പാപ്പാ: വിശുദ്ധ യൗസേപ്പിതാവിന്റെ പിതൃത്വം ദൈവത്തിന്റെ ആർദ്രമായ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്നു

ഫ്രാൻസിസ് പാപ്പാ പൊതുദർശനവസരത്തിൽ നൽകിയ പ്രബോധനം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ജനുവരി പത്തൊമ്പതാം തിയതി  ബുധനാഴ്ച  ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ പ്രതിവാര പൊതുദര്‍ശനത്തിനായി വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ സമീപത്തുള്ള പോൾ ആറാമൻ ഹാളിലെത്തി. പാപ്പായെ കാണുവാനും, പ്രഭാഷണം ശ്രവിക്കുവാനും, ലോകത്തിന്റെ  വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് തീർത്ഥാടകരും സന്ദർശകരും അവിടെ സന്നിഹിതരായിരുന്നു. അവർ കരഘോഷമുയത്തി പാപ്പായെ സ്വീകരിച്ചു. പ്രാദേശിക സമയം 9.30 ന് ത്രിത്വസ്തുതിയോടു കൂടി പ്രാൻസിസ് പാപ്പാ പൊതുദർശന പരിപാടി ആരംഭിച്ചു. തുടർന്ന് വിവിധ ഭാഷകളിൽ വിശുദ്ധഗ്രന്ഥത്തിൽ നിന്നുള്ള വായന വായിക്കപ്പെട്ടു.

വിശുദ്ധ ഗ്രന്ഥപാരായണം : (ഹോസി.11: 3-4)

“എഫ്രായിമിനെ നടക്കാന്‍ പഠിപ്പിച്ചത്‌ ഞാനാണ്‌. ഞാന്‍ അവരെ എന്റെ കരങ്ങളിലെടുത്തു; എന്നാല്‍, തങ്ങളെ സുഖപ്പെടുത്തിയതു ഞാനാണെന്ന്‌ അവര്‍ അറിഞ്ഞില്ല. കരുണയുടെ കയര്‍ പിടിച്ച്‌ ഞാന്‍ അവരെ നയിച്ചു- സ്നേഹത്തിന്റെ കയര്‍തന്നെ. ഞാന്‍ അവര്‍ക്കു താടിയെല്ലില്‍നിന്നു നുകം അയച്ചുകൊടുക്കുന്നവനായി. ഞാന്‍ കുനിഞ്ഞ്‌ അവര്‍ക്കു ഭക്ഷണം നല്‍കി.” (ഹോസിയാ11:3-4)

ഈ വിശുദ്ധഗ്രന്ഥ വായനയ്ക്കുശേഷം പരിശുദ്ധ പിതാവ് ബുധനാഴ്ച പൊതു കൂടിക്കാഴ്ച അവസരത്തിൽ നൽകുന്ന പ്രബോധനം തുടർന്നു.

വി. യൗസേപ്പ് ആദ്രതയുള്ള പിതാവ്

വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള തന്റെ പരിചിന്തനത്തിന്റെ തുടർച്ചയായിരുന്നു ഇന്നത്തെ പൊതുകൂടിക്കാഴ്ചയിലും ഫ്രാൻസിസ് പാപ്പായുടെ വിഷയം.  പിതാവ് എന്ന നിലയിൽ യൗസേപ്പിതാവിന്റെ ആദ്രതയെക്കുറിച്ച് കൂടുതൽ ആഴത്തിൽ ഇന്ന് പരിചിന്തനം ചെയ്യുകയായിരുന്നു ഫ്രാൻസിസ് പാപ്പാ. വി. യൗസേപ്പ് എങ്ങനെയാണ് പിതാവായി വർത്തിച്ചതെന്നതിന്റെ വിശദീകരണങ്ങൾ സുവിശേഷങ്ങൾ വിവരിക്കുന്നില്ല എങ്കിലും അവൻ "നീതിമാനായിരുന്നു " എന്നതിൽ നിന്ന് യേശുവിനു നൽകിയ പാഠങ്ങളെക്കുറിച്ച് നമുക്കനുമാനിക്കാം എന്നാണ് ഫ്രാൻസിസ് പാപ്പാ പറഞ്ഞത്. വിജ്ഞാനത്തിലും, പ്രായത്തിലും, കൃപയിലുമുള്ള യേശുവിന്റെ വളർച്ച കണ്ട വി.യൗസേപ്പ്, ഇസ്രായേലിനെ ദൈവം കൊണ്ടു നടന്നതു പോലെയാണ് വി.യൗസേപ്പ് യേശുവിനെ കൊണ്ട് നടന്നതെന്ന് ഹോസിയാ പ്രവാചകന്റെ വാക്കുകളും (ഹോസി.11: 3-4) പാത്രിസ് കോർദെ എന്ന തന്റെ അപ്പോസ്തോലീക ലേഖനവും ഉദ്ധരിച്ചു കൊണ്ട് പാപ്പാ പ്രബോധിപ്പിച്ചു.

