Beauty unites us, art exhibition of Vatican in China Beauty unites us, art exhibition of Vatican in China  

ചൈനയിലെ “നിഷിദ്ധനഗര”ത്തില്‍ വത്തിക്കാന്‍റെ കലാപ്രദര്‍ശനം

“നിഷിദ്ധനഗര”മെന്നു വിളിക്കപ്പെടുന്ന ഗുജൂങില്‍ വത്തിക്കാന്‍ മ്യൂസിയത്തിലെ അത്യപൂര്‍വ്വ പെയിന്‍റിങ്ങുകള്‍ പ്രദര്‍ശിപ്പിക്കും

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സൗന്ദര്യം കൂട്ടിയിണക്കുന്ന സൗഹൃദക്കണ്ണികള്‍
“സൗന്ദര്യം നമ്മെ കൂട്ടിയിണക്കും,” എന്ന ശീര്‍ഷകത്തിലാണ് ചൈനയുടെ തലസ്ഥാന നഗരമായ ബെയ്ജീങിന് അടുത്തുള്ള “നിഷിദ്ധനഗരം,” (Forbidden City) എന്നു വിളിക്കപ്പെട്ട ഗുജൂങില്‍ വത്തിക്കാന്‍ മ്യൂസിയത്തിലെ ചിത്രപ്രദര്‍ശനം അരങ്ങേറുന്നത്. 500 വര്‍ഷക്കാലം മുന്‍പ് ചൈനീസ് ഭരണകൂടത്തിന്‍റെ ആസ്ഥാനനഗരമായിരുന്നു ഗുജൂങ്. അവിടെ സാധാരണക്കാര്‍ക്ക് പ്രവേശനം നിഷിദ്ധമായിരുന്നു. രാജഭരണം അവസാനിച്ചപ്പോള്‍ അത് ചൈനയുടെ കലാശേഖരങ്ങളുടെ കലവറയായി മാറി.  എന്നാല്‍ സാധാരണക്കാരെ നിഷേധിച്ച ഗുജൂങ് എന്ന പുരാതന നഗരം “നിഷിദ്ധനഗര”മെന്നാണ് ഇന്നും അറിയപ്പെടുന്നത്. മെയ് 28- Ɔ൦ തിയതി ചൊവ്വാഴ്ച ആരംഭിക്കുന്ന പ്രദര്‍ശനം ജൂലൈ 14-വരെ നീണ്ടുനില്ക്കും. വത്തിക്കാന്‍ മ്യൂസിയവും ചൈനയുടെ കൊട്ടാര മ്യൂസിയവും സംയുക്തമായിട്ടാണ് ചിത്രകലാ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.

ചൈന-വത്തിക്കാന്‍ ബന്ധത്തിന്‍റെ വാസ്തവീകത
ലോകത്തിന്‍റെ വിവിധ നഗരങ്ങളില്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും, രാജ്യാന്തര പ്രദര്‍ശനങ്ങളില്‍ വത്തിക്കാന്‍ മ്യൂസിയം പങ്കെടുക്കുകയും ചെയ്യാറുണ്ടെങ്കിലും, ചരിത്രത്തില്‍ ആദ്യമായിട്ടാണ് ചൈനയില്‍ പോപ്പിന്‍റെ മ്യൂസിയം ഒരു പ്രദര്‍ശനത്തിന് പോകുന്നതെന്ന് മ്യൂസിയത്തിലെ ചൈനീസ് കലാവിഭാഗത്തിന്‍റെ സംരക്ഷകനായ (Museum Curator), ഫാദര്‍ നിക്കോളെ കപ്പേലി മെയ് 27- Ɔ൦ തിയതി തിങ്കളാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. ചൈനയും വത്തിക്കാനും തമ്മിലുള്ള വര്‍ദ്ധിച്ച നയതന്ത്രബന്ധത്തിന്‍റെ വാസ്തവീകമായ പ്രകടനമാണ് ഈ അത്യപൂര്‍വ്വ കലാപ്രദര്‍ശനമെന്ന്, വത്തിക്കാന്‍ മ്യൂസിയത്തില്‍ കലാശേഖരങ്ങളുടെ ചൈനീസ് വിഭാഗത്തിന്‍റെ ഉത്തരവാദിത്ത്വം വഹിക്കുന്ന വാങ് യുവേ ഹോങ് അഭിപ്രായപ്പെട്ടു.

പ്രദര്‍ശനത്തിന് എത്തുന്ന അത്യപൂര്‍വ്വ നിറക്കൂട്ടുകള്‍
1570-1573 കാലയളവില്‍ ജീവിച്ച ഇറ്റാലിയന്‍ ചിത്രകാരന്‍ ഫെദറിക്കോ ബറൂച്ചിയുടെ (FedericoBarocci) “തിരുക്കുടുംബത്തിന്‍റെ പലായനം” (flight to Egypt), 1745-1870 കാലഘട്ടത്തില്‍ റോമില്‍ ജീവിച്ച ചെക്ക് റിപ്പബ്ലിക്കിന്‍റെ ചിത്രകാരന്‍, പീറ്റര്‍ വെന്‍സല്‍ രചിച്ച “എദന്‍ തോട്ടത്തിലെ ആദ്യമനുഷര്‍” (Adam and Eve in the garden of Eden) എന്നിവയും വത്തിക്കാന്‍ ചൈനയില്‍ പ്രദര്‍ശിപ്പിക്കുന്ന രണ്ട് അത്യപൂര്‍വ്വ സൃഷ്ടികളാണ്.

ബുദ്ധമതം, ക്രിസ്തുമതം എന്നിവയുമായി ബന്ധപ്പെട്ട്, പ്രശസ്തരായ ചൈനീസ് കലാകാരന്മാര്‍ വരച്ച 76 വിലപ്പെട്ട രചനകളാണ് വത്തിക്കാന്‍ മ്യൂസിയത്തിലെ “ലോകത്തിന്‍റെ ആത്മാവ്” (Anima Mundi) എന്ന കലാവിഭാഗത്തില്‍നിന്നും ചൈനയില്‍ എത്തിയിരിക്കുന്നത്. കൂടാതെ പുരാതന ചൈനീസ് കൊട്ടാര മ്യൂസിയത്തിലെ ക്രൈസ്തവ കലാകാരന്മാരായ വൂ ലീയുടെയും (1632-1718), ലാങ് ഷൈനീങ് (1688-1766) എന്ന ചൈനീസ് പേരു സ്വീകരിച്ച ഇറ്റലിയിലെ മിലാന്‍കാരനായ ജോസഫ് കസ്തലീനിയോനെ എന്ന ഈശോസഭാംഗത്തിന്‍റെയും സൃഷ്ടികള്‍ “സൗന്ദര്യം കൂട്ടായ്മയ്ക്ക്...” (Beauty unites us) എന്ന പേരിലുള്ള ഈ പ്രദര്‍ശനത്തിന് ഗുജൂങില്‍ എത്തിയിട്ടുണ്ട്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 May 2019, 18:25