ഫ്രാൻസീസ് പാപ്പാ റോമിലെ ജെമേല്ലീ പോളിക്ലിനിക്കിൽ അറുപതാം വാർഷികത്തോടനുബന്ധിച്ച് അർപ്പിച്ച ദിവ്യബലി വേളയിൽ വചനസന്ദേശം പങ്കുവയ്ക്കുന്നു. ഫ്രാൻസീസ് പാപ്പാ റോമിലെ ജെമേല്ലീ പോളിക്ലിനിക്കിൽ അറുപതാം വാർഷികത്തോടനുബന്ധിച്ച് അർപ്പിച്ച ദിവ്യബലി വേളയിൽ വചനസന്ദേശം പങ്കുവയ്ക്കുന്നു. 

പാപ്പാ: ഹൃദയത്തിലേക്കുള്ള തിരിച്ചു പോക്കാണ് സ്മരണ!

ഇറ്റലിയിലെ തിരുഹൃദയ സർവ്വകലാശാലയുടെ ഭാഗമായി റോമിൽ വൈദ്യശാസ്ത്രവിഭാഗം 1961 നവമ്പർ 5-ന് ഉദ്ഘാടനം ചെയ്യപ്പെട്ടതിൻറെ അറുപതാം വാർഷികത്തോടനുബന്ധിച്ച് പ്രസ്തുത മെഡിക്കൽ കോളേജാശുപത്രിയായ ജെമേല്ലി പോളിക്ലിനിക്കിൽ പാപ്പാ വെള്ളിയാഴ്‌ച (05/11/21) രാവിലെ ദിവ്യബലി അർപ്പിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അലിവുള്ളവരാകാനുള്ള കഴിവ് ഇന്നിൻറെ തിരക്കുകൾക്കിടയിൽ നമുക്ക് കൈമോശം വരുന്നുവെന്ന് മാർപ്പാപ്പാ.

ഇറ്റലിയിലെ തിരുഹൃദയ സർവ്വകലാശാലയുടെ ഭാഗമായി റോമിൽ വൈദ്യശാസ്ത്രവിഭാഗം 1961 നവമ്പർ 5-ന് ഉദ്ഘാടനം ചെയ്യപ്പെട്ടതിൻറെ അറുപതാം വാർഷികത്തോടനുബന്ധിച്ച് പ്രസ്തുത മെഡിക്കൽ കോളേജാശുപത്രിയായ ജെമേല്ലി പോളിക്ലിനിക്കിൽ വെള്ളിയാഴ്‌ച (05/11/21) രാവിലെ അർപ്പിച്ച ദിവ്യബലി മദ്ധ്യേ നല്കിയ വചന സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞത്.

തിരുഹൃദയ സർവ്വകലാശാല എന്ന  നാമത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ സ്മരണ, അഭിനിവേശം, സമാശ്വാസം എന്നീ പദങ്ങളെക്കുറിച്ച് പരാമർശിച്ചു.

സ്മരിക്കുകയെന്നതിന് ഇറ്റാലിയൻ ഭാഷയിലുപയോഗിക്കുന്ന റിക്കൊർദാരെ എന്ന പദത്തിൻറെ അർത്ഥം ഹൃദയത്തിലേക്ക് വീണ്ടും മടങ്ങുകയാണെന്ന് വിശദീകരിച്ച പാപ്പാ യേശുവിൻറെ ഹൃദയം നമ്മെ എവിടേക്കാണ് മടക്കിക്കൊണ്ടു പോകുന്നതെന്ന ചോദ്യം ഉന്നയിച്ചു.

അവിടന്ന് നമുക്കുവേണ്ടി ചെയ്തവയിലേക്കാണ് അതു നമ്മെ കൊണ്ടു പോകുന്നതെന്നും യേശുവിൻറെ ഹൃദയം നമുക്ക് കാണിച്ചു തരുന്നത് സ്വയം ദാനമാകുന്ന ക്രിസ്തുവിനെയാണെന്നും അത് അവിടത്തെ കരുണയുടെ സംഗ്രഹമാണെന്നും പാപ്പാ വിശദീകരിച്ചു. അപ്പോൾ അവിടത്തെ സൗജന്യവും നിരുപാധികവുമായ നന്മ ഓർക്കുക സ്വാഭാവികമാണെന്നും അത് നമ്മുടെ പ്രവർത്തികളെ ആശ്രയിക്കുന്നില്ലയെന്നും പാപ്പാ പറഞ്ഞു. എന്നാൽ ഇന്നിൻറെ തിടുക്കത്തിനും നിരവധിയായ കാര്യങ്ങൾക്കായുള്ള പരക്കം പാച്ചിലിനും നിരന്തര ആകുലതൾക്കുമിടയിൽ അനുകമ്പയനുഭവിക്കാനും അനുകമ്പയുള്ളവരാകാനുമുള്ള  കഴിവ് നമുക്ക് നഷ്‌ടപ്പെടുകയാണെന്നും അതിനു കാരണം ഹൃദയത്തിലേക്കുള്ള ഈ തിരിച്ചുവരവ്, ഓർമ്മ, നമുക്ക് ഇല്ലതാകുന്നതാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

സ്മരണയുടെ അഭാവത്തിൽ വേരുകൾ നഷ്ടപ്പെടുമെന്നും, വേരുകളില്ലാതെ വളരാനാകില്ലെന്നും പാപ്പാ ഓർമ്മിപ്പിച്ചു. നമ്മളെ സ്‌നേഹിച്ചവരുടെ, നമ്മോടു കരുതൽകാട്ടിയവരുടെ, വളർത്തിയവരുടെ സ്മരണകൾ ഊട്ടിയുറപ്പിക്കുന്നത് നല്ലതാണെന്നും പാപ്പാ പറഞ്ഞു.

സ്മരണയ്ക്കു പുറമെ അഭിനിവേശം, സാന്ത്വനം എന്നീ പദങ്ങളുടെ പ്രാധാന്യവും പാപ്പാ തൻറെ പ്രസംഗത്തിൽ അടിവരയിട്ടു കാട്ടി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 November 2021, 15:48