പിതാവ്

ദൈവത്തേയും ദൈവത്തിന്റെ സ്നേഹത്തെയും കുറിച്ചു സംസാരിക്കുമ്പോഴെല്ലാം " പിതാവ്'' എന്ന പദമാണ് യേശു ഉപയോഗിച്ചിരുന്നതെന്ന് സുവിശേഷങ്ങൾ സാക്ഷ്യം വഹിക്കുന്നു. അതിൽ ഏറ്റവും പ്രസിദ്ധമായത് ലൂക്കാ സുവിശേഷകൻ വിവരിക്കുന്ന കരുണാമയനായ പിതാവിന്റെതാണ് (ലൂക്കാ15:11-13). പാപത്തിന്റെയും പൊറുതിയുടേയും അനുഭവങ്ങൾക്കുമപ്പുറം തെറ്റുപറ്റിയ ഒരാളിലേക്ക് എങ്ങനെയാണ് ക്ഷമ എത്തിപ്പെടുന്നതെന്നും ഈ ഉപമ അടിവരയിടുന്നു എന്ന് പാപ്പാ പറഞ്ഞു. ദൂരെ നിന്നു തന്നെ തന്റെ മകനെ തിരിച്ചറിഞ്ഞ് വികാരാധീനനായി ഓടി ചെന്ന് കഴുത്തിൽ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന പിതാവിന്റെ ചിത്രം പരിശുദ്ധ പിതാവ് ചൂണ്ടിക്കാണിച്ചു. ശിക്ഷ പ്രതീക്ഷിച്ച് വന്ന പുത്രന് പിതാവിന്റെ ആലിംഗനമാണ് ലഭിക്കുന്നത്. 

