വിശ്വാസത്തിൽ ഐക്യപ്പെടാൻ ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പാ വിശ്വാസത്തിൽ ഐക്യപ്പെടാൻ ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പാ 

വിശ്വാസത്തിൽ ഐക്യപ്പെട്ട് കത്തോലിക്കാ-ഓർത്തഡോക്സ്‌ കൂട്ടായ്മ ദൃശ്യമാക്കുക: ഫ്രാൻസിസ് പാപ്പാ

പരിശുദ്ധ ത്രിത്വത്തിലുള്ള വിശ്വാസത്തിൽ ഐക്യപ്പെട്ട് പരസ്പരമുള്ള കത്തോലിക്കാ-ഓർത്തഡോക്സ്‌ കൂട്ടായ്മ ലോകത്തിന് മുന്നിൽ ദൃശ്യമാക്കാൻ ഫ്രാൻസിസ് പാപ്പായുടെ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സഹോദരസഭകൾ

കോൺസ്റ്റാന്റിനോപ്പിളിലെ ആർച്ച് ബിഷപ്പ് എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോയ്ക്ക്, അവിടുത്തെ സഭയുടെയും എക്യുമെനിക്കൽ പാത്രിയാർക്കേറ്റിന്റെയും രക്ഷാധികാരിയും, ക്രിസ്തുവിന്റെ ആദ്യ ശിഷ്യനും, വിശുദ്ധ പത്രോസിന്റെ സഹോദരനുമായ വിശുദ്ധ അന്ത്രയോസിന്റെ തിരുനാൾ ദിനത്തിൽ  അയച്ച സന്ദേശത്തിൽ, തന്റെ ചിന്തകൾ, എക്യുമെനിക്കൽ പാത്രിയാർക്കീസിലേക്കും, ആടുകളുടെ വലിയ ഇടയനായ യേശു അദ്ദേഹത്തെ ഭരമേല്പിച്ച സഭയിലേക്കും തിരിയുന്നു എന്ന് പാപ്പാ എഴുതി. ഇത്, തങ്ങൾ തമ്മിലുള്ള സഹോദര്യസഹൃദം മൂലം മാത്രമല്ല, മറിച്ച്, റോമിലെ സഭയും കോൺസ്റ്റാന്റിനോപ്പിൾ സഭയും തമ്മിൽ പണ്ടുമുതലേയുള്ളതും അഗാധവുമായ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ബന്ധം കൂടി പരിഗണിച്ചാണ് എന്ന് പാപ്പാ കൂട്ടിച്ചേർത്തു.

ഈ തിരുന്നാൾ ആഘോഷത്തിൽ, തന്റെ ആത്മീയ സാന്നിധ്യം വാഗ്ദാനം ചെയ്ത ഫ്രാൻസിസ് പാപ്പാ, അപ്പസ്തോലനായ വിശുദ്ധ അന്ത്രയോസിന്റെ തിരുനാൾ ദിനത്തിൽ, വിശുദ്ധ ഗീവർഗ്ഗീസിന്റെ നാമധേയത്തിലുള്ള പാത്രിയാർക്കൽ ദേവാലയത്തിൽ ദിവ്യകാരുണ്യകൂദാശയ്ക്കായി ഒത്തുകൂടിയ സഹോദരമെത്രന്മാർക്കും, വൈദികർക്കും സന്യാസിമാർക്കും സാധാരണ വിശ്വാസികൾക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആശംസകൾ അറിയിക്കാൻ താൻ ഒരു പ്രതിനിധി സംഘത്തെ അയച്ചിട്ടുണ്ട് എന്നും എഴുതി.

പൊതുനന്മയ്ക്കായി വിശ്വാസത്തിൽ ഒരുമിച്ച്

എക്യൂമെനിക്കൽ പാത്രിയർക്കീസിന്റെ സമീപകാലത്ത് നടന്ന റോമാ സന്ദർശന വേളയിൽ, ലോകത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള ആശങ്കകൾ പങ്കുവെക്കാൻ മാത്രമല്ല, സൃഷ്ടിയുടെ പരിപാലനം, ഭാവി തലമുറയുടെ വിദ്യാഭ്യാസം, വിവിധ മതപാരമ്പര്യങ്ങൾ തമ്മിലുള്ള സംഭാഷണം, സമാധാനത്തിനായുള്ള അന്വേഷണം തുടങ്ങി, മാനവിക കുടുംബം അഭിമുഖീകരിക്കുന്ന നിർണായകമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നമ്മുടെ പൊതുവായ പ്രതിബദ്ധത പ്രകടിപ്പിക്കാനും സാധിച്ചതിലുള്ള സന്തോഷം പാപ്പാ എടുത്ത് പറഞ്ഞു..

ഈയൊരർത്ഥത്തിൽ, ഇടയന്മാർ എന്ന നിലയിൽ, നമ്മുടെ സഭകളോടൊത്ത്, ഇതിനകം തന്നെ നമ്മെ ഒന്നിപ്പിക്കുന്ന അഗാധമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്താമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. കാരണം നിലവിലുള്ള വെല്ലുവിളികളുടെ മുന്നിൽ നമ്മുടെ പൊതുവായ ഉത്തരവാദിത്വം ഉരുവാകുന്നത്, സർവ്വശക്തനും, ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തിൽനിന്നും, നമ്മുടെ രക്ഷയ്ക്കുവേണ്ടി മനുഷ്യനായിത്തീർന്ന് മരിക്കുകയും മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുകയും ചെയ്‌ത ഏകകർത്താവായ യേശുക്രിസ്തുവിലും, കർത്താവും ജീവദാതാവും, വ്യത്യാസങ്ങൾ ഇല്ലാതാക്കാതെ അവയെ സമന്വയിപ്പിക്കുന്നവനുമായ പരിശുദ്ധാത്മാവിൽനിന്നുമാണെന്ന് പാപ്പാ എഴുതി. ഈ വിശ്വാസത്തിൽ ഐക്യപ്പെട്ട്, നമ്മുടെ കൂട്ടായ്മയെ ദൃശ്യമാക്കാൻ നമുക്ക് പരിശ്രമിക്കാമെന്ന് ആഹ്വാനം ചെയ്ത പാപ്പാ, ദൈവശാസ്ത്രപരവും സഭാശാസ്ത്രപരവുമായ വിഷയങ്ങൾ നമ്മുടെ നിരന്തരമായ ദൈവശാസ്ത്ര സംവാദത്തിന്റെ പ്രവർത്തനത്തിന്റെ കേന്ദ്രബിന്ദുവായി നിലനിൽക്കുന്നുവെന്ന് തിരിച്ചറിയുമ്പോഴും, സാധ്യമായ മേഖലകളിൽ കൂടുതൽ ഒരുമിച്ച് പ്രവർത്തിക്കാൻ, പ്രത്യേകിച്ച് അങ്ങനെയുള്ള പ്രവർത്തനങ്ങൾ ആവശ്യമായ ഇടങ്ങളിൽ, കത്തോലിക്കർക്കും ഓർത്തഡോക്‌സുകാർക്കും, സാധിക്കട്ടെ എന്നാണ്  തന്റെ പ്രതീക്ഷ എന്ന് എടുത്തുപറഞ്ഞു.

സമാധാനാശ്ലേഷം

"ക്രിസ്തുവിലുള്ള പ്രിയപ്പെട്ട സഹോദരാ, നമ്മുടെ സഭകൾ തമ്മിലുള്ള സമ്പൂർണ്ണ കൂട്ടായ്മയിലേക്കുള്ള പാതയിൽ, നമ്മുടെ രക്ഷാധികാരികളായ വിശുദ്ധ സഹോദരന്മാരായ പത്രോസിന്റെയും അന്ത്രയോസിന്റെയും മധ്യസ്ഥത നമുക്ക് പിന്തുണയുണ്ട്".എന്ന് ഓർമ്മിപ്പിച്ച ഫ്രാൻസിസ് പാപ്പാ, "നാം ആഗ്രഹിക്കുന്ന പൂർണ്ണമായ ഐക്യം തീർച്ചയായും പരിശുദ്ധാത്മാവിന്റെ കൃപയാൽ ദൈവത്തിൽ നിന്നുള്ള ഒരു ദാനമാണ്" എന്നും, പ്രാർത്ഥനയിലൂടെയും ആന്തരിക പരിവർത്തനത്തിലൂടെയും പരസ്പരം ക്ഷമിക്കാൻ സാധിക്കുന്നതിലൂടെയും, ഐക്യം എന്ന ദൈവികസമ്മാനം സ്വീകരിക്കാൻ തയ്യാറാകാൻ നമ്മുടെ കർത്താവ് നമ്മെ സഹായിക്കട്ടെ എന്നും ആശംസിച്ചു.

ഒരിക്കൽക്കൂടി, വിശുദ്ധ അന്ത്രയോസിന്റെ തിരുന്നാളിന്, തന്റെ ആത്മാർത്ഥമായ ആശംസകൾ നേർന്ന പാപ്പാ, സമാധാനത്തിന്റെ ആശ്ലേഷം കൈമാറുന്നു എന്ന വാക്കുകളോടെയാണ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 December 2021, 15:58