്ദിനാള്‍ അന്ത്രയ ക്രജേസ്കിയുടെ പ്രസ്താവന

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വത്തിക്കാന്‍റെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്ക് അപ്പസ്തോലിക കാലത്തോളം പഴക്കമുണ്ട്. ആഗോളസഭയുടെ അദ്ധ്യക്ഷനായ പാപ്പായുടെ നാമത്തിലുള്ള ദാനധര്‍മ്മം യഥാര്‍ത്ഥത്തില്‍ സഹായം അര്‍ഹിക്കുന്നവര്‍ക്കായുള്ള ഏറെ നിശ്ബ്ദസേവനമാണ്. 2018-ല്‍ മാത്രം മൂന്നര ലക്ഷം യൂറോ, അതായത് ഏകദേശം 23 കോടി രൂപ പാപ്പായുടെ പേരില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങിലെ പാവപ്പെട്ടവര്‍ക്കായി നല്കിയിട്ടുണ്ടെന്ന് പാപ്പായ്ക്കുവേണ്ടി ദാനധര്‍മ്മം നല്കുന്ന കര്‍ദ്ദിനാള്‍ അന്ത്രയ ക്രജേസ്കി മെയ് 15-ന് റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

പ്രവൃത്തിയില്ലാത്ത വിശ്വാസം നിര്‍ജ്ജീവം
ദൈവം നമ്മെ വിധിക്കുന്നത് സഹോദരങ്ങള്‍ക്കായി ചെയ്ത നന്മയുടെ അടിസ്ഥാനത്തിലാണ് (മത്തായി 25, 31-46). പ്രവൃത്തിയില്ലാത്ത വിശ്വാസം അതില്‍ത്തന്നെ നിര്‍ജ്ജീവമാണെന്ന് യാക്കോശ്ലീഹായും പഠിപ്പിക്കുന്നു. വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന് എന്തു മേന്മയാണുള്ളത്? ഈ വിശ്വസത്തിന് അയാളെ രക്ഷിക്കാനാകുമോ? ഒരാള്‍ ആവശ്യത്തിനു വസ്ത്രമോ ഭക്ഷണോ ഇല്ലാതെ കഴിയുമ്പോള്‍ നിങ്ങളില്‍ ആരെങ്കിലും ശരീരത്തിനാവശ്യമായത് അയാള്‍ക്കു കൊടുക്കാതെ സമാധാനത്തില്‍ പോവുക, വിശപ്പടക്കുക, തീ കായുക എന്നൊക്കെ പറയുന്നെങ്കില്‍ അതുകൊണ്ട് എന്തു പ്രയോജനം? (യാക്കോബ് 2, 14-16).

ദാനധര്‍മ്മത്തിന്‍റെ പാരമ്പര്യം
ആദിമ സഭയില്‍ ഡീക്കന്മാരെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരുന്നു. പിന്നീട് റോമില്‍ പാപ്പായുടെ ദാനധര്‍മ്മിയായി ഒരാളെ പ്രത്യേകം നിയോഗിച്ചു പോന്നു (Elemosiniere). ഇന്നസെന്‍റ് 3-Ɔമന്‍ ലിയോ 13-Ɔമന്‍ എന്നീ പാപ്പാമാര്‍ ദാനധര്‍മ്മത്തെക്കുറിച്ച് പ്രബോധനങ്ങള്‍ ഇറക്കിയിട്ടുണ്ട്. അപ്പസ്തോലിക ആശീര്‍വ്വാദം പ്രത്യേക പത്രികളില്‍ മുദ്രണംചെയ്ത് വിറ്റുകിട്ടുന്ന പണവും പുരാതനകാലം മുതല്‍ ഇന്നുവരെയും പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുപോരുന്നു. കൂടാതെ ധാരാളം ഉപകാരികളും അഭ്യുദയകാംക്ഷികളും നല്കുന്ന വസ്തുക്കളും പണവും പാപ്പായുടെ നാമത്തിലുള്ള ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായി വത്തിക്കാന്‍ ലഭ്യമാക്കുന്നു.

പാപ്പായുടെ സമ്മാനം
“പാപ്പായുടെ സമ്മാനം,” (Gift of the Pope) എന്ന പേരില്‍ ലഭ്യമാക്കുന്ന സഹായധനം പ്രാദേശിക മെത്രാന്മാര്‍ വഴിയും ഇടവക വികാരിമാര്‍ വഴിയുമാണ് അര്‍ഹിക്കുന്നവര്‍ക്കായി അപേക്ഷിക്കുന്നതും, നല്കപ്പെടുന്നതും. വിദേശ രാജ്യങ്ങളിലേയ്ക്ക് അയയ്ക്കുന്ന പാപ്പായുടെ സഹായധനം സ്ഥലത്തെ അപ്പസ്തോലിക സ്ഥാനപതിവഴിയാണ് ഗുണഭോക്താവിനു നേരിട്ട് ലഭ്യമാക്കുന്നത്.

ദാനമായ് കിട്ടി... കൊടുക്കുവിന്‍ ദാനമായ്
പാപ്പായുടെ ദാനം എല്ലാദിവസവും നല്കപ്പെടുന്നു. എന്നാല്‍ അത് നിശബ്ദമായ പ്രവൃത്തിയാണ്. ഭക്ഷണം, മരുന്ന്, പാര്‍പ്പിടം, വസ്ത്രം... അങ്ങനെ ദാനപ്രവര്‍ത്തിയിലൂടെ സഭ കാരുണ്യത്തിന്‍റെ അമ്മയായി മാറുന്നു. “ദാനമായ് കിട്ടിയത് ദാനമായി കൊടുക്കുന്ന,” സുവിശേഷ യുക്തിയാണിതെന്ന് (മത്തായി 10, 8) കര്‍ദ്ദിനാള്‍ ക്രജേസ്കി പ്രസ്താവിച്ചു.

The site of Papal charities : www.elemosineria.va
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 May 2019, 17:20