വിഷാദരോഗം അനുഭവിക്കുന്നവർക്കായി പ്രാർത്ഥിക്കാം: ഫ്രാൻസിസ് പാപ്പാ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വിഷാദരോഗമനുഭവിക്കുന്ന ആളുകൾക്ക് ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവിനായി പ്രവർത്തിക്കുവാനും പ്രാർത്ഥിക്കുവാനും ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു.

വിഷാദരോഗമനുഭവിക്കുന്നവർക്കായി എന്ന തലക്കെട്ടോടെ നവംബർ മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗമടങ്ങുന്ന ഫ്രാൻസിസ് പാപ്പായുടെ വീഡിയോ സന്ദേശം പുറത്തിറങ്ങി. വിഷാദരോഗമനുഭവിക്കുന്ന മനുഷ്യർക്ക് സാധാരണ ജീവിതത്തിലേക്ക് തിരികെവരാൻ സാധിക്കുന്ന രീതിയിൽ സമൂഹത്തിൽനിന്ന് പിന്തുണയും പ്രതീക്ഷയുടെ വെളിച്ചവും ലഭ്യമാകാൻ വേണ്ടി പ്രാർത്ഥിക്കാം എന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

വിഷാദരോഗവും വ്യക്തികളും

വിഷാദരോഗത്തിന്റെ കാരണം പലപ്പോഴും, "ജോലിയുടെ അമിതഭാരവും സമ്മർദ്ദവും പല മനുഷ്യരിലും കടുത്ത ക്ഷീണവും, മാനസികവും, വൈകാരികവും, സ്നേഹബന്ധപരവും, ശാരീരികവുമായ ക്ഷീണവും ഉണ്ടാക്കുന്നു" എന്നതാണ്. ഇന്ന് സമൂഹത്തിൽ "നിലവിലെ ജീവിതത്തിന്റെ വേഗതനിറഞ്ഞ താളക്രമത്തിൽ സ്വയം തളർന്നുപോകുന്ന മനുഷ്യരുടെ ജീവിതതത്തിന്മേൽ, സങ്കടം, നിസ്സംഗത, ആത്മീയ ക്ഷീണം എന്നിവ ആധിപത്യം സ്ഥാപിക്കുന്നു" എന്ന് പാപ്പാ വിശദീകരിച്ചു.

തളർച്ചയ്ക്ക് പരിഹാരമായ പാചകക്കുറിപ്പുകൾ ഇല്ല

തളർന്ന മനുഷ്യരോട് കൂടെനിൽക്കുകയാണ് വേണ്ടതെന്ന് ഓർമിപ്പിച്ച പാപ്പാ, ഈ അവസ്ഥയ്ക്ക് പെട്ടെന്ന് സുഖപ്പെടുത്തുവാൻ തക്ക പ്രത്യേകമായ രഹസ്യപോംവഴികളൊന്നും ഇല്ലെന്ന് പറഞ്ഞു. "ക്ഷീണിതരും, പ്രത്യാശയില്ലാതെ നിരാശരായ മനുഷ്യരുടെയും അടുത്തായിരുന്നുകൊണ്ട്, നിശബ്ദമായി അവരെ കേൾക്കാൻ" ആഹ്വാനം ചെയ്ത പാപ്പാ, "ജീവിതം ഇങ്ങനെയല്ല, ഞാൻ നിങ്ങൾക്ക് ഒരു പാചകക്കുറിപ്പ്, പോംവഴി, നൽകാം" എന്നല്ല പറയേണ്ടതെന്ന് പറഞ്ഞു. "അങ്ങനെ ഒരു പാചകക്കൂട്ടില്ല" എന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ക്രിസ്തു നൽകുന്ന ആശ്വാസം

"ഉപകാരപ്രദവും ഫലപ്രദവും ഒഴിച്ചുകൂടാനാകാത്തതുമായ മനഃശാസ്ത്രപരമായ അകമ്പടിക്കൊപ്പം, യേശുവിന്റെ വാക്കുകളും സഹായിക്കുന്നു എന്നത് മറക്കരുത്" എന്ന് പറഞ്ഞ പാപ്പാ, "അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം" എന്ന വാക്കുകളാണ് ഈ അവസരത്തിൽ "തന്റെ മനസ്സിലേക്കെത്തുന്നതെന്നും പറഞ്ഞു.

പ്രാർത്ഥനയും സഹായവും

"വിഷാദരോഗത്താൽ ബുദ്ധിമുട്ടുന്നതും സമ്മർദ്ധങ്ങളാൽ ജീവിതം കരിഞ്ഞുപോയതുപോലെയും ജീവിക്കുന്ന ആളുകൾക്ക് ഒരു കൈത്താങ്ങായി എല്ലാവരിൽനിന്നും സഹായം ലഭിക്കുവാനും, അതുവഴി അവർക്ക് സാധാരണ ജീവിതത്തിലേക്ക് തിരികെ വരാൻ സാധിക്കുന്ന ഒരു പ്രകാശം ലഭിക്കുവാനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം" എന്ന ആഹ്വാനത്തോടെയാണ് നവംബർ മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗം ഉൾക്കൊള്ളുന്ന വിദേയസന്ദേശം പാപ്പാ അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 November 2021, 16:15