ഫ്രാൻസീസ് പാപ്പാ തിരുപ്പിറവിത്തിരുന്നാൾ സംഗീത കലാകാരന്മാരുമൊത്ത് വത്തിക്കാനിൽ, 16/12/23 ഫ്രാൻസീസ് പാപ്പാ തിരുപ്പിറവിത്തിരുന്നാൾ സംഗീത കലാകാരന്മാരുമൊത്ത് വത്തിക്കാനിൽ, 16/12/23  (Vatican Media)

തിരുപ്പിറവി സന്ദേശത്തിൻറെ വൈവിധ്യമാർന്ന അവതരണം ഗാനങ്ങളിലൂടെ, പാപ്പാ!

ഫ്രാൻസീസ് പാപ്പാ, തിരുപ്പിറവിത്തിരുന്നാൾ സംഗീതവിരുന്ന് അവതരിപ്പിക്കുന്ന കലാകാരന്മാരെ വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്തു. ഭിന്നസംസ്കാരങ്ങളിലും ഭാഷകളിലുമുള്ള വൈവിധ്യമാർന്ന ഗാനങ്ങളിലൂടെ ഏക തിരുപ്പിറവി സന്ദേശം വൈവിധ്യമാർന്നവിധം അവതരിപ്പിക്കപ്പെടുന്നതിൻറെ മനോഹാരിത പാപ്പാ തദ്ദവസരത്തിൽ എടുത്തുകാട്ടി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നാടൻ പാട്ടുകൾ സംസ്കാരങ്ങളുടെ അവിഭാജ്യ ഘടകമാണെന്നും പുരാതന കാലം മുതൽ, മനുഷ്യൻ കഥകളും പ്രാർത്ഥനകളും പാട്ടുരൂപത്തിൽ കൈമാറിപ്പോന്നുവെന്നും മാർപ്പാപ്പാ.

പതിനാറാം തീയതി ശനിയാഴ്‌ചത്തെ (16/12/23) തിരുപ്പിറവിത്തിരുന്നാൾ സംഗീതവിരുന്ന് അവതരിപ്പിക്കുന്ന കലാകാരന്മാരെ അന്നു രാവിലെ വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

ജനകീയഗാനങ്ങളാൽ ഏറ്റവും സമ്പന്നമായ ഒരു തിരുന്നാളാണ് ക്രിസ്തുമസ്സ് എന്നും ഭിന്ന സംസ്കാരങ്ങളിലും ഭാഷകളിലും വ്യത്യസ്തശൈലികളിൽ യേശുവിൻറെ പിറവിയുടെ സന്ദേശം അലയടിക്കുന്നുണ്ടെന്നും അനുസ്മരിച്ച പാപ്പാ തിരുപ്പിറവിയുടെ സന്ദേശം ഏകമാണെങ്കിലും അത് ഏകരൂപത്തിൽ ആലപിക്കാനാകില്ലെന്നു പറഞ്ഞു. എന്നാൽ സങ്കേതിക മാതൃകയുടെ പ്രവണത അതിനെ ഏകരൂപാത്മകമാക്കിത്തീർക്കാനാണെന്ന് സൂചിപ്പിച്ച പാപ്പാ ഈ വ്യവസ്ഥിതിയുടെ സ്വാധീനത്തിൽ വീണുപോകരുതെന്ന് ഓർമ്മപ്പെടുത്തി. തിരുപ്പിറവിത്തിരുന്നാളും വാണിജ്യ-ഉപഭോഗപരങ്ങളായ ശൈലിയുടെ ഇരയായിത്തീർന്നിരിക്കുന്ന ഖേദകരമായ അവസ്ഥ ചൂണ്ടിക്കാട്ടിയ പാപ്പാ ഈ ദുഷിച്ച പ്രവണതയിൽ നിന്ന് അതിനെ രക്ഷിക്കാൻ ഈ സംഗീതകലാകാരന്മാരുടെ സഹായം അഭ്യർത്ഥിച്ചു.

യുദ്ധം മൂലം ഈ ദിനങ്ങൾ വേദനയിലും ഭയത്തിലും കഴിയുന്നവരും ഈ സംഗീതവിരുന്നിൽ സ്മരിക്കപ്പെടും എന്ന തൻറെ ബോധ്യം വെളിപ്പെടുത്തിയ പാപ്പാ യേശു പിറന്ന മണ്ണും ഇന്ന് യുദ്ധത്തിൻറെ പിടിയിലാണെന്ന ഖേദകരമായ വസ്തുതയും അനുസ്മരിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 December 2023, 12:32