ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ കിശോര തൊഴിലിനെ അധികരിച്ച്  നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയവരുമായി അതിനു മുമ്പ്  കൂടിക്കാഴ്ച നടത്തിയപ്പോൾ 19/11/2021 ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ കിശോര തൊഴിലിനെ അധികരിച്ച് നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയവരുമായി അതിനു മുമ്പ് കൂടിക്കാഴ്ച നടത്തിയപ്പോൾ 19/11/2021 

പാപ്പാ: കുഞ്ഞുങ്ങളുടെ ബാല്യത്തെ കവർന്നെടുക്കുന്ന ബാലവേല!

കുട്ടികൾ അവരുടെ ഒഴിവുസമയങ്ങളിലും, അവരുടെ പ്രായത്തിനനുസരിച്ച് മാതാപിതാക്കളെയും സഹോദരങ്ങളെയും മുത്തശ്ശിമാരെയും അല്ലെങ്കിൽ സമൂഹത്തിലെ മറ്റ് അംഗങ്ങളെയും സഹായിക്കുന്നതിന് കുടുംബജീവിത പശ്ചാത്തലത്തിലും ചെയ്യുന്ന ചെറിയ ഗാർഹിക ജോലികളുമായി ബാലവേലയെ കൂട്ടിക്കുഴയ്ക്കരുത്, പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കുട്ടികളോടുള്ള നമ്മുടെ ബന്ധവും അവരുടെ സഹജമായ മാനവാന്തസ്സിനോടും അവരുടെ മൗലികാവകശങ്ങളോടും നാം എത്രമാത്രം ആദരവ് പുലർത്തുന്നുവെന്നതും നാം ഏതു തരം മുതിർന്നവരാണെന്നും എങ്ങനെ ആയിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും  എപ്രകാരമുള്ളൊരു സമൂഹം കെട്ടിപ്പടുക്കാനാണ് നാം അഭിലഷിക്കുന്നതെന്നുമുള്ള വസ്തുതകളെ വെളിപ്പെടുത്തുന്നുവെന്ന് മാർപ്പാപ്പാ.

വത്തിക്കാൻറെ, സമഗ്ര മാനവവികസന വിഭാഗവും, ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കൃഷി സംഘടനയിൽ പരിശുദ്ധസിംഹാസനത്തെ പ്രതിനിധാനം ചെയ്യുന്ന സ്ഥിരം ദൗത്യ സംഘവും സംയുക്തമായി “ബാലവേല നിർമ്മാർജ്ജനവും മെച്ചപ്പെട്ടൊരു ലോകത്തിൻറെ നിർമ്മിതിയും”  എന്ന ശീർഷകത്തിൽ വത്തിക്കാനിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരെ സമ്മേളനദിനത്തിൽ, വെള്ളിയാഴ്‌ച (19/11/21) വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

തൊഴിൽ രംഗത്ത് കുട്ടികൾ ചൂഷണത്തിനിരകളാകുന്നതിനെക്കുറിച്ചുള്ള പരിചിന്തനം നരകുലത്തിൻറെ വർത്തമാന-ഭാവികാലങ്ങളെ സംബന്ധിച്ച് സവിശേഷ പ്രാധാന്യം അർഹിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

"നാലാം വ്യാവസായിക വിപ്ലവത്തെ"ക്കുറിച്ചു പോലും നാം സംസാരിക്കുന്ന ഈ സമയത്ത്, ലോകത്തിൽ അത്യാധുനിക  സാങ്കേതിക കണ്ടുപിടിത്തങ്ങൾ ഉപയോഗപ്പെടുത്തുന്ന സമകാലിക സമ്പദ്‌വ്യവസ്ഥകളിൽ, കിശോരതൊഴിൽ നിലനില്ക്കുന്നു എന്നത് ഞെട്ടിക്കുകയും അസ്വസ്ഥതയുളവാക്കുകയും ചെയ്യുന്ന വസ്തുതയാണെന്ന് പാപ്പാ പ്രസ്താവിച്ചു.

