Pope Francis to visit Naples again in June Pope Francis to visit Naples again in June 

കുടിയേറ്റം സംബന്ധിച്ച ചര്‍ച്ച : പാപ്പാ നേപ്പിള്‍സ് സന്ദര്‍ശിക്കും

മദ്ധ്യധരണി ആഴിയിലൂടെ യൂറോപ്പിലേയ്ക്കുള്ള വന്‍കുടിയേറ്റ പ്രതിഭാസത്തെ വിലയിരുത്തുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സാന്‍ ലൂയിജി പൊന്തിഫിക്കല്‍ അക്കാഡമിയുടെ വേദി
ജൂണ് 21-Ɔο തിയതിയാണ് ഇറ്റലിയുടെ തെക്കന്‍ തീരദേശ നഗരമായ നേപ്പിള്‍സ് പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിക്കുന്നത്. നേപ്പിള്‍സിലെ സാന്‍ ലൂയിജി പൊന്തിഫിക്കല്‍ ദൈവശാസ്ത്ര വൈജ്ഞാനിക വിഭാഗം (San Luigi Pontifical Faculty for Theology) സംഘടിപ്പിക്കുന്ന കുടിയേറ്റം സംബന്ധിച്ച ചര്‍ച്ചാ സംഗമത്തില്‍ പങ്കെടുക്കാനാണ് ജൂണ്‍ 21-ന് രാവിലെ പാപ്പാ ഫ്രാന്‍സിസ് നേപ്പിള്‍സ് നഗരത്തില്‍ എത്തുന്നത്.

കുടിയേറ്റത്തിന്‍റെ ദൈവശാസ്ത്ര വൈജ്ഞാനിക വീക്ഷണം
2018-ല്‍ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച “സത്യത്തിന്‍റെ ആനന്ദം” Veritatis Gaudium എന്ന അപ്പസ്തോലിക പ്രബോധനത്തെ ആധാരമാക്കി ഇന്നിന്‍റെ കുടിയേറ്റ പ്രതിഭാസത്തെ, പ്രത്യേകിച്ച് മദ്ധ്യധരണി ആഴിയിലൂടെ യൂറോപ്പിലേയ്ക്കുള്ള വന്‍കുടിയേറ്റ പ്രതിഭാസത്തെ സംബന്ധിച്ചുള്ള സഭയുടെ വീക്ഷണവും പ്രവര്‍ത്തന രീതകളും വിലയിരുത്താനും വിശകലനംചെയ്യാനും വേണ്ടിയുള്ള സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പാപ്പാ ഫ്രാന്‍സിസ് നേപ്പിള്‍സില്‍ എത്തുന്നത്.

മെഡിറ്ററേനിയന്‍ വഴിയുള്ള വന്‍കുടിയേറ്റ പ്രതിഭാസം
മെഡിറ്ററേനിയനിലൂടെ യൂറോപ്പിലേയ്ക്കുള്ള വിവിധ ജനതകളുടെ കുടിയേറ്റ പ്രതിഭാസത്തിന്‍റെ പശ്ചാത്തലത്തില്‍ “സത്യത്തിന്‍റെ ആനന്ദം” എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനത്തിനുശേഷമുള്ള (Theology after Veritatis Gaudium) സഭയുടെ നിലപാട് നിര്‍വ്വചിക്കുക എന്നതാണ് ജൂണ്‍ 20, 21- തിയതികളില്‍ നേപ്പിള്‍സിലെ സാന്‍ ലൂയിജി പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന സമ്മേളനത്തിന്‍റെ ലക്ഷ്യം.

പാപ്പായുടെ അര്‍ദ്ധദിന പരിപാടി
വത്തിക്കാനില്‍നിന്നും രാവിലെ ഹെലികോപ്റ്ററില്‍ നേപ്പിള്‍സില്‍ എത്തുന്ന പാപ്പായെ സ്ഥലത്തെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ക്രെഷെന്‍സിയോ സേപ്പെ, സാന്‍ ലൂയിജി പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയുടെ ചാന്‍സലറും, നോള രൂപതയുടെ മെത്രാനുമായ ബിഷപ്പ് ഫ്രാന്‍ചേസ്കോ മരീനോ, ഈശോയ സഭയുടെ സുപീരിയര്‍ ജനറല്‍ ഫാദര്‍ അര്‍ത്തൂരോ സോസ അബാസ്കള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. യൂണിവേഴ്സിറ്റിയുടെ പൊതുചത്വരത്തില്‍ നടത്തപ്പെടുന്ന സമ്മേളനത്തില്‍ പങ്കെടുത്തു, പ്രഭാഷണം നടത്തുന്ന പാപ്പാ ഫ്രാന്‍സിസ്, യൂണിവേഴ്സിറ്റിയില്‍ ഉച്ചഭക്ഷണം കഴിക്കും. ഉടനെതന്നെ വത്തിക്കാനിലേയ്ക്കു ഹെലിക്കോപ്റ്ററില്‍ മടങ്ങും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 February 2019, 10:57