കുട്ടികളെ ആശീർവ്വദിക്കുന്ന ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം കുട്ടികളെ ആശീർവ്വദിക്കുന്ന ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം  (Vatican Media)

ജനനനിരക്കുമായി ബന്ധപ്പെട്ട കണക്കുകൾ ആശങ്കാകുലമെന്ന് ഫ്രാൻസിസ് പാപ്പാ

മെയ് പന്ത്രണ്ട് വ്യാഴാഴ്ച റോമിൽ, ജനനനിരക്കുമായി ബന്ധപ്പെട്ട പൊതുവായ കണക്കുകൾ സംബന്ധിച്ച് നടക്കുന്ന പരിപാടിയിലേക്കയച്ച സന്ദേശത്തിൽ, പടിഞ്ഞാറൻ രാജ്യങ്ങളിൽ ജനനനിരക്ക് കുറയുന്നത് ഒരു സാമൂഹിക അടിയന്തിരാവസ്ഥയെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ എഴുതി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഇറ്റലിയിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും പൊതുവിൽ പാശ്ചാത്യരാജ്യങ്ങളിലെയും ജനനനിരക്ക് വളരെയധികം കുറയുന്നുവെന്നും, ഇത് എല്ലാവരുടെയും ഭാവിയെ മോശമായി ബാധിക്കുമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. തങ്ങളുടെ ഭാവിയെയാണ് പടിഞ്ഞാറൻ രാജ്യങ്ങൾ ഇതുകൊണ്ട് ഇല്ലാതാക്കുന്നത്.

പല പടിഞ്ഞാറൻ രാജ്യങ്ങളിലും ഒരു കുട്ടിക്ക് ജന്മം നൽകാനാണ് പല ദമ്പതികളും തീരുമാനിക്കുന്നത്. എന്നാൽ അത് പോലും സാക്ഷാത്കരിക്കാൻ പലർക്കും സാധിക്കുന്നില്ല എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. കുട്ടികൾ നിറഞ്ഞ ഒരു കുടുംബം പലപ്പോഴും ഒരു അസാധ്യസ്വപ്നമായി മാറുന്നുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് തന്നെയും ഭയപ്പെടുത്തുന്ന ഒരു വലിയ ദാരിദ്ര്യമാണെന്നു പറഞ്ഞ പാപ്പാ, കുട്ടികൾക്ക് ജൻമം നൽകുന്നതിലുള്ള ദാരിദ്ര്യം, വലിയ ഒരു സമ്പത്തിനെ വേണ്ടെന്നു വയ്ക്കുന്നവരുടേതാണെന്ന് അഭിപ്രായപ്പെട്ടു. തങ്ങളുടെ പരിപാലനം ഏറ്റെടുക്കാനും, തങ്ങൾക്ക് ലഭിച്ച അസ്തിത്വം മറ്റുള്ളവർക്ക് സ്നേഹത്തോടെ കൈമാറാനുമായി പുതിയ ഒരു വ്യക്തിക്ക് ജീവൻ നൽകാനുള്ള വലിയ ഒരു സാധ്യതയെയാണ് ഇതുവഴി ആളുകൾ ഇല്ലാതാക്കുന്നത്.

"ജനനത്തിനായുള്ള ഫൗണ്ടേഷൻ" എന്ന സംഘടന മുൻകൈയെടുത്ത് നടത്തുന്ന ഈ പരിപാടിയുടെ "ചെയ്യാൻ സാധിക്കും" എന്ന   തലക്കെട്ടിനെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട്, അത് തനിക്ക് ഇഷ്ടപ്പെട്ട ഒന്നാണെന്നും, ഒരിക്കലും തളരാത്ത ആളുകൾ ഉപയോഗിക്കുന്ന ഒന്നാണിതെന്നും പാപ്പാ എഴുതി. ചെയ്യാൻ കഴിയും എന്നതിനർത്ഥം, നിലവിലെ സ്ഥിതിയെ മാറ്റാൻ കഴിയില്ലെന്ന് ഉദാസീനമായും നിഷ്ക്രിയമായും അംഗീകരിക്കാതിരിക്കുക എന്നതാണ്.

എപ്രകാരം ഇനിയും ജീവിതത്തെക്കുറിച്ച് പ്രതീക്ഷയോടെ നീങ്ങാനാകുമെന്ന് ചിന്തിക്കുകയാണ് വേണ്ടത്. ജനനനിരക്ക് വീണ്ടും ഉയരുവാനുള്ള പ്രവർത്തനങ്ങൾ എല്ലാ തലങ്ങളിലും ആവശ്യമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 May 2022, 17:52