ഐക്യരാഷ്ട്രസഭയുടെ വിദ്യഭ്യാസ, ശാസ്ത്രീയ, സാംസ്കാരിക സംഘടനയുടെ,  യുനെസ്കൊയുടെ (UNESCO-United Nations Educational, Scientific and Cultural Organisation) എഴുപത്തിയഞ്ചാം സ്ഥാപനവാർഷികാചരണ വേളയിൽ അന്താരാഷ്ട്ര നേതാക്കൾ ഐക്യരാഷ്ട്രസഭയുടെ വിദ്യഭ്യാസ, ശാസ്ത്രീയ, സാംസ്കാരിക സംഘടനയുടെ, യുനെസ്കൊയുടെ (UNESCO-United Nations Educational, Scientific and Cultural Organisation) എഴുപത്തിയഞ്ചാം സ്ഥാപനവാർഷികാചരണ വേളയിൽ അന്താരാഷ്ട്ര നേതാക്കൾ  

പാപ്പാ:ജീവൻ, സ്വാതന്ത്ര്യം, പ്രത്യാശ എന്നിവയുടെ സന്ദേശമാകുന്ന സുവിശേഷം!

യുനെസ്കോയുടെ എഴുപത്തിയഞ്ചാം സ്ഥാപനവാർഷികത്തോടനുബന്ധിച്ച് അതിൻറെ പ്രവർത്തനങ്ങൾക്കും പ്രസ്തുത സംഘടനയുടെ പ്രവർത്തകർക്കും പാപ്പായുടെ ആശംസാസന്ദേശവും കൃതജ്ഞതയും പ്രാർത്ഥനയും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ചരിത്രത്തിൽ അറിയപ്പെടുന്ന ഏറ്റവും മാനവികതയാർന്ന സന്ദേശം സുവിശേഷമാണെന്നും സഭ സുവിശേഷത്തിൻറെ സേവനത്തിനായി നിലകൊള്ളുന്നുവെന്നും മാർപ്പാപ്പാ.

ഐക്യരാഷ്ട്രസഭയുടെ വിദ്യഭ്യാസ, ശാസ്ത്രീയ, സാംസ്കാരിക സംഘടനയുടെ, അഥവാ, യുനെസ്കൊയുടെ (UNESCO-United Nations Educational, Scientific and Cultural Organisation) എഴുപത്തിയഞ്ചാം സ്ഥാപനവാർഷികത്തോടനുബന്ധിച്ച്, അതിൻറെ മേധാവാവിയായ ഫ്രഞ്ച് സ്വദേശിനി, ശ്രീമതി ഓദ്രെയാ അസൂളെയ്ക്ക് (Audrey Azoulay) നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.

ഈ സേവനാഭിമുഖ്യമാണ് യുനെസ്കൊയുമായി സഭയ്ക്കുള്ള സവിശേഷബന്ധത്തിന് നിദാനം എന്ന് പാപ്പാ തൻറെ ലഘുസന്ദേശത്തിൽ വിശദീകരിക്കുന്നു.

സുവിശേഷം ജീവൻറെയും സ്വാതന്ത്ര്യത്തിൻറെയും പ്രത്യാശയുടെയും സന്ദേശമാണെന്നും അത് എല്ലാ കാലഘട്ടത്തിലും എല്ലായിടത്തും എണ്ണമറ്റ വിദ്യാഭ്യാസ സംരംഭങ്ങൾക്കും അതുപോലെ തന്നെ, മാനവകുടുംബത്തിൻറെ ശാസ്ത്രീയവും സാംസ്കാരികവുമായ വളർച്ചയ്ക്കും പ്രചോദനമേകിയിട്ടുണ്ടെന്നും പാപ്പാ പറയുന്നു. അതുകൊണ്ടുതന്നെയാണ്,  സമാധാനം, ജനതകൾക്കുമദ്ധ്യേ ഐക്യദാർഢ്യം, മനുഷ്യ വ്യക്തിയുടെ സമഗ്രമായ പുരോഗതി, നരകുലത്തിൻറെ സാംസ്കാരിക പൈതൃക സംരക്ഷണം എന്നിവയ്ക്കായുള്ള പൊതുവായ സേവനത്തിൽ, ഐക്യരാഷ്ട്രസഭയുടെ വിദ്യഭ്യാസ, ശാസ്ത്രീയ, സാംസ്കാരിക സംഘടന, പരിശുദ്ധസിംഹാസനത്തിൻറെ സവിശേഷ പങ്കാളിയായി ഭവിച്ചിരിക്കുന്നതെന്നും   പാപ്പാ വ്യക്തമാക്കുന്നു.

യുനെസ്കോയുടെ പ്രവർത്തനങ്ങൾക്കും പ്രസ്തുത സംഘടനയുടെ പ്രവർത്തകർക്കും പാപ്പാ തൻറെ സന്ദേശത്തിൽ ആശംസകൾ നേരുകയും ദൈവാനുഗ്രഹം പ്രാർത്ഥിക്കുകയും നന്ദി ചൊല്ലുകയും ചെയ്യുന്നു.

1945 നവമ്പർ 16-ന് ലണ്ടനിൽ വച്ചാണ് യുനെസ്കൊ സ്ഥാപിതമായത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 November 2021, 13:36