പാപ്പാ കുട്ടികൾക്കൊപ്പം - ഫയൽ ചിത്രം പാപ്പാ കുട്ടികൾക്കൊപ്പം - ഫയൽ ചിത്രം 

കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുക: ഫ്രാൻസിസ് പാപ്പാ

കോവിഡ് പ്രതിസന്ധിസമയത്തും അതിനുശേഷവും കുട്ടികളുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിക്കുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ അസോസിയേഷൻ, ഇറ്റാലിയൻ കത്തോലിക്കാ പ്രവർത്തനസമിതി, ഇറ്റാലിയൻ സ്പോർട്സ് സെന്റർ എന്നിവർ ബൊളോജ്ഞ യൂണിവേഴ്സിറ്റിയിലെ സുരക്ഷയ്ക്കും പീഡന ഇരകൾക്കുമായുള്ള വിഭാഗവുമായി ചേർന്നൊരുക്കിയ  "കോവിഡ്-19 സമയത്തും അതിനുശേഷവും കുട്ടികളുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുക" എന്ന സമ്മേളനത്തിലേക്കയച്ച സന്ദേശത്തിൽ, കുട്ടികൾക്കെതിരായ തെറ്റുകൾ ഒഴിവാക്കാനും, അവർത്തിക്കപ്പെടാതിരിക്കാനും, ഇങ്ങനെയുള്ള തെറ്റുകൾ മൂടിവയ്ക്കപ്പെടാതിരിക്കാനും വേണ്ടി പരിശ്രമിക്കുന്ന ഒരു സംസ്കാരം സൃഷ്ടിച്ചെടുക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ ഒരിക്കലും മതിയാകില്ലെന്ന് പാപ്പാ എഴുതി.

കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ഗവേഷണത്തിന്റെയും പരിശീലനത്തിന്റെയും, പ്രവർത്തനങ്ങളുടെയും ഫലങ്ങൾ ശേഖരിക്കുവാനാണ് ഇപ്പോഴുള്ള ഈ സമ്മേളനമെന്നു മാർപാപ്പ ഓർമ്മിപ്പിച്ചു.

വ്യക്തിപരവും സാമുദായികവുമായ പരിവർത്തനത്തിന്റെ യാത്രയിൽ ദൈവജനത്തിന്റെ സജീവമായ പങ്കാളിത്തത്തിന്റെ പ്രകടനമായാണ് "അടിത്തട്ടിൽനിന്ന്" ഈ പ്രവർത്തനം ആരംഭിച്ചത്. നമ്മുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ നമുക്ക് ഏൽപ്പിക്കപ്പെട്ട പ്രായപൂർത്തിയാകാത്തവരെ സംരക്ഷിക്കുന്ന നല്ല രക്ഷാധികാരികളാകാൻ സാധിക്കാതിരുന്നതിലുള്ള വേദനയും ലജ്ജയും നൽകുന്ന പ്രേരണ  കൊണ്ട്, ഒരു സഭ എന്ന നിലയിൽ എല്ലാവരും ഒരുമിച്ച് ഏറ്റെടുക്കാൻ വിളിക്കപ്പെട്ട ഒരു യാത്രയാണ് ഇതെന്നും പാപ്പാ എഴുതി.

തന്റെ സന്ദേശത്തിന്റെ അവസാനത്തിൽ, സമ്മേളനത്തിൽ പങ്കെടുത്ത എല്ലാ അത്മായസംഘടനകളിലെയും അംഗങ്ങളോട്, "സഹ-ഉത്തരവാദിത്തത്തോടെയും, പരസ്പരസംവാദനത്തിലൂടെയും, സുതാര്യതയോടെയും ഈ പരിശീലന പ്രവർത്തനത്തിൽ ഉറച്ചുനിൽക്കാൻ" പാപ്പാ ആഹ്വാനം ചെയ്തു.

"സഭയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണം ഒരു സാധാരണ മുൻഗണനയാകട്ടെ" എന്ന് പ്രത്യാശ രേഖപ്പെടുത്തിയ പാപ്പാ, "ഇത് എല്ലാത്തരം അധിപത്യസ്വഭാവങ്ങൾക്കും, തെറ്റായ നിശബ്ദതയ്ക്കും എതിരായി, തുറന്ന ഒരു സേവനവും, വിശ്വസനീയവും ആധികാരികവുമായ സേവനത്തിന്റെ പ്രചാരണവുമായിരിക്കട്ടെ" എന്നും കൂട്ടിച്ചേർത്താണ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 November 2021, 17:56