ബാലവേല കുട്ടികളുടെ ആരോഗ്യം, അവരുടെ മാനസിക-ശാരീരിക സുസ്ഥിതി എന്നിവയെ അപകടത്തിലാക്കുകയും വിദ്യാഭ്യാസത്തിനും ബാല്യകാലം സന്തോഷത്തോടും ശാന്തതയോടും കൂടി ജീവിക്കുന്നതിനുമുള്ള അവകാശം ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നും ഈ അവസ്ഥയെ കോവിദ് 19 പകർച്ചവ്യാധി കൂടുതൽ വഷളാക്കിയിരിക്കയാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

കുട്ടികൾ അവരുടെ ഒഴിവുസമയങ്ങളിലും, അവരുടെ പ്രായത്തിനനുസരിച്ച് മാതാപിതാക്കളെയും സഹോദരങ്ങളെയും മുത്തശ്ശിമാരെയും അല്ലെങ്കിൽ സമൂഹത്തിലെ മറ്റ് അംഗങ്ങളെയും സഹായിക്കുന്നതിന് കുടുംബജീവിത പശ്ചാത്തലത്തിലും ചെയ്യുന്ന ചെറിയ ഗാർഹിക ജോലികളുമായി ബാലവേലയെ കൂട്ടിക്കുഴയ്ക്കരുതെന്ന് പാപ്പാ പറഞ്ഞു.

കുടുംബജീവിത പശ്ചാത്തലിത്തിലുള്ള ജോലികൾ പൊതുവെ അവരുടെ വ്യക്തിത്വ രൂപീകരണത്തിന് സഹായകമാണെന്നും, കാരണം അവരുടെ കഴിവുകൾ പരീക്ഷിക്കാനും അവബോധത്തിലും ഉത്തരവാദിത്തത്തിലും വളരാനും അവ അവരെ പ്രാപ്തരാക്കുന്നുവെന്നും പാപ്പാ വ്യക്തമാക്കി.

മറിച്ച് ബാലവേലയാകട്ടെ മറ്റുള്ളവരുടെ ലാഭത്തിനും സമ്പാദ്യത്തിനും വേണ്ടിയുള്ള ആഗോളവത്കൃത സമ്പദ്‌വ്യവസ്ഥയുടെ ഉൽപാദന പ്രക്രിയകളിൽ കുട്ടികളെ ചൂഷണം ചെയ്യുന്ന നടപടിയാണെന്ന് പാപ്പാ കുറ്റപ്പെടുത്തി.

അത് ആരോഗ്യം, വിദ്യാഭ്യാസം, ഏകതാനമായ വളർച്ച, കളിക്കാനും സ്വപ്നം കാണാനും ഉള്ള സാധ്യത എന്നിവയ്ക്കുള്ള കുട്ടികളുടെ അവകാശത്തിൻറെ നിഷേധമാണെന്നും അത് കുട്ടികളുടെ ഭാവിയെയും അതുവഴി മനുഷ്യത്വത്തെത്തന്നെയും കവർന്നെടുക്കുകയാണെന്നും. അത് മാനവാന്തസ്സിൻറെ ലംഘനമാണെന്നും പാപ്പാ പറയുന്നു.

ബാലവേല എന്ന വിപത്ത് തുടച്ചുനീക്കണമെങ്കിൽ,   ദാരിദ്ര്യനിർമ്മാർജ്ജനത്തിനും, സമ്പത്ത് ചുരുക്കം ചിലരുടെ കൈകളിൽ കേന്ദ്രീകരിക്കുന്ന നിലവിലെ സാമ്പത്തിക വ്യവസ്ഥയുടെ വികലതകൾ തിരുത്തുന്നതിനും നാം സംഘാതമായി പരിശ്രമിക്കേണ്ടിയിരിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കുടുംബങ്ങളെ പര്യാപ്തമാക്കുന്ന ന്യായമായ വേതനത്തോടുകൂടിയ മാന്യമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ രാഷ്ട്രങ്ങൾക്കും വ്യവസായ സംരംഭകർക്കും പ്രോത്സാഹാനം പകരേണ്ടതിൻറെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.

ബാലവേലയെയും അതിനുള്ള കാരണങ്ങളെയും ചെറുക്കാൻ എല്ലാ സാമൂഹ്യ പ്രവർത്തകരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓർമ്മപ്പെടുത്തുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 November 2021, 14:08