Greek Orthodox Ecumenical Patriarch Bartholomew of Constantinople leads a service in Istanbul-vatican delegation Greek Orthodox Ecumenical Patriarch Bartholomew of Constantinople leads a service in Istanbul-vatican delegation 

ഐക്യത്തില്‍ കൈകോര്‍ത്താല്‍ നന്മചെയ്തു മുന്നേറാം!

നവംബര്‍ 30-Ɔο തിയതി വെള്ളിയാഴ്ച അപ്പസ്തോലനായ വിശുദ്ധ അന്ത്രയോസിന്‍റെ തിരുനാളില്‍ കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയാര്‍ക്കിസ്, ബര്‍ത്തലോമ്യോ പ്രഥമന് പാപ്പാ ഫ്രാന്‍സിസ് അയച്ച സന്ദേശത്തിലെ ചിന്തകള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

കിഴക്കും പടിഞ്ഞാറും  കൂട്ടുചേരുന്ന സഭൈക്യവഴികള്‍
അപ്പസ്തോല പ്രമുഖനായ വിശുദ്ധ പത്രോസിന്‍റെ സഹോദരനും ക്രിസ്തുവിന്‍റെ പ്രഥമ ശിഷ്യനുമായ വിശുദ്ധ അന്ത്രയോസ് സ്ഥാപിച്ച കിഴക്കന്‍ പ്രവിശ്യയിലെ സഭകള്‍ കാലാന്തരത്തില്‍ റോമില്‍നിന്നും വിഘടിച്ചു നിന്നു. എന്നാല്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം, കഴിഞ്ഞ 50 വര്‍ഷക്കാലമായി ഇരുപക്ഷങ്ങളും തമ്മില്‍ ആരംഭിച്ച ഐക്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും വഴിയിലെ ക്രിയാത്മകമായ നീക്കങ്ങള്‍ പ്രത്യാശ പകരുന്നതാണ്. ഇക്കാര്യം സന്ദേശത്തിന്‍റെ ആമുഖത്തില്‍ പാപ്പാ ഫ്രാന്‍സിസ് സന്തോഷത്തോടെ അനുസ്മരിച്ചു.

സഭകളുടെ പൂര്‍ണ്ണ ഐക്യത്തിന്...!
സഭകള്‍ തമ്മില്‍ പൂര്‍ണ്ണ ഐക്യം പ്രാപിക്കാന്‍ ഇനിയും തുടരുന്ന ശ്രമങ്ങള്‍ ക്രിസ്തുവിന്‍റെ കരങ്ങളില്‍ എളിമയോടെ സമര്‍പ്പിക്കാമെന്ന് പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തില്‍ കുറിച്ചു. തന്‍റെ പീഡകള്‍ക്കു മുന്നേ ക്രിസ്തു പിതാവിനോടു പ്രാര്‍ത്ഥിച്ചത്, “അവരെല്ലാവരും ഒന്നായിരിക്കുന്നതിനുവേണ്ടി…” എന്നായിരുന്നു (യോഹ. 17, 21). അതിനാല്‍ ക്രിസ്തുവിന്‍റെ  നാമത്തില്‍ കൈകോര്‍ത്തു നിന്നാല്‍ ഇന്ന് ലോകത്തു വര്‍ദ്ധിച്ചുവരുന്ന ദാരിദ്ര്യം, വിശപ്പ്, രോഗങ്ങള്‍, യുദ്ധം എന്നിവയില്‍നിന്ന് ആയിരങ്ങളെ കരകേറ്റാന്‍ സഭകള്‍ക്കാകുമെന്ന് പാപ്പാ പ്രസ്താവിച്ചു.

ഉപവിപ്രവര്‍ത്തനങ്ങള്‍ക്കുള്ള സഭൈക്യനീക്കങ്ങള്‍
കിഴക്കന്‍ പ്രവിശ്യയില്‍ വിശുദ്ധ അന്ത്രയോസ് സ്ഥാപിച്ച സഭ റോമിനോടും ഇതര സഭാകൂട്ടായ്മകളോടും സഹകരിച്ച് മദ്ധ്യപൂര്‍വ്വദേശത്തെ പീഡിതരായ ജനങ്ങള്‍ക്കുവേണ്ടി ഇന്നു ചെയ്യുന്ന ഉപവിപ്രവൃത്തികള്‍, ഭിന്നിച്ചുനിന്നിരുന്ന സഭകള്‍ക്ക് ക്രിസ്തുവിലുള്ള കൂട്ടായ്മയുടെയും ഐക്യത്തിന്‍റെയും പ്രതീകമായി സന്ദേശത്തില്‍ പാപ്പാ ഫ്രാന്‍സിസ് വിശേഷിപ്പിച്ചു. ദൈവശാസ്ത്രപരമായോ, ആരാധനക്രമസംബന്ധിയായോ ചില അടിസ്ഥാന വ്യത്യാസങ്ങള്‍ സഭകള്‍ തമ്മില്‍ നിലനില്ക്കെ, മാനവികതയുടെ പൊതുനന്മയ്ക്കായി അതിര്‍വരമ്പുകളില്ലാതെ പ്രവര്‍ത്തിക്കാന്‍ ക്രൈസ്തവസഭകള്‍ ഒരുമിച്ചാല്‍ ലോകത്ത് കൂടുതല്‍ നന്മ വളര്‍ത്താനും, ദാരിദ്ര്യം അകറ്റാനും സാധിക്കുമെന്നും പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

ലോകത്തിന് പ്രത്യാശയുടെ അടയാളമാകാം!
സംഘര്‍ഷങ്ങളാലും വര്‍ഗ്ഗീയ വിദ്വേഷങ്ങളാലും മുറിപ്പെട്ട ലോകത്ത് ക്രൈസ്തവമക്കള്‍ക്ക് ഐക്യത്തിന്‍റെ വഴിയിലൂടെ മാനവികതയ്ക്ക് പൂര്‍വ്വോപരി പ്രത്യാശയുടെ അടയാളമായി ജീവിക്കാന്‍ സാധിക്കട്ടെ! ഇങ്ങനെ ആശംസിച്ചുകൊണ്ടാണ് കോണ്‍സ്റ്റന്‍റിനോപ്പിളിലെ എക്യുമേനിക്കല്‍ പാത്രിയാര്‍ക്കിസ്, ബര്‍ത്തലോമ്യോ പ്രഥമന് അയച്ച സന്ദേശം പാപ്പാ ഉപസംഹരിച്ചത്.

പാപ്പായുടെ പ്രതിനിധി ഈസ്താമ്പൂളില്‍
കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനത്തേയക്ക് അയച്ച പ്രതിനിധി സംഘത്തിന്‍റെ നേതാവായി പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ച, സഭൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ  (Pontifical Council for Christian Unity) പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ കേഡ് കോഹിന്‍റെ കൈവശമാണ് സന്ദേശം കൊടുത്തയച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 December 2018, 18:50