പ്രതീക്ഷിക്കാത്ത നീതി നടപ്പാക്കൽ: ആർദ്രത

ലോകത്തിന്റെ യുക്തിയേക്കാൾ വളരെ വലുതാണ് ആർദ്രത. അത് ഒരിക്കലും പ്രതീക്ഷിക്കാത്ത നിലയിലുള്ള നീതി നടപ്പാക്കലാണ്. അതിനാൽ ദൈവം നമ്മുടെ പാപങ്ങളാലോ, തെറ്റുകളാലോ, വീഴ്ചകളാലോ ഭയന്നു പോകുമെന്ന് കരുതരുതെന്നു പാപ്പാ പറഞ്ഞു. എന്നാൽ നമ്മുടെ ഹൃദയം കൊട്ടിയടക്കുന്നതും അവന്റെ സ്നേഹത്തിലുള്ള നമ്മുടെ വിശ്വാസം നഷ്ടപ്പെടുന്നതുമാണ് അവിടത്തെ ഭയപ്പെടുത്തുന്നത് എന്ന് ഫ്രാൻസിസ് പാപ്പാ പഠിപ്പിച്ചു. ദൈവത്തിന്റെ സ്നേഹാനുഭവത്തിൽ വലിയ ആർദ്രതയുണ്ടെന്നും ഈ സത്യം ആദ്യം യേശുവിലേക്ക് പകർന്നത് യഥാർത്ഥത്തിൽ വി. യൗസേപ്പാണെന്നും ചിന്തിക്കുന്നത് മനോഹരമാണെന്നും കാരണം ദൈവത്തിന്റെ കാര്യങ്ങൾ നമ്മിലേക്ക് എത്തുന്നത് മനുഷ്യാനുഭവത്തിലൂടെയാണെന്നും പാപ്പാ പറഞ്ഞു. ഇത്തരം ഒരു ആർദ്രതയുടെ അനുഭവം നമുക്കുണ്ടായിട്ടുണ്ടോ എന്നും നമ്മുടെ ഭാഗത്തുനിന്ന് അതിന് സാക്ഷികളായിട്ടുണ്ടോ എന്നും പരിശോധിക്കാനും പാപ്പാ ആവശ്യപ്പെട്ടു. ആർദ്രത എന്നത് ഒന്നാമതായി ഒരു വൈകാരികമായ കാര്യമല്ല, അത് നമ്മുടെ ദാരിദ്ര്യത്തിലും, ദുരിതത്തിലും നമ്മൾ സ്നേഹിക്കപ്പെടുന്നുവെന്നും ദൈവത്തിന്റെ സ്നേഹത്താൽ രൂപാന്തരപ്പെടുന്നു എന്നുമുള്ള ഒരനുഭവമാണെന്ന് പാപ്പാ അടിവരയിട്ടു.

നമ്മുടെ കഴിവിലും ബലഹീനതയിലും ആശ്രയിക്കുന്ന ദൈവം

ദൈവം നമ്മുടെ കഴിവിൽ മാത്രമല്ല ആശ്രയിക്കുന്നത് നമ്മുടെ വീണ്ടെടുത്ത ദൗർബ്ബല്യത്തെയും ആശ്രയിക്കുന്നു എന്നതിന് ഉദാഹരണമായി പൗലോസ് അപ്പോസ്തോലന്റെ അനുഭവം പാപ്പാ പങ്കുവച്ചു. വി. പൗലോസിന്റെ ബലഹീനതയിലും ദൈവത്തിന് ഒരു പദ്ധതിയുണ്ടായിരുന്നു എന്ന് കൊറീന്ത്യർക്കെഴുതിയ ലേഖനം (2 കൊറി12: 7 -9) ഉദ്ധരിച്ചു കൊണ്ട് പാപ്പാ ചൂണ്ടിക്കാണിച്ചു. ആർദ്രതയുടെ അനുഭവം അടങ്ങിയിരിക്കുന്നത് നമ്മെ ബലഹീനമാക്കുന്നവയിലൂടെ ദൈവത്തിന്റെ ശക്തി കടന്നു പോകുന്നത് കാണുമ്പോഴാണ്; ദുഷ്ടാത്മാവ് നമ്മുടെ ദുർബ്ബലതകളെ നിഷേധാത്മകമായ വിധിയോടെ കാണാൻ പ്രേരിപ്പിക്കുമ്പോൾ പരിശുദ്ധാത്മാവ് അതിനെ ആർദ്രതയോടെ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു എന്ന് പാപ്പാ വിശദീകരിച്ചു. ആർദ്രതയാർന്ന രീതിയാണ് നമ്മിലെ ബലഹീനതയെ സ്പർശിക്കാൻ നല്ലത്. അതിനാൽ  പ്രത്യേകിച്ച് അനുരഞ്ജന കൂദാശയിലൂടെ  ദൈവത്തിന്റെ കരുണ കണ്ടെത്തേണ്ടതും, സത്യത്തിന്റെയും, ആർദ്രതയുടേയും അനുഭവം ഉണ്ടാവേണ്ടതും വളരെ പ്രധാനമാണെന്നും പാപ്പാ പറഞ്ഞു. വിരോധാഭാസമാവാം ദുഷ്ടശക്തിക്കും സത്യം നമ്മോടു പറയാൻ കഴിയും എന്നാൽ അത് നമ്മെ വിധിക്കാനായിരിക്കും മറിച്ച് ദൈവത്തിൽ നിന്ന് വരുന്ന സത്യം നമ്മെ വിധിക്കുകയില്ല, നമ്മെ സ്വീകരിക്കുകയും, ആലിംഗനം ചെയ്യുകയും, പിൻതുണയ്ക്കുകയും, ക്ഷമിക്കുകയും ചെയ്യുമെന്ന് നമുക്കറിയാം, പാപ്പാ വിശദീകരിച്ചു.

ആർദ്രതയുടെ വിപ്ലവം

അതിനാൽ യൗസേപ്പിന്റെ പിതൃത്വത്തിൽ നമ്മെത്തന്നെ പ്രതിഫലിപ്പിക്കാനും കർത്താവിനെ തന്റെ ആർദ്രതയിൽ നമ്മെ സ്നേഹിക്കാൻ നമ്മൾ അനുവദിക്കുന്നുണ്ടോ എന്ന് നമുക്ക് സ്വയം ചോദിക്കാമെന്നും ഫ്രാൻസിസ് പാപ്പാ അറിയിച്ചു. അങ്ങനെ അതുപോലെ സ്നേഹിക്കാൻ കഴിവുള്ള സ്ത്രീ പുരുഷന്മാരാക്കി നമ്മെത്തന്നെ മാറ്റാമെന്നും പാപ്പാ ആഹ്വാനം ചെയ്തു. ഇപ്രകാരമുള്ള ഒരു "ആർദ്രതയുടെ വിപ്ലവം" ഇല്ലാതെ വന്നാൽ എളുപ്പത്തിൽ എഴുന്നേൽക്കാൻ അനുവദിക്കാത്ത, രക്ഷയെ ശിക്ഷയുമായി കൂടിക്കുഴക്കുന്ന ഒരു നീതിയുടെ തടവറയിലകപ്പെടുന്ന അപകടമുണ്ടെന്ന സൂചന നൽകാൻ പാപ്പാ മടി കാണിച്ചില്ല. അതിനാൽ തടവറയിൽ കഴിയുന്ന നമ്മുടെ സഹോദരീ സഹോദരന്മാരെ പ്രത്യേകം അനുസ്മരിക്കാമെന്ന് പാപ്പാ പറഞ്ഞു. തെറ്റുപറ്റിയവർ തങ്ങളുടെ തെറ്റിന് വില കൊടുക്കേണ്ടത് നീതിയാണ് എന്നിരുന്നാലും തെറ്റു ചെയ്തവർക്ക് അവരുടെ തെറ്റുകളിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാൻ കഴിയുന്നതും അതുപോലെ തന്നെ നീതിയാണ് എന്നും പാപ്പാ കൂട്ടിച്ചേർത്തു.

താഴെക്കാണുന്ന പ്രാർത്ഥനയോടെയാണ് പാപ്പാ തന്നെ പൊതുകൂടിക്കാഴ്ച അവസാനിപ്പിച്ചത്.

“ആർദ്രതയിലെ പിതാവായ വി. യൗസേപ്പേ,  ഞങ്ങളിലെ ഏറ്റം ബലഹീനമായവയിൽ ഞങ്ങൾ സ്നേഹിക്കപ്പെടുന്നു എന്ന് അംഗീകരിക്കാൻ ഞങ്ങളെ പഠിപ്പിക്കണമെ. ഞങ്ങളുടെ കുറവുകൾക്കും ദൈവസ്നേഹത്തിന്റെ മഹത്വത്തിനുമിടയിൽ ഞങ്ങൾ തടസ്സങ്ങളിടാതിരിക്കാൻ സഹായിക്കണമെ. ക്ഷമിക്കപ്പെടേണ്ടതിനും ഞങ്ങളുടെ സഹോദരീ സഹോദരന്മാരെ അവരുടെ കുറവുകളിൽ ആർദ്രതയോടെ സ്നേഹിക്കാനുള്ള ശക്തി നേടിയെടുക്കാൻ അനുരഞ്ജന കൂദാശയെ സമീപിക്കാനുള്ള ആഗ്രഹം ഞങ്ങളിൽ ഉണർത്തണമെ. ചെയ്ത തെറ്റിന് വില കൊടുത്തു കൊണ്ടിരിക്കുന്നവർക്ക് നീ സമീപസ്ഥനായിരിക്കുകയും, നീതിയോടൊപ്പം വീണ്ടും തുടങ്ങാനുള്ള ആർദ്രത കണ്ടെത്താനും നീ ഞങ്ങളെ സഹായിക്കണമെ. വീണ്ടും തുടങ്ങാനുള്ള ആദ്യ മാർഗ്ഗം ആത്മാർത്ഥമായ മാപ്പിരക്കലാണെന്ന് അവരെ പഠിപ്പിക്കേണമെ.”

ഈ പ്രാർത്ഥനയോടെ പാപ്പാ തന്റെ പ്രഭാഷണം ഉപസംഹരിച്ചു.

അഭിവാദനവും, ആശംസകളും

പ്രഭാഷണത്തിനു ശേഷം പാപ്പാ ഇറ്റാലിയൻ ഭാഷയില്‍ നല്‍കിയ പ്രഭാഷണ സംഗ്രഹം ഇംഗ്ലീഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ പാരായണം ചെയ്യപ്പെട്ടു. ഓരോ വായനയുടെയും അന്ത്യത്തിൽ  അതാതു ഭാഷക്കാരെ ഇറ്റാലിയൻ ഭാഷയിൽ പാപ്പാ അഭിവാദ്യം ചെയ്യുകയും ചെയ്തു. ഇംഗ്ലീഷ് സംസാരിക്കുന്ന തീർത്ഥാടകരെയും,സന്ദർശകരെയും പ്രത്യേകിച്ച് അമേരിക്കയിൽ നിന്നുമുള്ള  സമൂഹങ്ങളെയും പാപ്പാ അഭിവാദനം ചെയ്തു.  തുടർന്ന് Institute for Continuing Theological Education of the Pontifical North American College ലെ വൈദികർക്കും, ഇറ്റലിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ  വിവിധ സമൂഹങ്ങൾക്കും പാപ്പാ തന്റെ അഭിവാദ്യം അർപ്പിച്ചു. ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനയുടെ ഈ വാരത്തിൽ, ക്രിസ്തുവിന്റെ എല്ലാ അനുയായികളും ഐക്യത്തിലേക്കുള്ള പാതയിൽ സ്ഥിരതയോടെയായിരിക്കാ൯ പ്രാർത്ഥിക്കാം എന്ന് പാപ്പാ ആവശ്യപ്പെട്ടു. പ്രായമായവരെയും, യുവജനങ്ങളെയും, രോഗികളെയും, നവദമ്പതികളെയും  അനുസ്മരിച്ച പാപ്പാ ടോംഗാ ദ്വീപുകളിലെ ഈയടുത്ത ദിവസങ്ങളിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് നാശനഷ്ടങ്ങൾക്കിരയായാവരുടെ ദുരിതങ്ങളിൽ ആശ്വാസം ലഭിക്കുവാ൯ പ്രാർത്ഥിക്കണമെന്നും ഓർമ്മപ്പെടുത്തി. അവിടെ സന്നിഹിതരായ  എല്ലാവരുടെയും, അവരുടെ കുടുംബങ്ങളുടെയും മേൽ ദൈവത്തിന്റെ സന്തോഷവും, സമാധാനവും അപേക്ഷിക്കുകയും ദൈവം അവരെ അനുഗ്രഹിക്കട്ടെ എന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു. തുടര്‍ന്ന് “സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാർത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടു. അതിന്ശേഷം പാപ്പാ അപ്പോസ്തോലീക ആശീർവ്വാദം നൽകി. ഇതോടെ പൊതു കൂടിക്കാഴ്ച പരിപാടി അവസാനിച്ചു.

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 January 2022, 14:00