പാപ്പാ: വത്തിക്കാനിലെ അഴിമതിക്കെതിരായ പോരാട്ടത്തിൽ അതീവ ജാഗ്രത ആവശ്യമാണ്
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ഒമ്പത് വർഷത്തിന് മുമ്പ് Fidelis dispensator et prudens എന്ന മോത്തു പ്രോപ്രിയോയിലൂടെ സ്ഥാപിതമായ ജനറൽ ഓഡിറ്റർ കാര്യാലയത്തിന്റെ സവിശേഷമായ സ്ഥാനം പാപ്പാ എടുത്തുപറഞ്ഞു. മറ്റു സ്ഥാപനങ്ങളുമായി ബന്ധപ്പെടാത്ത, സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഓഡിറ്റർ പൊതു കാര്യാലയം, അതിന്റെ സ്വാതന്ത്ര്യം എപ്പോഴും സ്നേഹവും ഉപവിയും ഓർമ്മിച്ച് കൊണ്ടുള്ള ഉത്തരവാദിത്തത്തോടെ നിർവ്വഹിക്കണമെന്ന് പാപ്പാ ഊന്നിപ്പറഞ്ഞു. സാഹോദര്യപരമായ തിരുത്തലിന്റെ മനോഭാവം ഉൾക്കൊള്ളാൻ ജീവനക്കാരെ പ്രോത്സാഹിപ്പിച്ച പാപ്പാ പ്രവർത്തനങ്ങൾ പിതൃസഹജമായ വാത്സല്യത്തോടെ നയിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ആവശ്യകതയും ചൂണ്ടികാണിച്ചു. പ്രത്യേകിച്ച് സാമ്പത്തികവും ഭരണപരവുമായ പ്രവർത്തനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ അത് ആവശ്യമാണെന്ന് പാപ്പാ പങ്കുവച്ചു. സഭയുടെ പ്രബോധനങ്ങൾക്ക് വിരുദ്ധമാകാത്തിടത്തോളം, ആഗോള മാനദണ്ഡങ്ങളോടെ മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങളുമായി യോജിച്ചു പോകോണ്ടതിന്റെ ആവശ്യകതയും പാപ്പാ അടിവരയിട്ടു. ലോകത്തിലെ വളരെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും അവർ സമ്പാദിച്ച പ്രൊഫഷണൽ അനുഭവങ്ങളെ ശ്ലാഘിച്ച പാപ്പാ അത് പരിശുദ്ധ സിംഹാസനത്തെ സേവിക്കുവാ൯ വിനിയോഗിക്കുന്നതിൽ അവർക്ക് നന്ദി രേഖപ്പെടുത്തി.
വത്തിക്കാനിലെ അഴിമതി തുടച്ചുനീക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പാപ്പാ പറഞ്ഞു. പരിശുദ്ധ സിംഹാസനത്തിലും, വത്തിക്കാനിലും പ്രവർത്തിക്കുന്നവർ തീർച്ചയായും അത് വിശ്വസ്തതയോടെയും സത്യസന്ധതയോടെയും ചെയ്യുന്നു എന്നും "അഴിമതിയുടെ മോഹം വളരെ അപകടകരമാണ്, അതിനാൽ നാം അതീവ ജാഗ്രത പാലിക്കണം"എന്നും പാപ്പാ ഓർമ്മപ്പെടുത്തി. എല്ലാ പ്രവർത്തനങ്ങളിലും തികഞ്ഞ സുതാര്യതയും, കരുണ നിറഞ്ഞ വിവേചനാധികാരവും കൊണ്ട് സന്തുലിതമാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പാപ്പാ, അഴിമതികൾ "പെരുമാറ്റത്തെ ആഴത്തിൽ തിരുത്തുന്നതിനേക്കാൾ പത്രങ്ങളുടെ പേജുകൾ നിറയ്ക്കാൻ കൂടുതൽ സഹായിക്കുന്നു” എന്ന് സത്യം വെളിപ്പെടുത്തി.
അവരിൽ ചിലർ കാരിത്താസ് സൂപ്പ് കിച്ചണിൽ സേവനമനുഷ്ഠിക്കുന്നതിനെ സൂചിപ്പിച്ച പാപ്പാ അവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ദരിദ്രരുമായി ബന്ധപ്പെടേണ്ടതിന്റെയും പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. തുറന്ന ഹൃദയത്തോടും ലാളിത്യത്തോടും ഉദാരതയോടും കൂടെ ഈ സേവനത്തെ സമീപിക്കാൻ അവരെ പ്രോത്സാഹിപ്പിച്ച പാപ്പാ ജനങ്ങളോടു സംസാരിക്കാനും അവരുടെ കഥകൾ കേൾക്കാനും സമയം കണ്ടെത്താനും ആവശ്യപ്പെട്ടു.
പരിശുദ്ധ സിംഹാസനത്തോടുള്ള അവരുടെ സമർപ്പണത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പാപ്പാ ക്രിസ്തുമസ് ആശംസകൾ നേർന്നു. പ്രാർത്ഥനയുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ക്രിസ്തുമസിന്റെ യഥാർത്ഥ ചൈതന്യം ഓർക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു. പാപ്പയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് വ്യക്തിപരമായി അഭ്യർത്ഥിച്ച് ജീവനക്കാരുടെ പ്രയത്നങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: